19 January Sunday

മുതലക്കണ്ണീർ, മുതലക്കൂപ്പ്‌, മുതലക്കിടങ്ങ്‌

ഗൗതമൻUpdated: Monday Oct 7, 2019മുതലാളിത്തവും  മുതലക്കണ്ണീരും മുതലക്കൂപ്പുകുത്തലുമൊക്കെ രാഷ്‌ട്രീയ നിഘണ്ടുവിലെ പദാവലിയിൽ കണ്ണാടിച്ചില്ലിട്ടു സൂക്ഷിക്കുന്നവയാണ്‌. കേരളത്തിൽ പാലായിലെ സാറാണ്‌ മുതലക്കണ്ണീരിന്റെ അനന്തസാധ്യതകൾ കണ്ടുപിടിച്ചതെങ്കിലും ഇപ്പോൾ മുല്ലപ്പള്ളിയാണ്‌ അതിന്റെ പ്രധാന പ്രയോക്താവ്‌.  മോഡിജിയുടെ കാലത്തെ സമ്പദ്‌വ്യവസ്ഥയുടെ ഗതിയാണ്‌  മുതലക്കൂപ്പുകുത്തലിന്റെ പുതിയ ഉദാഹരണം.  ഇങ്ങനെയൊക്കെ ഭാഷയിലെ പ്രയോഗങ്ങളിലും മുതലക്കുളം മൈതാനത്തും മാത്രം ഒതുങ്ങിയിരുന്നതാണ്‌ മുതലയെങ്കിലും പല കാര്യത്തിലും സമാനതകൾ പങ്കിടുന്ന മോഡിജിക്കും അമേരിക്കൻ പ്രസിഡന്റ്‌  ട്രംപ്‌ജിക്കും ജീവനുള്ള മുതലയെ വിട്ടൊരു കളിയുമില്ല എന്നായി കാര്യങ്ങൾ.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗുജറാത്തിലെ മുതലകൾ നിറഞ്ഞ തടാകത്തിൽ നീന്താനിറങ്ങിയ മോഡിജിയെ മുതല ആക്രമിച്ചെന്നും കാലിൽ ഒമ്പത്‌ കുത്തിക്കെട്ട്‌ ഇടേണ്ടിവന്നെന്നുമാണ്‌ സംഘബന്ധുക്കളുടെ ചരിത്രരേഖ. ചായക്കടയിൽ പോകുന്ന തിരക്കിനിടയിലും വീടിനടുത്തുള്ള തടാകത്തിൽ  ദിവസം മൂന്നു തവണ മോഡിജി നീന്തുമായിരുന്നു. തടാകത്തിനു നടുവിലുള്ള അമ്പലത്തിനു മുകളിലെ ധ്വജത്തിൽ തൊട്ടശേഷമാണത്രെ ഓരോ തിരിച്ചുവരവും. അങ്ങനെ ഒരു തവണ നീന്തുന്നതിനിടെയാണ്‌ മുതലയുടെ വാൽകൊണ്ടുള്ള ആക്രമണത്തിന്‌ മോഡിജി ഇരയായത്‌. കൂടുതൽ മോഡിഭക്തിയിൽ മൊഴിഞ്ഞാൽ കൊച്ചുനരേന്ദ്രൻ ഇരയായത്‌. പെരിയാറ്റിൽ കുളിക്കാനിറങ്ങിയ ആദിശങ്കരനെ മാത്രമേ പുരാണത്തിൽ മുതല  ഇതിനുമുമ്പ്‌ ആക്രമിച്ചിട്ടുള്ളൂ എന്നുകൂടി ഓർക്കുമ്പോഴാണ്‌ കാര്യത്തിന്റെ ഗൗരവം പിടികിട്ടുക.

എന്തായാലും മോഡിയുമായി അടുത്തയിടെ കൂടിക്കാഴ്‌ച നടത്തിയശേഷമാണ്‌ മുതലയെ ഒരു മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റാമെന്ന കാര്യം സാക്ഷാൽ ട്രംപ്‌ മനസ്സിലാക്കിയത്‌. തുടർന്ന്‌ കുടിയേറ്റം  ഇല്ലാതാക്കാൻ മെക്‌സിക്കൻ അതിർത്തിയിൽ നിർമിക്കുന്ന വേലിക്കൊപ്പം മുതലക്കിടങ്ങും വേണമെന്ന അദ്ദേഹത്തിന്റെ തീരുമാനം വന്നു. അങ്ങനെയാണ്‌ വംശീയതയുടെയും കുടിയേറ്റവിരുദ്ധതയുടെയും ഉസ്‌താദായ ട്രംപ്‌ മോഡിജിയുടെ കൂർമബുദ്ധി മനസ്സിലാക്കി അദ്ദേഹത്തെ ഇന്ത്യയുടെ രാഷ്‌ട്രപിതാവെന്നുപോലും  വിശേഷിപ്പിച്ചതത്രെ.


