04 August Wednesday

സത്യാനന്തര കാലത്തെ സത്യാന്വേഷണം

ഡോ. സോണി ജോൺUpdated: Thursday Oct 3, 2019


ഏതാനും വർഷങ്ങൾക്കുമുമ്പത്തെ ഡെൻമാർക്ക് സന്ദർശനത്തിനിടെ ഗ്രീഷ്‌മത്തിലെ ഒരു സന്ധ്യയിലാണ് ഞാൻ എലിൻ എന്ന വന്ദ്യവയോധികയെ പരിചയപ്പെടുന്നത്. കോപ്പൻഹേഗനിലെ ഏറെ തിരക്കുള്ള വെസ്റ്റർബോ ഗയ്ഡ് നിരത്തിലൂടെ വെസ്റ്റർ കോപ്പിയെന്ന ഫോട്ടോകോപ്പി കട അന്വേഷിച്ച് നടക്കുകയായിരുന്നു ഞാൻ. എതിരെ വന്ന എലിനോട് കടയുടെ മേൽവിലാസത്തെക്കുറിച്ചുള്ള സംശയം ദൂരികരിക്കുമ്പോൾ അവർക്ക്‌ എന്നോട്‌ ചോദിക്കാനുണ്ടായിരുന്നത്‌ ഗാന്ധിജിയെക്കുറിച്ച്.  അവർക്കതിന്‌ വ്യക്തമായ കാരണമുണ്ടായിരുന്നു. അവരപ്പോൾ വായിച്ചുകൊണ്ടിരുന്ന പുസ്‌തകം മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ആത്മകഥയാണെന്നും അതുകൊണ്ടുതന്നെ ഗാന്ധിയുടെ നാട്ടുകാരനിൽനിന്നുതന്നെ അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയണമെന്നുണ്ടെന്നും അവർ പറഞ്ഞു. അവരുടെ ക്ഷണം സ്വീകരിച്ച് അടുത്തുള്ള കോഫി ഷോപ്പിലേക്ക് നടക്കുമ്പോൾ കുറ്റബോധം കലർന്ന ഒരു ഞെട്ടലിലായിരുന്നു ഞാൻ. ഗാന്ധിജിയെക്കുറിച്ച് എനിക്കപ്പോഴും ആഴത്തിലൊന്നും അറിയില്ലെന്നതും ആ സാഹചര്യവുമായിരുന്നു അപ്പോഴത്തെ എന്റെ മനോനിലയ്‌ക്കുകാരണം. ആ സംഭാഷണത്തിനൊടുവിൽ എനിക്കൊരു കാര്യം മനസ്സിലായി വിദേശീയർക്കിടയിൽ ഇന്ത്യയുടെ മുഖം മഹാത്മാ ഗാന്ധിയുടേതാണ്.

-പിന്നീട് ക്യൂബയിലെ സാന്റാക്ലാരയ്‌ക്കടുത്തുള്ള റാഞ്ച്വോലയെന്ന ഗ്രാമത്തിലെ എൽപി സ്‌കൂൾ സന്ദർശിച്ച അവസരത്തിലും അവിടത്തെ ടീച്ചറെന്നോട് കുട്ടികളോട് സംസാരിക്കാൻ അപേക്ഷിച്ചതും ഗാന്ധിജിയെക്കുറിച്ചായിരുന്നു. മെൽബണിലെ താമസത്തിനിടയ്‌ക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ വിദേശ സുഹൃത്തുക്കളും പലപ്പോഴായി ഗാന്ധിജിയെക്കുറിച്ച് സംസാരിക്കുമായിരുന്നു. ആ സംഭാഷണങ്ങളെല്ലാം തന്നെ ഞാൻ മേൽപ്പറഞ്ഞ അഭിപ്രായത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.

