07 July Tuesday

ഗാന്ധിയുടെ ദേശീയപ്രതീകങ്ങൾ

ഡോ. കെ എൻ പണിക്കർUpdated: Tuesday Oct 1, 2019

ഗാന്ധിയുടെ ദേശീയപ്രതീകങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ ലോകചരിത്രത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഭവമാണ്‌ അധിനിവേശവിരുദ്ധ പ്രസ്ഥാനവും തൽഫലമായി ഉണ്ടായ യൂറോപ്യൻ കോളനികളുടെ സ്വാതന്ത്ര്യവും. ഈ പ്രസ്ഥാനങ്ങൾക്ക്‌ നേതൃത്വം നൽകിയ മഹാപുരുഷന്മാരുടെ ഒരു വലിയ നിരയുണ്ട്‌. കാരാഗൃഹവാസം നയിച്ചും മർദനം സഹിച്ചും ധീരമായ പോരാട്ടങ്ങൾ വർഷങ്ങളോളം നയിച്ച അവർ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തി. ചിലർ സായുധസമരങ്ങളിലൂടെ; മറ്റുചിലർ അഹിംസയുടെ പാതയിലൂടെ. ഇവരിൽ പ്രഥമഗണനീയനാണ്‌ മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി. രവീന്ദ്രനാഥ ടാഗോറിനെ പിന്തുടർന്ന്‌ ഇന്ത്യൻ ജനത മഹാത്മാ എന്ന്‌  സാദരം ഓർമിക്കുന്ന രാഷ്ട്രപിതാവ്‌.

ജീവിതംതന്നെ സന്ദേശം
ഹിന്ദുവർഗീയവാദിയായിരുന്ന നാഥുറാം ഗോഡ്‌സെ വെടിവച്ച്‌ വീഴ്‌ത്തിയെങ്കിലും ഗാന്ധിജി ഇന്ത്യൻ ദേശീയതയുടെ തെളിവാർന്ന ചിഹ്നമായി നിലനിൽക്കുന്നു. ഗാന്ധിജി പ്രതിനിധാനംചെയ്‌തത്‌ ആധുനിക ഇന്ത്യക്ക്‌ ആവശ്യമായ രാഷ്ട്രീയ സാമൂഹ്യ പ്രവണതകളെയാണ്‌. ഗാന്ധിജിയുടെ ജീവിതസന്ദേശം ഇന്ത്യൻ ജനതയുടെ സ്വഭാവം എന്താണെന്ന്‌ നിർവചിക്കുന്നു.

