29 May Friday

5 വര്‍ഷം : 5 ചിത്രവധങ്ങള്‍

എ എം ഷിനാസ്‌Updated: Thursday Apr 4, 2019


അമേരിക്കയിലെ സാംസ‌്കാരിക വിമർശകനായ ഹെൻറി ജിറോക‌്സും ഒരുകൂട്ടം വിദ്യാഭ്യാസ വിചക്ഷണരും  അക്കാദമിക്കുകളുമാണ് ‘മറച്ചുവയ‌്ക്കപ്പെട്ട പാഠ്യപദ്ധതി' അല്ലെങ്കിൽ ‘രഹസ്യപാഠ്യ പദ്ധതി' ( hidden curriculum) എന്ന സംജ്ഞ 1960കളിൽ ഉപയോഗിച്ചത്. ഔദ്യോഗിക പാഠ്യപദ്ധതിയിൽ ഇല്ലാത്ത, ഉദ്ദിഷ്ടമല്ലാത്ത കാര്യങ്ങൾ സ‌്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നതുകൊണ്ടുമാത്രം അധ്യേതാക്കൾ അബോധപൂർവം എങ്ങനെ ആന്തരവൽക്കരിക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഗുപ്തപാഠ്യക്രമം എന്ന പ്രയോഗം ജിറോക‌്സും കൂട്ടരും ആവിഷ‌്കരിച്ചത‌്.

ഇന്ത്യൻ സാഹചര്യമെടുത്താൽ, വിശേഷിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ ഗുപ്തപാഠ്യക്രമം പരസ്യമായിത്തന്നെ പ്രക്ഷേപിക്കപ്പെട്ടു എന്ന് കാണാം. ഉദാഹരണത്തിന് ഒരു പ്രത്യേക മതമാണ് മറ്റെല്ലാ മതങ്ങളെക്കാളും മികച്ചതാണെന്ന ‘പാഠം'. ഒരു പ്രത്യേക സമുദായം മറ്റു സമുദായങ്ങളെക്കാൾ പരിഗണനയും പരിചരണവും അർഹിക്കുന്നുണ്ടെന്ന ‘പാഠം'.  ഇന്ത്യയുടെ സെക്കുലർ സ്വഭാവം നിഷ‌്കാസനംചെയ്യണമെന്നും ന്യൂനപക്ഷ മതസമുദായങ്ങളെ രണ്ടാംതരം പൗരന്മാരായി പരിഗണിക്കണമെന്നുമുള്ള ‘പാഠം’. പാവങ്ങൾക്കല്ല സമ്പന്നർക്കാണ് പ്രഥമപരിഗണന നൽകേണ്ടതെന്നും കൈയൂക്കാണ‌് ശരിയെന്നുമുള്ള ‘പാഠം’. നല്ലവർ രാജ്യദ്രോഹികളും അതിനാൽ ശിക്ഷിക്കപ്പെടേണ്ടവരും കുറ്റവാളികൾ രക്ഷപ്പെടേണ്ടവരുമാണെന്നുള്ള സന്ദേശം.
കഴിഞ്ഞ അഞ്ച‌് വർഷത്തിനിടയിൽ ജനാധിപത്യവും മതേതരത്വവും പല ഘട്ടങ്ങളിൽ പല വിധത്തിൽ ഹിന്ദുത്വവാദികളുടെ പ്രഹരത്തിന് വിധേയമായിട്ടുണ്ടെങ്കിലും മറ്റ് അഞ്ച് മേഖലകളെ, മതേതര ജനാധിപത്യത്തെ താങ്ങിനിർത്തുന്ന സ‌്തംഭങ്ങളെ അവർ എങ്ങനെ ചിത്രവധംചെയ‌്തു എന്നതിന്റെ രത്നച്ചുരുക്കമാണ് താഴെ.

1) സത്യത്തിന്റെ സംഹാരം 
സത്യത്തിന്റെ സംഹാരത്തിൽ അഭിരമിക്കുകയായിരുന്നു കഴിഞ്ഞ അഞ്ച് വർഷവും മോഡി സർക്കാർ. വിദേശത്ത‌്  നിക്ഷേപിച്ച ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യൻ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കും എന്നായിരുന്നു ആദ്യത്തെ വ്യാജപ്രസ‌്താവം. സംഭവിച്ചതോ 9000 കോടി വെട്ടിച്ച് വിജയ് മല്യയും 13500 കോടി കൊള്ളയടിച്ച് നീരവ് മോഡിയെയും പോലുള്ള മഹാതസ‌്കരന്മാർ ഇന്ത്യയിൽനിന്ന‌് മുങ്ങി. അരുൺ ജയ‌്റ്റ‌്‌ലിയെപ്പോലുള്ളവരുടെ ഒത്താശയുമുണ്ടായിരുന്നു മല്യയെപ്പോലുള്ളവർക്ക്. കൊട്ടും കുരവയുമായി ഒരു അർധരാത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത് ഈ ‘56 ഇഞ്ചുള്ള നീക്കം' കള്ളപ്പണം തുടച്ചുനീക്കാനും തീവ്രവാദികൾക്കുള്ള ധനാഗമമാർഗം വിച്ഛേദിക്കാനും സമ്പദ‌് വ്യവസ്ഥയിൽനിന്ന് കള്ളനോട്ടുകൾ ഉന്മൂലനംചെയ്യാനുമാണെന്നാണ്.

