05 July Sunday

ഭരണഘടനയും പ്രയോഗവും (ഭരണഘടന:ചരിത്രവും സംസ്‌കാരവും ഭാഗം 8)

പി രാജീവ്‌Updated: Saturday Feb 1, 2020

“ സർ, ഏതെങ്കിലും തരത്തിലുള്ള കുറ്റമാരോപിക്കാതെതന്നെ ഞാൻ പറയട്ടെ, മഹത്തായ പാർടിയിലെ അംഗങ്ങൾ, സാങ്കേതികമായി അവർ കോൺഗ്രസ് പാർടിയിലെ അംഗങ്ങളാണ്, എന്നാൽ, ആശയപരമായി അവർ ആർഎസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും അംഗങ്ങളാണ്. നിർഭാഗ്യവശാൽ, കോൺഗ്രസിന്റെ ആദരണീയരും സ്വാധീനശക്തിയുള്ളവരുമായ നേതാക്കളുടെ പ്രസംഗങ്ങൾ എല്ലാ ദിവസവും ഞാൻ വായിക്കുന്നുണ്ട്. അവർ പറയുന്നത് അനുസരിച്ചാണെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നതുകൊണ്ട്  അവർ അർഥമാക്കുന്നത് ഹിന്ദുരാജ് മാത്രമാണ്. അവരുടെ വാക്കുകൾ അനുസരിച്ച് ഇന്ത്യൻ സംസ്‌കാരമെന്നത് ഹിന്ദുസംസ്‌കാരം മാത്രമാണ്.” ഭരണഘടനാ അസംബ്ലിയിൽ ഫ്രാങ്ക് ആന്റണി നടത്തിയ ഈ പ്രസംഗം കോൺഗ്രസിനകത്ത് ഹിന്ദുത്വചിന്താഗതി എത്രമാത്രം ശക്തമാണെന്ന് വ്യക്തമാക്കുന്നു. ഇന്ന് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തിന്റെ വേരുകൾ അന്നേ ഇതിനകത്ത്‌ കാണാൻ കഴിയും. ഫ്രാങ്ക് ആന്റണി കോൺഗ്രസിന്റെ ഭാഗമായിരുന്നു. ര‌ണ്ട്‌ ടേം ഒഴിവാക്കിയാൽ ഒന്നാമത്തെ പാർലമെന്റ്‌മുതൽ പത്താമത്തെ പാർലമെന്റ്‌വരെ ആംഗ്ലോ ഇന്ത്യൻ നോമിനി കൂടിയായിരുന്നു അദ്ദേഹം.

കോൺഗ്രസിനകത്ത് മതാത്മകതയും മതനിരപേക്ഷതയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ പ്രതിഫലനമാണ് ഭരണഘടനാ അസംബ്ലിയിൽ നടന്നതെന്ന് ഫ്രാങ്ക് ആന്റണിയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അതിൽ ഉദ്ദേശിച്ചതുപോലെ അന്ന് മതനിരപേക്ഷ ആശയത്തിന്‌ മേൽക്കൈ കിട്ടിയെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തിലും ഏക സിവിൽകോഡ് സംബന്ധിച്ച ചർച്ചകളിലും മറ്റും  ഈ വ്യത്യസ്‌ത വീക്ഷണഗതികൾ ഏറ്റുമുട്ടുന്നത് കാണാൻ കഴിയും. എന്നാൽ, വിസ്‌തരഭയത്താൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. 

ചില പ്രധാന കാര്യങ്ങൾകൂടി വിശദമാക്കാൻമാത്രമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. അതിലൊന്ന് ഭരണഘടനയുടെ പ്രയോഗത്തെ പറ്റിയുള്ള ഉൽക്കണ്ഠകൾ എങ്ങനെയാണ് അതിന്റെ ശിൽപ്പികൾ കണ്ടിരുന്നത് എന്ന ചോദ്യമാണ്. രണ്ടാമത്തേത് പലരും ഉന്നയിക്കുന്ന മറ്റൊരു പ്രശ്നമാണ്. കമ്യൂണിസ്റ്റുകാർ ഭരണഘടനയെ അംഗീകരിച്ചിരുന്നോ എന്ന ചോദ്യമാണ്. ഇതോടൊപ്പം ഇങ്ങനെ കൊണ്ടാടാനും സംരക്ഷിക്കാനുമുള്ളതാണോ ഈ ഭരണഘടന എന്ന ചോദ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.  അതിനെ വർഗപരമായി വിലയിരുത്തിക്കൊണ്ടാണല്ലോ നിഗമനങ്ങളിലേക്ക് എത്തേണ്ടത് എന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു.

