23 January Wednesday

ഹിമവാനുമുകളില്‍ ചെങ്കൊടി

എം എ ബേബിUpdated: Monday Dec 18, 2017

പ്രതീക്ഷിച്ചതുപോലെ കമ്യൂണിസ്റ്റ് കൂട്ടായ്മ നേപ്പാളിലെ ജനവിധിയില്‍ അത്യുജ്വല വിജയം നേടി. ആകെ 275 സീറ്റില്‍ ആനുപാതിക പ്രാതിനിധ്യപ്രകാരമാണ് 110 സീറ്റില്‍ ഫലം നിര്‍ണയിക്കുന്നത്. വോട്ടിങ് ശതമാനം വച്ചുനോക്കുമ്പോള്‍ 110ല്‍ 50 സീറ്റെങ്കിലും കമ്യൂണിസ്റ്റ് സഖ്യത്തിന് ലഭിക്കും. നേരിട്ടുള്ള തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ (165ല്‍ 116)കൂടി കൂട്ടുമ്പോള്‍ ആകെയുള്ള 275 സീറ്റില്‍ 167 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം കമ്യൂണിസ്റ്റ് സഖ്യത്തിന് ലഭിക്കും.

കുറഞ്ഞത് മൂന്ന് ശതമാനം വോട്ട് ലഭിച്ചാലേ ആനുപാതിക പ്രാതിനിധ്യവിഭാഗത്തില്‍ സീറ്റ് ലഭ്യമാകുകയുള്ളൂ. ഈ നിബന്ധനപ്രകാരം അഞ്ചു പാര്‍ടിക്കാണ് 110 സീറ്റുകള്‍ വീതംവയ്ക്കുക. അവ ഭരണസഖ്യമായ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നിവയും നേപ്പാളി കോണ്‍ഗ്രസ്, ഫെഡറല്‍ സോഷ്യലിസ്റ്റ് ഫോറം, രാഷ്ട്രീയ ജനതാപാര്‍ടി എന്നിവയുമാണ്. 

പുതിയ ഫെഡറല്‍ ജനാധിപത്യ റിപ്പബ്ളിക്കന്‍ ഭരണഘടനയനുസരിച്ച് നേപ്പാളില്‍ ഏഴു പ്രവിശ്യകളാണുള്ളത്. പ്രവിശ്യാ ഭരണസംവിധാനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറിടത്തും  കമ്യൂണിസ്റ്റ് സഖ്യം വിജയിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് സഖ്യത്തിന് പ്രവിശ്യാസഭകളില്‍ 189 സീറ്റ് ലഭിച്ചപ്പോള്‍ നേപ്പാളി കോണ്‍ഗ്രസിന് 45 സീറ്റുമാത്രമേ ലഭിച്ചുള്ളൂ.

യുഎംഎല്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ കഗ്ഡ പ്രസാദ് ഓലി, മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പകമല്‍ ദഹല്‍ (പ്രചണ്ഡ), നിലവിലുള്ള പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ ഷേര്‍ ബഹാദൂര്‍ ഡൂബ, മുന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ നയശക്തി പാര്‍ടി നേതാവുമായ ബാബുറാം ഭട്ടറായി എന്നിവരാണ് കടുത്ത രാഷ്ട്രീയപോരാട്ടത്തെ മുന്നില്‍നിന്ന് നയിച്ച പ്രമുഖര്‍. ഇത്രയധികം മുന്‍ പ്രധാനമന്ത്രിമാര്‍ മത്സരിച്ച തെരഞ്ഞെടുപ്പ് ലോകത്ത് വേറെ നടന്നിട്ടുണ്ടോയെന്ന് സംശയം. 2006ല്‍ ആഭ്യന്തരസംഘര്‍ഷം അവസാനിച്ചശേഷം കടുത്ത രാഷ്ട്രീയ അസ്ഥിരതയായിരുന്നു നടമാടിയത്. 11 വര്‍ഷം പത്തു പ്രധാനമന്ത്രിമാരെന്ന വിചിത്രമായ അവസ്ഥ വ്യക്തമാക്കുന്നത് അതാണ്.

