21 March Thursday

ചൈന ഇന്നും ദഹനക്കേടോ?

കോടിയേരി ബാലകൃഷ്‍ണൻUpdated: Saturday Jan 20, 2018


കമ്യൂണിസ്റ്റ്‍ വിരുദ്ധ പ്രവർത്തനത്തിന്റെ മുഖമുദ്ര നുണപ്രചാരണമാണ്. ഇക്കാര്യത്തിൽ വിദഗ്‍ധരാണ് തങ്ങളെന്ന് ബിജെപി‐ ആർഎസ്‍എസ്‍ നേതാക്കൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തമാണ് ചൈനയെയും വടക്കൻ കൊറിയയെയും പറ്റിയുള്ള സിപിഐ എം നിലപാടിന്റെ പേരിൽ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ബിജെപി നേതാക്കളുടെ ബാലിശമായ ആവശ്യം. ചൈനയെപ്പറ്റി സിപിഐ എം സംസ്ഥാന സെക്രട്ടറി ആലപ്പുഴയിൽ നടത്തിയ പ്രസംഗം രാജ്യദ്രോഹവും ഇന്ത്യയുടെ വികസനം തടസ്സപ്പെടുത്തുന്നതിനുള്ള ആഹ്വാനവുമാണെന്നാണ് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്‍ണദാസ്‍ അഭിപ്രായപ്പെട്ടത്‍. എന്റെ പ്രസംഗം  കടുത്ത രാജ്യദ്രോഹമാണെന്ന വിലയിരുത്തൽ നടത്തിയ കുമ്മനം രാജശേഖരനാകട്ടെ ഞാൻ ഉന്നയിക്കാത്ത വാദവും അർഥവും തിരുകിക്കയറ്റുകയും ചെയ്‍തു. ചൈനയെ വളഞ്ഞിട്ട്‍ ഇന്ത്യ ആക്രമിക്കുന്നുവെന്ന് ഞാൻ പറഞ്ഞുവെന്നാണ് കുമ്മനത്തിന്റെ വ്യാഖ്യാനം. ചൈനയെ ഒറ്റപ്പെടുത്താൻ ജപ്പാൻ, ഓസ്‍ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളെ അമേരിക്കൻ സാമ്രാജ്യത്വം കൂട്ടുപിടിച്ചിരിക്കുകയാണ്. ഇന്ത്യ ഇതിൽ പങ്കാളിയാകുന്നതിന്റെ ആപത്ത്‍ ചൂണ്ടിക്കാട്ടുകയാണ് ഞാൻ ചെയ്‍തത്‍. രാജ്യസ്നേഹമുള്ള ഏതൊരു ഇന്ത്യക്കാരനും ഇപ്രകാരമുള്ള ഒരു നിലപാടെടുക്കാനുള്ള ഭരണഘടനാസ്വാതന്ത്ര്യമുണ്ട്‍. അത്‍ മനസ്സിലാക്കാതെ 'ചൈനാചാരനെ അറസ്റ്റ്‍ ചെയ്യൂ' എന്ന് മുദ്രാവാക്യം വിളിച്ച്‍ പ്രകടനം നടത്തിയ ബിജെപി നടപടി അപഹാസ്യമാണ്.

ചൈനാചാരനെന്ന് ആരോപിച്ച്‍ പണ്ട്‍ ഇ എം എസിനെയും എ കെ ജിയെയും അറസ്റ്റ്‍ ചെയ്യുകയും നൂറുകണക്കിന് കമ്യൂണിസ്റ്റുകാരെ ജയിലിൽ അടയ്‍ക്കുകയും ചെയ്‍തിരുന്നു. അത്‍ ആവർത്തിക്കാനുള്ള ത്വര സംഘപരിവാർ നേതാക്കൾക്ക്‍ ഇന്നുമുണ്ടാകും. ഇന്ത്യ‐ചൈന അതിർത്തിത്തർക്കം യുദ്ധത്തിലൂടെയല്ല, പരസ്‍പരചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇ എം എസ്‍ ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് അഭിപ്രായപ്പെട്ടത്‍. 'നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന സ്ഥലം' എന്ന പ്രയോഗം ഇ എം എസ്‍ നടത്തിയതിനെപ്പോലും വക്രീകരിച്ച്‍ ഇന്ന് ലേഖനമെഴുതുന്ന മുൻ നക്‍സൽ നേതാവ്‍ കെ വേണു, യഥാർഥത്തിൽ ആർഎസ്‍എസിന്റെയും ബിജെപിയുടെയും ഉച്ചഭാഷിണിയായി അധഃപതിച്ചു.