പക്ഷേ, 99 ശതമാനം പഴയ നോട്ടുകളും റിസർവ് ബാങ്കിൽ തിരിച്ചെത്തി. ധനമന്ത്രി പോലുമറിയാതെ നടത്തിയ നോട്ട് നിരോധനം മോഡിയുടെ ഏത് ‘മാനസപുത്രന്മാർക്ക്' വേണ്ടിയായിരുന്നുവെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. ഓരോ വർഷവും രണ്ട‌് കോടി തൊഴിൽ വാഗ‌്ദാനംചെയ‌്ത മോഡി ഭരണകാലത്താണ് സ്വാതന്ത്ര്യാനന്തരം ഏറ്റവും ഉയർന്ന തൊഴിലില്ലായ‌്മ നിരക്ക് രേഖപ്പെടുത്തിയത‌്. ബാലാകോട്ട് ആക്രമണത്തിൽ ജെയ‌്ഷെ മുഹമ്മദിന്റെ പ്രധാന കെട്ടിടങ്ങളെല്ലാം തകർത്തെന്നും  മുന്നൂറോളം ഭീകരവാദികൾ  കൊല്ലപ്പെട്ടെന്നുമായിരുന്നു മോഡിയുടെ വീരവാദം. എന്നാൽ, അന്താരാഷ്ട്ര ഏജൻസികൾ എടുത്ത അതീവ കൃത്യതയുള്ള ഉപഗ്രഹചിത്രങ്ങൾ വെളിപ്പെടുത്തിയത് ജെയ‌്ഷെ മുഹമ്മദിന്റെ കെട്ടിടങ്ങളെല്ലാം ഇപ്പോഴും അവിടെ അതേപടി ഉണ്ടെന്നാണ്. ഇങ്ങനെ അസത്യങ്ങളുടെ ഘോഷയാത്രയായിരുന്നു പോയ അഞ്ച് വർഷം.

2) നിയമഹത്യ
റഫേൽ വിമാന ഇടപാടുമായുള്ള രേഖകളെല്ലാം മോഷ്ടിച്ചതാണെന്ന് ഒരു ദിവസം ഇന്ത്യയുടെ അറ്റോർണി ജനറൽ പറയുന്നു. പിന്നെ കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹംതന്നെ പറയുന്നു, റഫേൽ യുദ്ധവിമാന ഇടപാടുകളെക്കുറിച്ചുള്ള ഫോട്ടോകോപ്പികളാണ് പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണം പോയതെന്ന്. സുധ ഭരദ്വാജിനെയും ആനന്ദ് തെൽതുംബ‌്ദെയെയും പോലുള്ള ആക്ടിവിസ്റ്റുകളും  ബുദ്ധിജീവികളും രാഷ്ട്രശത്രുക്കളായി മുദ്രകുത്തപ്പെടുമ്പോൾ ബാബു ബജ്രാഗിയെപ്പോലുള്ള ഹിന്ദുത്വഭീകരർ ഒരു കൂസലുമില്ലാതെ വിലസുന്നു. ഒരുപാട് സമ്മർദങ്ങൾക്കുശേഷം അനഭിമതരായ ജഡ‌്ജിമാരെ സുപ്രീംകോടതിയിൽ തരംതാഴ‌്ത്തി നിയമിക്കുന്നു. അമിത് ഷായ‌്ക്ക‌് പങ്കുണ്ടെന്ന് കരുതപ്പെടുന്ന സൊഹ്റാബുദ്ദീൻ ഷേഖിന്റെയും  അദ്ദേഹത്തിന്റെ ഭാര്യയുടെയും വധം വിചാരണചെയ്യാനിരുന്ന ജഡ‌്ജി ദുരൂഹസാഹചര്യത്തിൽ മരിക്കുന്നു.