എന്നാൽ, സത്യാനന്തര കാലഘട്ടത്തിലെ ഇന്ത്യയിലിന്ന് ഗാന്ധിയെന്ന വ്യക്തിപ്രതിഭാസത്തെയും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളെയും അപനിർമിക്കാനും ആ വികാരത്തെ ഇല്ലായ്‌മ ചെയ്യാനുമുള്ള സംഘപരിവാരത്തിന്റെ ശ്രമം കാണുമ്പോൾ നെഞ്ചുരുകാതിരിക്കാൻ മാനവികതയിൽ വിശ്വസിക്കുന്ന ഒരാൾക്കും കഴിയില്ല.
ഈ കാലഘട്ടത്തിന്‌ സത്യാനന്തര കാലഘട്ടമെന്ന പേര്‌ നൽകിക്കൊണ്ട്‌ ലോകമെമ്പാടും നടക്കുന്ന അനീതിക്കും അക്രമത്തിനും അഴിമതിക്കും വെള്ളയുടുപ്പിക്കാനും കാലാന്തരമെന്ന യുക്തിക്കൊണ്ട്‌ അവയെ സാധൂകരിക്കാനും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന്‌ നടിക്കാൻ കഴിയില്ല. അത്തരത്തിലുള്ള സത്യത്തിന്റെ ആപേക്ഷികവൽക്കരണം ഈ കാലഘട്ടത്തിന്റെ മുഖമുദ്രയായി തീർന്നിരിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ സത്യാനന്തരകാലമെന്ന ഓമനപ്പേരിന്റെ നിർമിതിതന്നെ മുതലാളിത്തത്തിന്റെ ലാഭേച്ഛയെ സാധൂകരിക്കാനും യുക്തിഭദ്രമല്ലാത്ത സിദ്ധാന്തങ്ങൾകൊണ്ട്‌ പണാധിപത്യത്തെയും മതാധിപത്യത്തെയും സംരക്ഷിച്ചുനിർത്തുന്നതിനു വേണ്ടിയാണെന്ന്‌ കരുതുന്നതിൽ തെറ്റില്ല.

വർഗീയതയുടെ വിഷവിത്തുകൾ പാകാനുള്ള ശ്രമം
സംഘപരിവാരത്തിന്റെ നിയന്ത്രണത്തിൽ കഴിഞ്ഞ അഞ്ചുവർഷ ഭരണക്കാലത്ത് ഗാന്ധിജി അടിയുറച്ചു വിശ്വസിക്കുകയും ഭാരതിയരെ ഒന്നാകെ വിശ്വസിപ്പിക്കാൻ പഠിപ്പിക്കുകയും ചെയ്‌ത പല മാനവികമൂല്യങ്ങളെയും ആദർശങ്ങളെയും രീതികളെയും ഇല്ലാതാക്കാനും, അവിടെ പകരം വിഭജനത്തിന്റെയും വർഗീയതയുടെയും വിഷവിത്തുകൾ പാകാനുമുള്ള തീവ്രശ്രമങ്ങൾ നമ്മൾ കണ്ടു.  ഗാന്ധിജിയെ പ്രതീകാത്മകമായാണെങ്കിലും വീണ്ടും വധിച്ചുകൊണ്ട് നവ ഹിന്ദുത്വവാദികൾ അതുറക്കെ പ്രഖ്യാപിക്കുകയും ചെയ്‌തു. പ്രഗ്യാ സിങ്‌ ഠാക്കൂറാകട്ടെ ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയെ ധീരനായ രാജ്യസ്‌നേഹിയാക്കുന്നു. ഗാന്ധിയുടെ പ്രതിമകൾ നീക്കംചെയ്യണമെന്നും അദ്ദേഹത്തിന്റെ ചിത്രം കറൻസിയിൽനിന്ന്‌ എടുത്തുകളയണമെന്നും രാജാവിനെക്കാൾ വലിയ രാജ്യഭക്തിയോടെ ഹിന്ദുത്വവാദികൾ ആക്രോശിക്കുന്നു. നാഥുറാം ഗോഡ്സെയുടെ തോക്കിൽനിന്നുതിർന്ന വെടിയുണ്ട ഇന്ത്യയുടെ ഹൃദയം തകർത്തിട്ട് വർഷമേറെ ആയെങ്കിലും ഗാന്ധിയെന്ന വികാരം ഇന്ത്യയിൽ ഇന്നും ജ്വലിക്കുന്നുണ്ടെന്ന ഭയപ്പാടൊന്നുമാത്രമാകണം സംഘപരിവാറുകാരുടെ ഇത്തരം ജൽപ്പനങ്ങൾക്കും ചെയ്‌തികൾക്കും പിറകിലെ പ്രചോദനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുമുമ്പുള്ള പത്രസമ്മേളനത്തിൽ ബിജെപിയുടെ ദേശീയ അധ്യക്ഷൻ പറഞ്ഞത് സ്വച്ഛഭാരതമെന്നത് ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു എന്നാണ്. അതുശരിയാണെങ്കിലും അതുമാത്രമായിരുന്നില്ലല്ലോ അദ്ദേഹം വിഭാവനം ചെയ്‌തത്‌. ഭാരതത്തിലെ ഗ്രാമീണരുടെ സമൂല മാറ്റമായിരുന്നല്ലോ അദ്ദേഹം വിഭാവനംചെയ്‌ത വികസനം. അതിനവർക്കാവശ്യം വേണ്ടിയിരുന്നത് അവസരസമത്വവും വിഭവങ്ങളുടെ ലഭ്യതയും അടിസ്ഥാന വിദ്യാഭ്യാസവും തൊഴിലുമൊക്കെയല്ലേ. സ്വച്ഛ് ഭാരതത്തിനുപകരം സാക്ഷര ഭാരതമായിരുന്നില്ലേ വേണ്ടിയിരുന്നത്. അതൊരുപക്ഷേ ഇത്തരം ഉപരിപ്ലവ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വിഘാതമായി ഭവിച്ചാലോ എന്ന ഭയമായിരിക്കാം അത്തരമൊരു സാഹസത്തിൽനിന്ന്‌ അവരെ പിന്തിരിപ്പിച്ചത്. വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിലുള്ള വോട്ടുപിടിത്തത്തിനും അതു തടസ്സമായേക്കാം. - സ്വച്ഛഭാരതം പോലുള്ള പൊള്ളയായ വികസനതന്ത്രങ്ങൾ കണ്ണിൽ പൊടിയിടാനെ ഉപകരിക്കൂ. അതിന്‌ ഗാന്ധിയെപ്പോലെയൊരു മഹാത്മാവിന്റെ ഒറ്റരേഖാചിത്രത്തെ കൂട്ടുപിടിക്കേണ്ടതില്ല. -സത്യാനന്തരകാലഘട്ടത്തിലെ സത്യത്തിന്റെ ആപേക്ഷികവൽക്കരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ബിജെപി അധ്യക്ഷന്റെ മേൽപ്പറഞ്ഞ പ്രസ്‌താവന.

