23 January Thursday

മുത്തലാഖ്‌ ബില്ലിലെ ‘ചതിക്കുഴികൾ’

കോടിയേരി ബാലകൃഷ്ണൻUpdated: Friday Aug 2, 2019


മൂന്നുതവണ ലോക്‌സഭ പാസാക്കിയിട്ടും രാജ്യസഭയുടെ കടമ്പയിൽ തട്ടിവീണ മുത്തലാഖ്‌ ബിൽ അവസാനം പാസാക്കിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും പ്രകടിപ്പിച്ചത്‌ അമിത ആഹ്ലാദം. ലിംഗനീതി സംരക്ഷിച്ചു, മധ്യകാല ദുരാചാരം ചവറ്റുകൊട്ടയിൽ തള്ളി, മുസ്ലിംവനിതകളോട്‌ നീതിചെയ്‌തു തുടങ്ങിയ അവകാശവാദങ്ങളാണ്‌ മോഡി ഉയർത്തിയത്‌. പൊള്ളയായ ഈ അവകാശവാദങ്ങൾക്കു മറവിൽ ഒരു സമുദായത്തെ വേട്ടയാടാനുള്ള കത്തിക്ക്‌ മൂർച്ച കൂട്ടിയിരിക്കുകയാണ്‌ മോഡിയും കൂട്ടരും. ഭരണപക്ഷത്തിന്‌ ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭ മുത്തലാഖ്‌ ബിൽ പാസാക്കിയെന്നത്‌ പ്രതിപക്ഷ ദൗർബല്യവും ആർഎസ്‌എസ്‌ നയിക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങളുടെ വിജയവുമാണ്‌.

ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ചാഞ്ചാട്ടസ്വഭാവവും ആർജവമില്ലായ്‌മയും വലിയതോതിൽ പ്രകടമായി. ബിൽ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന സിപിഐ എം രാജ്യസഭാ ഉപനേതാവ്‌ എളമരം കരീമിന്റെ പ്രമേയവും ബില്ലിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും വോട്ടിനിട്ട്‌ തള്ളി. ബിൽ പാസായത്‌ 84നെതിരെ 99 വോട്ടിനാണ്‌. ഒരുമിച്ചു മൂന്നുതവണ തലാഖ്‌ ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ  കുറ്റമാക്കുകയും കുറ്റം തെളിഞ്ഞാൽ മൂന്നുവർഷംവരെ തടവും പിഴയും നൽകുന്നതാണ്‌ ബിൽ. ഭാര്യക്കോ ഭാര്യയുടെ ബന്ധുക്കൾക്കോ പരാതിപ്പെടാം. കുറ്റാരോപിതനെ വാറന്റില്ലാതെ അറസ്റ്റ്‌ ചെയ്യാം. ഭാര്യക്ക്‌ പറയാനുള്ളത്‌ കേട്ടശേഷംമാത്രം മജിസ്‌ട്രേട്ടിന്‌ ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ്‌ ബില്ലിലെ വ്യവസ്ഥ.

ക്രിമിനൽ കുറ്റമാക്കുന്നു
ലിംഗനീതിയുടെയും സ്‌ത്രീ‐പുരുഷ സമത്വത്തിന്റെയും തത്വമാണ്‌ മുത്തലാഖ്‌ ബില്ലിന് പ്രേരണയെങ്കിൽ മുസ്ലിം സമുദായത്തിന്റെ വിവാഹമോചനംമാത്രം എന്തുകൊണ്ട്‌ സിവിൽവ്യവഹാരത്തിനപ്പുറം ക്രിമിനൽ കുറ്റമാക്കുന്നു? ഹിന്ദു, ക്രിസ്‌ത്യൻ, സിഖ്‌ തുടങ്ങിയ എല്ലാ ജാതി‐മത വിഭാഗങ്ങളിലും വിവാഹമോചനമുണ്ട്‌. അതെല്ലാം സിവിൽ വ്യവഹാരമായിരിക്കെ, ഒരു സമുദായത്തിലെ വിവാഹമോചനംമാത്രം ക്രിമിനൽ കുറ്റമാക്കുന്നു. ഇത്‌ ഒരു സമുദായത്തെ വേട്ടയാടാനാണ്‌.

