20 March Wednesday

കെഎഫ്സി: വ്യവസായികൾക്ക് ഒരു കൈത്താങ്ങ്

ഡോ. ടി എം തോമസ് ഐസക്ക്Updated: Monday May 7, 2018

 കേരളത്തിന്റെ ചെറുകിട ഇടത്തര വ്യവസായമേഖലയുടെ വികസനത്തിന് നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ. 1951ലെ പാർലമെന്റ് നിയമപ്രകാരം 1953ൽ ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപറേഷനായി നിലവിൽ വന്ന ഈ സ്ഥാപനം 1956ൽ സംസ്ഥാനലയനത്തോടെ കേരള ഫിനാൻഷ്യൽ കോർപറേഷനായി മാറി. ജിയോജീത്ത്, എലൈറ്റ് ഫുഡ്, വികെസി ഗ്രൂപ്പ് തുടങ്ങി ഇന്നറിയപ്പെടുന്ന പല പ്രമുഖ കമ്പനികളുടെയും തുടക്കം കെഎഫ്സി വഴിയായിരുന്നു. പക്ഷേ, വിജയിപ്പിക്കുന്ന സംരംഭങ്ങളുടെ ഏറിയ പങ്കും വാണിജ്യബാങ്കുകൾ റാഞ്ചിക്കൊണ്ടുപോകും. കൂടാതെ സെക്യൂരിറ്റിമാത്രം വച്ചുള്ള വായ്പകൾ അധികം അനുവദിച്ചതോടെ കിട്ടാക്കടം കൂടി. കെഎഫ്സി തകർച്ചയുടെ വക്കിലെത്തിയ വേളയിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നത്.

നഷ്ടത്തിലായിരുന്ന ഈ സ്ഥാപനത്തിന് 150 കോടി അനുവദിച്ച്, കിട്ടാക്കടം 60 ശതമാനത്തിൽനിന്ന‌് നാല‌് ശതമാനത്തിൽതാഴെ എത്തിച്ച് രാജ്യത്തെതന്നെ മികച്ച ധനസ്ഥാപനമാക്കിയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. അനർഹരായ പലർക്കും വായ്പ അനുവദിച്ചതും ലോണിന്റെ വയബിലിറ്റി നോക്കാതെ കൊളാറ്ററൽ സെക്യൂരിറ്റിയുടെ ബലത്തിൽ വായ്പ അനുവദിക്കുന്ന പ്രവണത കൂടിയതും കിട്ടാക്കടം ഉയർത്തി. ഇപ്പോൾ ഏകദേശം  700 കോടി രൂപയാണ് കിട്ടാക്കടം. കിട്ടാക്കടത്തിന്റെ തോത് കുറച്ച‌് നല്ല ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംവിധാനം നിലവിൽവരണം. അതിനായി കെഎഫ്സി പുനഃസംഘടിപ്പിക്കണം. അതിനായി ഉദാരമായ ഒറ്റത്തവണതീർപ്പാക്കൽ പദ്ധതി കെഎഫ്സി ആവിഷ്കരിച്ചു. എട്ടിന‌് നടക്കുന്ന അദാലത്തിൽ അഞ്ഞൂറോളം സംരംഭകർക്ക് ഇളവ‌് നൽകി വായ്പ തീർപ്പാക്കാമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും സുപ്രധാന പരിഷ്കാരം കെഎഫ്സിയുടെ പലിശനിരക്കുകൾ കുറയ്ക്കുക എന്നതാണ്. ഇപ്പോൾ 14 ശതമാനംമുതൽ 16 ശതമാനം വരെയാണ് പലിശ.  കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് ഇളവ‌് നൽകുന്നു. എങ്കിലും കൂടിയ നിരക്കുകൾ കാണുമ്പോൾ, കെഎഫ്സി പുതുസംരംഭകർക്ക് ആകർഷണീയമല്ല. ജൂൺ ഒന്നുമുതൽ ബേസ് റേറ്റ് സംവിധാനത്തിലേക്കാണ് കെഎഫ്സി മാറുക.  9.5 ശതമാനമായിരിക്കും ബേസ് റേറ്റ്. സംരംഭകർക്ക് അവരുടെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ പലിശ നിശ്ചയിക്കും. മികച്ച സംരംഭകർ എത്തുമ്പോൾ അവരുടെ വായ്പാ പ്രൊപ്പോസലുകൾ പഠിക്കാൻ മതിയായ സംവിധാനം ഇല്ലെങ്കിൽ കെഎഫ്സിക്ക് വീണ്ടും തിരിച്ചടിയുണ്ടാകും. കാരണം കെഎഫ്സി 14.5 ശതമാനത്തിൽനിന്ന‌് 9.5 ശതമാനത്തിലേക്ക് മാറുമ്പോൾ വരുംവർഷങ്ങളിൽ പലിശ വരുമാനത്തിൽ ഇടിവുണ്ടാകും. കെഎഫ്സി മറ്റു ബാങ്കുകളിൽനിന്നും ബോണ്ട് മാർക്കറ്റിൽനിന്നും വായ്പ എടുത്താണ് ലോൺ നൽകുന്നത്. ഏകദേശം 8.9 ശതമാനമാണ് കെഎഫ്സി വായ്പയുടെ ശരാശരി വായ്പാഭാരം. 8.9 ശതമാനത്തിൽ തുകയെടുത്ത് 9.5 ശതമാനത്തിൽ വായ്പ കൊടുക്കുമ്പോൾ, അതിലൊരു റിസ്കുണ്ട‌്. തിരിച്ചടവ് മുടക്കിയാൽ നഷ്ടത്തിലാകും.

