10 August Monday

പ്രസക്‌തമാകുന്ന സാർവത്രികാരോഗ്യം

ഡോ. വി ജി പ്രദീപ് കുമാർUpdated: Friday Apr 3, 2020

കഴിഞ്ഞ ദശാബ്ദത്തിൽ ലോകരാജ്യങ്ങളിൽ വിവിധ സാംക്രമികരോഗങ്ങൾ പൊട്ടിപ്പുറപ്പെടുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും  ചെയ്‌തു. ആഭ്യന്തരവും അന്താരാഷ്ട്രതലത്തിലുള്ളതുമായ യാത്രകൾ, ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയെ ഇവ വലിയതോതിൽ ബാധിക്കുകയും സാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കുകയും ചെയ്തതായി കാണാം. ആഗോളതലത്തിൽ സാർസ്, സിക , എച്ച്‌1 എൻ1, കോവിഡ്–--19 എന്നീ രോഗങ്ങളിൽ പലതിന്റെയും പ്രഭവവും വ്യാപനവും ആരംഭത്തിൽ വികസിതരാജ്യങ്ങളിൽ നിന്നായിരുന്നു. സാംക്രമികരോഗസാധ്യത കൂടുതൽ അവികസിത രാജ്യങ്ങളിലാണെന്ന പൊതുധാരണയ്ക്ക് തികച്ചും വിപരീതമാണീ പ്രവണത.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2017-ൽ  അറുപത്‌ ശതമാനം ജീവിതശൈലീരോഗങ്ങളും 28ശതമാനം സാംക്രമികരോഗങ്ങളും പോഷകാഹാരക്കുറവുമൂലമുള്ളവയാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് സാംക്രമികരോഗങ്ങളിലെ 27 ശതമാനവും ഉണ്ടാകുന്നത്. ശ്വാസകോശരോഗങ്ങളിൽ 30 ശതമാനവും ഇവിടെത്തന്നെയാണ് ഉത്ഭവിക്കുന്നത്.  പ്രധാന മരണകാരണം (26ശതമാനം) വയറിളക്കസംബന്ധമായ രോഗങ്ങളാണ്. അവികസിത-, വികസ്വര രാജ്യങ്ങളിലെ 25ശതമാനം മരണനിരക്കിനും പ്രധാന കാരണങ്ങൾ ടിബി, മലേറിയ, എയ്ഡ്സ്, ഗർഭകാല–-പ്രസവസംബന്ധമായ രോഗങ്ങൾ എന്നിവയാണ്‌. ഈ വസ്തുതകൾ പ്രധാനപ്പെട്ട രണ്ട്‌ ചോദ്യമാണുയർത്തുന്നത്. സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നയങ്ങളും വാക്സിനുകളും ഉള്ളപ്പോഴും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വാക്സിൻമൂലം പ്രതിരോധിക്കാവുന്ന രോഗങ്ങൾപോലും തടയാൻ കഴിയുന്നില്ല. ഇന്ത്യയിൽ ഈയടുത്തകാലത്ത് കാണപ്പെട്ട അഞ്ചാംപനി, ഡിഫ്തീരിയ എന്നീ രോഗങ്ങളുടെ വർധന എടുത്തുപറയേണ്ടതാണ്. ആരോഗ്യസാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൽപ്പോലും  ഡിഫ്തീരിയ, വില്ലൻചുമ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടത്‌ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ബജറ്റ് വിഹിതങ്ങളിലൂടെ സാംക്രമികരോഗങ്ങളുടെ പുനരാഗമനം തടയുന്നതിനുവേണ്ടി ക്രിയാത്മക നടപടികളുടെ അഭാവം മറ്റൊരു കാരണമാണ്‌.

അന്താരാഷ്ട്ര സാമ്പത്തിക സഹായ ഏജൻസികളുടെ മുൻഗണനാപട്ടികയിൽ സാംക്രമികരോഗങ്ങൾ പിറകിലായിപ്പോകുന്നതും വലിയതോതിൽ ഇവ തടയുന്നത് ദുഷ്കരമാക്കിത്തീർക്കുന്നു. സാംക്രമികരോഗങ്ങൾ ലോകജനതയുടെ ആരോഗ്യനിർണയത്തിൽ വഹിക്കുന്ന പങ്കിന്‌ ഊന്നൽ നൽകാൻ വിവിധ സാമ്പത്തിക സഹായ ഏജൻസികൾ തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് കോവിഡ്–--19 ഭീഷണി.


