25 July Sunday

യാത്രയുടെ വഴിയിൽ മാറ്റമുണ്ടാകില്ല

മധു നീലകണ്ഠൻUpdated: Thursday Feb 6, 2020


ധനമന്ത്രി തോമസ് ഐസക്‌ വെള്ളിയാഴ്ച അവതരിപ്പിക്കുന്ന, പിണറായി സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റിലെ സമീപനമെന്തായിരിക്കും? ഈ ദിവസങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളിലും മറ്റു വേദികളിലും നിറഞ്ഞുനിൽക്കുന്ന ചർച്ചകളിൽ പ്രധാനവിഷയമാണിത്. ഇക്കാര്യത്തിൽ ആമുഖമോ അവതാരികയോ ഇല്ലാതെ ഒന്നുറപ്പിച്ചു പറയാൻ കഴിയും. അത് ഇതാണ്: ഏതു സാമ്പത്തിക വൈഷമ്യങ്ങൾക്കു നടുവിലും സമ്പൂർണ സാമൂഹ്യ സുരക്ഷ, സുസ്ഥിര വികസനം, സമഗ്ര പശ്ചാത്തല സൗകര്യവികസനം എന്നിവ ഈ സർക്കാരിന്റെ മുഖമുദ്രയാണ്. എല്ലാ അർഥത്തിലും നവകേരളം കെട്ടിപ്പടുക്കാനുള്ള ദൃഢപ്രതിജ്ഞയിലും തീവ്രയജ്ഞത്തിലുമാണ് സർക്കാർ. തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ നാലുബജറ്റും ഈ ദിശയിൽ ബദൽവഴികൾ തേടി കൃത്യവും വ്യക്തവുമായ പദ്ധതികൾ മുന്നോട്ടു വയ്‌ക്കുന്നതായിരുന്നു. ഇക്കുറിയും ജനക്ഷേമത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. യാത്രയുടെ വഴിയിൽ മാറ്റമുണ്ടാകില്ല.

വരുമാനവർധനയ്‌ക്ക്‌ ബദൽവഴികൾ
ഉവ്വ്, തീർച്ചയായും സംസ്ഥാനത്തിന് സാമ്പത്തികപ്രയാസമുണ്ട്, പ്രതിസന്ധിയുണ്ട്. അത് സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതങ്ങൾ വെട്ടിക്കുറച്ചും ആവശ്യമായ കടമെടുപ്പ് അനുവദിക്കാതെയും കേന്ദ്രം സൃഷ്ടിക്കുന്ന വൈതരണികളാണ്. മോഡി സർക്കാർ കേരളത്തോടു കാണിക്കുന്ന വിവേചനത്തിന്റെയും അവഗണനയുടെയും ബാക്കിപത്രം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയാകെ വിഴുങ്ങിയിട്ടുള്ള മാന്ദ്യം മറ്റൊരു പ്രശ്നം. ഉൽപ്പാദനമേഖലകളിലെ മാന്ദ്യം സംസ്ഥാനങ്ങളുടെ നികുതി സമാഹരണശേഷിയെ ദോഷകരമായി ബാധിക്കും. വാഹന വിൽപ്പനയിലടക്കം വന്നിട്ടുള്ള കുറവ് കേരളത്തിന്റെ നികുതിവരുമാനത്തെയും ബാധിച്ചിട്ടുണ്ട്.

കേരളത്തിൽ രണ്ട് പ്രളയം സൃഷ്ടിച്ച പ്രയാസങ്ങൾ വേറെയുമുണ്ട്. പുനർനിർമിതി എളുപ്പത്തിൽ നടക്കുന്നപോലെ, പ്രളയംമൂലം കാർഷിക- വ്യാവസായിക മേഖലകളിൽ സംഭവിച്ച നഷ്ടം എളുപ്പം പരിഹരിക്കാനാകില്ല. ഇത് നമ്മുടെ വരുമാന ഉറവിടങ്ങളെ ബാധിച്ചു. ചരക്ക് സേവന നികുതിവരുമാനം പ്രതീക്ഷിച്ചതോതിൽ ലഭിക്കാതെ പോകുന്നതിൽ ഇതും പ്രധാന കാരണമാണ്‌. ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്നതുമുതൽ നികുതിനിരക്കുകൾ നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം ചോർന്നുപോയതും ഇതോടൊപ്പം കാണണം. ഈ സ്ഥിതിയും  ധനപരമായ കാര്യങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന ഒട്ടും ഉദാരമല്ലാത്ത നിലപാടുമാണ് കേരളത്തെ വിഷമിപ്പിക്കുന്നതെന്ന് ചുരുക്കം.