മൂന്നു രീതിയിലാണ് കെഎഫ്സി ഇതിനെ നേരിടുക. കെഎഫ്സി എടുക്കുന്ന വായ്പകളുടെ പലിശ കുറയ്ക്കുകയാണ് ആദ്യതന്ത്രം. കെഎഫ്സി അടുത്തകാലത്തായി കേന്ദ്ര ഏജൻസിയിൽനിന്ന‌് 8.4 ശതമാനത്തിൽ 200 കോടി രൂപ വായ്പ നേടി. 250 കോടി രൂപ ബോണ്ട് മാർക്കറ്റിൽനിന്നും 8.64 ശതമാനത്തിൽ നേടാനായി. ഇത് വലിയ തുടക്കമാണ്. ഇപ്പോൾ എഎ റേറ്റിങ്ങുള്ള കെഎഫ്സി, ഇനിയും റേറ്റിങ്‌  മികച്ചതാക്കാമെങ്കിൽ, ഇനിയും കുറഞ്ഞ നിരക്കിൽ ഫണ്ട് ലഭ്യമാക്കാനാകും.

രണ്ടാമതായി കെഎഫ്സിയുടെ പലിശ കുറയുന്നതോടെ നല്ല സംരംഭകരെ ആകർഷിക്കാനാകും. അതിനായി ശക്തമായ മാർക്കറ്റിങ‌് സംവിധാനം ഏർപ്പെടുത്തും. മികച്ച വായ്പാ പ്രൊപ്പോസലുകൾ കണ്ടെത്തുന്നതിനായി കേന്ദ്രീകൃത അപ്രൈസൽ സംവിധാനം നിലവിൽവരും. തുടക്കത്തിൽ കോഴിക്കോട്, എറണാകുളം, കൊല്ലം കേന്ദ്രമായി മൂന്ന് അപ്രൈസൽ ഹബുകൾ രൂപീകരിക്കും. വായ്പാ പ്രൊപ്പോസലുകൾ ചെയർമാൻ ആൻഡ‌് മാനേജിങ‌് ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ച് ഏഴുദിവസത്തിനകം തീരുമാനം അറിയിക്കും. 30 ദിവസത്തിനുള്ളിൽ വായ്പ അനുവദിക്കും പുതിയ സംരംഭങ്ങൾക്ക് റിസ്ക് റേറ്റിങ്ങിലൂടെ പലിശ നിശ്ചയിക്കും. മികച്ച റേറ്റിങ്ങുള്ള സംരംഭകർക്കേ വായ്പ അനുവദിക്കുകയുള്ളൂ. വയബിലിറ്റിയായിരിക്കും ലോൺ അനുവദിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. കെഎഫ്സിയുടെ നിലവിലെ വായ്പ ആസ‌്തി 2500 കോടി രൂപയാണ്. ഇത് അടുത്ത മൂന്നുവർഷംകൊണ്ട് ഇരട്ടിയാക്കാനാണ് ലക്ഷ്യം. അതിനായി കുറഞ്ഞത് 1500 കോടിയെങ്കിലും പുതിയ നല്ല വായ്പകൾ വർഷംതോറും അനുവദിക്കേണ്ടിവരും. ഇപ്പോൾ ഏകദേശം 750 കോടിയാണ് കെഎഫ്സി വാർഷികവായ്പയായി അനുവദിക്കുന്നത്. അതിനർഥം കെഎഫ്സിയുടെ ബിസിനസ് ഇരട്ടിക്കണം. അടുത്ത പരിഷ്കാരം കിട്ടാക്കടം തിരിച്ചുപിടിക്കുക എന്നതാണ്. അതിനായി ഒറ്റത്തവണ അദാലത്ത് സംഘടിപ്പിച്ച് കൂടുതൽ ഇളവുകളോടെ വായ്പ തീർപ്പാക്കാനുള്ള അവസരം നൽകും. അതിന് താൽപ്പര്യം എടുക്കാത്ത കുടിശ്ശികക്കാർക്കെതിരെ കർശനനടപടി ഉണ്ടാകും.  ഇപ്പോൾ കിട്ടാക്കടങ്ങൾ ഏറ്റെടുക്കുന്ന ഏജൻസികൾ നിലവിലുണ്ട്. അസറ്റ് റീ കൺസ്ട്രക‌്ഷൻ കമ്പനി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഇവർക്ക് കിട്ടാക്കടങ്ങൾ നൽകി, കെഎഫ്സി കടബാധ്യതയിൽനിന്ന‌് പൂർണമായി വിമുക്തരാകും.
സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് കെഎഫ്സിയുടെ അടുത്ത ലക്ഷ്യം.  പുതുസംരംഭകർക്ക് വ്യവസായം തുടങ്ങുന്നതിനായി പത്തുലക്ഷം രൂപവരെ ലളിതവ്യവസ്ഥകളോടെ കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കും. ഈ തുടക്കക്കാർ അവരുടെ വ്യവസായം വളർത്തി, വാണിജ്യാടിസ്ഥാനത്തിൽ, പ്രോഡക്ടുണ്ടാക്കി, മാർക്കറ്റ‌് ചെയ്യാൻ തുടങ്ങുകയും പർച്ചേസ് ഓർഡർ കിട്ടുകയും ചെയ്യുമ്പോൾ കെഎഫ്സി, ഒരുകോടി രൂപവരെ വായ്പ നൽകും. ഓർഡർ നല്കിയ സ്ഥാപനവുമായി കെഎഫ്സി ധാരണയിലെത്തി തുക കെഎഫ്സി വഴിയായിരിക്കും സംരംഭകർക്ക് ലഭ്യമാക്കുക. ‘പർച്ചേസ‌് ഓർഡർ റീ ഫിനാൻസ് സ്കീം’ എന്നാണ് ഇതിന് പറയുക. കൂടാതെ സംസ്ഥാനത്ത് ആദ്യമായി വെഞ്ച്വർ ഡെബ്റ്റ് സ്കീം കെഎഫ്സി നടപ്പാക്കുന്നു. വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകളുടെ ഓഹരിപങ്കാളിത്തം നേടിയ സ്റ്റാർട്ട് അപ്പുകൾക്കാണ് ഈ പദ്ധതി. ഈ രണ്ട് സ്കീമും സർക്കാർ ഗ്യാരന്റിയോടെയാണ‌് നടപ്പാക്കുക.
സംസ്ഥാന ധനസ്ഥാപനങ്ങൾക്ക് റീഫിനാൻസ് ചെയ്യേണ്ട സ്ഥാപനമാണ് കേന്ദ്രസർക്കാരിന്റെ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ‌്മെന്റ‌്  ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി). ഈ സ്ഥാപനം കെഎഫ്സിപോലുള്ള സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നത് നിർത്തി. കെഎഫ്സിയുടെ വായ്പാനയം പ്രധാനമായും കേന്ദ്രനിയമമായ സംസ്ഥാന ധനകാര്യ കോർപറേഷൻ ആക്ടുപ്രകാരമാണ്.  ഇത് കഴിഞ്ഞ 18 വർഷമായി പരിഷ്കരിച്ചിട്ടില്ല. ഇപ്പോൾ ഒരു സംരംഭകന് കെഎഫ്സിക്ക് നൽകാനാകുന്ന പരമാവധി വായ്പ എട്ടുകോടി രൂപയാണ‌്. കമ്പനിക്ക് 20 കോടി രൂപയും. അതിനാൽ വ്യവസായം വളരുന്ന മുറയ‌്ക്ക് സംരംഭകർക്ക് കെഎഫ്സി വിട്ടുപോകേണ്ടിവരുന്നു. വ്യവസായങ്ങൾക്ക് അത്യന്തം അനിവാര്യമായ ഒന്നാണ് മൂലധനവായ്പ. ഇത് കൊടുക്കാൻ ധനസ്ഥാപനങ്ങൾക്ക് അധികാരമില്ല.