പീഡിത സ്‌ത്രീത്വത്തോട്‌ അനുകമ്പയുണ്ടെങ്കിൽ, ഹിന്ദുസമുദായത്തിലെ അനാചാരങ്ങളാൽ പീഡിതരാകുന്ന സ്‌ത്രീകളെ രക്ഷിക്കാൻ എന്തുകൊണ്ട്‌ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നില്ല? ശൈശവവിവാഹം, വിധവാ വിവാഹവിലക്ക്‌ എന്നിവ നിർത്തലാക്കാൻ എന്തുകൊണ്ട്‌ നടപടിയെടുക്കുന്നില്ല? രൂപ്‌ കൻവാർ സതി അനുഷ്‌ഠിച്ചപ്പോൾ ‘സ്‌ത്രീ ക്ഷേത്രം’ പടുത്തുയർത്തിയവരാണ്‌ സംഘപരിവാർ. ഭർത്താവ്‌ മരിച്ചാൽ വിധവ തീയിൽ ചാടി മരിക്കണമെന്ന അനാചാരത്തെ മുറുകെപ്പിടിക്കുന്നവർ മുസ്ലിംസ്‌ത്രീകളുടെ സുരക്ഷിതത്വത്തിൽ വാചാലരാകുന്നത്‌ തനി തട്ടിപ്പാണ്‌. മോഡി മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്തിൽ നടന്ന വംശഹത്യയിൽ കൊല ചെയ്യപ്പെട്ടവരുടെ  ഭാര്യമാരും അമ്മമാരും ഇപ്പോഴും നീതിതേടി അലയുകയാണല്ലോ. അവർക്ക്‌ നീതി കൊടുക്കാൻ എന്തേ മനസ്സ്‌ വരാത്തത്‌? അത്‌ ചെയ്‌തശേഷം മുസ്ലിംസ്‌ത്രീകളോട്‌ ചരിത്രപരമായ തെറ്റ്‌ തിരുത്തിയെന്ന്‌ അവകാശപ്പെടുന്നതല്ലേ പ്രധാനമന്ത്രീ, ഉത്തമം.

മോഡി ഭരണത്തിന്റെ രണ്ടാംഘട്ടമായപ്പോൾ ഗോരക്ഷയുടെ പേരിൽ ആൾക്കൂട്ടക്കൊലപാതകം വർധിച്ചിരിക്കുകയാണ്‌. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽവേണം മുത്തലാഖ്‌ ബിൽ നടപ്പാക്കുമ്പോൾ എന്തെല്ലാം ഉണ്ടാകും എന്നു കരുതേണ്ടത്‌. മുത്തലാഖ്‌ ജാമ്യമില്ലാത്ത, വാറന്റ്‌ ആവശ്യമില്ലാത്ത ക്രിമിനൽ കുറ്റമാക്കിയിരിക്കുകയാണ്‌. വ്യാജകേസ്‌ ഉണ്ടാക്കി മുസ്ലിംപൗരന്മാരെ പൊലീസിനെ ഉപയോഗിച്ച്‌ ജയിലിലടയ്‌ക്കാം. അങ്ങനെ ഭരണകൂട വംശീയ ഭീകരത ശക്തിപ്പെടും. മുസ്ലിം ചെറുപ്പക്കാർമുതൽ വൃദ്ധന്മാർവരെ സമുദായവിദ്വേഷം കാരണം ഇപ്രകാരം തടവിലാക്കപ്പെടാം.

സിപിഐ എമ്മിന്‌ വ്യക്തമായ നയമുണ്ട്‌
ഈ വിഷയത്തിൽ സിപിഐ എമ്മിന്‌ വ്യക്തമായ നയമുണ്ട്‌. (ഒന്ന്‌) ഒറ്റയടിക്ക്‌ മൂന്നുപ്രാവശ്യം തലാഖ്‌ ചൊല്ലുന്ന മുസ്ലിം സമുദായത്തിലെ അനാചാരത്തോട്‌ അശേഷം യോജിപ്പില്ല. ഈ അനാചാരം മുസ്ലിംസ്‌ത്രീകളെ കണ്ണീർ കുടിപ്പിക്കുന്ന പാതകമാണ്‌. ഇത്‌ എത്രയും വേഗം പര്യവസാനിപ്പിക്കണം.

