04 October Wednesday

ജയിച്ചവർ വാഴാത്ത കർണാടകം

വിനോദ്‌ പായംUpdated: Saturday May 6, 2023

കർണാടകത്തിലെ തെരഞ്ഞെടുപ്പുസാധ്യതകളെ കുറിച്ച്‌ മാധ്യമങ്ങൾ ചോദിച്ചപ്പോൾ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞയാഴ്‌ച പറഞ്ഞൊരു മറുപടിയുണ്ട്‌: ‘‘കോൺഗ്രസിന്‌ 150 സീറ്റ്‌ വരെയുള്ള കൃത്യമായ മേൽക്കൈയാണ്‌ വേണ്ടത്‌. അല്ലെങ്കിൽ പലരെയും ബിജെപിക്കാർ റാഞ്ചും’’–- കോൺഗ്രസിന്റെ നിലവിലുള്ള അവസ്ഥയെപ്പറ്റിയാണ്‌ അവരുടെ പ്രസിഡന്റുതന്നെ ഇത്രമാത്രം സത്യസന്ധമായി പ്രതികരിച്ചത്‌. എല്ലാ പ്രീ പോൾ സർവേയിലും മുൻതൂക്കം കോൺഗ്രസിനാണ്‌ പ്രവചിക്കുന്നത്‌. ശ്രദ്ധിക്കണം; മൂൻതൂക്കം മാത്രമാണ്‌ പറയുന്നത്‌. വ്യക്തമായ ഭൂരിപക്ഷം അപൂർവം സർവേകളിൽമാത്രമാണ്‌. അതുതന്നെയാണ്‌ കോൺഗ്രസിന്റെ ചങ്കിടിപ്പ്‌ കൂട്ടുന്നതും. ഈ കർണാടക തെരഞ്ഞെടുപ്പുഫലം ദേശീയ തലത്തിൽത്തന്നെ കോൺഗ്രസിന്റെ ഉയിർപ്പിനുള്ള അവസാന ഉരകല്ലായാണ്‌ നിരീക്ഷകരും കോൺഗ്രസ്‌ തന്നെയും കരുതുന്നത്‌. 113 എന്നതാണ്‌ ഭൂരിപക്ഷത്തിനുള്ള മാന്ത്രികസംഖ്യ. അതൊക്കെ സംഖ്യ മാത്രമാണ്‌. എങ്ങനെ വന്നാലും 120 സീറ്റാണ്‌ കോൺഗ്രസ്‌ പരമാവധി പ്രതീക്ഷിക്കുന്നത്‌. അത്‌ 130ൽ എങ്കിലും എത്തിയില്ലെങ്കിൽ പണിപാളും. ഇത്തവണ, ബിജെപിയുടെ ‘ഓപ്പറേഷൻ കമൽ’ ഡി കെ ശിവകുമാറിനെ പോലുള്ളവർക്ക്‌ തടയാനാകുമെന്നാണ്‌ സാധാരണപ്രവർത്തകർ കരുതുന്നത്‌. അതുപക്ഷെ മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ച്‌ നടത്തുന്ന ശിവകുമാറിന്റെ ഫണ്ടിറക്കൽ പരിപാടിയാകുമോ എന്നാണ്‌ കണ്ടറിയേണ്ടത്‌. റിസോർട്ടുകൾ തയ്യാറാക്കിവയ്‌ക്കാൻ പിസിസി പ്രസിഡന്റുകൂടിയായ ശിവകുമാറിന്‌ ബിജെപിയുടെ അത്രതന്നെ പ്രാവീണ്യമുണ്ട്‌. പക്ഷേ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയും കുപ്പായം തയ്‌പിച്ച കോൺഗ്രസ്‌ അധികാരലോകത്ത്‌, ചെറുഭൂരിപക്ഷത്തിൽ എന്തും സംഭവിക്കാമെന്നും കാണണം; ചിലപ്പോൾ മറുകണ്ടം ചാടുന്നത്‌ അതികായന്മാർ തന്നെയാകും.