യഥാർഥത്തിൽ ഇന്ത്യൻ ഭരണഘടന വ്യത്യസ്‌തധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ഉൽപ്പന്നമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ സ്വാതന്ത്ര്യസമരത്തിൽ പ്രകടമായ ഈ വ്യത്യസ്‌തത ചർച്ചകളിൽ നന്നായി പ്രതിഫലിച്ചു. ഹിന്ദുത്വ പ്രതിനിധികളില്ലാതെതന്നെ അവരുടെ കാഴ്‌ചപ്പാടുകൾ കോൺഗ്രസ് അംഗങ്ങൾതന്നെ ഉയർത്തി. സമത്വത്തിന്റെ കാര്യത്തിലും മൗലികാവകാശങ്ങളുടെ കാര്യത്തിലും വ്യത്യസ്‌തമായ നിലപാടുകൾ ഏറ്റുമുട്ടി. ആധിപത്യവർഗ താൽപ്പര്യത്തിനകത്തുതന്നെ വ്യതിരക്ത പരിപ്രേക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ജനാധിപത്യ രൂപങ്ങളെക്കുറിച്ചും തർക്കങ്ങളുണ്ടായി. ആനുപാതിക ജനാധിപത്യം വേണമെന്ന നിലപാട് അന്നും ഉയർന്നെങ്കിലും ഭൂരിപക്ഷപിന്തുണ ലഭിച്ചില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പൊതുസമവായത്തിൽ സ്വതന്ത്ര ഇന്ത്യക്ക് ഒരു ഭരണഘടന ഉണ്ടായി എന്നത് എല്ലാവരും അംഗീകരിച്ചിരുന്നു.

ജവാഹർലാൽ നെഹ്‌റു ഭരണഘടനയിൽ ഒപ്പുവയ്‌ക്കുന്നു

ജവാഹർലാൽ നെഹ്‌റു ഭരണഘടനയിൽ ഒപ്പുവയ്‌ക്കുന്നു


 

ഭരണഘടനയ്‌ക്ക് അംഗീകാരം ലഭിക്കുന്നതിനുമുമ്പ്, ഭരണഘടനാ അസംബ്ലിയിൽ നടത്തിയ അവസാന പ്രസംഗത്തിൽ അംബേദ്കർ ഭരണഘടനയുടെ ഭാവിയെ സംബന്ധിച്ച ഉൽക്കണ്ഠകൾ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഈ ഭരണഘടന തന്റേതുമാത്രമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റുകാർ തൊഴിലാളി വർഗാധിപത്യത്തിനുവേണ്ടി നിൽക്കുന്നവരായതുകൊണ്ട് അവർക്കും സോഷ്യലിസ്റ്റുകൾക്കും വ്യത്യസ്‌ത നിലപാടുകൾ ഉണ്ടായെന്നുവരാം. എന്നാൽ, പാർലമെന്ററി രൂപം മാത്രമാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശരിയായ രൂപമെന്ന്‌ താനും കരുതുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ കാലത്ത് ഇന്ത്യക്ക് സ്വീകരിക്കാൻ കഴിയുന്നതെന്ന് നമ്മൾ എല്ലാവരുംകൂടി നിശ്ചയിച്ച രൂപം മാത്രമാണ് ഇതെന്നും അംബേദ്കർ വ്യക്തമാക്കി.