(രണ്ട്‌) മുത്തലാഖ്‌ അനാചാരം അവസാനിപ്പിക്കുന്നതിന്‌ ഭരണനടപടികൾക്കു പുറമെ, ആ സമുദായത്തിലെ നവോത്ഥാനവാദികൾമാത്രമല്ല, എല്ലാ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണം.ഇക്കാര്യത്തിൽ ആദ്യമായി മുന്നിട്ടിറങ്ങിയതിൽ സിപിഐ എമ്മിന്‌ സവിശേഷമായ പങ്കുണ്ട്‌. 1980കളുടെ രണ്ടാംപകുതിയിൽ സിപിഐ എം നേതാക്കൾക്കുനേരെ പൊതുവിലും ഇ എം എസിനെതിരെ പ്രത്യേകിച്ചും നടത്തിയ അപവാദങ്ങളും മുദ്രാവാക്യങ്ങളും മറക്കാനാകില്ല. ‘അഞ്ചും കെട്ടും പത്തും കെട്ടും ഇ എം എസിന്റെ ഭാര്യയെയും കെട്ടും’ എന്ന മുദ്രാവാക്യം വിളിച്ച്‌ ഒരുവിഭാഗം നടത്തിയ പ്രകടനത്തിന്റെ അന്തസ്സില്ലായ്‌മ ഇന്നും ശേഷിക്കുന്നു. മുത്തലാഖിന്റെ മനുഷ്യത്വരാഹിത്യത്തിലും സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെയും സിപിഐ എം നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ ദേശവ്യാപകമായിത്തന്നെ മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തെ ശരിയായ പാതയിലെത്തിക്കാൻ സഹായിച്ചു. മുത്തലാഖിന്റെ കാര്യത്തിൽ അന്ന്‌ സ്വീകരിച്ച നിലപാടുതന്നെയാണ്‌ സിപിഐ എം ഇന്നും തുടരുന്നത്‌.

(മൂന്ന്‌) ഇപ്പോഴത്തെ മുത്തലാഖ്‌ ബില്ലിന്‌ മറയായി കേന്ദ്രസർക്കാർ സ്വീകരിച്ചത്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയെയാണ്‌. മൂന്ന്‌ തലാഖ്‌ ചൊല്ലിയുള്ള പുരുഷന്റെ വിവാഹമോചന ഏർപ്പാട്‌ മുസ്ലിം സ്‌ത്രീകളെ അപരിഷ്‌കൃതവസ്‌തുവായി കാണുന്നതാണെന്നും അത്‌ നിയമവിരുദ്ധമാണെന്നുമുള്ള സുപ്രീംകോടതിവിധിയെ സിപിഐ എം സ്വാഗതം ചെയ്യുന്നു. ഈ വിധിയോടെ മുത്തലാഖ്‌ നിയമവിരുദ്ധമായിക്കഴിഞ്ഞിരുന്നു. എന്നാൽ, അതിനെ പിന്തുടർന്ന്‌ അസാധാരണ വ്യവസ്ഥയോടെ പാർലമെന്റ്‌ നിയമം നിർമിക്കുമ്പോൾ അതിനുമുമ്പായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കുക, പൊതുജനങ്ങളിൽനിന്നുള്ള നിർദേശം പരിഗണിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമായിരുന്നു. അതിന്‌ മോഡി സർക്കാർ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ്‌ സ്‌ത്രീസംരക്ഷണത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ഈ ബിൽ പാർലമെന്റിന്റെ സെലക്ട്‌ കമ്മിറ്റി പരിശോധിക്കണമെന്ന നിർദേശം ഇടതുപക്ഷം മുന്നോട്ടുവച്ചത്‌.

(നാല്‌) നിയമവിരുദ്ധ വിവാഹമോചനം ഏത്‌ ഘട്ടത്തിലായാലും അതിന്‌ നിയമപരമായ പരിഹാരമുണ്ടാക്കുകയാണ്‌ വേണ്ടത്‌. അതിനൊപ്പം, ജനകീയ ഇടപെടലും അവബോധവും ആവശ്യമാണ്‌. വിവാഹബന്ധം വേർപെടുത്തുക എന്നത്‌ മുസ്ലിംപുരുഷനെ ജയിലിൽ അടയ്‌ക്കുന്ന ക്രിമിനൽ കുറ്റമായി ഇന്ത്യൻ ശിക്ഷാനിയമത്തിൽ രേഖപ്പെടുത്തുന്നതോടെ മുസ്ലിംസ്‌ത്രീയുടെ വിവാഹാവകാശം സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പാക്കാനാകില്ല. വിവാഹവും വിവാഹമോചനവും ഹിന്ദു ഉൾപ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ തീർത്തും വ്യക്തിനിഷ്‌ഠവും സിവിൽസ്വഭാവം ഉള്ളതുമാണ്‌. എന്നിട്ടും സിവിൽസ്വഭാവമുള്ള ഒരു കാര്യത്തിൽ മുസ്ലിംസമുദായത്തിലെ ഒരാളെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടയ്‌ക്കുന്നത്‌ ഭരണക്രമത്തിലെ ഇരട്ടത്താപ്പാകും. മുസ്ലിംസ്‌ത്രീകളുടെ സംരക്ഷണമെന്ന പേരിൽ മോഡിയും കൂട്ടരും നടത്തുന്നത്‌ മുതലക്കണ്ണീരാണെന്ന കാര്യം എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള കടമ എല്ലാവർക്കുമുണ്ട്‌.


പ്രധാന വാർത്തകൾ
 Top