08 December Thursday

ദേശാഭിമാനി : പൗരശക്തിയുടെ പടവാൾ - പി രാമൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 6, 2022


കോഴിക്കോട്ട്‌ ട്രെയിനിങ്ങിന്‌ പോയ ഒരു സ്‌കൂൾ ടീച്ചറാണ്‌ ദേശാഭിമാനി ദിനപത്രം ആദ്യമായി എടപ്പാൾ ഭാഗത്തേക്ക്‌ കൊണ്ടുവന്നത്‌. പാർടി പ്രവർത്തകരും അനുഭാവികളും ടീച്ചറെ അന്വേഷിച്ചു നടന്നു, പത്രം ഒരു നോക്കുകാണാൻ. ക്രൗൺ സൈസിൽ രണ്ടുഭാഗത്തും അച്ചടിച്ച ആദ്യത്തെ ദേശാഭിമാനി ദിനപത്രം കാഴ്‌ചയിൽ ഒട്ടും ആകർഷണീയമായിരുന്നില്ല. പ്രത്യേകിച്ച്‌ ഇന്നത്തെ നിലവാരം നോക്കിയാൽ. പക്ഷേ, അന്നത്തെ പുതുതലമുറയ്‌ക്ക്‌ അതൊരു സെൽഫ്‌ അസേർഷൻ ആയിരുന്നു. ഒരു ഉയർന്നുവരുന്ന ബഹുജന പ്രസ്ഥാനത്തിന്റെ പടവാൾ.

ദേശാഭിമാനി ദിനപത്രം ഇറങ്ങിയ ആദ്യത്തെ ആഴ്‌ചയിൽത്തന്നെ അന്നത്തെ സ്‌റ്റാൻഡപ്‌ കൊമേഡിയൻ വളാഞ്ചേരി കുട്ടിശങ്കരൻ നായർ പുരോഗമന നാടകവേദികളിൽ പാടി ‘കോഴിക്കോട്ടായീഷാബീവിയെപ്പറ്റി / ദേശാഭിമാനിയിൽ കണ്ടില്ലേ’.

ആയീഷാബീവി അന്ന്‌ ഉയർന്നുവരുന്ന തലമുറയിലെ ഒരു പ്രതീകമായിരുന്നു. അന്നത്തെ കോൺഗ്രസുകാരിൽ പലരും ദേശാഭിമാനിയെ പുച്ഛിച്ചുകളിയാക്കി. അവരോട്‌ താണുനിന്ന്‌ കൈകൂപ്പി ആ കൊമേഡിയൻ പറഞ്ഞു "ദേശാഭിമാനി ആർക്കെങ്കിലും തലവേദനയുണ്ടാക്കുന്നെങ്കിൽ അമൃതാഞ്ജനം വാങ്ങി തേച്ചോട്ടെ’ –-സദസ്സ്‌ കൈയടിച്ചു. അതുപോലെ ദേശാഭിമാനിയിൽവന്ന പാലോറ മാതയുടെ കഥ അണികളെ ആവേശഭരിതരാക്കി. ആ ധീരവനിത തന്റെ പശുക്കുട്ടിയെ വിറ്റ്‌ ദേശാഭിമാനി ഫണ്ടിലേക്ക്‌ സംഭാവന ചെയ്‌തു.

കോഴിക്കോട്ട്‌ അച്ചടിച്ച പത്രം ഉൾനാടുകളിൽ എത്തിക്കുന്നത്‌ ഒരു വലിയ പ്രശ്‌നമായിരുന്നു. തിരൂർ റെയിൽവേ സ്‌റ്റേഷൻവരെ തീവണ്ടിയിൽ. പിന്നെ ചമ്രവട്ടം ഭാരതപ്പുഴവരെ ബസിൽ. പുഴയിലെ കടത്തുകടന്ന്‌ പിന്നേയും ബസ്‌. പൊന്നാനിയിൽനിന്ന്‌ എടപ്പാൾക്ക്‌ മറ്റൊരു ബസ്‌. അങ്ങനെ എടപ്പാൾ തുയ്യത്ത്‌ ഇ ടി കുഞ്ഞന്റെ ഇത്തിൾച്ചൂളയിൽ പത്രം എത്തുമ്പോൾ രണ്ടുമണിയാകും. ഓരോ സ്ഥലത്തും പത്രക്കെട്ട്‌ ഇറക്കലും കേറ്റലും എല്ലാം ലോക്കൽ സഖാക്കൾ ചെയ്‌തിരുന്നു. ചൂളയിൽനിന്ന്‌ നാലും അഞ്ചും മൈൽ അകലെനിന്ന്‌ വന്ന്‌ വരിക്കാർ അവരുടെ കോപ്പി കൊണ്ടുപോകണം. പക്ഷേ, അന്നൊക്കെ ദേശാഭിമാനിയുടെ ഒരു കോപ്പി പതിനഞ്ചുപേരെങ്കിലും വായിച്ചിരുന്നു. ഉൾനാടൻ ചായക്കടകളിൽ, പ്രത്യേകിച്ച്‌ അനുഭാവികൾ നടത്തുന്ന കടകളിൽ വരുന്നവരെല്ലാം പത്രം മറിച്ചുനോക്കും. ചിലർ ഉറക്കെ വായിക്കും. മറ്റുള്ളവർക്കുവേണ്ടി.

