23 February Saturday

ജനാധിപത്യത്തിന്റെ ഉത്സവം

പി ശ്രീരാമകൃഷ്ണൻ (സ്പീക്കർ, കേരള നിയമസഭ)Updated: Saturday Aug 4, 2018


ഇന്ത്യൻ ജനാധിപത്യം ഏഴ് പതിറ്റാണ്ട‌് പിന്നിടുന്ന സന്ദർഭത്തിലാണ് കേരള നിയമസഭ അതിന്റെ വജ്രജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ട ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ, വിശിഷ്യ മലയാളി സമൂഹത്തിന്റെ ജനാധിപത്യ അനുഭവങ്ങളെ സമഗ്രമായി വിശകലനം ചെയ്യാനും ഭാവിസാധ്യതകൾ തേടാനുമായി ജനാധിപത്യത്തിന്റെ ഉത്സവം ആവിഷ്കരിച്ചിട്ടുള്ളത്. ജനാധിപത്യത്തിന്റെ ഉത്സവം എന്നാൽ കേവലമായ  ആഘോഷമേ അല്ല. അത് സംവാദങ്ങളുടെ ഉത്സവം ആണ്. ജനങ്ങളുടെ ഇച്ഛയ്ക്കും പ്രതീക്ഷകൾക്കും മേൽകൈ കിട്ടുന്ന, ഭൂരിപക്ഷ‐ന്യൂനപക്ഷ വ്യത്യാസമില്ലാതെ തുല്യത അനുഭവവേദ്യമാകുന്ന, അഭിപ്രായങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ എന്നതിനപ്പുറം മൗലികമായി ജനാധിപത്യം സമൂഹത്തിൽ നിലനിൽക്കേണ്ട ഒരുപാട് മൂല്യങ്ങളുടെ സംഘാതമാണ്.

സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അവകാശപ്പെട്ടതാണ് ജനാധിപത്യ അനുഭവങ്ങൾ എന്ന ഉള്ളടക്കത്തോടെയാണ് നമ്മുടെ ജനാധിപത്യവ്യവസ്ഥ രൂപപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മനുഷ്യരുടെ പരിരക്ഷ ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് ജനാധിപത്യവ്യവസ്ഥയുടെ അടിത്തറ. എന്നാൽ, നമ്മുടെ ജനാധിപത്യത്തിന്റെ അനുഭവങ്ങൾ എല്ലാ വിഭാഗങ്ങളോടും നീതിപുലർത്തുന്നുണ്ടോ? പാർലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങൾ പരിരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിയ മേഖലകളിൽ അത് യാഥാർഥ്യമായോ? ഉണ്ടാക്കിയ നിയമങ്ങൾ നടപ്പാക്കുമ്പോൾ അതിൽ ‘ഇടപെടുന്ന’ രീതികൾ എങ്ങനെയായിരുന്നു? ആരെ ഉദ്ദേശിച്ചാണോ നിയമമുണ്ടാക്കിയത‌്, അവർക്ക് അതിന്റെ സമ്പൂർണമായ പിന്തുണ ലഭ്യമാകുന്ന തരത്തിൽ അവ നടപ്പാക്കാൻ സാധിച്ചോ? ഈ പ്രശ്നങ്ങളെല്ലാം വിമർശനബുദ്ധ്യാ പരിശോധിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ അനുഭവങ്ങളെ ആകെ വിശകലനവിധേയമാക്കാനും ചർച്ചചെയ്യാനുമുള്ള ഒരു വേദിയാണ് ജനാധിപത്യത്തിന്റെ ഉത്സവം.

ജനാധിപത്യത്തിന്റെ ഉത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആറിന‌് പകൽ 11ന‌് നിയമസഭാ സമുച്ചയത്തിൽ നിർവഹിക്കും. ആറുമാസം നീണ്ടുനിൽക്കുന്ന വിവിധതരം സമ്മേളനങ്ങളിലെ ആദ്യത്തെ സമ്മേളനമാണ് ‘സ്വതന്ത്ര ഇന്ത്യയിൽ പട്ടികജാതി‐പട്ടികവർഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ’.