പ്രതീകങ്ങൾ മനുഷ്യമനസ്സുകളെ സ്വാധീനിക്കുകയും പ്രവർത്തനോന്മുഖമാക്കുകയും ചെയ്‌തതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്‌. ചരിത്രത്തിന്റെ വഴിതന്നെ മാറ്റിമറിക്കാൻ അവയിൽ ചിലതിനെങ്കിലും കഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യൻ ജനതയുടെ അനുഭവത്തിൽ അത്തരം അനുഭവങ്ങൾ കാണാൻ കഴിയും. പ്രതീകങ്ങളുടെ രാഷ്ട്രീയം എന്ന്‌ അതിനെ വിശേഷിപ്പിക്കാം. രാഷ്ട്രീയപ്രതീകങ്ങളെ ബോധപൂർവം ഉപയോഗിച്ച സംഘാടകനായിരുന്നു ഗാന്ധിജി. തന്റെ നടപ്പും ഉടുപ്പും ഭക്ഷണവുമൊക്കെെ പ്രതീകാത്മകരാഷ്ട്രീയത്തെ സമ്പുഷ്ടമാക്കിയതായി കാണാൻ കഴിയും. മഹാത്മാഗാന്ധിയുടെ ജീവിതംതന്നെ ഒരു സന്ദേശമാണ്‌. അഹിംസയ്‌ക്കും മതനിരപേക്ഷതയ്‌ക്കും സമാധാനത്തിനുമുള്ള സന്ദേശം. ആ സന്ദേശം എന്താണ്‌ എന്നത്‌ വിവിധരീതിയിൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌. മാറിക്കൊണ്ടിരിക്കുന്ന ഭരണതാൽപ്പര്യങ്ങൾ അവയെ സ്വായത്തമാക്കാനും പുനർനിർവചിക്കാനും ശ്രമിച്ചിട്ടുമുണ്ട്‌. സ്വാതന്ത്ര്യസമരത്തിലൂടെ ഗാന്ധിജി ആർജിച്ച പൊതുജനസമ്മതി ഭരണവർഗം കൈയിലെടുക്കാൻ പരിശ്രമിച്ചതായി കാണാം. ഗാന്ധിജി നയിച്ച പ്രസ്ഥാനത്തിന്റെ സ്വഭാവവും രീതികളും ഈ പൊതുസമ്മതിക്ക്‌ പിന്നിൽ ഉണ്ടായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒരു വിപ്ലവ പ്രസ്ഥാനമായിരുന്നില്ല. സാമൂഹ്യ രാഷ്ട്രീയ പരിഷ്‌കരണ പ്രസ്ഥാനമായിരുന്നു. കൊളോണിയൽ ലിബറൽചട്ടക്കൂടിൽ ഉരുത്തിരിഞ്ഞ ഒരു പ്രസ്ഥാനം. ഈ പരിഷ്‌കരണം എന്താകണം, എങ്ങനെയാകണം എന്നതിനെക്കുറിച്ച്‌ അഭിപ്രായഭിന്നത ഉണ്ടായേക്കാം. ഈ പരിഷ്‌കരണ പ്രസ്ഥാനത്തിന്‌ ഒരു വിപ്ലവാത്മകസ്വഭാവം ചാർത്തുകയാണ്‌ ഗാന്ധിജി ചെയ്‌തത്‌. അതുകൊണ്ട്‌ മുതലാളിത്ത വർഗത്തിന്റെയും കർഷകരുടെയും തൊഴിലാളികളുടെയും പിന്തുണ ആകർഷിച്ചു. അദ്ദേഹം നയിച്ച അക്രമരഹിത സ്വാതന്ത്ര്യപ്രസ്ഥാനം ലോകം കണ്ട ഏറ്റവും വലിയ അധിനിവേശവിരുദ്ധ സമരമായി പരിണമിച്ചു.

ഇംഗ്ലണ്ടിൽ പഠനവും ദക്ഷിണാഫ്രിക്കയിൽ രാഷ്ട്രീയ പരിശീലനവും നേടി ഇന്ത്യയിലേക്ക്‌ മടങ്ങിയ ഗാന്ധിജിക്ക്‌ ഇന്ത്യൻ യാഥാർഥ്യത്തെക്കുറിച്ച്‌ കൂടുതൽ വ്യക്തതയുള്ള ധാരണയുണ്ടാകണമെന്ന്‌ തോന്നിയിരുന്നു എന്നതിൽ അത്ഭുതപ്പെടാനില്ല. ദേശീയപ്രസ്ഥാനത്തിൽ ഉദാരചിന്തകരും തീവ്രവാദികളുംതമ്മിൽ ഭിന്നിപ്പ്‌ സംഭവിച്ച സന്ദർഭമായിരുന്നുവല്ലോ അത്‌. തന്റെ രാഷ്ട്രീയഗുരുവായ ഗോപാലകൃഷ്‌ണ ഗോഖലെയുടെ നിർദേശപ്രകാരം അദ്ദേഹം ഒരു അഖിലേന്ത്യാപര്യടനം നടത്തുകയുണ്ടായി. ഗാന്ധിജിയുടെ കാഴ്‌ചപ്പാടിനെയും രാഷ്ട്രീയ പരിപ്രേക്ഷ്യത്തെയും സാരമായി സ്വാധീനിച്ചത്‌ ഈ അഖിലേന്ത്യായാത്രയായിരുന്നുവെന്ന്‌ അനുമാനിക്കാം. ഇന്ത്യൻ ജനസാമാന്യത്തിന്റെ മതനിരപേക്ഷസ്വഭാവം ഗാന്ധിജിയുടെ രാഷ്ട്രീയമീമാംസയുടെ ഭാഗമാകുന്നതിൽ ഈ കാലഘട്ടം വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.