നമ്മുടെ അയൽരാജ്യമായ ചൈന എന്ന സോഷ്യലിസ്റ്റ്‍ രാഷ്ട്രത്തെപ്പറ്റി മിണ്ടിപ്പോയാൽ അത്‍ രാജ്യദ്രോഹമാകുമെന്നത്‍ പുതിയൊരു തത്വസംഹിതയാണ്. അതിന് കീഴ്പ്പെടാൻ കമ്യൂണിസ്റ്റുകാർമാത്രമല്ല, ജനാധിപത്യവിശ്വാസികളും തയ്യാറാകില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയ്‍ക്കുശേഷം സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രത്യയശാസ്‍ത്ര പ്രചാരവേല ജ്വരസദൃശമായ അവസ്ഥയിലെത്തിയിരുന്നു. അതിന് മാറ്റമുണ്ടായി. ലാറ്റിനമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും എന്തിന് അമേരിക്കയിൽപ്പോലും മുതലാളിത്തത്തിനും ആഗോളവൽക്കരണത്തിനുമെതിരായ സമരവും മുന്നേറ്റവും പല ഘട്ടങ്ങളിലുമുണ്ടായി. ഇതൊന്നും കാണാതെ കമ്യൂണിസ്റ്റ്‍ വിരുദ്ധ ജ്വരത്തിൽ അമർന്നിരിക്കുകയാണ് കെ വേണുവിനെപ്പോലെയുള്ളവർ. അതുകൊണ്ടാണ് സംഘപരിവാർ ഉയർത്തുന്ന ആശയത്തിന്റെ പ്രചാരകനായി അദ്ദേഹം മാറിയത്‍. ആഗോളവൽക്കരണത്തിനുകീഴിൽ, മൂന്നാംലോകരാജ്യങ്ങളിലടക്കം സാമ്പത്തികമായി പുനർ കോളനിവൽക്കരണത്തിനാണ് യുഎസ്‍ സാമ്രാജ്യത്വം പരിശ്രമിക്കുന്നത്‍. അമേരിക്കൻ സാമ്രാജ്യത്വ നിയന്ത്രിതമായ, അതിന്റെ ആജ്ഞാനുവർത്തിയായ ഒരു ലോകത്തിനാണ് അവർ ലക്ഷ്യമിടുന്നത്‍. ഈ ചതിയിൽ ഇന്ത്യ ഉൾപ്പെടരുത്‍ എന്ന മുന്നറിയിപ്പാണ് ഞങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്‍.

