04 August Tuesday

റെയിൽവേയിലും സ്വകാര്യവൽക്കരണത്തിെന്റ ചൂളംവിളി

പ്രകാശ്‌ കാരാട്ട്‌Updated: Thursday Jul 4, 2019


മോഡി സർക്കാരിന്റെ രണ്ടാംവരവിന്റെ  സവിശേഷതയാകാൻ പോകുന്നത‌് വർധിച്ച സ്വകാര്യവൽക്കരണ ത്വരയായിരിക്കും. 100 ദിവസത്തിനകം നടപ്പാക്കേണ്ട പദ്ധതിയായി നിതി ആയോഗ‌് ഇതിനകം പ്രഖ്യാപിച്ചത‌്, 46 പൊതുമേഖലാ സ്ഥാപനം തൂക്കിവിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നാണ‌്.

ഈ സ്വകാര്യവൽക്കരണ നീക്കത്തിന്റെ  കേന്ദ്ര ബിന്ദു ഇന്ത്യൻ റെയിൽവേ ആയിരിക്കും. റെയിൽവേ മന്ത്രാലയം നിർദേശിക്കുന്ന കർമപരിപാടിയനുസരിച്ച‌് നൂറുദിവസത്തിനകം സ്വകാര്യ പാസഞ്ചർ വണ്ടികൾ ഓടിത്തുടങ്ങും. രണ്ടു പാസഞ്ചർ വണ്ടി സർവീസ‌് നടത്തുന്നതിനായി റെയിൽവേ കാറ്ററിങ് ആൻഡ‌് ടൂറിസം കോർപറേഷനെ( ഐആർസിടിസി) ഏൽപ്പിക്കും. ടിക്കറ്റ‌് വിൽപ്പനയും തീവണ്ടിക്കകത്തെ സേവനവുമെല്ലാം അവർ നടത്തും. പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗോൾഡൻ ക്വാഡ‌്റിലാറ്റ‌്റൽ പോലുള്ള റൂട്ടുകളിലാണ‌് ഇവ ഓടുക. റെയിൽവേയുടെ ആസ‌്തികൾ വാണിജ്യാവശ്യത്തിന‌് കൈമാറിക്കൊണ്ടിരിക്കുകയാണ‌് സർക്കാർ ആഗ്രഹിക്കുന്നത‌്, രാജധാനിയും ശതാബ‌്ദി എക‌്സ‌്പ്രസും പോലുള്ള പ്രീമിയർ വണ്ടികൾ സ്വകാര്യ ഓപ്പറേറ്റർമാർക്ക‌് കൈമാറാനാണ‌്. ഈ വർഷംതന്നെ അതിനുള്ള ടെൻഡർ വിളിക്കും.

ഏറെ ലാഭം നൽകുന്ന മെട്രോ പൊളിറ്റൻ നഗരങ്ങളിലേക്കുള്ളതും പ്രധാന റൂട്ടുകളിൽ ഉള്ളതുമായ തീവണ്ടികൾ സ്വകാര്യമേഖലയ‌്ക്ക‌് കൈമാറും. ഉയർന്ന യാത്രാക്കൂലിയിലേക്കും സബ‌്സിഡി നിരാസത്തിലേക്കുമാണ‌് ഇത‌് നയിക്കുക. റെയിൽവേയുടെ ആസ‌്തികൾ ഭൂമിയടക്കം വാണിജ്യാവശ്യത്തിന‌് കൈമാറിക്കൊണ്ടിരിക്കുകയാണ‌്.

 

മുൻ സർക്കാരിന്റെ കാലത്തും വിവിധ റെയിൽവേ സ‌്റ്റേഷനുകൾ നടത്തിപ്പിനായി സ്വകാര്യമേഖലയ‌്ക്ക‌് കൈമാറുന്നതിനുള്ള പദ്ധതിയുണ്ടായിരുന്നു. ഇപ്പോഴത്തെ പദ്ധതി, ഏഴ‌് ഉൽപ്പാദന യൂണിറ്റും അനുബന്ധ വർക്ക‌്ഷോപ്പുകളും അടർത്തിമാറ്റി പ്രത്യേക കമ്പനിയാക്കാനുള്ളതാണ‌്. ഉൽപ്പാദനം സ്വകാര്യ കമ്പനികൾക്ക‌് പുറംകരാർ കൊടുക്കുന്നതിലേക്കാണ‌് ഇത‌് നയിക്കുക. അതുവഴി പൊതുമേഖലയുടെ തദ്ദേശീയമായ ഉൽപ്പാദനശേഷി തകർത്തെറിയപ്പെടും.

രാജ്യത്തങ്ങോളമിങ്ങോളമുള്ള 69182 കിലോമീറ്ററർ വരുന്ന ഇന്ത്യൻ റെയിൽവേ ശൃംഖല രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായിത്തീർന്നിരിക്കുന്നു. ദശലക്ഷക്കണക്കിന‌് സാധാരണ മനുഷ്യരെ ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുന്നത‌് റെയിൽവേയാണ‌്.

ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്നത‌്  രാജ്യം കോളനിയാക്കി ഭരിച്ച ബ്രിട്ടീഷുകാരാണ‌്. സ്വാതന്ത്ര്യത്തിന‌ുമുമ്പ‌് ഇന്ത്യയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്വകാര്യ റെയിൽവേ കമ്പനികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന‌ുശേഷമാണ‌് മുഴുവൻ റെയിൽവേയും ദേശസാൽക്കരിച്ചത‌്. ഇപ്പോൾ, റെയിൽവേയെ കൊളോണിയൽ കാലത്തേക്ക‌് തിരിച്ചുകൊണ്ടുപോകാനാണ‌് മോഡി സർക്കാർ ആഗ്രഹിക്കുന്നത‌്.

സ്വകാര്യ കമ്പനികൾ വൻതോതിൽ ലാഭമൂറ്റിയെടുക്കും
ഇന്ത്യൻ റെയിൽവേയെ തകർക്കുന്നതും പാർസൽ സർവീസ‌് സ്വകാര്യമേഖലയ‌്ക്ക‌് ഏൽപ്പിച്ച‌് കൊടുക്കുന്നതുംവഴി ഇന്ത്യയെ ഒന്നിപ്പിച്ചുനിർത്തുന്ന ഈ വൻ ശൃംഖല ഇല്ലാതാകും. അതിനുപുറമെ, ദരിദ്രരും തൊഴിലെടുത്തു ജീവിക്കുന്നവരുമായ വലിയൊരു ജനാവലിയെയാണ‌് റെയിൽവേ സേവിക്കുന്നത‌്. ഏറ്റവും ചെലവ‌ുകുറഞ്ഞ ഈ ഗതാഗതമാർഗം ദശലക്ഷക്കണക്കിന‌് മനുഷ്യരുടെ ജീവനോപാധിയുടെ ജീവരേഖയാണ‌്.

സ്വകാര്യവൽക്കരണത്തോടെ ഈ സുപ്രധാന ഗതാഗതമാർഗം പരമ ദരിദ്രരായ സാധാരണ മനുഷ്യർക്ക‌് നിഷേധിക്കപ്പെടും. അടിസ്ഥാന സേവനങ്ങൾവഴി സ്വകാര്യ കമ്പനികൾ വൻതോതിൽ ലാഭമൂറ്റിയെടുക്കും.

യൂറോപ്പിലെ ഏറ്റവും മികച്ച റെയിൽവേകൾ, ഉദാഹരണത്തിന‌് ഫ്രഞ്ച‌് റെയിൽവേ, സർക്കാർ ഉടമസ്ഥതയിലാണ‌്. സർക്കാരാണ‌് നടത്തുന്നതും. ബ്രിട്ടനിൽ മൂന്ന‌് ദശകംമുമ്പാണ‌്  റെയിൽവേ സ്വകാര്യവൽക്കരിച്ചത‌്. അതിന്റെ ഫലമാകട്ടെ യാത്രക്കാർക്കും പൊതുഗതാഗത സംവിധാനത്തിനുംതന്നെ ദോഷകരമായിരുന്നു. ചെലവേറിയ ട്രെയിൻ ചാർജുകൾ, അടിക്കടിയുള്ള ബ്രെയ‌്ക്ക‌് ഡൗണുകളും അപകടങ്ങളും, കൃത്യത പാലിക്കാത്ത ട്രെയിൻ സർവീസുകൾ തുടങ്ങിയവയായിരുന്നു സ്വകാര്യവൽക്കരണത്തിന‌ുശേഷമുള്ള അനുഭവം. അതുകൊണ്ടാണ‌് ബ്രിട്ടനിലെ ഹിതപരിശോധനയിൽ 73 ശതമാനം പേരും പുനർദേശസാൽക്കരണത്തെ പിന്തുണച്ചത‌്.

ഇന്ത്യൻ റെയിൽവേയെ  സ്വകാര്യവൽക്കരിച്ചുകൂടാ. സർക്കാർ നടത്തുന്ന റെയിൽവേ സംവിധാനത്തിന്റെ സംരക്ഷണമെന്നത‌് ജനകീയ പിന്തുണയാർജിക്കുന്ന മുഖ്യവിഷയമായി ഉയർത്താനാകണം. ട്രേഡ‌് യൂണിയനുകൾ സ്വകാര്യവൽക്കരണത്തെ എതിർക്കണം. പക്ഷേ, ഇത‌് അവർ മാത്രമായി ഏറ്റെടുക്കേണ്ട വിഷയമല്ല. ഇന്ത്യൻ സമൂഹത്തിൽ റെയിൽവേയ‌്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ‌ുകൊണ്ട‌് ഇന്ത്യൻ റെയിൽവേയെ സംരക്ഷിക്കുന്നതിനായുള്ള ഒരു ജനകീയപ്രസ്ഥാനംതന്നെ കെട്ടിപ്പടുക്കേണ്ടതുണ്ട‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top