സാമൂഹ്യവൈരുധ്യങ്ങൾക്ക്‌ സമാധാനപരമായ ഒരു ഒത്തുതീർപ്പ്‌ പരീക്ഷിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്‌തത്‌. ജന്മിയും കുടിയാനും തമ്മിൽ ശത്രുതയല്ല,  ഒത്തുതീർപ്പായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം

ദേശീയപ്രസ്ഥാനം ഒരു ബഹുജനപ്രസ്ഥാനമായി മാറേണ്ടതിന്റെ ആവശ്യകത ഗാന്ധിജി തിരിച്ചറിഞ്ഞത്‌ ഈ കാലഘട്ടത്തിലാണ്‌. ഈ തിരിച്ചറിവ്‌ ഗാന്ധിജിയെ നിലവിലുള്ള നേതൃത്വത്തിൽനിന്ന്‌ വ്യത്യസ്‌തനാക്കുകയും ഒരു പുതിയ പാത തുറക്കുന്നതിന്‌ വഴിയൊരുക്കുകയും ചെയ്‌തു. തീവ്രവാദികൾ എന്ന്‌ അറിയപ്പെട്ടിരുന്ന വിഭാഗം ഈ ആവശ്യകത തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അതിന്‌ ഒരു കർമപദ്ധതി ആവിഷ്‌കരിക്കാൻ അവർക്ക്‌ കഴിയാതെപോയി. സ്വദേശി എന്ന പ്രസ്ഥാനം ആ ദിശയിലേക്ക്‌ കർമോന്മുഖമായി നീങ്ങിയിരുന്നു. പക്ഷേ, ആരംഭത്തിലെ ഉത്സാഹത്തിന്‌ശേഷം അതിന്‌ പിന്തുണ ഉറപ്പാക്കുന്ന കർമപദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. ഈ അപചയത്തിന്‌ ഒരു പോംവഴി കാണാനാണ്‌ ഗാന്ധിജി ശ്രമിച്ചത്‌. നഗരാധിഷ്‌ഠിതമായ പ്രക്ഷോഭങ്ങളിൽനിന്ന്‌ ഗാന്ധിജി ഗ്രാമങ്ങളിലേക്ക്‌ പറിച്ചുനട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‌ ശക്തിപകർന്നത്‌ ഈ ചുവടുമാറ്റമായിരുന്നു. മറ്റ്‌ വർഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നെങ്കിൽക്കൂടി ഗാന്ധിജിയുടെ പ്രസ്ഥാനം കർഷകരുടെ രാഷ്ട്രീയമുന്നേറ്റമായിരുന്നു. അതുകൊണ്ട്‌ ഗാന്ധിജി കർഷകരുടെ താൽപ്പര്യംമാത്രം പ്രതിനിധാനംചെയ്‌തെന്നോ കാർഷികപ്രശ്‌നങ്ങൾക്ക്‌ സൈദ്ധാന്തികമായ ഒരു  പോംവഴിക്ക്‌ ശ്രമിച്ചെന്നോ അർഥമാകുന്നില്ല. സാമൂഹ്യവൈരുധ്യങ്ങൾക്ക്‌ സമാധാനപരമായ ഒരു ഒത്തുതീർപ്പ്‌ പരീക്ഷിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്‌തത്‌. ജന്മിയും കുടിയാനും തമ്മിൽ ശത്രുതയല്ല,  ഒത്തുതീർപ്പായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഒത്തുതീർപ്പിന്റെ രാഷ്ട്രീയം വേരൂന്നുന്നത്‌ സുചിന്തിതമായ ഒരു രാഷ്ട്രീയ സാമൂഹ്യ തത്വശാസ്‌ത്രത്തിൽനിന്നാണ്‌. ഹെൻറി ഡേവിഡ്‌  തോറോയുടെയും ലിയോ ടോൾസ്‌റ്റോയിയുടെയും വീക്ഷണങ്ങളിൽ ആകൃഷ്ടനായ ഗാന്ധിജി ആധുനികമായ മാനവികതയിൽ അധിഷ്‌ഠിതമായ ഒരു സാമൂഹ്യ രാഷ്ട്രീയ പരിപ്രേക്ഷ്യം വളർത്തിയെടുത്തു. സാമൂഹ്യമണ്ഡലത്തിൽ സമത്വത്തിന്റെയും രാഷ്ട്രീയമണ്ഡലത്തിൽ സ്വാതന്ത്ര്യത്തിന്റെയും കാഴ്‌ചപ്പാടുകൾ തൽഫലമായി രൂപം കൊണ്ടു. ഈ രണ്ടു വീക്ഷണങ്ങളാണ്‌ ഗാന്ധിജിയെ ദേശീയതയിലേക്കും സാർവലൗകികതയിലേക്കും നയിച്ചത്‌. അവയുടെ സമന്വയമാണ്‌ ഗാന്ധിജിയിൽ ദർശിക്കാൻ കഴിയുന്നത്‌. ദേശീയതയെക്കുറിച്ച്‌ രവീന്ദ്രനാഥ ടാഗോറും ഗാന്ധിജിയും തമ്മിലുണ്ടായ കത്തിടപാടുകൾ ഈ വിഷയത്തിലേക്ക്‌ വെളിച്ചം വീശുന്നു.