എന്നാൽ, സാമൂഹ്യവും സാമ്പത്തികവുമായ മേഖലയിൽ തുടരുന്ന അസമത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ഈ പ്രസംഗത്തിൽ ശക്തമായിത്തന്നെ അദ്ദേഹം ഉന്നയിച്ചു. “ 1950 ജനുവരി 26ന് വൈരുധ്യങ്ങളുടെ പുതിയ ലോകത്തേക്ക് നാം പ്രവേശിക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് തുല്യത വരുന്നു. എന്നാൽ, നിലനിൽക്കുന്ന വ്യവസ്ഥയുടെ പ്രത്യേകതയാൽ സാമൂഹ്യവും രാഷ്ട്രീയവുമായ മേഖലയിൽ അസമത്വം തുടരുന്നു. രാഷ്ട്രീയത്തിൽ ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്ന തത്വം നമ്മൾ അംഗീകരിക്കാൻ പോകുന്നു. എന്നാൽ, സാമൂഹ്യ സാമ്പത്തിക മണ്ഡലത്തിൽ ഒരാൾക്ക് ഒരു മൂല്യം എന്നത് തുടർച്ചയായി നിഷേധിക്കുന്നു. എത്രകാലം നമുക്ക് വൈരുധ്യങ്ങളുടെ ലോകത്ത് ജീവിക്കാൻ കഴിയും? എത്രകാലം സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ സമത്വം നിഷേധിക്കാൻ കഴിയും? ഇത് ദീർഘകാലം തുടരാൻ അനുവദിച്ചാൽ നമ്മുടെ രാഷ്ട്രീയജനാധിപത്യം പ്രതിസന്ധിയിലാകും. സാധ്യമാകുന്ന ആദ്യ സന്ദർഭത്തിൽത്തന്നെ ഈ വൈരുധ്യം അവസാനിപ്പിക്കാൻ കഴിയണം. അല്ലെങ്കിൽ , ഈ ഭരണഘടനാ അസംബ്ലി കെട്ടിപ്പൊക്കിയിട്ടുള്ള രാഷ്ട്രീയ ജനാധിപത്യത്തിന്റെ അടിത്തറയെ അസമത്വത്തിന്റെ ഇരകൾ വലിച്ചെറിയുകതന്നെ ചെയ്യും.”

ഏറെ മാനങ്ങളുള്ള ഈ വാക്കുകൾ ഇന്ന് എവിടെ എത്തിനിൽക്കുന്നുവെന്നത് മറ്റൊരു പരിശോധനാവിഷയമാണ്. സാമുഹ്യ സാമ്പത്തിക മേഖലയിലെ സമത്വത്തെ സംബന്ധിച്ച ചർച്ചകൾ ഭരണഘടനാ അസംബ്ലിയിൽ പലപ്പോഴും ഉയർന്നുവന്നിട്ടുണ്ട്. സമത്വത്തിനായി വാദിക്കുന്നവർക്ക് അന്നത്തെ അസംബ്ലിയിൽ ആവശ്യമായ പ്രാതിനിധ്യമുണ്ടായിരുന്നില്ല. ആർട്ടിക്കിൾ 39 (സി)ക്ക്  മാർഗനിർദേശക തത്വങ്ങളിലാണ് ഇടം കിട്ടിയത്.  സമ്പദ്ഘടനയുടെ പ്രവർത്തനം സമ്പത്തിന്റെയും ഉൽപ്പാദന ഉപാധികളുടെയും  കേന്ദ്രീകരണത്തിലേക്ക് നയിക്കരുതെന്നാണ് ആർട്ടിക്കിൾ 39(സി)വ്യക്തമാക്കുന്നത്. അതുതന്നെ വലിയ സമ്മർദത്തിന്റെ ഫലമായി വിളക്കിച്ചേർത്തതാണ്. പക്ഷേ, പ്രയോഗം അസമത്വത്തിന്റെ അതിതീവ്ര വ്യാപനത്തിലേക്കാണ് നയിച്ചത്. അംബേദ്കർ ആവശ്യപ്പെട്ടതുപോലെ അസമത്വം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, നേർവിപരീതം പ്രയോഗത്തിൽ സംഭവിക്കുകയുംചെയ്‌തു.


 

എന്നാൽ, ഭരണഘടന ഉറപ്പുനൽകിയെന്ന് അംബേദ്കർ വ്യക്തമാക്കിയ രാഷ്ട്രീയത്തിലെ തുല്യതയെന്നതും അപ്രസക്തമായി ക്കൊണ്ടിരിക്കുന്നുവെന്നതാണ് വർത്തമാനകാലാനുഭവം. ജാതി വ്യവസ്ഥയ്‌ക്കെതിരെ ഈ പ്രസംഗത്തിൽ അംബേദ്കർ നടത്തിയ വിമർശനവും ഇന്ന് കുറെക്കൂടി പ്രസക്തമായിരിക്കുന്നു. “ജാതി ദേശവിരുദ്ധമാണ്. അത് സാമൂഹ്യജീവിതത്തിൽ വേർതിരിവുകൾ ഉണ്ടാക്കുന്നു. ജാതികൾതമ്മിൽ അസമത്വവും വൈരുധ്യവും ശക്തിപ്പെടുത്തുന്നു. അത് ദേശവിരുദ്ധമാണ്. ജനാധിപത്യത്തിന്റെ വിജയകരമായ പ്രയോഗത്തിന് സമൂഹത്തിൽ അസമത്വം ഉണ്ടാകാൻ പാടില്ല. അടിച്ചമർത്തുന്ന വർഗവും അടിച്ചമർത്തപ്പെട്ട വർഗവും ഉണ്ടാകാൻപാടില്ല. അസമത്വം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം.” എന്നാൽ, ഇന്ന് പ്രയോഗത്തിൽ ഇന്ത്യ എവിടെ എത്തിനിൽക്കുന്നുവെന്ന പരിശോധന അസ്വസ്ഥമാക്കുന്ന ഉത്തരങ്ങളിലേക്ക് നയിക്കും.

ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ സേച്ഛാധിപത്യമല്ലെന്ന് അംബേദ്കർ ഈ പ്രസംഗത്തിൽ വ്യക്തമാക്കി. ഭരണഘടന പ്രതിപക്ഷത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. അതോടൊപ്പം ഭരണഘടന ധാർമികതയെ ഉയർത്തിപ്പിടിക്കുന്നു. ഭൂരിപക്ഷത്തിന്റെ ഹിതംമാത്രം നടപ്പാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് വിയോജിക്കുന്നതിനുള്ള അവകാശം തുടങ്ങി ജുഡീഷ്യൽ റിവ്യൂവരെ ഭരണഘടനയുടെ ഭാഗമായത് എന്ന് അദ്ദേഹം വ്യക്തമാക്കി. വർഗീയ ആശയങ്ങൾക്ക് മുൻതൂക്കം കിട്ടുന്ന അവസ്ഥ വന്നാൽ അതോടെ ജനാധിപത്യം കൊല്ലപ്പെടുമെന്നും അംബേദ്കർ ഈ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി. ഇന്ന് ഏറെ പ്രസക്തമാണ് ഈ നിരീക്ഷണങ്ങൾ.

ഭരണഘടനയോടുള്ള കമ്യൂണിസ്റ്റ് സമീപനം
കമ്യൂണിസ്റ്റുകാർ ഭരണഘടനയെ അംഗീകരിക്കാത്തവരാണ് എന്ന വിമർശനത്തിന് ഇ എം എസ് പലതവണ വിശദീകരണം നൽകിയിട്ടുണ്ട്.  ‘ഭരണഘടനയും സോഷ്യലിസവും’ എന്ന പ്രഭാഷണത്തിൽ ഭരണഘടനയുടെ ഗുണവും അതിന്റെ പ്രയോഗത്തിലെ പരിമിതികളും ഇ എം എസ് വ്യക്തമാക്കി. “നമ്മുടെ ഭരണഘടനയെക്കുറിച്ച് നമുക്ക് അഭിമാനമുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു അവിസ്‌മരണീയ സംഭവമാണ് ഭരണഘടന നിർമാണ സമിതി അതിനെ അംഗീകരിച്ചതെന്ന് നാം വിചാരിക്കുന്നു... രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെയും പാർലമെന്ററി ജനാധിപത്യത്തിന്റേയും ആവേശഭരിതമായ മുദ്രാവാക്യങ്ങളെ നമ്മുടെ കൊടിക്കൂറയിൽ അത് എഴുതിച്ചേർത്തു. മാത്രമല്ല, എല്ലാ രൂപത്തിലുമുള്ള സാമൂഹ്യ അസമത്വങ്ങളെ അവസാനിപ്പിക്കുമെന്നും സാർവത്രികപുരോഗതി നേടിയെടുക്കുമെന്നും അത് ഉറപ്പുനൽകി.”