 

ഈയൊരു സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനും ആവശ്യമില്ലാത്ത ചെലവുകൾ ചുരുക്കാനും യുക്തിസഹമായ നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മൂല്യവർധിത നികുതിയടക്കമുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ നടപടിയുണ്ടാകും. ചരക്ക് സേവനനികുതി വരുമാനം കൂട്ടാനും വഴികൾ നിർദേശിക്കും. കേന്ദ്രം നൽകുന്ന നഷ്ടപരിഹാരത്തുകയേക്കാൾ കൂടുതൽ നികുതിവരുമാനം വർധിപ്പിക്കേണ്ടതുണ്ട്. ജിഎസ്‌ടി റിട്ടേണുകളുടെ പരിശോധന കർശനമാക്കാനും നികുതിവെട്ടിപ്പ് തടയാനും നടപടികളുണ്ടാകും. സാമൂഹ്യക്ഷേമ പെൻഷനുകളിലെ അനർഹരെ ഒഴിവാക്കിയ സ്ഥിതിക്ക് പെൻഷൻ പദ്ധതിയുടെ പുനഃസംഘടനയുണ്ടായേക്കാം. സംസ്ഥാനത്തിന് സ്വന്തം നിലയ്‌ക്ക് വരുമാനം കണ്ടെത്താൻ നികുതിയിതര നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾക്ക് നല്ല പരിഗണനയുണ്ടാകും. സംസ്ഥാനത്തിന്റെ വികസനത്തിന് പണം കണ്ടെത്താൻ ബദൽമാർഗമായി രൂപീകരിക്കപ്പെട്ട കിഫ്ബിയുടെ പ്രവർത്തനം ശക്തമാക്കും. ഇപ്പോൾ, റോഡുകളും പാലങ്ങളുമടക്കം 50,000 കോടിരൂപയുടെ വികസനപ്രവർത്തനങ്ങളാണ് കിഫ്ബി മുഖേന നടക്കുന്നത്.

തുടരുന്ന കേന്ദ്ര അവഗണന
സംസ്ഥാന സർക്കാരിന്റെ മൊത്തം നികുതിവരുമാനത്തിൽ 30 ശതമാനം കേന്ദ്രസർക്കാരിൽനിന്ന് വായ്പയായോ ഗ്രാന്റായോ ലഭിക്കുന്നതാണ്. എന്നാൽ, ഈ ധനസഹായം സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ കേന്ദ്രം വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽ പ്രകാരം അവസാന പാദത്തിൽ കിട്ടേണ്ടിയിരുന്നത് 10,233 കോടി രൂപ. അനുവദിച്ചത് 1900 കോടിമാത്രം. സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനമാണ് വായ്പ അനുവദിക്കുക. ഇതനുസരിച്ച് 24,915 കോടി രൂപ വായ്പ കിട്ടുമെന്ന് നടപ്പുവർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, വർഷം പകുതിയായപ്പോൾ 5325 കോടി വെട്ടിക്കുറച്ചു. അപ്പോഴും അവസാനപാദത്തിൽ 4900 കോടി വായ്പയെടുക്കാൻ അനുമതിയുണ്ടായിരുന്നു. സാധാരണ ഡിസംബറിൽ അനുമതി നൽകാറുമുണ്ട്. എന്നാൽ, ഇക്കുറി അത് വൈകിപ്പിച്ചെന്നുമാത്രമല്ല, തുക 1920 കോടിയായി കുറയ്ക്കുകയും ചെയ്തു. അങ്ങനെ വായ്പയെടുക്കാവുന്ന തുക 3000 കോടി വീണ്ടും കുറഞ്ഞു. ഫലത്തിൽ വായ്പ അപ്പാടെ നിഷേധിച്ച മട്ടായി.