സത്യഗ്രഹവും നിസ്സഹകരണവും
സ്വാതന്ത്ര്യസമരത്തിൽ, ഗാന്ധിജി തന്റെ അക്രമരഹിത ‘ആയുധങ്ങളായി’ ഉപയോഗിച്ചത്‌ സത്യഗ്രഹവും നിസ്സഹകരണവുമായിരുന്നു. അഹിംസയായിരുന്നു അവയുടെ മുഖമുദ്ര. അതിൽ ഒരുവിധ സന്ധിയുംചെയ്യാൻ ഗാന്ധിജി തയ്യാറായിരുന്നില്ല. 1921ൽ പ്രക്ഷോഭം നിർത്തിവയ്‌ക്കാൻ തീരുമാനിച്ചത്‌ അഹിംസയിൽനിന്ന്‌ ചില സത്യഗ്രഹികൾ വഴിമാറി എന്നതുകൊണ്ടാണ്‌. നിസ്സഹകരണപ്രസ്ഥാനം അതിന്റെ മൂർധന്യദശയിൽ എത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്‌. ഗാന്ധിജിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തിന്‌ എതിർപ്പ്‌ ഏറെ ഉണ്ടായിരുന്നു. എങ്കിലും അഹിംസയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഗാന്ധിജി തയ്യാറായിരുന്നില്ല. ഹിംസയോട്‌ ഗാന്ധിജിക്ക്‌ ഉണ്ടായിരുന്ന എതിർപ്പ്‌ കടുത്ത വിമർശനത്തിന്‌ വിധേയമായ മറ്റ്‌ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഭഗത്‌സിങ്ങിന്റെ വധശിക്ഷയോട്‌ ഗാന്ധിജിയെടുത്ത സമീപനം അവയിൽ  വിവാദത്തിന്‌ വഴി ഒരുക്കിയ ഒന്നാണ്‌. ഭഗത്‌സിങ്ങിന്റെ വധശിക്ഷ റദ്ദാക്കുന്നതിന്‌ ഗാന്ധിജി വേണ്ടത്ര ശ്രമിച്ചില്ല എന്നാണ്‌ ആക്ഷേപം. ഗാന്ധിജി നിർബന്ധിച്ചിരുന്നുവെങ്കിൽ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭു വധശിക്ഷ തടയുമായിരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ അനുമാനം തെറ്റോ ശരിയോ ആകാം. പക്ഷേ ഗാന്ധിജിക്ക്‌ അഹിംസയോടുള്ള പ്രതിബന്ധത അതിന്‌ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌.ഗാന്ധിജി ഭഗത്‌സിങ്ങിന്റെ ദേശസ്‌നേഹത്തെയും അർപ്പണമനോഭാവത്തെയും അങ്ങേയറ്റം വിലമതിക്കുന്ന വ്യക്തിയായിരുന്നു. അതേസമയം തന്നെ ഭഗത്‌സിങ്‌ സ്വീകരിച്ച പാതയോട്‌ ശക്തമായ വിയോജിപ്പും ഉണ്ടായിരുന്നു.