ചൈനയെ ഒറ്റപ്പെടുത്തുക എന്ന അമേരിക്കൻനയത്തിന് കീഴ്പ്പെടാതെ, ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തിന് വൻ സാധ്യതയുണ്ടെന്ന വസ്‍തുതയാണ് ഞങ്ങൾ, കമ്യൂണിസ്റ്റുകാർ, രാജ്യത്തെ ഭരണാധികാരികളെയും ജനങ്ങളെയും അറിയിക്കുന്നത്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തിൽ അസന്തുഷ്ടിയുള്ളത്‍ സാമ്രാജ്യത്വരാജ്യങ്ങൾക്കും അവരുടെ ഏജന്റുകൾക്കുമാണ്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി മാറിയ ചൈന, ഇന്നത്തെ നിലയിൽ പുരോഗമിച്ചാൽ അമേരിക്കയെ കടത്തിവെട്ടുമെന്ന് സാമ്പത്തികവിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു. ചൈനാവിരുദ്ധത പ്രകടിപ്പിച്ചാലേ, ഒരാൾ ദേശസ്നേഹിയായ ഇന്ത്യക്കാരനാകൂ എന്ന നിബന്ധനയാണ് കേരളത്തിലെ ബിജെപി നേതാക്കൾ മുന്നോട്ടുവച്ചിരിക്കുന്നത്‍. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട്‍ ഷാങ്‍ ഹായ്‍ സഹകരണ സംഘടനയിൽ  (എസ്‍സിഒ) പാകിസ്ഥാനോടൊപ്പം ഇന്ത്യയും പൂർണ അംഗമായി മാറിയെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‍ ചോദിക്കാനുള്ള ആർജവം ഇവർക്കുണ്ടാകുമോ. ഭീകരതയെയും വിഘടനവാദത്തെയും തീവ്രവാദത്തെയും ചെറുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാസഖ്യമാണ് എസ്‍സിഒ.

സാങ്കേതികവിദ്യ, വ്യാപാരം, സാമ്പത്തികം എന്നിവയിൽ സഹകരണം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നതാണ് ഈ സഖ്യം. ഇതിൽ പങ്കാളിയായെങ്കിലും 'ഒരു മേഖല, ഒരു പാത' എന്നതിൽ ഭാഗമാകാതെ ഇന്ത്യ മാറിനിൽക്കുന്നു. ഇത്‍ അമേരിക്കൻപ്രീതിക്കുവേണ്ടിയാണ്. ഇന്ത്യ‐ ചൈന ബന്ധം മെച്ചമാക്കാൻ മോഡിയും ചൈനീസ്‍ പ്രസിഡന്റ്‍ ഷി ജിൻപിങ്ങും തെക്കുകിഴക്കൻ ചൈനീസ്‍ നഗരമായ ഷിയാമെന്നിൽ ഏതാനും മാസങ്ങൾക്കുമുമ്പ്‍ കൂടിക്കാഴ്‍ച നടത്തി. അതിർത്തിപ്രശ്‍നങ്ങൾ ഉൾപ്പെടെ സമാധാനപരമായി തീർക്കാനുള്ള നല്ല സൗഹൃദം പുലർത്തിക്കൊണ്ടാണ് അവർ പിരിഞ്ഞത്‍. ഇന്ത്യ‐ ചൈന ബന്ധം ആ വിധത്തിൽ സൗഹൃദപരമായി വളർത്തണമെന്ന വികാരം കമ്യൂണിസ്റ്റുകാർ പ്രകടിപ്പിച്ചാൽ അതെങ്ങനെ രാജ്യദ്രോഹമാകും.

ചൈനീസ്‍ കമ്യൂണിസ്റ്റ്‍ പാർടിയുടെ 19‐ാം പാർടികോൺഗ്രസ്‍ ഈയിടെയാണ് വിജയകരമായി നടന്നത്‍. ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈനയെ മാറ്റുന്നതിൽ കമ്യൂണിസ്റ്റ്‍ പാർടിക്ക്‍ വിജയം നേടാൻ കഴിഞ്ഞുവെന്ന് കോൺഗ്രസ്‍ വിലയിരുത്തി. ചൈന സോഷ്യലിസത്തിൽ എത്തിയിട്ടില്ലെന്നും അതിന്റെ പടിവാതുക്കലായിട്ടേയുള്ളൂയെന്നും വ്യക്തമാക്കിയ പാർടി കോൺഗ്രസ്‍ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും മാറ്റുന്നതിൽ വലിയ വിജയം കൈവരിച്ചുവെന്നും വ്യക്തമാക്കി. ചൈനീസ്‍ സർക്കാർ ലക്ഷ്യംവച്ച 6‐7 ശതമാനം ജിഡിപി വർധന നേടാൻ കഴിഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി. അടിസ്ഥാന സൗകര്യമേഖലയിൽ വിസ്‍മയകരമായ വളർച്ച നേടി. 2011ൽ ആളോഹരിവരുമാനം 5000 ഡോളറായിരുന്നുവെങ്കിൽ കഴിഞ്ഞവർഷം അത്‍ 10,000 ഡോളറായി. എന്നാൽ, ഇന്ത്യക്കാരുടേത്‍ 1500 ഡോളറാണ്.