അവകാശങ്ങളുടെ തുല്യമായ അനുഭവത്തിലാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത കുടികൊള്ളുന്നത്. രാഷ്ട്രീയവും സാമ്പത്തികവും  സാംസ്കാരികവുമായ തുല്യത എല്ലാ പൗരന്മാരിലേക്കും എത്തുമ്പോഴാണ‌് ജനാധിപത്യാനുഭവം പൂർണമാകുന്നത്. ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ടെങ്കിലും സാമൂഹ്യതലത്തിൽ തുല്യതാസങ്കല്പത്തിന് സ്വീകാര്യത ലഭിച്ചിട്ടില്ല. ജാതീയവും മതപരവും വംശീയവും പ്രദേശപരവുമായ നിരവധി ഉച്ചനീചത്വങ്ങൾ തുല്യതാസങ്കല്പത്തിന്റെ ആത്മാവ് ചോർത്തിക്കളഞ്ഞു. ഈ സാഹചര്യത്തിൽ നമ്മുടെ ജനാധിപത്യസ്ഥാപനങ്ങൾ ജനാധിപത്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഏതളവുവരെ വിജയിച്ചിരിക്കുന്നു എന്നത് പരിശോധനയർഹിക്കുന്നു. അഞ്ചുവർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താമെന്നതിനപ്പുറം രാഷ്ട്രീയ തുല്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും സാധ്യതകൾ ബഹുഭൂരിപക്ഷത്തിനും അന്യമാണ്.

രാഷ്ട്രീയതുല്യതയും സ്വാതന്ത്ര്യവും ഇന്ത്യയിൽ നിലനിൽക്കുന്നു. എന്നാൽ, സാമൂഹ്യതുല്യതയും സാംസ്കാരികതുല്യതയും ഇല്ലാത്തതിനാൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങൾ അനുഭവിക്കാൻ അടിസ്ഥാനവർഗത്തിനും പ്രാന്തവൽക്കൃത ജനതയ്ക്കും കഴിയുന്നില്ല. ഈ പ്രതിസന്ധിയെ ചർച്ചാവിഷയമാക്കിക്കൊണ്ടായിരിക്കും ആദ്യസമ്മേളനം ചേരുന്നത്. ഇന്ത്യൻ ജനസമൂഹത്തിൽ 20 കോടിയോളം വരുന്ന പട്ടികജാതി‐പട്ടികവർഗ വിഭാഗം പ്രാന്തവൽകൃതമായ അവസ്ഥയിൽനിന്ന് മോചിപ്പിക്കപ്പെട്ടിട്ടില്ല. നിയമങ്ങളുടെ അഭാവമോ ഭരണഘടനയുടെ പിന്തുണ ഇല്ലായ്മയോ അല്ല ഇത്തരം ഒരു അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ആ അവസ്ഥ എന്തുകൊണ്ട് സംഭവിച്ചു എന്ന പരിശോധനയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തിന്റെ ചർച്ചാവേദിയിൽ ആരംഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം എംഎൽഎമാരും കേരളത്തിലെ എല്ലാ എംഎൽഎമാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പട്ടികജാതി‐പട്ടികവർഗ മേഖലയിൽ ശ്രദ്ധേയമായ നിലയിൽ ഇടപെട്ടുകൊണ്ടിരിക്കുന്നവരും ഈ സമ്മേളനത്തിൽ പങ്കാളികളാകും. നിയമനിർമാണം, നിയമങ്ങളുടെ ഇടപെടലുകൾ എന്നിവ എല്ലാം ചർച്ചയ്ക്ക് വിധേയമാക്കി ഒരു അഭിപ്രായ രൂപീകരണത്തിന് സാധ്യത തേടുന്നു. ഇതിന്റെ തുടർച്ചയായി സ്ത്രീശാക്തീകരണത്തിന്റെ അനുഭവങ്ങളെ വിശദമാക്കിക്കൊണ്ടുള്ള ചമശീിേമഹ ണീാലി ഘലഴശഹെമീൃ ഇീിളലൃലിരല സെപ്തംബറിലും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന ചമശീിേമഹ ടൌറലി ജമൃഹശമാലി  ഒക്ടോബറിലും നടക്കും.

മാധ്യമങ്ങളുടെ പരിമിതികളെയും ചുമതലകളെയും ജനാധിപത്യത്തിലെ പ്രാധാന്യത്തെയുംകുറിച്ച് മാധ്യമലോകത്ത് ഉണ്ടായിരിക്കേണ്ട പൊതു അഭിപ്രായരൂപീകരണത്തിന് ഉപകരിക്കുന്ന ഒരു സംവാദവേദി മാധ്യമപ്രവർത്തകർക്കായി ഒരുക്കുന്ന പരിപാടിയാണ് ചമശീിേമഹ ങലറശമ ഇീിരഹമ്ല ീി ഉലാീരൃമര്യ.

