20 April Saturday

'ചേര്‍ത്തുപിടിക്കൂ നീ വാതില്‍'

ഗോപാലകൃഷ്ണന്‍Updated: Tuesday Jan 2, 2018

സഫ്ദര്‍ ഹാഷ്മി എന്ന നാടകപ്രവര്‍ത്തകന്റെ മരണത്തെക്കുറിച്ച് പ്രഭാവര്‍മ എഴുതിയ കവിതയുടെ ആദ്യവരികളാണ് ഈ ശീര്‍ഷകം. നാടകത്തെ പ്രചാരണ ആയുധമാക്കിയ കലാകാരനാണ് സഫ്ദര്‍ ഹാഷ്മി. ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് ഉള്‍ക്കരുത്ത് പകരുന്നതില്‍ കലാകാരന്മാരും സാഹിത്യകാരന്മാരും വഹിച്ച പങ്ക് അദ്വിതീയമാണ്. 1970കള്‍ക്കുശേഷം കലാസാഹിത്യരംഗത്തുള്ളവര്‍ പകച്ചുനിന്നപ്പോള്‍ ആ രംഗത്തേക്ക് തന്റേടത്തോടെ സഫ്ദര്‍ ഹാഷ്മി കടന്നുവന്നു. ഡല്‍ഹിയിലെ സക്കീര്‍ ഹുസൈന്‍ കോളേജില്‍ ഇംഗ്ളീഷ് അധ്യാപകനായിരിക്കുമ്പോഴാണ് തന്റെ വഴി നാടകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. 1975ല്‍തന്നെ ജനനാട്യമഞ്ച് എന്ന നാടകസംഘത്തിന് അടിത്തറ പാകി. പ്രഭാഷകന്‍, കവി, ഗായകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തെ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന ആദ്യ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഡല്‍ഹിയില്‍ നിയമിച്ചു. നാടകത്തിന്റെ ചൊരുക്ക് അവിടെയും അടങ്ങിയിരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ആ ജോലി ഉപേക്ഷിച്ചാണ് സഫ്ദര്‍ മുഴുവന്‍സമയ നാടകപ്രവര്‍ത്തകനാകുന്നത്. കൂട്ടിന് ഭാര്യ മോളോയ് ശ്രീ ഹാഷ്മിയും സമാനമനസ്കരായ ചില സുഹൃത്തുക്കളും. 

കാക്കാരശ്ശിനാടകത്തോട് സമാനമായ ചില കലാരൂപങ്ങള്‍ വടക്കെ ഇന്ത്യയില്‍ 'നട്ട്' എന്നറിയപ്പെടുന്ന നാടോടി കലാകാരന്മാര്‍ തെരുവില്‍ അവതരിപ്പിക്കാറുണ്ട്. ഇതല്ലാതെ മറ്റൊരു മോഡലും സഫ്ദറിന്റെ മുമ്പില്‍ ഇല്ലായിരുന്നു. റഷ്യന്‍ വിപ്ളവത്തിന്റെ കാലത്ത് റഷ്യയില്‍ തെരുവുനാടകങ്ങള്‍ അരങ്ങേറിയ കേട്ടറിവും ജനനാട്യമഞ്ചിന് പ്രചോദനമായി.