 

ലോകം കണ്ട ഏറ്റവും വലിയ നിസ്സഹകരണപ്രസ്ഥാനത്തിന്‌ നേതൃത്വംകൊടുത്ത ഗാന്ധിജി മതവിശ്വാസിയും ഹിന്ദുമത അനുയായിയും ആയിരുന്നു. എങ്കിൽക്കൂടി അദ്ദേഹത്തിന്റെ രാഷ്ട്രപ്രമാണം മതനിരപേക്ഷതയായിരുന്നു. ഇന്ത്യൻ ഗ്രാമീണജീവിതത്തെ മതനിരപേക്ഷതയുടെയും സ്വയംപര്യാപ്‌തതയുടെയും ഉദാഹരണങ്ങളായാണ്‌ ഗാന്ധിജി പരിഗണിച്ചത്‌. ഇന്ത്യൻ നാഗരികതയുടെ ചരിത്രപരമായ വായന മാത്രമല്ല ഗാന്ധിജിയെ ഈ നിഗമനത്തിലെത്തിച്ചത്‌. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും രണ്ട്‌ രാഷ്ട്രീയചേരികളായി കാണാൻ അദ്ദേഹം വിസമ്മതിച്ചു. ഒരേ രാഷ്ട്രശരീരത്തിന്റെ രണ്ട്‌ അവയവങ്ങളായാണ്‌ അദ്ദേഹം ഈ രണ്ട്‌ മത സമുദായങ്ങളെ നിരീക്ഷിച്ചത്‌. വ്യത്യസ്‌ത സമൂഹങ്ങളായല്ല. അന്യോന്യം ബന്ധിതമായ രണ്ട്‌ സമുദായങ്ങളായാണ്‌ അവരുടെ നിലനിൽപ്പ്‌ എന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിൽ ജീവിതാവസാനംവരെയും വിട്ടുവീഴ്‌ച ചെയ്യാൻ ഗാന്ധിജി തയ്യാറായില്ല. ഇന്ത്യയുടെ വിഭജനം തന്റെ മൃതശരീരത്തിനുമേൽ എന്ന്‌ ശഠിക്കുവാനുള്ള കാരണവും ഇതുതന്നെ. ഇന്ത്യാവിഭജനം ചരിത്രപരമായ ഒരു തെറ്റാണെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ്‌ വിഭജിക്കപ്പെട്ട ഭാരതത്തിന്‌ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതിന്റെ ആഘോഷങ്ങളിൽ അദ്ദേഹം പങ്കുചേരാതിരുന്നത്‌.