ബീഡിത്തൊഴിലാളികളിൽ ഒരാൾ ദേശാഭിമാനി ഉറക്കെ വായിക്കും. ബീഡി തെറുക്കുന്നതിനിടയിൽ മറ്റു തൊഴിലാളികൾ ശ്രദ്ധിച്ചുകേൾക്കും. ഇതോടൊപ്പം കമന്റടികളും. ഇതൊരു സാധാരണ കാഴ്‌ചയായിരുന്നു അക്കാലത്ത്‌. പൊൽപ്പാക്കരയിൽനിന്ന്‌ റോഡുവക്കത്തുള്ള കുഞ്ഞന്റെ ചൂളപ്പുരയിലേക്ക്‌ ഒരു മൈൽ നടക്കണം. വർഷകാലത്ത്‌ രണ്ടുമൈൽ ഞങ്ങൾ ചിലപ്പോൾ തോണികുത്തിപോകും. പലപ്പോഴും ഞങ്ങളായിരിക്കും ആദ്യം എത്തുക. അതിനൊരു കാരണമുണ്ട്‌. ഞങ്ങളുടെ ഇല്ലത്തുനിന്ന്‌ (വീട്ടിൽനിന്ന്‌) 200 മീറ്റർ അകലെ ഇല്ലത്തുവളപ്പിൽ താമയുടെ വീട്ടിൽ ഒരു സഖാവ്‌ ഒളിവിൽ താമസിച്ചിരുന്നു. പുന്നപ്ര–-വയലാർ സമരസേനാനി സി കെ കുമാരപ്പണിക്കർ. സഖാവ്‌ ചിലപ്പോൾ ഞങ്ങളുടെ ഇല്ലത്തും രാത്രിവരും. താമ ഒരു ചെറുകിട കൃഷിക്കാരനും പാർടി അനുഭാവിയുമായിരുന്നു. തുടക്കം മുതലേ ദേശാഭിമാനിയുടെ വളർച്ച ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ തലവേദനയുണ്ടാക്കി. പത്രത്തിന്റെ പ്രവർത്തനം പലനിലയ്‌ക്കും തടസ്സപ്പെടുത്താൻ നോക്കി. വൈദ്യുതി ഇടയ്‌ക്കിടയ്‌ക്ക്‌ കട്ട്‌ചെയ്‌തും സർക്കുലേഷൻ തടസ്സപ്പെടുത്തിയും  ബ്രിട്ടീഷ്‌ കൊളോണിയൽ നിയമങ്ങൾ പ്രയോഗിച്ച്‌ പിഴ ചുമത്തി. അന്ന്‌ ചെറുകാട്‌ പാടിയതു നോക്കുക:

‘ആദ്യമായിരം രൂപ തട്ടിപ്പറിച്ചെടുത്തു പിന്നെയും മൂവായിരം പിടിച്ചുപറിച്ചു. ആയിരം, മൂവായിരം, നാലായിരം, രണ്ടായിരം അങ്ങനെ ആകെ പതിനായിരം. അന്നത്തെ കാലത്ത്‌ അതൊരു വലിയ സംഖ്യയായിരുന്നു. ഓരോ തവണയും പിഴ ഖജനാവിൽ അടയ്‌ക്കണം. അതുവരെ പത്രം പൂട്ടിക്കിടക്കും. പക്ഷേ, ദേശാഭിമാനി അതെല്ലാം അതിജീവിച്ചു. പാർടി പ്രവർത്തകരുടെയും അനുഭാവികളുടെയും സഹായത്തോടെ.

