18 February Tuesday

ഗോത്രസംസ്കൃതിയും ക്ഷേമവും: കേരളം മാതൃക

എ കെ ബാലൻUpdated: Friday Sep 6, 2019


ആദിവാസി സഹോദരങ്ങൾക്കൊപ്പം ഓണമുണ്ണാൻ ഒരു തിരുവോണനാളിലാണ് അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരായ മൂലഗംഗലിൽ എത്തിയത്. വളരെ ഹൃദയഹാരിയായ സംഗീതവും നൃത്തവും അവതരിപ്പിച്ചാണ് അവർ എതിരേറ്റത്. അവരുടെ സവിശേഷമായ വാദ്യങ്ങളും പാട്ടും നൃത്തവും ഗോത്രസംസ്കൃതിയുടെ വിലപ്പെട്ട രത്നങ്ങളാണെന്ന് അന്നുതന്നെ തോന്നിയിരുന്നു. കേരളത്തിലെ ആദിവാസി മേഖലകളിൽ വ്യത്യസ്തമായ കലകളും സംസ്കാരവും നിലനിൽക്കുന്നുവെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസികൾക്ക് പ്രത്യേക സംസാരഭാഷയുള്ളതും ശ്രദ്ധിച്ചിട്ടുണ്ട്. ആരും സംരക്ഷിക്കാതിരുന്നാൽ ഇവയെല്ലാം കാലക്രമേണ വിസ്മൃതിയിലാകുമെന്നും തോന്നി. നമ്മുടെ ഗോത്രസംസ്കൃതിയെ സംരക്ഷിച്ച് വരുംതലമുറയ്ക്ക് പഠനവിഷയമാക്കാനായി 2006ലെ എൽഡിഎഫ് സർക്കാർ ആരംഭിച്ചതാണ് ഗോത്രസാംസ്കാരിക സമുച്ചയമെന്ന ആശയം. 2011  ഫെബ്രുവരിയിൽ  സമുച്ചയത്തിന് തറക്കല്ലിടുകയുംചെയ്തു. 2011 മുതൽ അഞ്ചുവർഷം അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാർ ഈ പദ്ധതി വിഭാവനംചെയ്ത മട്ടിൽ യാഥാർഥ്യമാക്കാൻ ശ്രമിച്ചില്ല. 2016 ഫെബ്രുവരിയിൽ കെട്ടിടം ഉദ്ഘാടനംചെയ്തെങ്കിലും വിഭാവനംചെയ്ത ഒരു സംവിധാനവും ഒരുക്കിയിരുന്നില്ല. ആ പദ്ധതി എത്രയുംവേഗം പൂർത്തിയാക്കി സമർപ്പിക്കണമെന്ന സ്വപ്നത്തിനാണ് കഴിഞ്ഞദിവസം കൊച്ചിയിൽ സാക്ഷാൽക്കാരമായത്.

പൈതൃകശേഷിപ്പുകളുടെ മ്യൂസിയം
സംസ്ഥാനത്തെ ഗോത്രവർഗ പൈതൃകത്തിന്റെ തനിമ സംരക്ഷിക്കുക, പട്ടികവർഗ വിഭാഗത്തിന്റെ തനതു കരകൗശലവിദ്യയും മികവുകളും കൂട്ടിയിണക്കി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തുക, ഗോത്രകലകൾക്കു വേദിയൊരുക്കുക, ഗോത്രവിഭാഗങ്ങളുടെ വംശീയ ഭക്ഷണത്തിന് പ്രചാരം നൽകുക, പൈതൃകശേഷിപ്പുകളുടെ മ്യൂസിയം ഒരുക്കുക എന്നിവയാണ് ഇവിടെ  യാഥാർഥ്യമാക്കിയത്.

വിപണന സ്റ്റാളുകൾ, ആധുനിക ദൃശ്യ‐ശ്രവ്യ സംവിധാനമുള്ള ഓഡിറ്റോറിയം, പ്രദർശന ഹാളുകൾ, താമസിക്കാനുള്ള ഡോർമിറ്ററി, ഭക്ഷണം പാകംചെയ്യാനും കഴിക്കാനുമുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ഗോത്രകലകളുടെയും ഗോത്രവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളുടെയും പരസ്പര വിനിമയത്തിനും ഇവിടം വേദിയാകും. ഒരുപക്ഷേ, ഇത്തരമൊരു ആശയം ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.
ഗോത്രകലകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും പാരമ്പര്യ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും വംശീയഭക്ഷണങ്ങളുടെ പ്രചാരണത്തിനുമായി ഗദ്ദിക സാംസ്കാരികോത്സവം ഈ സർക്കാർ വിപുലമായി സംഘടിപ്പിക്കുന്നുണ്ട്. ആറു മേള ഇതിനകം നടന്നുകഴിഞ്ഞു. രണ്ടു കോടിയോളം രൂപയുടെ ഉൽപ്പന്നങ്ങളാണ് ഈ മേളയിൽ വിറ്റുപോയത്. ഗദ്ദിക വർഷത്തിൽ ഒന്നോ രണ്ടോ ആണ് നടത്തുക. അതിനു പകരം എല്ലാ ദിവസവും പ്രദർശനവും വിപണനവും നടത്താൻ ഇവിടെ സൗകര്യം ലഭിക്കുകയാണ്. നഗരഹൃദയത്തിൽ ഈ ഗോത്രസാംസ്കാരിക സമുച്ചയം പാർശ്വവൽക്കൃത സമൂഹത്തിന്റെ വലിയൊരു കേന്ദ്രമായി മാറും.

ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് കൊച്ചി. അവിടെ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് താമസിക്കുന്നതിനുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ പരിമിതമാണ്. തൊഴിലിനും പഠനത്തിനും താൽക്കാലികമായ പരിശീലനങ്ങൾക്കുമായി ധാരാളം പട്ടികവർഗ യുവതി‐യുവാക്കൾ നഗരത്തിൽ എത്തുന്നുണ്ട്. അവർക്ക് സുരക്ഷിതമായി താമസിക്കാൻ മൾട്ടിപർപ്പസ് ഹോസ്റ്റലുകൾ ആരംഭിച്ചു. കൊച്ചിയിലും മാറമ്പള്ളിയിലുമാണ് രണ്ട് മൾട്ടിപർപ്പസ് ഹോസ്റ്റലുകൾ പണിയാൻ സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിന്റെകൂടി സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പെൺകുട്ടികൾക്കായുള്ള കൊച്ചിയിലെ ഹോസ്റ്റൽ ഉദ്ഘാടനംചെയ്തു. ഇവിടെ 100 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. കൊച്ചി നഗരത്തിൽ ജോലി ലഭിച്ച പട്ടികവർഗ വിഭാഗക്കാർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ അസൗകര്യം പരിഗണിച്ച് പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നതിന് 4500 രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പട്ടികവർഗ വികസന വകുപ്പിന്റെ മറ്റൊരു പുതിയ പദ്ധതികൂടി ഉദ്ഘാടനംചെയ്തു. പട്ടികവർഗ കുടുംബത്തിലെ ഒരാൾക്ക് ഒരു ജോലി ഉറപ്പുവരുത്തുകയെന്ന പദ്ധതി. സ്വകാര്യമേഖലകളിലും സർക്കാർ മേഖലയിലും തൊഴിൽ നേടാൻ സഹായിക്കുന്നതിനൊപ്പം സ്വയംതൊഴിൽ കണ്ടെത്താൻ സഹായിച്ചുമാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്. ഈ സർക്കാർ വന്നശേഷം 3725 പട്ടികവർഗ യുവതീയുവാക്കൾക്ക് പരിശീലനവും തൊഴിലും നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഏഴ് പട്ടികവർഗക്കാർക്ക് വിദേശത്ത് ജോലിക്കു പോകാനുള്ള ധനസഹായവും വിസയും യാത്രാരേഖകളും വേദിയിൽ നൽകി. 

തൊഴിൽ പരിശീലനവും വിദേശത്ത് ജോലിയും
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് തൊഴിൽ പരിശീലനവും വിദേശത്ത് ജോലിയും ലഭ്യമാക്കാനായി തൊഴിൽ ദാതാക്കളുടെ ഒരു യോഗം  ഈയിടെ ദുബായിൽ ചേർന്നിരുന്നു. നല്ല പ്രതികരണമാണ് അവിടെനിന്നും ഉണ്ടായത്. 234 പേർക്ക് ഇതിനകം തൊഴിൽ ലഭ്യമാക്കി. 1000 പേർക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരിശീലനം നൽകി ഗൾഫിലേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 12 തൊഴിൽ ദാതാക്കളുമായുള്ള ധാരണപത്രം ചടങ്ങിൽ കൈമാറി. 26 ട്രേഡിലായി 1725 കുട്ടികൾക്ക് ഇവർ പരിശീലനവും പ്ലേസ്മെന്റും നൽകും. ഈ പദ്ധതിയും രാജ്യത്ത് ആദ്യമാണ്.

സർക്കാർ മേഖലയിലും പട്ടികവർഗ വിഭാഗങ്ങൾക്ക് ഈ സർക്കാർ വന്നശേഷം പ്രത്യേക റിക്രൂട്ട്മെന്റ് ഏർപ്പെടുത്തി. പൊലീസിലും എക്സൈസിലുമായി ഇരുന്നൂറോളംപേരെ ഇതിനകം നിയമിച്ചുകഴിഞ്ഞു. 125 പേരെക്കൂടി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡൻമാരായി 100 പേർക്കും മെന്റർ ടീച്ചർമാരായി 267 പേർക്കും തൊഴിൽ നൽകി. സാമൂഹ്യ പഠനമുറികളിലെ ഫെസിലിറ്റേറ്റർമാരായി ഇരുന്നൂറോളംപേരെയും എസ്ടി പ്രൊമോട്ടർമാരായി 1182 പേരെയും നിയമിച്ചു. വനംവകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വയംതൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി മിൽമയുമായി സഹകരിച്ച് 450 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. അട്ടപ്പാടിയിൽ 300 യുവതി‐യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുള്ള അപ്പാരൽ പാർക്ക് ആരംഭിക്കുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. നിർമാണമേഖലയിൽ ഗോത്രജീവിക പദ്ധതി, കാർഷികമേഖലയിൽ മില്ലറ്റ് വില്ലേജ് പദ്ധതി തുടങ്ങിയവയും ഇതിനായി ആരംഭിച്ചു. അത്തരത്തിൽ ഒരു കുടുംബത്തിൽ ഒരാൾക്ക് ജോലി എന്ന ആശയം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. 
 


പ്രധാന വാർത്തകൾ
 Top