19 November Tuesday

മാവോയിസ്റ്റുകൾ പ്രത്യയശാസ്‌ത്രപരമായ നിലപാടില്ലാത്തവർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

അഭിമുഖം
എസ‌് രാമചന്ദ്രൻപിള്ള / വി ബി പരമേശ്വരൻ

അട്ടപ്പാടിയിൽ നാല്‌ മാവോയിസ്റ്റുകൾ പൊലീസ്‌ വെടിയേറ്റ്‌ മരിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളാണ്‌ ഇപ്പോൾ  നടക്കുന്നത്‌. മാവോയിസ്റ്റ്‌ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചും  സിപിഐ എം നിലപാടുകളെക്കുറിച്ചും പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള  ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു.

 

മാവോയിസ്റ്റുകളെ ‘വഴിതെറ്റിയ വിപ്ലവകാരികൾ’ എന്ന്‌ ചിലർ അടുത്തയിടെ  വിളിക്കുകയുണ്ടായല്ലോ. എങ്ങനെയാണ്‌ സിപിഐ എം ഇതിനെ കാണുന്നത്‌ ?
മാവോയിസ്റ്റ്‌  എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ ‘വഴിതെറ്റിയ വിപ്ലവകാരികളായി’ ഒരു നിലയിലും കണക്കാക്കാനാകില്ല. അവർക്ക്‌ വിപ്ലവ പ്രവർത്തനങ്ങളുമായി പുലബന്ധം പോലുമില്ല. 1960കളിലും 70കളിലും ആശയപരമായി സിപിഐ എമ്മിൽനിന്ന്‌ വ്യത്യസ്‌ത നിലപാടുകൾ സ്വീകരിച്ച പല ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്‌. നക്‌സലൈറ്റുകൾ, വിവിധ മാർക്‌സിസ്റ്റ്‌ –- ലെനിനിസ്റ്റ്‌  ഗ്രൂപ്പുകൾ എന്നിവയാണ്‌ ഞാൻ ഉദ്ദേശിക്കുന്നത്‌. അത്തരം ഗ്രൂപ്പുകളിൽനിന്ന്‌ തികച്ചും വ്യത്യസ്‌തരാണ്‌ മാവോയിസ്റ്റുകൾ എന്ന്‌ പറയപ്പെടുന്ന ഇക്കൂട്ടർ. മാവോയുടെ പേര്‌ ഉപയോഗിച്ച്‌ ജനാധിപത്യ–- പുരോഗമനശക്തികളെ കബളിപ്പിക്കാൻ ശ്രമിക്കുന്നവരാണിവർ.

മാവോയിസ്റ്റുകൾ ഇന്ന്‌ സ്വീകരിക്കുന്ന പ്രത്യയശാസ്‌ത്ര നിലപാടുകൾക്ക്‌ മാവോ സിദ്ധാന്തങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതായി കാണുന്നുണ്ടോ?
മാവോയിസ്റ്റുകളെന്ന്‌ അവകാശപ്പെടുന്ന ഇവർക്ക്‌ മാർക്‌സിസവുമായോ മാവോയുടെ ആശയങ്ങളോ പ്രവർത്തന സമ്പ്രദായങ്ങളുമായോ ഒരു ബന്ധവുമില്ല. ഇന്നത്തെ സ്ഥിതിഗതികളെ മാർക്‌സിസത്തിന്റെയും  മാവോ സെതുങ്ങിന്റെയും കാഴ്‌ചപ്പാടുകളനുസരിച്ച്‌ വിലയിരുത്തുകയോ കർമപരിപാടികൾ ആവിഷ്‌കരിക്കുകയോ ചെയ്യാത്തവരാണിവർ. ഒരു പ്രത്യയശാസ്‌ത്രപരമായ നിലപാടും അവർക്കില്ല. ഭീകരപ്രവൃത്തികളിൽമാത്രമാണ്‌ അവർ ശ്രദ്ധിക്കുന്നത്‌. ഒരു ജനകീയ സമരത്തിന്റെ മുൻപന്തിയിലും ഇവരെ കാണാറില്ല. അവർ ആയുധമേന്തുന്നത്‌ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ മാത്രമാണ്‌. മാവോ സെതുങ്ങിന്റെ പേര്‌ ഉച്ചരിക്കാൻപോലും അർഹതയില്ലാത്തവരാണിവർ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട്‌ ജനങ്ങളെ അണിനിരത്താനാണ്‌ മാവോ സെതുങ്‌ പരിശ്രമിച്ചത്‌. ജനങ്ങളിൽനിന്നു പഠിച്ച്‌ ജനങ്ങളെ നയിക്കുന്ന ശൈലിയാണ്‌ അദ്ദേഹത്തിന്റേത്‌. ദശലക്ഷക്കണക്കിന്‌ ജനങ്ങളെ അണിനിരത്തിയാൽമാത്രമേ സാമൂഹ്യമാറ്റം നേടാനാകൂ. ഒറ്റപ്പെട്ട ഭീകരപ്രവർത്തനങ്ങളും സാഹസികനടപടികളുംകൊണ്ട്‌ ജനങ്ങളെ അണിനിരത്താനാകില്ല.