കെഎഫ്സിയിൽനിന്ന‌് വായ്പയെടുത്ത സംരംഭകർക്ക് മൂലധനത്തിന് ബാങ്കിനെ ആശ്രയിക്കണം. ഇതിനായി കെഎഫ്സിക്ക് ചെറുകിട ബാങ്ക് എന്ന സ്റ്റാറ്റസ് നൽകാനുള്ള പ്രൊപ്പോസൽ ആർബിഐ  തള്ളി. ഇപ്പോൾ ബാങ്കുകളിലെ കിട്ടാക്കടം 15 ശതമാനം വരെ ഉയർന്നു. അവർക്ക് ഇപ്പോഴും പബ്ലിക് ഡിപ്പോസിറ്റ് എടുക്കുന്നതിന് തടസ്സമില്ല. പക്ഷേ, ഏഴ‌് ശതമാനം നിഷ്ക്രിയ ആസ്തിയുള്ള കെഎഫ്സിക്ക് ഇപ്പോഴും പബ്ലിക് ഡിപ്പോസിറ്റ് എടുക്കാനുള്ള അനുവാദം നല്കിയിട്ടില്ല.

പക്ഷേ, സംസ്ഥാന സർക്കാർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കെഎഫ്സിയെ ഒരു മികച്ച ധനസ്ഥാപനമായി വളർത്താനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ തനത് പൊതുമേഖലാ ബാങ്കായ എസ‌്ബിടി, എസ‌്ബിഐയുമായി ലയിച്ചതോടെ വലിയ ഒരു ശൂന്യത സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ഇവിടെയാണ് കെഎഫ്സിയുടെ പ്രസക്തി. പുതിയ വായ്പാനയവുമായി മുന്നോട്ടിറങ്ങുന്ന കെഎഫ്സി കേരളത്തിലെ വ്യവസായികൾക്ക് ഒരു കൈത്താങ്ങായി മാറുകതന്നെ ചെയ്യും.

പ്രധാന വാർത്തകൾ
 Top