 

- സാർവത്രികാരോഗ്യം ഈ ഘട്ടത്തിൽ പ്രസക്തമാകുന്നു. എല്ലാ പൗരന്മാർക്കും അവരുടെ സാമ്പത്തിക വരുമാനം കണക്കാക്കാതെ ആരോഗ്യസേവനം ഉറപ്പാക്കുന്നതാണ് സാർവത്രികാരോഗ്യം. രാജ്യത്തെ 90ശതമാനം പൗരന്മാർക്ക് അവർ നൽകുന്ന ആരോഗ്യനികുതിയിലൂടെ ചികിത്സ, രോഗപ്രതിരോധം എന്നിവ ഉറപ്പാക്കാൻ കഴിയും. എന്നാൽ, നികുതി അടയ്ക്കാൻ കഴിയാത്തവരെയും ഇതിലുൾപ്പെടുത്തുന്നതാണ് സാർവത്രികാരോഗ്യപരിപാലന നയം. ഗുണനിലവാര ചികിത്സ നൽകുന്നതിനുപുറമെ ചികിത്സമൂലം പൗരന്മാർ സാമ്പത്തികഭദ്രതയില്ലായ്മയിലേക്ക്‌ പോകുന്നില്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. സാർവത്രികാരോഗ്യം ലോകാരോഗ്യസംഘടന ഉറപ്പുവരുത്തുന്നു. ജീവിതശൈലീ രോഗപ്രതിരോധത്തിന്‌ വികസിതലോകം ചെലവാക്കുന്ന തുക ഭീമമാണ്. നിയന്ത്രണത്തിനും പ്രതിരോധത്തിനും ഉപരി ചികിത്സാ കേന്ദ്രീകൃതമായ നയങ്ങളാണ് അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നതെങ്കിൽ പാശ്ചാത്യയൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക്, നോർവെ എന്നിവ പ്രതിരോധത്തിന് ചികിത്സയ്ക്കൊപ്പമോ അതിലധികമോ പ്രാമുഖ്യമാണ് നൽകുന്നത്.

ജീവിതരീതിയിലുള്ള മാറ്റങ്ങൾ
ലോകത്താകമാനം ജീവിതരീതിയിലുള്ള മാറ്റങ്ങൾ ജീവിതശൈലീരോഗങ്ങൾ മാത്രമല്ല, സാംക്രമികരോഗങ്ങളുടെ പുനരാഗമനത്തിനും പ്രത്യേകിച്ച് പുതിയ ഇനം രോഗാണുക്കളുടെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്. ത്വരിത നഗരവൽക്കരണം, പുത്തൻ ജീവിതരീതികൾ, വന നശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ പുത്തൻ രോഗാണുക്കളുടെ ആവിർഭാവത്തിനും വ്യാപനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിലെ 62ശതമാനം മരണകാരണവും ജീവിതശൈലീരോഗങ്ങൾ മൂലമാണെങ്കിൽ 27.5ശതമാനം സാംക്രമികരോഗങ്ങൾമൂലമാണ്. 1990-ൽ കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ജീവിതശൈലീരോഗങ്ങൾ സാംക്രമികരോഗങ്ങളെക്കാൾ മുൻപന്തിയിലുണ്ടായിരുന്നതെങ്കിൽ 2008-ഓടെ ഈ പരിവർത്തനം എല്ലാ സംസ്ഥാനങ്ങളിലും പൂർത്തിയായതായി ലാൻസറ്റ് ഗ്ലോബൽ വെർഡൻ ആൻഡ്‌ ഡിസീസ് പഠനം (2016) വെളിപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യവികസനം, ശുദ്ധമായ കുടിവെള്ളം, വ്യക്തിശുചിത്വം, സാക്ഷരത, രോഗപ്രതിരോധ കുത്തിവയ്പ് എന്നിവയിലൂന്നിയ പ്രവർത്തനങ്ങളാണ് ഇന്ത്യയിലെ ഈ പരിവർത്തനത്തിന്‌ സഹായിച്ചത്. അതിനാൽ കോവിഡ്–-19 പോലുള്ള  പകർച്ചവ്യാധികളെ നേരിടുന്നതിന് തികച്ചും സമഗ്രവും പ്രായോഗികവുമായ കർമപദ്ധതികൾ മുന്നോട്ടുവയ്ക്കാൻ കഴിയേണ്ടതുണ്ട്. നിരക്ഷരതാനിർമാർജനം, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, പാർപ്പിടം, സമീകൃതാഹാരം, കുടിവെള്ളം എന്നിവ ഉറപ്പാക്കുകയാണ് സർക്കാരിന്‌ ചെയ്യാൻ കഴിയുന്നത്. ഇതിനായി ദേശീയ ബജറ്റിൽ ആരോഗ്യരംഗത്തിന് ചുരുങ്ങിയത്ഏഴ്‌ ശതമാനം തുകയെങ്കിലും വകയിരുത്തേണ്ടതുണ്ട്. ആയുധങ്ങളുടെ നിർമാണം, മിസൈലുകളുടെയും വെടിക്കോപ്പുകളുടെയും വാങ്ങൽ എന്നിവയ്ക്കുള്ള തുക വെട്ടിക്കുറച്ചുകൊണ്ട് ആരോഗ്യരംഗത്തേക്ക്‌ കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. പ്രാഥമിക- ദ്വിതല–--ത്രിതല ചികിത്സാ ശ്രേണികൾ വഴി പൊതുജനാരോഗ്യരംഗത്തെ ശക്തിപ്പെടുത്തണം. മെഡിക്കൽ കോളേജുകളുടെ എണ്ണം കൂട്ടിക്കൊണ്ടുമാത്രം ഇത്‌ കഴിയില്ല. പ്രാഥമിക -ദ്വിതല ആശുപത്രികൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് ഊന്നൽ നൽകണം. സ്വകാര്യമേഖലയിലെ പ്രത്യേകിച്ചും ഗ്രാമീണമേഖലയിലെ ചെറുകിട -ഇടത്തരം ആശുപത്രികളുടെ ശാക്തീകരണവും ഇതിന്‌ സമാന്തരമായി നടക്കേണ്ടതുണ്ട്.