വരുമാനം പരമാവധി കൂട്ടാനും ആവശ്യമില്ലാത്ത ചെലവ് പരമാവധി ചുരുക്കാനും ശ്രമിക്കേണ്ടി വരും. ധനകമ്മിയെ പേടിച്ച് ധനമന്ത്രി വികസനക്ഷേമ ചെലവ് വെട്ടിച്ചുരുക്കില്ല. അത് ഈ സർക്കാരിന്റെയും ധനമന്ത്രിയുടെയും നിലപാടല്ല

വായ്പയ്‌ക്കൊപ്പം ഗ്രാന്റുകളും വെട്ടിക്കുറയ്ക്കുക പതിവായി. ഡിസംബറിലെ ജിഎസ്ടി നഷ്ടപരിഹാരം 1600 കോടിയോളം രൂപ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനു പുറമെ, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതവും വെട്ടിക്കുറയ്ക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 1215 കോടി രൂപയും നെല്ലുസംഭരണത്തിൽ 1035 കോടിയും കുടിശ്ശികയിനത്തിൽ കേന്ദ്രം കേരളത്തിന്‌ നൽകാനുണ്ട്. പ്രളയ പുനർനിർമാണത്തിന് വിദേശത്തുനിന്ന് വായ്പയെടുക്കാൻ വായ്പാപരിധി ഉയർത്താനും കേന്ദ്രം തയ്യാറല്ല. ഇതൊക്കെയാണ് ധനമന്ത്രിക്കു മുന്നിലുള്ള വസ്തുനിഷ്ഠ യാഥാർഥ്യം. ഈ പശ്ചാത്തലത്തിൽ വരുമാനം പരമാവധി കൂട്ടാനും ആവശ്യമില്ലാത്ത ചെലവ് പരമാവധി ചുരുക്കാനും ശ്രമിക്കേണ്ടി വരും. ധനകമ്മിയെ പേടിച്ച് ധനമന്ത്രി വികസനക്ഷേമ ചെലവ് വെട്ടിച്ചുരുക്കില്ല. അത് ഈ സർക്കാരിന്റെയും ധനമന്ത്രിയുടെയും നിലപാടല്ല.

മാന്ദ്യകാലങ്ങളിൽ സർക്കാർ കൂടുതൽ പണം ചെലവാക്കുകയാണ് വേണ്ടതെന്ന് തോമസ് ഐസക്‌ എപ്പോഴും പറയാറുണ്ട്. സംസ്ഥാനത്തിനു പക്ഷേ, പണത്തിനുള്ള സാധ്യതകൾ പരിമിതമാണ്. കേന്ദ്ര സർക്കാരിന് പണം കണ്ടെത്താൻ പല വഴിയുണ്ട്‌. കോർപറേറ്റ് നികുതി, കസ്റ്റംസ് തീരുവ അങ്ങനെ പലതും. പിന്നെ റിസർവ് ബാങ്കിന്റെ പണവും എടുക്കാം. കോർപറേറ്റുകളെ തൊടാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയാണ് പണമുണ്ടാക്കാൻ കേന്ദ്രം കണ്ടുവച്ചിരിക്കുന്ന എളുപ്പ മാർഗമെന്നത് മറ്റൊരു കാര്യം. സംസ്ഥാന സർക്കാരിനു മുന്നിൽ ഈ വഴിയൊന്നുമില്ല. തനത് നികുതി- നികുതിയിതര വരുമാനവും കേന്ദ്ര നികുതിവിഹിതവും ഗ്രാന്റുകളും വായ്പകളുമാണ് സംസ്ഥാനത്തിന്റെ വരുമാന ഉറവിടങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top