ലോകമെമ്പാടും പറന്നുനടന്ന് തന്റെ വാഗ്‌ധോ രണികളിലൂടെ ലോകത്തിനുമുന്നിൽ വെളിപ്പെടുത്തിയ തുറസ്സായ ഇന്ത്യൻ സംസ്‌കാരമഹത്വം എന്തുകൊണ്ടാണ് മോഡിക്ക് സ്വന്തം രാജ്യത്ത് മുറുകെപ്പിടിക്കാൻ കഴിയാത്തത്.  സവർണർ തീയിട്ടുകൊന്ന ദളിത്‌ പൈതങ്ങളെ തെരുവിൽ ചത്തുവീഴുന്ന നായക്കുട്ടികളോട് തന്റെതന്നെ മന്ത്രിസഭയിലെ ഒരംഗം താരതമ്യം ചെയ്‌തപ്പോഴോ പശുവിറച്ചി കഴിച്ചുവെന്ന തെറ്റായ ആരോപണമുയർത്തി വയോധികനായ ഒരു മുസ്ലിം മതവിശ്വാസിയെ വർഗീയതിമിരം ബാധിച്ച ഒരുകൂട്ടർ കൊന്നപ്പോഴോ അമ്പലത്തിൽ പ്രവേശിച്ചുവെന്നാരോപിച്ച് പരമവ്യദ്ധനായ ഒരു ദളിതനെ അടിച്ചുകൊന്നപ്പോഴോ പശുക്കടത്ത് ആരോപിച്ച് ദരിദ്രരായ മുസ്ലിം-യുവാക്കളെ കൊന്നപ്പോഴോ മുസ്ലിമെന്ന ഒറ്റക്കാരണംകൊണ്ട് തീവണ്ടിയിൽ യാത്രചെയ്‌തിരുന്ന പതിനാറുകാരനെ കുത്തി കൊന്നപ്പോഴോ എന്തേ മോഡിക്ക് തന്റെ വിശാലമായ ഇന്ത്യൻ സംസ്‌കാരത്തിലൂന്നി ഒന്നു നീതിയുക്തമായി പ്രതികരിക്കാൻപോലും കഴിഞ്ഞില്ല. രായ്‌ക്കുരാമാനം ഗാന്ധിജിയുടെ സദ്ഗുണങ്ങൾ വാഴ്‌ത്തുന്ന മോഡിക്കെന്തേ ‘വസുധൈവക കുടുംബക’മെന്ന ഹിന്ദു ധാർമികതയുടെ ഔന്നിധ്യതലത്തിൽനിന്നുകൊണ്ട് തന്റെ പ്രജകളെ സമഭാവനയോടെ കണ്ട് പ്രതികരിക്കാൻ കഴിഞ്ഞില്ല.