 

സാംക്രമികരോഗങ്ങളുടെ പ്രഭവമുന്നറിയിപ്പുകൾ നൽകാൻ കഴിയണം
സാംക്രമികരോഗങ്ങളുടെ പ്രഭവവും വ്യാപനവും നിർണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുംവേണ്ടി എല്ലാ സംസ്ഥാനങ്ങളിലും എപ്പിഡെമിയോളജി സെന്ററുകൾ സ്ഥാപിക്കുകയും അവയെ നോഡൽ ഗവേഷണകേന്ദ്രങ്ങളായി ഉയർത്തുകയും വേണം. ജന്തുജന്യരോഗങ്ങൾ മനുഷ്യരിലേക്ക്‌ വ്യാപരിക്കുന്നതും കൂടുതലായി കാണുന്നു. നിപാ ഇതിനുദാഹരണമാണ്. ഇവയെക്കൂടി പഠിക്കുന്നതിന് "ഏകാരോഗ്യം’ കാഴ്ചപ്പാടോടുകൂടി വെറ്ററിനറി ശാസ്ത്രജ്ഞന്മാരെക്കൂടി ഉൾപ്പെടുത്തിവേണം പഠനം. കാലാവസ്ഥാ വ്യതിയാനം, ജനസഞ്ചാരം (വിനോദസഞ്ചാരമുൾപ്പെടെ) എന്നിവയ്ക്കനുസരിച്ച് ശക്തമായ നിരീക്ഷണമാവശ്യമാണ്. കാലാവസ്ഥാപ്രവചനങ്ങൾപോലെ സാംക്രമികരോഗങ്ങളുടെ പ്രഭവമുന്നറിയിപ്പുകൾ നൽകാൻ കഴിയണം.

രോഗാതുരതയും മരണനിരക്കും ജീവിതശൈലീരോഗങ്ങളിലാണ് കൂടുതൽ എന്ന കാഴ്ചപ്പാടും, ഇവ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവുമാണ് കഴിഞ്ഞ ദശാബ്ദത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. എന്നാൽ, സാംക്രമികരോഗങ്ങൾ ഇവയെക്കാൾ ഗുരുതരമായ രീതിയിൽ ബാധിക്കുമെന്നത് കോവിഡ്–-19 ഊന്നിപ്പറയുന്നു. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ മാത്രമല്ല മിക്കവാറും എല്ലാ വൻകരയിലെയും വികസിത, വികസ്വര രാജ്യങ്ങൾ കോവിഡിന്റെ മുന്നിൽ പകച്ചുനിൽക്കുന്നു. സമ്പദ്ഘടനയിലെ തകർച്ചകൾ മാത്രമല്ല, ലോകമാനവരാശിയുടെ ആത്മവിശ്വാസത്തെയും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വിഴികളെയുമാണ് കോവിഡ്-–-19 കൊട്ടിയടച്ചത്.

സാർവത്രികാരോഗ്യത്തിനുവേണ്ടിയുള്ള പരിപാടികൾക്ക് രാജ്യങ്ങളുടെയും വൻകരകളുടെയും അതിർത്തികൾക്കപ്പുറം കടന്നുള്ള കാഴ്ചപ്പാടോടെ നടപ്പാക്കുന്നതിന് ലോകരാജ്യങ്ങളുടെ കണ്ണ്‌ തുറപ്പിക്കുന്നതിന് കോവിഡ്–-19ന്‌ കഴിഞ്ഞുവെന്നതാണ് ഒരു പ്രധാന നിരീക്ഷണം. അതുകൊണ്ടുതന്നെയാണ് സാർവത്രികാരോഗ്യം ജന്മാവകാശമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപന(1978)ത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് കോവിഡ്–--19 ഒരു പാഠഭേദമാകുന്നതും.

(പ്രൊഫഷണൽ നെറ്റ്‌വർക്ക്‌ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top