 

അല്ലെങ്കിലും ഇരുവരും അല്ലറ ചില്ലറ പൊടിക്കൈകളൊക്കെ പിടിയുള്ളവരാണ്‌. മേഘങ്ങളുള്ളതിനാൽ ബാലാകോട്ട്‌ ആക്രമണത്തിന്‌ സൈനിക തലവന്മാർ മടിച്ചുനിന്നപ്പോഴാണ്‌ മോഡി പുത്തൻ അറിവ്‌ പകർന്നത്‌. മേഘങ്ങളുള്ളപ്പോൾ ആക്രമണം നടത്തിയാൽ പാക്‌ റഡാറുകൾക്ക്‌ പോർവിമാനങ്ങൾ കാണാൻ കഴിയില്ലെന്നും ഉടൻ ആക്രമണം നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. കണ്ണുകാണാതെ റഡാറുകൾ ഇരുട്ടിൽ തപ്പുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ബുദ്ധി. അമേരിക്കയിൽ എത്തുംമുമ്പേ ചുഴലിക്കാറ്റിനെ ആറ്റംബോംബ്‌ ഉപയോഗിച്ച്‌ തകർക്കണമെന്ന്‌ ട്രംപ്‌ പ്രസ്‌താവിച്ചതോടെയാണ്‌ അൽപ്പം പിന്നിലായിരുന്ന അദ്ദേഹം ബുദ്ധിയിൽ കഷ്ടിച്ച്‌ മോഡിക്ക്‌ ഒപ്പമെത്തിയെന്ന്‌ മാലോകർ അറിഞ്ഞത്‌.

എന്തായാലും മെക്‌സിക്കൻ അതിർത്തിയിലെ സന്നാഹങ്ങൾ ട്രംപു തന്നെ  പ്രഖ്യാപിച്ചു. വൈദ്യുതീകരിച്ച വേലി കടക്കാൻ ശ്രമിക്കുന്നവരുടെ ദേഹത്തു കൊണ്ടുകയറുന്ന അറ്റം കൂർപ്പിച്ച ഇരുമ്പുകമ്പികൾ മുകളിൽ. അതുകഴിഞ്ഞാൽ വെള്ളം നിറഞ്ഞ കിടങ്ങിൽ മുതലകൾ. ഇതിനായി ഗുജറാത്തിൽനിന്ന്‌ മുന്തിയ ഇനം മുതലകളെ അമേരിക്കയിലേക്കു കൊണ്ടുപോകാനുള്ള കരാറിലും ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചതായാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇതു യാഥാർഥ്യമാകുന്നതോടെ ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ സ്ഥാനം ഹിമാലയത്തോളം ഉയരുമെന്നാണ്‌ സംഘബന്ധുക്കൾ ആണയിടുന്നത്‌.

ആന്തമാൻ മോഡൽ കത്തിന്റെ സാധ്യത
ഇന്ത്യയിൽ ജനങ്ങളിൽ സ്വാധീനം ചെലുത്തിയ എഴുത്തുകുത്തുകൾ പലതാണ്‌. ബ്രിട്ടീഷുകാർക്ക്‌  മഹാത്മാഗാന്ധി നിരവധി സന്ദർഭങ്ങളിൽ കത്തുകൾ അയച്ചിട്ടുണ്ട്‌. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്നപേരിൽ പ്രസിദ്ധമായ ഒരു കത്തുണ്ട്‌. അതു പിന്നെ ഇപ്പോൾ വിപണിയിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നതിനുമുതൽ ചാന്ദ്രയാൻ ദൗത്യം പിഴച്ചുപോയതിനുവരെ കാരണക്കാരനെന്നു സംഘിത്തലച്ചോറുകൾ കണ്ടെത്തിയ നെഹ്‌റു മകൾ ഇന്ദിരയ്‌ക്ക്‌ എഴുതിയതാണ്‌.

ഗൗതമൻ ഇപ്പോൾ ഇത്‌ ഓർമിക്കാൻ കാരണം അടൂർ ഗോപാലകൃഷ്‌ണനും മണിരത്നവും രേവതിയുമടക്കമുള്ളവർ കാട്ടിയ മണ്ടത്തരമാണ്‌. മോഡിയുടെ ഇന്ത്യയിൽ  മാതൃകയാക്കേണ്ടത്‌ ജയിലിൽ കിടന്ന്‌ ഗാന്ധിജിയോ നെഹ്‌റുവോ എഴുതിയ കത്തല്ലെന്ന കാര്യം ബുദ്ധിജീവികൾ എങ്കിലും അവർ ഓർത്തില്ല. ആന്തമാൻ സെല്ലുലാർ ജയിലിൽ കിടന്ന്‌  ബ്രിട്ടീഷ്‌ സർക്കാരിനെ പിതൃഭവനമായും തന്നെ ധൂർത്തപുത്രനായും വിശേഷിപ്പിച്ച്‌  സവർക്കർജി എഴുതിയ  ഒരു കത്തുണ്ട്‌. എക്കാലവും കത്തിജ്വലിക്കുന്ന കത്ത്‌.  ‘ബ്രിട്ടീഷ് ഗവൺമെന്റിന്റെ  അപാരമായ ഔദാര്യത്താലും ദയാവായ്‌പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ ഇംഗ്ലീഷ് സർക്കാരിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണമായ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യു’മെന്ന്‌ ചങ്കിൽ കൈവച്ചെഴുതിയ വിനീതവിധേയന്മാരെയാണ്‌ മോഡിയുടെ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ മനസ്സിലാക്കാൻ അവർക്ക്‌ കഴിഞ്ഞില്ല.

വെടിക്കുഴൽ:
വട്ടിയൂർക്കാവിൽ തന്റെ പേര്‌ വെട്ടിയത്‌ വി മുരളീധരനല്ല
അച്ഛൻ വീട്ടിലുമില്ല, പത്തായത്തിലുമില്ല


പ്രധാന വാർത്തകൾ
 Top