എതിർപ്പുണ്ട്‌; അതാര്‌ കൊയ്യും?
ബിജെപിയിലെ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത്‌ വ്യാപകമാണ്‌. ഭരണനേട്ടം ഒരിടത്തും ബിജെപി പ്രചാരണ വിഷയമാക്കുന്നുമില്ല. ജനങ്ങൾ എതിർത്ത്‌ വോട്ടുചെയ്യുമെന്ന്‌ ഉറപ്പാണ്‌. പക്ഷേ, അത്‌ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്‌ നേട്ടമാകുമോയെന്ന്‌ അവർക്കുതന്നെ പറയാൻ കഴിയുന്നുമില്ല. ബിജെപിക്കെതിരെ മതനിരപേക്ഷ പൊതുബോധം സൃഷ്ടിക്കാൻ നിരവധി അവസരമാണ്‌ ഈ തെരഞ്ഞെടുപ്പുപ്രചാരണത്തിൽ തന്നെയുള്ളത്‌. മുസ്ലിം സംവരണം എടുത്തുകളയും, ഹിജാബ്‌ ധരിക്കൽ നിരോധിക്കും, ഈദ്‌ഗാഹ്‌ മൈതാനികൾക്കുള്ള അനുമതി റദ്ദാക്കും തുടങ്ങിയ വൈകാരിക വിഷയങ്ങളാണ്‌ തരാതരംപോലെ മോദിയും അമിത്‌ ഷായും മറ്റു നേതാക്കളും പറന്നെത്തി സംസ്ഥാനമാകെ പ്രചരിപ്പിച്ചത്‌. അതിന്മേൽ തുറന്നെതിർപ്പ്‌ എന്നത്‌ കോൺഗ്രസിന്റെ പ്രധാന അജൻഡയാകുന്നില്ല. ഹിജാബ്‌ നിരോധനംപോലുള്ള അതിവൈകാരിക വിഷയത്തിൽ ഉഡുപ്പിയിലും ദക്ഷിണ കർണാടകത്തിലെ തീരമേഖലയിലും കോൺഗ്രസ്‌ പാലിക്കുന്ന അർഥഗർഭമായ മൗനവും മതനിരപേക്ഷ പാർടിയെന്ന അവരുടെ അവകാശവാദത്തിന്‌ കളങ്കം ചാർത്തുന്നതാണ്‌.  

അതേസമയം, മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ച്‌ പ്രതിരോധത്തിന്റെ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമത്തിൽ ജെഡിഎസിന്‌ ഒരുപരിധിവരെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്‌. ദളിന്‌ ഏറെ സ്വാധീനമുള്ള പഴയ മൈസൂർ കർണാടകയിൽ പ്രചാരണത്തിലും ഈ മുസ്ലിം ചേർത്തുപിടിക്കൽ ദൃശ്യമാണ്‌. പ്രായത്തിന്റെ അവശത മറികടന്ന്‌ ദേവഗൗഡ തന്നെ വീട്ടിലിരുന്ന്‌ ഇതിനായി കരുക്കൾ നീക്കി. മകൻ കുമാരസ്വാമിയെയും ചെറുമകൻ നിഖിൽ ഗൗഡയെയും ന്യൂനപക്ഷങ്ങളെ ഒപ്പംനിർത്തിയുള്ള പ്രചാരണത്തിന്‌ നിയോഗിച്ചു. ബിജെപിയാലും കോൺഗ്രസിനാലും അരക്ഷിതരാക്കപ്പെട്ട മുസ്ലിം നേതാക്കളെ ഓരോ പ്രചാരണത്തിലും ഒപ്പംകൂട്ടാൻ പ്രത്യേക തന്ത്രംതന്നെ രൂപീകരിച്ചു. കോൺഗ്രസിൽനിന്ന്‌ മടങ്ങിയെത്തിയ സി എം ഇബ്രാഹിമിന്‌ എംഎൽസി പദവിയും ജെഡിഎസ്‌ പ്രസിഡന്റ്‌ പദവിയും നൽകി വ്യക്തമായ സന്ദേശവും നൽകി. ഇടതുപക്ഷവുമായുള്ള സഖ്യത്തിനും ജെഡിഎസ്‌ വാതിൽ തുറന്നിട്ടു. സിപിഐ എമ്മുമായി മൂന്നിടത്ത്‌ സഖ്യവും രൂപീകരിച്ചു. ദേശീയ തലത്തിൽ ഇടതുപക്ഷവുമായുള്ള സഖ്യത്തിനാണ്‌ മുൻതൂക്കമെന്ന്‌ ദേവഗൗഡ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഭരണത്തിലേറിയാൽ മുസ്ലിം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌ അവർ. 1995ൽ ഈ സംവരണം കൊണ്ടുവന്നത്‌ ദേവഗൗഡയാണെന്നും അവർ ഓർമിപ്പിക്കുന്നു. അതേസമയം, മുൻകാല ചെയ്‌തികളുടെ പാപഭാരവും കുടുംബവാഴ്‌ചയും തർക്കവും ജെഡിഎസിനെ തിരിഞ്ഞുകുത്തുന്നുമുണ്ട്‌. അതെല്ലാം പഴയ കഥകളാണെന്നും മതനിരപേക്ഷ സർക്കാരിനായാണ്‌ തങ്ങൾ നിലകൊള്ളുന്നത്‌ എന്നും കുമാരസ്വാമി ഓരോ ഘട്ടത്തിലും പ്രഖ്യാപിക്കുന്നത്‌ അതുകൊണ്ടുതന്നെയാണ്‌.