കൂട്ടായ ചര്‍ച്ചകളിലൂടെ രൂപപ്പെടുന്നതാണ് ജനനാട്യമഞ്ചിന്റെ തെരുവുനാടകങ്ങള്‍. അതില്‍ ഉപയോഗിക്കുന്ന ഭാഷയുടെ ശൈലി സാധാരണക്കാരന്റേത്. ജനനാട്യമഞ്ചിന്റെ ആദ്യകാല നാടകങ്ങളില്‍ ഇന്നും അവതരിപ്പിക്കുന്ന രണ്ട് ശ്രദ്ധേയ നാടകങ്ങളാണ് 'മെഷീന്‍', 'ഔരത്' എന്നിവ. യന്ത്രവല്‍ക്കരണം മനുഷ്യനെ യന്ത്രത്തിനടിമയാക്കുന്ന പ്രമേയമാണ് മെഷീന്‍ എന്ന നാടകത്തില്‍. വ്യവസായയുഗത്തില്‍ സ്ത്രീ നേരിടുന്ന അവഗണനയാണ് 'ഔരത്' എന്ന നാടകത്തിന്റെ പ്രമേയം. മാര്‍ക്സിന്റെ ചിന്തകള്‍ നാടകത്തില്‍ പ്രയോഗിക്കാന്‍ സഫ്ദറിനുള്ള കഴിവുതന്നെയാണ് ഈ രണ്ടു നാടകങ്ങള്‍ക്ക് ഇന്നും സ്വീകാര്യത ഉണ്ടാകാന്‍ കാരണം. കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ ജനനാട്യമഞ്ച് നാടകത്തിന് പ്രമേയമാക്കാറുണ്ട്. ആണവ കരാര്‍, ലോക നാണയനിധി (ഐഎംഎഫ്), വ്യാപാരക്കരാര്‍ എന്നിവയും നാടകത്തിന് വിഷയമാണ്. അതില്‍ എടുത്തുപറയേണ്ടതാണ് 'നഹിം കബൂല്‍' (സമ്മതമല്ല) എന്ന നാടകം. ഉദാരവല്‍ക്കരണമാണ് ആ നാടകത്തിന്റെ പ്രമേയം.
1970കളിലും '80കളിലും ഡല്‍ഹിയിലെ ബോട്ട് ക്ളബ് മൈതാനത്ത് നടക്കാറുണ്ടായിരുന്ന കിസാന്‍, ട്രേഡ് യൂണിയന്‍ റാലികളില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഘടകമായിരുന്നു ജനനാട്യമഞ്ചിന്റെ തെരുവുനാടകം. നാടകകൃത്തും നടനും ഗാനരചയിതാവും ഒക്കെയായി ഡല്‍ഹിയിലെ സാംസ്കാരികരംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോഴാണ് സഫ്ദറിന്റെ രക്തസാക്ഷിത്വം.

കേരള ശാസ്ത്രസാഹിത്യപരിഷത് തുടര്‍ച്ചയായി രണ്ടുവര്‍ഷം തങ്ങളുടെ കലാജാഥയുമായി വടക്കെ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍, അവരോടൊപ്പം ചില കോളനികളില്‍ ജനനാട്യമഞ്ചും നാടകങ്ങള്‍ അവതരിപ്പിച്ചു. മാത്രമല്ല, കെഎസ്എസ്പിയുടെ ചില നാടകങ്ങള്‍ സാധാരണക്കാരന്‍ സംസാരിക്കുന്ന ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി. കെഎസ്എസ്പിയുടെ 'ഒരു ചോദ്യം' എന്ന മലയാളനാടകം 'ഏക് സവാല്‍' എന്ന പേരില്‍ ഡല്‍ഹിയിലെ മലയാളികളുടെ പുരോഗമന സാംസ്കാരിക സംഘടനയായ ജനസംസ്കൃതിക്കുവേണ്ടി ഭാഷാന്തരം ചെയ്തതും അതിന്റെ പാട്ടും സംവിധാനവും നിര്‍വഹിച്ചതും സഫ്ദറാണ്.

ജനനാട്യമഞ്ച്, ജനസംസ്കൃതി, പാര്‍ച്ചം എന്നീ സംഘടനകള്‍ ഒന്നിച്ച് മുന്‍ഷി പ്രേംചന്ദ് ജന്മശതാബ്ദിക്കുവേണ്ടി തയ്യാറാക്കിയ സ്റ്റേജ് നാടകമാണ് പിന്നീട് പ്രസിദ്ധമായ 'മോട്ടേരാം കാ സത്യഗ്രഹ്'. ഇത് സഫ്ദറുടെ അവസാന സ്റ്റേജ് നാടകവുമാണ്. മുന്‍ഷിയുടെ 'സത്യഗ്രഹ്' എന്ന ചെറുകഥയാണ് നാടകത്തിന് പ്രചോദനം. മതനേതാക്കളെ ഭരണാധികാരികള്‍ തങ്ങളുടെ താല്‍പ്പര്യത്തിന് ഉപയോഗിക്കുന്നതാണ് പ്രമേയം. ഈ കഥയുമായി ഹബീബ് തന്‍വീറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം അതിനെ നാടകമാക്കാന്‍വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഒരാഴ്ചകൊണ്ട് നാടകം തയ്യാറാക്കി ആദ്യവായന നടത്തി. അതില്‍ അഭിനയിക്കാന്‍ പ്രസിദ്ധയായ മുന്‍കാല നടി സോഹ്റാ സൈഗാളിനെ കൊണ്ടുവന്നതും സഫ്ദറിന്റെ താല്‍പ്പര്യപ്രകാരമാണ്. ഹബീബ് തന്‍വീറിന്റെ നാടകസംഘത്തിലെ ആദിവാസിനടന്മാര്‍ ഓരോ രംഗത്തിനുംമുമ്പ് ഗായകസംഘമായി എത്തി വരാന്‍ പോകുന്ന രംഗം പാടി അവതരിപ്പിക്കുന്നതും ഡല്‍ഹിക്കാര്‍ക്ക് പുതുമയായി. സംസ്കൃതനാടകത്തിലെ സൂത്രധാരന്റെ ധര്‍മം ഇവിടെ ഗായകസംഘമാണ് നിര്‍വഹിക്കുന്നത്. ഛത്തീസ്ഗഡിലെ ആദിവാസികളുടെ നാടകത്തില്‍ ഗായകസംഘം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഘടകവുമാണ്.