ജനങ്ങളെ സംഘടിതരും അവകാശബോധമുള്ളവരുമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഒട്ടും ഉപകരിക്കില്ല. ലെനിനും മാവോ സെതുങ്ങും ഹോചിമിനും മറ്റ്‌ വിപ്ലവകാരികളും ഒറ്റപ്പെട്ട ഭീകരപ്രവർത്തനങ്ങളെയും അതിസാഹസിക പ്രവൃത്തികളെയും ആക്ഷേപിക്കുകയാണ് ചെയ്‌തിട്ടുള്ളത്‌. ജനകീയസമരങ്ങളിൽ അണിനിരന്ന്‌ അവരെ ഉദ്‌ബുദ്ധരാക്കി മുന്നോട്ടുനയിക്കാനാണ്‌ എല്ലാ വിപ്ലവകാരികളും ശ്രമിച്ചിട്ടുള്ളത്‌. ഇത്തരം വിപ്ലവപാരമ്പര്യം ഒട്ടും അവകാശപ്പെടാൻ ഇവർക്ക്‌ കഴിയില്ല.

മാവോയിസ്റ്റുകളുടെ ദാർശനികസമീപനം എന്താണെന്നാണ്‌ അഭിപ്രായം?
മാവോയിസ്റ്റുകളെന്ന്‌ അവകാശപ്പെടുന്ന ഇവർ എടുക്കുന്ന നിലപാടുകൾ പരിശോധിച്ചാൽ ഉത്തരാധുനികതയുടെ ദാർശനിക സമീപനത്തിൽനിന്നാണവർ ആവേശം ഉൾക്കൊണ്ടിട്ടുള്ളതെന്ന്‌ തോന്നുന്നു. അവർ ഭരണകൂടഭീകരതയെപ്പറ്റി മാത്രമാണ്‌ സംസാരിക്കുന്നത്‌. ഏത്‌ വർഗാധിപത്യത്തിന്റെ ഉപകരണമാണ്‌ ഭരണകൂടമെന്ന്‌ അവർക്ക്‌ വ്യക്തമാക്കാൻ കഴിയുന്നില്ല. ബിജെപി നയിക്കുന്ന ഗവൺമെന്റുകളെയും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിനെയും അവർ ഒരുപോലെയാണ്‌ കാണുന്നത്‌. ജനവിരുദ്ധ ഗവൺമെന്റിനെയും ജനതാൽപ്പര്യം പരിരക്ഷിക്കുന്ന ഗവൺമെന്റിനെയും ഒന്നായി കാണുന്നവരാണിവർ.

ഭരണകൂടത്തിന്റെ വർഗസ്വഭാവം നിർണയിക്കാതെ ഭരണകൂടഭീകരതയെപ്പറ്റിമാത്രം പറയുന്ന ഇവർ എല്ലാ ജാതി –- മത തീവ്രവാദസംഘങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തനഐക്യം ഉണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. തീവ്രവർഗീയ നിലപാട്‌ എടുക്കുന്നവരുമായി ഐക്യം കെട്ടിപ്പടുക്കാനാണ്‌ ഇവർ നീങ്ങുന്നത്‌. ഇടതുപക്ഷ ജനാധിപത്യശക്തികളെ എതിർക്കാൻ വർഗീയശക്തികൾക്ക്‌ കരുത്ത്‌ പകരാനാണ്‌ ഇവർ ശ്രമിക്കുന്നത്‌. ജനവിരുദ്ധമായ നവ ഉദാരവൽക്കരണനയങ്ങൾ നടപ്പാക്കുന്നവരെ ശക്തിപ്പെടുത്തുകയാണ്‌ ഇവരുടെ ലക്ഷ്യം. ഒരു പുരോഗമന ജനാധിപത്യ നിലപാടും ഇവർക്കില്ല.

 

ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിൽ അധികാരത്തിൽ വരുമ്പോൾ മാത്രമാണ്‌ ഇത്തരം സംഘങ്ങൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്‌. ഇതിന്‌ പ്രത്യേക കാരണങ്ങളെന്തെങ്കിലും ഉണ്ടെന്ന്‌ കരുതുന്നുണ്ടോ?
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റുകൾ അധികാരത്തിൽ വന്ന സന്ദർഭങ്ങളിലെല്ലാം ഇന്നത്തെ മാവോയിസ്റ്റ്‌ സംഘങ്ങളെപ്പോലെ പല സംഘങ്ങളും പ്രവർത്തനം നടത്താൻ ശ്രമിച്ചിട്ടുള്ളത്‌ കാണാം. ജനങ്ങളുടെ താൽപ്പര്യം പരിരക്ഷിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റുകളുടെ പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ്‌ അവരുടെ ലക്ഷ്യം. ഒരു ജനകീയപ്രശ്‌നവും അവർ ഏറ്റെടുക്കുന്നില്ല. ജനകീയപ്രശ്‌നങ്ങൾ പരിഹരിക്കുന്ന ഗവൺമെന്റിനെതിരായി കക്ഷികളുടെയും വിഭാഗങ്ങളുടെയും ഐക്യം കെട്ടിപ്പടുക്കുന്നതിന്‌ സാഹചര്യം സൃഷ്ടിക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌.

മാവോയിസ്റ്റുകൾക്ക്‌ അനുകൂലമായി കോൺഗ്രസും ബിജെപിയും മാത്രമല്ല, മറ്റെല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശത്രുക്കളും കൈകോർത്തിരിക്കുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും സർക്കാരിനെതിരെ ഒരുമിച്ചിരിക്കുകയാണ്‌. ഇവരെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത്‌ എല്ലാ പുരോഗമന ജനാധിപത്യശക്തികളുടെയും അടിയന്തര കടമയാണ്‌.


പ്രധാന വാർത്തകൾ
 Top