ചൈനയിലെ ഭരണകക്ഷിയായ ചൈനീസ്‍ കമ്യൂണിസ്റ്റ്‍ പാർടിയുടെ 19‐ാം കോൺഗ്രസിലെ തീരുമാനങ്ങളിൽ ഒരു വിഹഗവീക്ഷണം സിപിഐ എം ജില്ലാ സമ്മേളനങ്ങളുടെ ഉദ്‍ഘാടന പ്രസംഗങ്ങളിൽ ഞാനും പിണറായി വിജയനും നടത്തിയിട്ടുണ്ട്‍. ചൈനയുടെ പ്രസിഡന്റായ ഷി ജിൻപിങ്ങിനെ പാർടി ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. പാർടി ഭരണഘടനപ്രകാരം അഞ്ചുവർഷമാണ് കാലാവധി. അഴിമതിക്കും അച്ചടക്കരാഹിത്യത്തിനുമെതിരെ ശക്തിയായി പ്രവർത്തിക്കുമെന്ന് ഷി വ്യക്തമാക്കി. ചൈനീസ്‍ വിപ്ലവത്തിന്റെ 100 വർഷം പൂർത്തിയാക്കുന്നതിന്റെ ഓർമയുണർത്തി 2050 ആകുമ്പോഴേക്കും ചൈനയെ സോഷ്യലിസ്റ്റ്‍ രാഷ്ട്രമാക്കണമെന്ന ദൃഢനിശ്ചയമാണ് പാർടി കോൺഗ്രസ്‍ കൈക്കൊണ്ടത്‍. അതിനുമുമ്പായി 2035നകം ചൈനയെ ശാസ്‍ത്രഗവേഷണരംഗത്തെ ലോകനേതാവായി ഉയർത്തണമെന്ന ലക്ഷ്യവും മുന്നോട്ടുവച്ചു. സാമ്പത്തിക അഭിവൃദ്ധിയുള്ള, മധ്യവരുമാനക്കാരുടേതായ രാജ്യമായി 2021നകം രാജ്യത്തെ മാറ്റുന്നതിനുള്ള കർമപദ്ധതി പൂർത്തിയാക്കാനും തീരുമാനിച്ചു.

അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നയപരിപാടികളും ഷി തന്റെ പ്രഖ്യാപനങ്ങളിൽ ഉൾക്കൊള്ളിച്ചു. സൗഹൃദം, വിശ്വസ്‍തത, പരസ്‍പരനേട്ടം, വിശാലവീക്ഷണം തുടങ്ങിയവയിൽ ഊന്നിയുള്ള അയൽരാജ്യബന്ധത്തിനാണ് അടിവരയിട്ടത്‍. മറ്റു രാജ്യങ്ങളുടെമേൽ ഏതെങ്കിലുമൊരു രാജ്യത്തിന്റെ താൽപ്പര്യം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ തടയുമെന്ന പാർടി കോൺഗ്രസിലെ ഷിയുടെ പ്രഖ്യാപനം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ലക്കുകെട്ട പോക്കിനുള്ള താക്കീതുകൂടിയാണ്. ലോകത്ത്‍ ഏറ്റവുമധികം ജനങ്ങൾ (141 കോടി) ജീവിക്കുന്ന നാട്‍, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറാൻ പോകുന്നുവെന്ന് അന്തർദേശീയ സാമ്പത്തികസംഘടനകൾപോലും ചൂണ്ടിക്കാട്ടുമ്പോൾ അത്‍ ഏതൊരു സാമ്രാജ്യത്വവിരുദ്ധരെയും ആവേശംകൊള്ളിക്കുന്നതാണ്. എന്നാൽ, സ്വാതന്ത്ര്യസമരകാലത്ത്‍ ബ്രിട്ടീഷ്‍ സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്‍ത ആർഎസ്‍എസിന്റെ പ്രതിനിധികൾ ഇന്ന് അധികാരത്തിലിരിക്കുമ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നല്ലപിള്ളകളായി മാറുന്നത്‍ അതിശയകരമല്ല. അതുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഡൽഹിയിൽ മോഡി വലിയ സ്വീകരണം നൽകിയത്‍. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നത്‍; 2003ൽ ഏരിയൽ ഷാരോൺ. ഇസ്രയേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി മോഡിയുമാണ്.