അപ്പോഴും തെരുവുനാടകത്തിനോടുള്ള തന്റെ ആഭിമുഖ്യം അദ്ദേഹത്തിന് അടക്കിനിര്‍ത്താനായില്ല. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും എവിടൊക്കെ തൊഴില്‍പ്രശ്നമുണ്ടോ അവിടൊക്കെ ജനനാട്യമഞ്ച് തെരുവുനാടകവുമായി എത്തും. തൊഴില്‍പ്രശ്നങ്ങളെ ലളിതമായി നാടകത്തിലൂടെ അവതരിപ്പിക്കാന്‍ ആ നാടകസംഘത്തിന് കഴിഞ്ഞു. തൊഴിലാളികളുടെ കോളനികള്‍, ചേരിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജനനാട്യമഞ്ച് പതിവായി തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചു. ജനനാട്യമഞ്ചില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉത്തരാഖണ്ഡ്, യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനനാട്യമഞ്ച് എന്ന പേരില്‍ ഇപ്പോള്‍ തെരുവുനാടകസംഘങ്ങളുണ്ട്. സഫ്ദറിന്റെ സ്റ്റേജ് നാടകങ്ങളില്‍ ഒരു സംഘാടകനായും ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചപ്പോള്‍ എനിക്കു കിട്ടിയ അനുഭവം ജീവിതത്തില്‍ വലിയൊരു മുതല്‍ക്കൂട്ടാണ്. പലപ്പോഴും റിഹേഴ്സലിന് താമസിച്ചെത്തുന്നവരെ ഹബീബ് തന്‍വീര്‍ ശാസിക്കുമെങ്കിലും സഫ്ദര്‍ അവരെ തന്മയത്വത്തോടെ ശാന്തരാക്കും. കാത്തിരിക്കുന്ന വേളകളില്‍ കല, സാഹിത്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അഭിനേതാക്കളുടെ വ്യക്തിത്വവികസനത്തിന് വളരെ സഹായിച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഫ്ദര്‍ പഴയ അധ്യാപകനായി തീരും.

രാഷ്ട്രീയപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ് സഫ്ദര്‍. അതാണ് അദ്ദേഹത്തിന്റെ ശക്തിയും. സഫ്ദറുടെ അച്ഛന്‍ ഒരു സ്വാതന്ത്യ്രസമരഭടന്‍, ഇടതുപക്ഷരാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ്. സഫ്ദറെക്കുറിച്ച് സഹോദരന്‍ സൊഹ്യല്‍ ഹാഷ്മി പറയുന്നത് ഇപ്രകാരമാണ്, "രാഷ്ട്രീയമായ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ ഞങ്ങള്‍ സഹോദരങ്ങളെ പാര്‍ടിയില്‍ പിടിച്ചുനിര്‍ത്തുന്നത് സഫ്ദറായിരുന്നു''. സഫ്ദര്‍ മരിച്ചശേഷം അവര്‍ പാര്‍ടിയില്‍നിന്ന് അകന്നുപോകുകയും ചെയ്തു.