ദേശാഭിമാനിക്ക്‌ പ്രചാരം കൂടിത്തുടങ്ങിയതോടെ വലിയൊരു പ്രസിന്റെ ആവശ്യം നേരിട്ടു. പഴയ സിലിണ്ടർ പ്രസിൽ അച്ചടിച്ച്‌ ദൂരപ്രദേശങ്ങളിൽ പത്രം സമയത്തിന്‌ എത്തിക്കാൻ പറ്റാതായി. ഈ പ്രശ്‌നം പരിഹരിക്കാൻ ഒരു മാർഗമേയുള്ളൂ. ദേശാഭിമാനിയെ എന്നും കാത്തുരക്ഷിച്ചത്‌ ബഹുജനങ്ങളാണ്‌. അവരെത്തന്നെ പത്രത്തിന്റെ ഉടമകളാക്കുക. അങ്ങനെ മലബാർ ഭാഗത്ത്‌ സ്വാതന്ത്ര്യപ്പുലരിയിൽ നടന്ന ‘ദേശാഭിമാനി മേള’കൾ ഒരു അതുല്യമായ അനുഭവം ആയിരുന്നു. ആയിരമായിരം പ്രവർത്തകരും അനുഭാവികളും ദേശാഭിമാനി കമ്പനിയുടെ ഷെയർ ഹോൾഡറാകാൻ മുന്നോട്ടുവന്നു. ചിലർ നൂറും ഇരുന്നൂറും ഷെയർ വാങ്ങി. പലരും ഉള്ള നെല്ലുവിറ്റും കടം വാങ്ങിയും ഷെയറെടുത്തു. ‘പണ്ടം പണയംവച്ചിട്ടും പണമുണ്ടായില്ലൊരു ഷെയറും തികയ്‌ക്കാൻ’ ചെറുകാട്‌ തന്റെ ഓട്ടൻതുള്ളലിൽ പറഞ്ഞു.

മലബാറിന്റെ പത്തു താലൂക്കിലും അവിടവിടങ്ങളിലായി ദേശാഭിമാനിമേളകൾ നടന്നു. കലാപരിപാടികൾക്കിടയിൽ പലരും സ്‌റ്റേജിൽവന്ന്‌ പണമടച്ചു ഷെയറെടുത്തു. പ്രാസംഗികർ അവരെ അഭിനന്ദിച്ചു. പല സ്ഥലത്തും ഗാനമേളയും നാടകങ്ങളും അർധരാത്രിവരെ നടന്നു.

കേരളത്തിലാകെ  അതൊരു നവോത്ഥാനത്തിന്റെ കാലമായിരുന്നു. മലബാർ ഭാഗത്ത്‌ പരിയാനംപറ്റ, വള്ളത്തോൾ ശ്രീകുമാർ, കുട്ടിശങ്കരൻനായർ തുടങ്ങി അരഡസൻ ഹാസ്യകലാകാരന്മാർ ജനങ്ങളെ ആവേശഭരിതരാക്കി.  ‘നമ്മളൊന്ന്‌’, ‘കുടിയൊഴിപ്പിക്കൽ’ തുടങ്ങിയ നാടകങ്ങൾ പ്രാദേശിക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ അവിടവിടെ അരങ്ങേറി. ഇതിനുപുറമെ പുതിയ എഴുത്തുകാരും യുവകവികളും നാടകകൃത്തുക്കളും ഗായകരും ഉയർന്നുവന്നു. ഈ നവോത്ഥാനപ്രക്രിയ ദേശാഭിമാനി മേളകൾക്ക്‌ പുതുജീവൻ നൽകി.

പക്ഷേ, അന്ന്‌ ഓർഡർ ചെയ്‌ത ലോട്ടറിപ്രസ്‌ ദേശാഭിമാനിക്ക്‌ ഉപയോഗിക്കാൻ കഴിഞ്ഞില്ല. 1948 ആയപ്പോഴേക്കും കോൺഗ്രസ്‌ ഭരണകൂടം ഇന്ത്യയിലെമ്പാടും കമ്യൂണിസ്‌റ്റുകാർക്കെതിരെ മർദനം അഴിച്ചുവിട്ടു. ആയിരമായിരം സഖാക്കളെ ജയിലിലടച്ചു. പലരും വീരമൃുത്യുവടഞ്ഞു. ഇതുകൊണ്ടൊന്നും കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെ അടിച്ചമർത്താനായില്ല. 1948–-50നു ശേഷം പാർടിയും അതോടൊപ്പം ദേശാഭിമാനിയും കൂടുതൽ നിശ്‌ചയദാർഢ്യത്തോടെ ഉയിർത്തെഴുന്നേറ്റു. അതിന്റെ തെളിവാണ്‌ ദേശാഭിമാനിയുടെ രണ്ടുപേജിൽനിന്ന്‌ 14/16 പേജിലേക്കുള്ള വളർച്ച.

(ഇ എം എസിന്റെ സഹോദരിയുടെ മകനായ ലേഖകൻ ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top