ഒരു വെറുക്കപ്പെട്ട രാജ്യമായി കണ്ട്‍ ഇസ്രയേലിനെ നയതന്ത്രബന്ധത്തിൽനിന്ന് ഒഴിച്ചുനിർത്തിയതായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാലംമുതലേയുള്ള വിദേശനയം. അതിന്റെ ഭാഗമാണ് പലസ്‍തീൻ വിമോചനസംഘടനയുടെ നേതാവ്‍ യാസർ അറഫാത്തിനെ സഹോദരതുല്യനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കണ്ടത്‍. ഇന്ത്യയുടെ അടിയുറച്ച ഇസ്രയേൽവിരുദ്ധ വിദേശനയം കാറ്റിൽപ്പറത്തിയാണ് നെതന്യാഹുവിനെ മോഡി വരവേറ്റതും ഡൽഹിയിലെ തീൻമൂർത്തി ചൗക്കിന് ഇസ്രയേൽ നഗരമായ ഹൈഫേയുടെ(തീൻമൂത്തി ഹൈഫ ചൗക്ക്‍) പേരിട്ടതും. ഇതിൽ തെളിയുന്നത്‍ സയണിസ്റ്റ്‍ പ്രേമം മാത്രമല്ല, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപ്പര്യത്തിന് ഇന്ത്യ കീഴടങ്ങുന്നതിന്റെ കാഴ്‍ചയുമാണ്. 

വടക്കൻ കൊറിയയുടെ പേരിലും സിപിഐ എമ്മിനെ ഒരു വിഭാഗം ബൂർഷ്വാ മാധ്യമങ്ങളും സംഘപരിവാർ നേതാക്കളും പഴിക്കുന്നുണ്ട്‍. കൊറിയ സോഷ്യലിസ്റ്റ്‍ ആശയസംഹിതകളുമായി മുന്നോട്ടുപോകുന്ന ഒരു രാജ്യമാണ്. ആ നാടിനെപ്പറ്റി ഒരുപാട്‍ വികൃതമായ കഥകൾ പ്രചരിക്കുന്നുണ്ട്‍. അതിനുള്ള മാധ്യമ ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്‍ അമേരിക്കൻ സാമ്രാജ്യത്വമാണ്. ഏതൊരു സോഷ്യലിസ്റ്റ്‍ രാജ്യത്തിലെയും ചില നടപടികളെയും രീതികളെയും പറ്റി ഇതരരാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‍ പാർടികൾക്ക്‍ ചിലപ്പോഴെല്ലാം വ്യത്യസ്‍തമായ അഭിപ്രായങ്ങൾ ഉണ്ടായിയെന്നുവരും. അത്തരം അഭിപ്രായങ്ങളെല്ലാം പരസ്യവിമർശമായി ഉന്നയിക്കുന്ന പതിവ്‍ കമ്യൂണിസ്റ്റ്‍ പാർടികൾക്കില്ല. പരസ്യമായി പറയേണ്ടകാര്യങ്ങൾമാത്രം പരസ്യപ്പെടുത്തും. കിം ഇൽ സുങ്ങിന്റെ കൊച്ചുമകൻ കിം ജോങ്‍ ഉന്നാണ് ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്‍. ആ ഭരണമാകട്ടെ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും പ്രസിഡന്റ്‍ ട്രംപിന്റെയും ഭീഷണിക്ക്‍ കീഴടങ്ങാൻ തയ്യാറാകുന്നില്ല. ഇറാഖ്‍, ലിബിയ എന്നീ രാജ്യങ്ങളെ തകർത്തതുപോലെയുള്ള നീക്കങ്ങളെയും ഗൂഢാലോചനകളെയും ചെറുക്കാനും രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാനുമുള്ള ധീരമായ നിലപാട്‍ സ്വീകരിച്ചുവരുന്നു. അതിനെ ആ അർഥത്തിൽ കാണാതെ സോഷ്യലിസ്റ്റ്‍ കൊറിയയുടെ പേരിൽ സംഘപരിവാറിന്റെ തലതിരിഞ്ഞ ആശയം കടമെടുത്ത്‍ കമ്യൂണിസ്റ്റുകാരെ പരിഹസിക്കുന്ന കെ വേണുവിനെ നോക്കി പുരോഗമനകേരളം 'ഹാ! കഷ്ടം' എന്നു കുറിക്കും.