ആധുനികതയുടെയും ഉത്തരാധുനികതയുടെയും കാലഘട്ടത്തിൽനിന്ന്‌ ദിശാബോധം നഷ്ടപ്പെട്ട ലോകസമൂഹം ഗാന്ധിജിയുടെ കാഴ്‌ചപ്പാടിലേക്ക്‌ വിമർശനാത്മകമായാണെങ്കിലും തിരിഞ്ഞുനോക്കുന്നത്‌ അസ്ഥാനത്താകുകയില്ല.

കൊളോണിയൽ വിരുദ്ധസമരത്തിന്റെ നേതാവായിമാത്രം ഗാന്ധിജിയെ ചുരുക്കിക്കാണുന്നത്‌ അദ്ദേഹം ഇന്ത്യൻ സമൂഹത്തിൽ നടത്തിയ ബഹുമുഖ ഇടപെടലുകളെ കാണാതിരിക്കുകകൊണ്ടായിരിക്കും. ഇന്ത്യൻ സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കും പരിവർത്തനത്തിനുമായി അദ്ദേഹം നിലകൊണ്ടു. ഇന്ത്യൻ നാഗരികതയുടെ ശക്തി ഗ്രാമങ്ങളിലാണ്‌ എന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അതെങ്ങനെ വീണ്ടെടുക്കാമെന്ന പ്രശ്‌നമാണ്‌ അദ്ദേഹം അഭിസംബോധന ചെയ്യാൻ ശ്രമിച്ചത്‌. തന്റെ മുന്നിൽ ഉരുത്തിരിഞ്ഞുകൊണ്ടിരുന്ന യാന്ത്രികയുഗത്തെ തിരസ്‌കരിക്കാനും ഗ്രാമകേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ മടങ്ങിപ്പോകാനും കാരണം അതുതന്നെ. ആധുനികതയുടെയും ഉത്തരാധുനികതയുടെയും കാലഘട്ടത്തിൽനിന്ന്‌ ദിശാബോധം നഷ്ടപ്പെട്ട ലോകസമൂഹം ഗാന്ധിജിയുടെ കാഴ്‌ചപ്പാടിലേക്ക്‌ വിമർശനാത്മകമായാണെങ്കിലും തിരിഞ്ഞുനോക്കുന്നത്‌ അസ്ഥാനത്താകുകയില്ല.

ദേശീയപ്രസ്ഥാനത്തിന്റെ ബഹുജന ആകർഷണം വർധിപ്പിക്കാൻ ഗാന്ധിജി ആവിഷ്‌കരിച്ച രണ്ട്‌ പ്രതീകങ്ങളാണ്‌ ചർക്കയും ഉപ്പും. ഒരുപക്ഷേ ആധുനികരാഷ്ട്രീയത്തിൽ ഇതിനേക്കാൾ ശക്തമായ പ്രതീകങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. നിത്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായ വസ്‌ത്രവും ഭക്ഷണവും അധിനിവേശത്തിനെതിരെയുള്ള ആയുധങ്ങളായി മാറി. ജനങ്ങളെ ദേശീയപ്രസ്ഥാനത്തോട്‌ അടുപ്പിക്കാൻ ഗാന്ധിജി തെരഞ്ഞെടുത്തത്‌ ഹിന്ദുമത ചിഹ്നങ്ങളെയല്ല. ജനങ്ങളുടെ നിത്യജീവിതത്തിൽനിന്നും അടർത്തിയെടുത്ത പ്രതീകങ്ങളെ ആയിരുന്നു. അതിലൂടെ ഇന്ത്യൻ ദേശീയതയുടെ മതനിരപേക്ഷസ്വഭാവത്തിന്‌ അടിവരയിടുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. ഇന്ത്യൻ ദേശീയതയെ ഹിന്ദുദേശീയതയായി കൊണ്ടാടുന്നവർ ഗാന്ധിജിയുടെ ദേശീയസങ്കൽപ്പത്തെ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌.


പ്രധാന വാർത്തകൾ
 Top