1989 ജനുവരി ഒന്നിനാണ് ഡല്‍ഹിക്കടുത്തുള്ള ഝണ്ടാപുരില്‍ (യുപി അതിര്‍ത്തിയില്‍) വച്ച് ഗാസിയാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന് തെരുവുനാടകവുമായാണ് ജനനാട്യമഞ്ച് എത്തുന്നത്. അത് ഫാക്ടറിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ്. അവിടത്തെ സിഐടിയുവിന്റെ ഓഫീസിനുമുന്നിലായിരുന്നു നാടകം അവതരിപ്പിച്ചത്. നാടകം തുടങ്ങിയശേഷം, അതിലേ മുകേശ് ശര്‍മ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നയിച്ച ജാഥ എത്തി. ജാഥ അവരുടെ വഴിക്ക് കടന്നുപോകുമെന്ന് ജനനാട്യമഞ്ച് നടന്മാരും കാണാനെത്തിയ ജനങ്ങളും പ്രതീക്ഷിച്ചു.

എന്നാല്‍, നാടകം നിര്‍ത്തൂവെന്ന് ആക്രോശിച്ച് അവര്‍ അവിടെ കൂടിയവരെയൊക്കെ ഭീഷണിപ്പെടുത്തി. നാടകപ്രവര്‍ത്തകര്‍ അടുത്തുള്ള സിഐടിയു ഓഫീസില്‍ കയറി. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കൂട്ടരും കണ്ണില്‍ കണ്ടവരെയൊക്കെ കൊടി കെട്ടിയിരുന്ന വടികള്‍കൊണ്ട് തലങ്ങും വിലങ്ങും അടിച്ചോടിച്ചു. സിഐടിയു ഓഫീസ് അത്ര ഉറപ്പില്ലാത്ത കെട്ടിടത്തിലായിരുന്നു. അതുകൊണ്ടുതന്നെ അത് ചവിട്ടിപ്പൊളിക്കാന്‍ അവര്‍ക്ക് പ്രയാസമില്ലായിരുന്നു. കതക് ഇളകുന്നത് കണ്ട് സഫ്ദര്‍ ഓഫീസിലുണ്ടായിരുന്നവരോട് പിന്‍ഭാഗത്തെ വാതിലില്‍ക്കൂടി രക്ഷപ്പെടാന്‍ നിര്‍ദേശിച്ചു. മറ്റുള്ളവര്‍ അദ്ദേഹത്തോടും ഓടാന്‍ പറഞ്ഞെങ്കിലും അവസാന ആളും രക്ഷപ്പെടുന്നതുവരെ കതക് ചേര്‍ത്തുപിടിച്ചുകൊണ്ട് സഫ്ദര്‍ നിലകൊണ്ടു. ഒടുവില്‍ കതക് പൊളിഞ്ഞുവീണു. അവര്‍ക്ക് കിട്ടിയത് സഫ്ദറിനെയും രാം ബഹദൂര്‍ എന്ന നേപ്പാളി തൊഴിലാളിയെയും.

രാംബഹദൂര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നതുകൊണ്ട് സഫ്ദറെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചു. ജനുവരി രണ്ടിന് ആ ശരീരം ചലനമറ്റു.

സഫ്ദര്‍ എന്ന നാടകപ്രവര്‍ത്തകന് ഡല്‍ഹിയിലെ സാംസ്കാരികമണ്ഡലത്തിലുള്ള സ്ഥാനം എന്താണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു വിത്തല്‍ഭായ് പട്ടേല്‍ ഹൌസ്മുതല്‍ ചെങ്കോട്ടയ്ക്കുപുറകിലുള്ള വൈദ്യുതിശ്മശാനംവരെയുള്ള വിലാപയാത്രയും അന്നത്തെ ആഭ്യന്തരമന്ത്രി ബൂട്ടാസിങ്ങിന്റെ വീടിനുമുന്നില്‍ നടന്ന പ്രതിഷേധവും.
അടുത്തദിവസംതന്നെ തങ്ങളെ അടിച്ചോടിച്ച അതേസ്ഥലത്ത് ജനനാട്യമഞ്ച് നിറഞ്ഞ സദസ്സിനുമുന്നില്‍ അതേനാടകം അവതരിപ്പിച്ചു. മോളോയ് ശ്രീ ഭര്‍ത്താവ് നഷ്ടപ്പെട്ട ദുഃഖവും ഒട്ടും പുറത്തുകാണിക്കാതെ അഭിനയിച്ച് മറ്റു നടന്മാര്‍ക്ക് ധൈര്യം പകര്‍ന്നു. അതിനുശേഷം ഇപ്പോള്‍ എല്ലാ ജനുവരി ഒന്നിനും അതേസ്ഥലത്ത് ജനനാട്യമഞ്ച് നാടകം ചെയ്യുന്നു

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top