ഭരണത്തിലേറാനുള്ള 113 എന്ന മാജിക്‌ സംഖ്യയൊന്നും ജനതാദളും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, 30 മുതൽ മുകളിലോട്ട്‌ വന്നാൽ കളിമാറും. ചരിത്രം ജനതാദളിന്‌ അനുകൂലമായി ഒരിക്കൽക്കൂടി കർണാടകത്തിൽ ആവർത്തിച്ചേക്കും. ബിജെപിയുമായി ദൾ പ്രകടമായിത്തന്നെ എതിർത്തുനിൽക്കുന്നതിനാൽ, കാേൺഗ്രസ്‌ ജെഡിഎസ്‌ സഖ്യസർക്കാർ എന്ന പ്രവചനവും രാഷ്‌ട്രീയ നിരീക്ഷകർ നടത്തുന്നു. 

ഓളങ്ങൾ അടിത്തട്ടിൽമാത്രം
കേരളത്തിലേതുപോലെ തെരഞ്ഞെടുപ്പ്‌ ബഹളം കർണാടകത്തിൽ ഒരിടത്തും കാണാനാകില്ല. വഴിയരികിൽ സ്ഥാനാർഥിയുടെ പോസ്റ്ററോ കൊടിയോ ചിഹ്നമോ സ്ഥാപിച്ചിട്ടില്ല. ചുവരെഴുത്തില്ല. എല്ലാ ഓളവും അടിത്തട്ടിൽ മറഞ്ഞുനിൽക്കുന്നു. അതിൽ പണത്തിന്റെ തിരയടി തന്നെയാണ്‌ പ്രധാനം. ‘‘വീടിനകത്ത്‌ സ്ഥാനർഥി നേരിട്ട്‌ കയറുന്നത്‌ ഇവിടത്തെ ആചാരമാണ്‌. അപ്പോൾ വീട്ടുകാർ ആരതിയുഴിയും. ആരതിത്തട്ടിലേക്ക്‌ ടോക്കൺ മണി (കുറഞ്ഞത്‌ 500 രൂപ) തിരുകിക്കയറ്റലാണ്‌ ആദ്യഘട്ടം. അത്‌ സ്വീകരിച്ചാൽ വോട്ടർ ഒന്നിന്‌ നിശ്ചിത തുക കൃത്യസമയത്ത്‌ എത്തും. പണം കിട്ടിയാൽ; വോട്ടും റെഡി എന്നർഥം’’–- കർണാടകത്തിലെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ രീതിയെപ്പറ്റി ബംഗളൂരു കെആർ പുരയിലെ സിപിഐ എം പ്രവർത്തകൻ പറഞ്ഞത്‌ ഇങ്ങനെ.

തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനിടയിൽ വിവിധ സ്ഥാനാർഥികളിൽനിന്ന്‌ പണവും സമ്മാനവുമായി പിടിച്ചെടുത്തത്‌ 324 കോടി  രൂപ. വീട്ടിലെ അലങ്കാരച്ചെടിയുടെ ചുവട്ടിൽനിന്നും പുത്തൂർ കോൺഗ്രസ്‌ സ്ഥാനാർഥിയുടെ സഹോദരന്റെ വീട്ടിൽനിന്നും കിട്ടിയത്‌ ഒരുകോടി രൂപ.  ജയിച്ചാൽ എംഎൽഎമാർ കോടികളിട്ട്‌ വിലപേശുന്ന നാട്ടിൽ, ഓരോ വോട്ടിനും പണമൂല്യമാണ്‌ ജനങ്ങൾ കണക്കാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top