ചടുലവും സർഗാത്മകവുമായ രീതികളിലൂടെ നിയമനിർമാണ പ്രക്രിയയെ ജനകീയമാക്കി മാറ്റാൻ ചട്ടങ്ങളും കീഴ്വഴക്കങ്ങളും  അതിനനുസൃതമായി രൂപപ്പെടുത്താനും മാറുന്ന കാലത്തിനനുസരിച്ച് ജനപ്രതിനിധികളുടെ പ്രവർത്തനരീതികളിൽ വരുത്തേണ്ട മാറ്റത്തെ സംബന്ധിച്ചും ഗൗരവമായ പരിശോധന നടക്കേണ്ടതുണ്ട്. കേരള നിയമസഭാ സമ്മേളനങ്ങൾ കൂടുന്ന ദിവസങ്ങൾ സംബന്ധിച്ച തീരുമാനം, മാർച്ച് മാസത്തോടെ ബജറ്റിന്റെ നടപടിക്രമം പൂർത്തീകരിച്ച് പദ്ധതി പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യം ഒരുക്കിയത‌്, ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിനുവേണ്ടിയുള്ള നിയമസഭാ സമിതി രൂപീകരിച്ച് പരാതികൾ സ്വീകരിക്കാൻ ആരംഭിച്ചത‌്, നിയമസഭാ സമിതികളുടെ റിപ്പോർട്ടുകൾ ചർച്ച ചെയ്യാൻ അവസരം ഒരുക്കിയത‌്, നിയമനിർമാണ പ്രക്രിയയിൽ പൊതുജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന തരത്തിൽ ഭേദഗതികൾ നൽകാൻ അവസരം ഒരുക്കിയത‌് ഉൾപ്പെടെ നിരവധി മാറ്റങ്ങൾക്ക് പതിനാലാം  നിയമസഭയുടെ കാലത്ത് തുടക്കംകുറിച്ചു.

60 വർഷംകൊണ്ട് കേരളം നിർമിച്ച നിയമങ്ങൾക്കുണ്ടായ  അവസ്ഥകളെ  വിശകലന വിധേമാക്കുന്ന പഠനപരിപാടി എല്ലാ ജില്ലയിലും സംഘടിപ്പിച്ചു. നിയമസഭാ മ്യൂസിയത്തെയും അനുബന്ധ സ്ഥാപനങ്ങളെയും പരിഷ്കരിച്ച് പ്രവർത്തനാധിഷ്ഠിത സ്ഥാപനമാക്കി മാറ്റി. ഭരണഘടനയുടെ അന്തസ്സത്തയും മൂല്യങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി 250 വിദഗ്ധ അധ്യാപകരെ നിശ്ചയിച്ച് 1000 വിദ്യാലയങ്ങളിൽ ഭരണഘടനാ  ക്ലാസ‌് സംഘടിപ്പിച്ചുവരികയാണ്.

ഇൗ സാഹചര്യത്തിൽ നിയമസഭാ നടപടിക്രമങ്ങളെയും വിപുലമായ പ്രവർത്തനരീതികളെയും സംബന്ധിച്ചുള്ള പാർലമെന്ററി നടപടിക്രമങ്ങളുടെ അവസ്ഥകളെക്കുറിച്ചും ഒരു പ്രത്യേക കോൺഫറൻസ് സ്പീക്കർമാരും ഡെപ്യൂട്ടി സ്പീക്കർമാരും പങ്കെടുത്തുകൊണ്ട് ചേരുന്നതാണ്. രാജ്യത്തിന് മാതൃകയായ അനവധി നിയമനിർമാണങ്ങൾക്ക് നേതൃത്വം കൊടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും നമുക്ക് നഷ്ടപ്പെട്ടുപോയ കാര്യങ്ങൾകൂടി ചർച്ചാ വിധേയമാക്കേണ്ടതുണ്ട്. രാഷ്ട്രീയമായ അഭിപ്രായഭിന്നതകൾ നിലനിൽക്കേതന്നെ കേരളത്തിനുവേണ്ട, അഥവാ കേരളത്തിന്റെ നിലനില്പിന് ആവശ്യമായ മിനിമം കാര്യങ്ങളിൽ ഉള്ള യോജിപ്പ് ഭരണ‐പ്രതിപക്ഷങ്ങൾ തമ്മിലും ആസൂത്രണ വിദഗ്ധർക്കിടയിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അടിസ്ഥാനപരമായ കേരള താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയും.

പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം, അതിന്റെ പരിധി, നമ്മുടെ സമ്പന്നമായ ജലാശയങ്ങളുടെ സംരക്ഷണം, കേരളത്തിന്റെ  ടൂറിസംവികസനം,  ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടായിരിക്കേണ്ട മാറ്റം, പശ്ചാത്തലവികസനരംഗം, പ്രവാസി സമൂഹത്തിനായി സ്വീകരിക്കാവുന്ന പ്രത്യേക പദ്ധതികളും തുടർച്ചയും, സംരംഭകത്വത്തിന്റെയും നൈപുണ്യവികസനത്തിന്റെയും മേഖലകളിൽ ഉണ്ടായിരിക്കേണ്ട യോജിപ്പുകൾ, വിഷരഹിതമായ ജീവിതം നയിക്കാനുള്ള ജൈവ‐കാർഷിക പദ്ധതി തുടങ്ങി വികസനരംഗത്ത് യോജിപ്പോടെ നിൽക്കാവുന്ന ഒരു പൊതു സമവായം ഉണ്ടാകാനുള്ള പരിശ്രമമാണ് കേരള വികസനത്തിന് ഒരു സമവായ സംവാദംകൊണ്ട‌് ലക്ഷ്യമാക്കുന്നത‌്.

മാറുന്ന ലോകത്തെ അഭിസംബോധന ചെയ്യാൻ നമുക്ക് കഴിയുന്ന വിധത്തിലുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിലേക്കായി സാമാജികരെയും സിവിൽ സർവീസിനെയും സഹായിക്കാവുന്ന സ്കൂൾ ഓഫ് ഗവേണൻസ്, സ്കൂൾ ഓഫ് ഗവൺമെന്റ്  തുടങ്ങിയ  പദ്ധതികളും ആലോചനയിലാണ്.

ജനാധിപത്യം സമ്പൂർണമാകണമെങ്കിൽ എല്ലാ മേഖലയിലുമുള്ള തുല്യതയുടെ അവസ്ഥ രൂപപ്പെടണം. രാഷ്ട്രീയതുല്യത, സാമ്പത്തികതുല്യത, സാംസ്കാരികതുല്യത എന്നിവയുടെ ഗുണപരവും ഗണപരവുമായ അഭാവത്തിൽ ഇന്ത്യൻ ജനാധിപത്യം ദരിദ്രമായിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയിൽ ജനാധിപത്യം തൃണമൂലതലത്തിലേക്ക് വ്യാപിക്കണമെങ്കിൽ മേൽ സൂചിപ്പിച്ച തുല്യതകൾ അനുഭവവേദ്യമാകണം. സാമ്പത്തിക‐സാംസ്കാരിക തുല്യതയാർജിക്കാനുള്ള ജനകീയമുന്നേറ്റങ്ങളിലൂടെമാത്രമേ “കമ്മി ജനാധിപത്യത്തെ’ പൂർണ ജനാധിപത്യമായി മാറ്റാൻ കഴിയൂ. വ്യവസ്ഥയുടെ ആന്തരിക ശാക്തീകരണത്തിനും പ്രാന്തവൽക്കൃതരുടെ മോചനത്തിനും സംഘടിതപരിശ്രമങ്ങൾ ആശയതലത്തിലും പ്രയോഗത്തിലും ഉണ്ടാകണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആന്തരികസത്തയെ അർഥസമ്പുഷ്ടമാക്കാനും ജനാധിപത്യാനുഭവങ്ങളെ വ്യാപിപ്പിക്കാനും പുതിയ നിയമനിർമാണങ്ങളും ഭരണപരമായ ഇടപെടലുകളും അനിവാര്യമാണ്. ഈ ദിശയിലുള്ള ചുവടുവയ‌്പാണ‌് ഫെസ്റ്റിവൽ ഓൺ ഡെമോക്രസി.

പ്രധാന വാർത്തകൾ
 Top