ഗാന്ധി ഉയർത്തിപ്പിടിച്ച ആദർശങ്ങൾ
മോഡിയുടെ ഉലകംചുറ്റൽ അദ്ദേഹത്തിന് ഒരു വിശ്വപൗരന്റെ പ്രതിച്ഛായ നൽകിയിട്ടുണ്ടത്രേ. ഇന്നത്തെ ഇന്ത്യയുടെ മുഖം നരേന്ദ്ര മോഡിയുടേതാണെന്ന് വരുത്തിത്തീർക്കാൻ ഈ യാത്രകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും സംഘപരിവാർ കരുതുന്നുണ്ടാകാം. സത്യാനന്തര കാലഘട്ടത്തിൽ തന്റെ ജീവിതത്തിലുടനീളം സത്യത്തെ അന്വേഷിച്ചുനടന്ന ഗാന്ധിജിയെ നവ ഹിന്ദുത്വവാദികൾ തീവ്രമായ അപനിർമിതിക്ക്‌ വിധേയമാക്കുന്നുണ്ടെങ്കിലും ഗാന്ധിജിയും അദ്ദേഹമുയർത്തിപ്പിടിച്ച ആദർശങ്ങളും ഇന്നും ഇന്ത്യയുടെ ജീവാത്മത്തിന്റെ അവിഭാജ്യ ഘടകമാണെന്നതാണ് വാസ്‌തവം. എലിൻ തുടക്കത്തിൽ പ്രതിപാദിച്ച ആ കൂടിക്കാഴ്‌ചയ്‌ക്കിടയിൽ പറഞ്ഞതുപോലെ ലോകംകണ്ട ഏറ്റവും വലിയ വ്യക്തി പ്രതിഭാസങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. അഹിംസയിലൂടെ ഇന്ത്യൻ സംസ്‌കാരത്തെ ലോകസമക്ഷം പ്രഭാപൂരിതമാക്കിയ മഹാത്മാവ്. ഞാൻ ഗാന്ധിയുടെ നാട്ടുകാരനാണെന്ന് അഭിമാനിക്കാൻ ഒരിന്ത്യക്കാരന് എന്നും കഴിയും. അതുകൊണ്ടുതന്നെ അഹിംസയിലൂന്നി അദ്ദേഹം നിർമിച്ചെടുത്ത മതനിരപേക്ഷ സംസ്‌കാരവും സാംസ്‌കാരിക സഹിഷ്‌ണുതയും വർഗീയതയെയും മറ്റു കലുഷിത, വിഭജന വാദങ്ങളെയും അതിജീവിക്കാൻ ഇന്ത്യക്ക് ഉൾക്കരുത്തുനൽകുമെന്നുറപ്പിക്കാം. വരും നാളുകൾ അതിജീവനത്തിന്റെ തീക്ഷണ പോരാട്ടങ്ങളുടേതായിരിക്കും. ‘കട്ടാലും നിൽക്കാൻ പഠിച്ചാൽ മതി’യെന്ന ആപ്തവാക്യം പിന്തുടരുന്ന ഈ സത്യാനന്തരകാലഘട്ടത്തിലും സത്യവും നീതിയും അടിസ്ഥാനമാക്കി അദ്ദേഹം മുന്നോട്ടുവച്ച മതനിരപേക്ഷതയിലും തുല്യതയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ജീവിത സംസ്‌കാരത്തിലൂടെ മുന്നേറാൻ ഗാന്ധിജി ഇന്ത്യക്ക്‌ പ്രചോദനമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top