സോവിയറ്റ് യൂണിയൻ നിലനിന്ന കാലത്തുപോലും സോവിയറ്റ് യൂണിയനിലെയോ ചൈനയിലെയോ കമ്യൂണിസ്റ്റ്‍ പാർടിയുടെ വാലായി പ്രവർത്തിച്ച പാർടിയല്ല സിപിഐ എം. ഈ രാജ്യത്തെ വിപ്ലവപാതയും കർമപരിപാടിയും സ്വതന്ത്രമായി സ്വീകരിച്ച്‍ മുന്നോട്ടുപോകുകയാണ് സിപിഐ എം ചെയ്‍തിട്ടുള്ളത്‍. രണ്ടുപതിറ്റാണ്ടോളം കാലം സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ്‍ പാർടിയുമായി പാർടിതലബന്ധം സിപിഐ എമ്മിന് ഉണ്ടായിരുന്നില്ല. 1967ലും തുടർന്നുള്ള വർഷങ്ങളിലും ചൈനീസ്‍ കമ്യൂണിസ്റ്റ്‍ പാർടിയാകട്ടെ,  ഇന്ത്യയിലെ സിപിഐ എമ്മിനെ 'പുത്തൻ റിവിഷനിസ്റ്റ്‍' എന്ന് ആരോപിക്കുകയും അന്ന് മുഖ്യമന്ത്രിമാരായിരുന്ന ഇ എം എസിനെയും ജ്യോതിബസുവിനെയും പേരെടുത്ത്‍ പറഞ്ഞ്‍ വിമർശിക്കുകയും ചെയ്‍തിരുന്നു. ഇത്‍ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്‍ സിപിഐ എം ഇന്ത്യയിൽ പ്രവർത്തിക്കുന്നത്‍ സ്വതന്ത്രവ്യക്തിത്വത്തോടെയാണെന്ന് ഓർമപ്പെടുത്താനാണ്. ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാരോടും സോഷ്യലിസ്റ്റ്‍ ഭരണത്തോടുമുള്ള ഞങ്ങളുടെ മമതബന്ധം മറച്ചുവയ്‍ക്കുന്നുമില്ല. ഇന്ത്യയെന്ന രാജ്യത്തോടും ഇന്ത്യക്കാരോടുമുള്ള പ്രഥമ പ്രതിബദ്ധത മുറുകെപ്പിടിച്ചാണ് സിപിഐ എം പ്രവർത്തിക്കുന്നതെന്നും വിമർശകരെ ഞങ്ങൾ ഓർമപ്പെടുത്തുന്നു

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top