മാർക്‌സിസം ലെനിനിസത്തോടുള്ള കൂറ് പാർലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങളോടും ഗതിക്രമങ്ങളോടും പൊരുത്തപ്പെടാത്തതാണെന്നാണ് പൊതുവെ കരുതുന്നതെന്നും അത് തെറ്റാണെന്നും ഇ എം എസ് സൂചിപ്പിക്കുന്നു. “സാമൂഹ്യ പരിവർത്തനത്തിനുള്ള ഒരു മാർഗത്തെയും ഞങ്ങൾ തള്ളിക്കളയുന്നില്ല. ഒരേയൊരു മാർഗംമാത്രമാണ് സ്വീകാര്യമെന്നും കരുതുന്നില്ല. പാർലമെന്ററി സംവിധാനം വികസിച്ച ബ്രിട്ടനിൽ അതുവഴിയും സോഷ്യലിസത്തിലേക്കുള്ള മാറ്റം സാധ്യമാണെന്ന മാർക്‌സിന്റെ നിരീക്ഷണവും ഇ എം എസ് പങ്കുവയ്‌ക്കുന്നു. ഈ കാഴ്ചപ്പാടിന്റെ രണ്ടു തലങ്ങൾ ഇ എം എസ് പ്രഭാഷണത്തിൽ ഓർമിപ്പിക്കുന്നു. അതോടൊപ്പം ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് എങ്ങനെ തങ്ങൾ പ്രവർത്തിക്കാൻ പോകുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു.  അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും  അവരുടെ പ്രതിനിധികൾക്കും സംഘടിക്കുന്നതിനും ഒരു സോഷ്യലിസ്റ്റ് സംവിധാനത്തിനു വേണ്ടിയുള്ള സമരായുധംകൂടിയാണ് ഭരണഘടന എന്ന് പറഞ്ഞ ഇ എം എസ് അതിനെ സംബന്ധിച്ച അധിക വ്യാമോഹങ്ങളും പാടില്ലെന്ന് മുന്നറിയിപ്പ് നൽകി.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ പാടില്ലെന്ന മൗലികാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുള്ളപ്പോൾ മുസ്ലിം വിഭാഗത്തിനെതിരെ വെറുപ്പും വിരോധവും പ്രചരിപ്പിക്കുന്ന പട്ടാളച്ചിട്ടയുള്ള സംഘടനകൾ എത്ര ഭയങ്കര ഭീഷണിയായി കലാശിച്ചിരിക്കുന്നു.

എങ്ങനെയാണ് തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുള്ള രാജ്യത്ത് പ്രയോഗം നേരെ എതിരാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. “മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ പാടില്ലെന്ന മൗലികാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുള്ളപ്പോൾ മുസ്ലിം വിഭാഗത്തിനെതിരെ വെറുപ്പും വിരോധവും പ്രചരിപ്പിക്കുന്ന പട്ടാളച്ചിട്ടയുള്ള സംഘടനകൾ എത്ര ഭയങ്കര ഭീഷണിയായി കലാശിച്ചിരിക്കുന്നു. ന്യൂനപക്ഷാവകാശം ഉറപ്പുവരുത്തേണ്ട കോടതികളും ദുർബലമായിരിക്കുന്നു.” ഇന്ന് പട്ടാളച്ചിട്ടയുള്ള ആ സംഘടനകൾ രാജ്യഭരണത്തിലേക്ക് എത്തിയിരിക്കുന്നു. അപ്പോൾ പിന്നെ ഈ പ്രവണതകളുടെ ഭീമാകാരത്തെ വിശദീകരിക്കേണ്ടതില്ലല്ലോ.

അതുകൊണ്ട് ഇന്ന് നമ്മൾ ഭരണഘടനയെ സമീപിക്കുന്നത് ഈ സവിശേഷസാഹചര്യത്തിലാണ്. ഭരണഘടനാ അസംബ്ലിക്കകത്തും പുറത്തും നടന്ന സമരങ്ങളിൽ കുറെക്കൂടി സമത്വത്തിനും മൗലികാവകാശങ്ങൾക്കുമായി പൊരുതിയവർക്കുപോലും നിലവിലുള്ളത്‌ സംരക്ഷിക്കേണ്ട ചരിത്രപ്രാധാന്യമേറിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നു. അന്ന്‌ അതിനെ പുറകോട്ടുനയിക്കാൻ ശ്രമിച്ച ആശയത്തിന്റെ വക്താക്കൾക്ക്  രാഷ്ട്രീയാധികാരം ലഭിച്ചിരിക്കുന്നു. അതോടെ ഭരണഘടനയെ സംരക്ഷിക്കൽ വർത്തമാനകാല രാഷ്ട്രീയ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. എല്ലാത്തിനെയും ചരിത്രവൽക്കരിച്ചുകൊണ്ടുമാത്രമേ ഇന്നിന്റെ ഈ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുകയുള്ളൂ.

(അവസാനിച്ചു)


 

ഭാഗം 1
ഭരണഘടന: ചരിത്രവും സംസ്‌കാരവും

ഭാഗം 2
ആമുഖത്തിന്റെ ദർശനം

ഭാഗം 3
ജസ് സോളി’യോ ‘ജസ് സാൻഗ്യുനിസോ’

ഭാഗം 4
ലാഹിരിയുടെ ഇടപെടലും മൗലികാവകാശങ്ങളും

ഭാഗം 5
ആരാണ് ഗവർണർ

ഭാഗം 6
അമേരിക്കൻ മോഡലോ പാർലമെന്ററി ജനാധിപത്യമോ

ഭാഗം 7
ദേശീയപതാകയും ദേശീയഭാഷയും

 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top