3) വിദ്യാഭ്യാസമേഖലയിലെ കടന്നുകയറ്റം
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടപ്പാക്കിയ മറ്റൊരു കുടിലകൃത്യം വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവൽക്കരണവും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സ്വാതന്ത്ര്യത്തെതും സ്വാച്ഛന്ദ്യത്തെയും നിഷ‌്കരുണം ശ്വാസംമുട്ടിച്ച് ഞെരുക്കുകയുംചെയ്യുന്ന ഹീന ഹിന്ദുത്വ അജൻഡയാണ‌്. ജെഎൻയു, ഹൈദരാബാദ് യൂണിവേഴ്സിറ്റി തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞത‌് ഈ തെരഞ്ഞെടുപ്പ് കൂടി ജയിച്ചാൽ 2024 മുതൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് വേണ്ടിവരില്ല എന്നാണ് ! അതായത് മുമ്പുള്ള ഇന്ത്യ ഉണ്ടാകില്ല എന്നർഥം. ഹാരപ്പൻ നാഗരികത വൈദികസംസ‌്കാരത്തിന്റെ  ഭാഗമായിരുന്നുവെന്ന് ‘സ്ഥാപിക്കാനു'ള്ള അബദ്ധജടില ശ്രമങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തകൃതിയായി നടന്നുവരുന്നു. അതിനുവേണ്ടി ഒരു കാളയെ മോർഫ് ചെയ‌്ത‌് കുതിരയാക്കുകവരെ ചെയ‌്തു ഇക്കൂട്ടർ. ചരിത്രത്തെ വളച്ചൊടിക്കുകയല്ല, നിലവിലുള്ള ചരിത്രപഠനങ്ങളെ ഇല്ലായ‌്മ ചെയ‌്ത‌് ‘പുതുചരിത്രം' സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. കെ ബി ഹെഡ്ഗെവാറും വി ഡി സവർക്കറും മറ്റുമായിരിക്കും അതിലെ വീരപുരുഷന്മാർ.

4) ഐക്യമല്ല, അനൈക്യമാണ് വേണ്ടത്
2018 നവംബർ അവസാനവാരത്തിൽ ലക്ഷകണക്കിന്‌  കർഷകർ ഡൽഹിയിലെത്തിയപ്പോൾ ആ വാർത്തയുടെ പ്രാധാന്യമോ കർഷകരുടെ ആവശ്യമോ മോഡി ഭരണത്തിന്റെ കാലുഴിയുന്ന ഒരു വാർത്താമാധ്യമവും കാര്യമായി റിപ്പോർട്ട് ചെയ‌്തില്ല. കർഷകർ ഗണനീയരല്ല. അംബാനിയും അദാനിയുമൊക്കെയാണ് പ്രഥമ സ്ഥാനീയർ. ‘ഹിന്ദു ഐക്യം' വേണം. ‘ഇന്ത്യക്കാരുടെ ഐക്യം' വേണ്ട. കാരണം, ‘വിചാരധാര'യിൽ എഴുതിയതുപോലെ മുസ്ലിങ്ങളും ക്രിസ‌്ത്യാനികളും കമ്യൂണിസ്റ്റുകാരുമൊക്കെ പുറത്തുനിന്ന് വന്നവരാണല്ലോ! ആരാണ് വാസ‌്തവത്തിൽ കുടിയേറ്റക്കാർ? എല്ലാ ഇന്ത്യക്കാരും കുടിയേറ്റക്കാരാണ് എന്നതാണ് ഉത്തരം.

5) അന്തർദേശീയതയുടെ പ്രദർശനത്വം
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒരു നേട്ടവും ജനങ്ങളോട് പറയാനില്ലാത്ത മോഡി അതിദേശീയതയിലാണ് വ്യാപൃതമായിരിക്കുന്നത്. അതുകൊണ്ടാണ് മിന്നലാക്രമണവും ബാലാകോട്ട് വിമാനാക്രമണവും ഉപഗ്രഹവേധ മിസൈൽ വിക്ഷേപണവും മറ്റും തന്റെ പ്രസംഗങ്ങളിൽ മോഡി പേർത്തും പേർത്തും പറയുന്നത്.  മോഡിയുടെ ഈ ഹിഡൻ (ഓപ്പൺ തന്നെ) രാഷ്ട്രീയ കരിക്കുലം അതിന്റെ ഉള്ളിലിരിപ്പ് അറിയാതെ ആരൊക്കെ ആന്തരവൽക്കരിച്ചു എന്നും പുച്ഛിച്ച് തള്ളിയെന്നും  ഈ തെരഞ്ഞെടുപ്പിൽ കാണാം.


പ്രധാന വാർത്തകൾ
 Top