ജനങ്ങള്‍ അസന്ദിഗ്ധമായി ഒരു നിലപാട് വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജവാഴ്ചക്കാലത്തും അതിനുശേഷവും ചാഞ്ചാട്ടവും ഒത്തുതീര്‍പ്പും മുഖമുദ്രയാക്കിയ നേപ്പാളി കോണ്‍ഗ്രസ് സഖ്യത്തിനെ അവര്‍ തിരസ്കരിച്ചു. ആദ്യം ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെ കൂട്ടുകെട്ടിനൊപ്പം നിന്ന 'ഇടതുപക്ഷ' പാര്‍ടിയായ ന്യായശക്തി പാര്‍ടിയുടെ മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടറായി ഇടതുസഖ്യം ഉപേക്ഷിച്ച് നേപ്പാളി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നെങ്കിലും ആ കക്ഷിക്ക് ഒറ്റസീറ്റേ ലഭിച്ചുള്ളൂ.
തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാന പാര്‍ടികളെല്ലാം മുഖ്യമായി രണ്ടു കൂട്ടുകെട്ടുകളായി മത്സരിച്ചത് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഒരു പ്രധാന സവിശേഷതയാണ്. അതില്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികള്‍ ചേര്‍ന്ന് രൂപംനല്‍കിയ ഇടതുസഖ്യം വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുന്നു. ഏകദേശം 68 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.

സങ്കീര്‍ണമായ സമരപാതകളിലൂടെയാണ് രാഷ്ട്രീയമുന്നേറ്റത്തിന്റെ ഈ വഴിത്തിരിവില്‍ നേപ്പാള്‍ എത്തിയത്. രാജവാഴ്ചയിന്‍കീഴില്‍ 'ഹിന്ദുരാഷ്ട്ര'മായാണ് നേപ്പാള്‍ നിര്‍വചിക്കപ്പെട്ടിരുന്നത്. ബഹുജനസമരങ്ങളും വിദ്യാര്‍ഥി- യുവജന പ്രക്ഷോഭങ്ങളും ജനപ്രാതിനിധ്യം വ്യത്യസ്തതോതില്‍ അനുവദിക്കാന്‍ രാജാധിപത്യശക്തികളെ നിര്‍ബന്ധിതമാക്കി. 1959ല്‍ 109 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. പിന്നീട് 12 വര്‍ഷം കഴിഞ്ഞ് '71ലും അതിനുശേഷം '81ലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. '71ലും '81ലും 16 പേരെവീതം നാമനിര്‍ദേശം ചെയ്യാനും വ്യവസ്ഥയുണ്ടായിരുന്നു. 2008ലും 2013ലും 575 അംഗ പാര്‍ലമെന്റുകളായിരുന്നു.

1996 മുതല്‍ 2006 വരെ പത്തുവര്‍ഷം നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഒരുവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സായുധസമരവും നേപ്പാളിന്റെ രാഷ്ട്രീയജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബഹുജനസമരവും സായുധസമരവും രാജാധിപത്യശക്തികളെ മുട്ടുകുത്തിച്ചതിന്റെ ഫലമായാണ് ഭരണഘടനാ നിര്‍മാണസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. അതും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥപ്രകാരം തെരഞ്ഞെടുത്തവര്‍കൂടി ഉള്‍പ്പെട്ടതായിരുന്നു.
പുതുതായി നിലവില്‍വരുന്ന നേപ്പാള്‍ പാര്‍ലമെന്റിന്റെ രണ്ട് സ്വഭാവ സവിശേഷതകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കുംകൂടി മാതൃകയാണ്. ഒന്ന്, 40 ശതമാനം സീറ്റില്‍ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥപ്രകാരമാണ് തെരഞ്ഞെടുപ്പ് എന്നതാണ്. രണ്ടാമത്, മൂന്നിലൊന്നുഭാഗം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നു എന്നതാണ്. അത് ഓരോ പാര്‍ടിയും ഉറപ്പാക്കാന്‍ നിര്‍ബന്ധിതരാണ്.

ഒരു പാര്‍ടിക്ക് കിട്ടുന്ന പ്രാതിനിധ്യത്തില്‍ മൂന്നിലൊന്ന് സ്ത്രീപ്രാതിനിധ്യമില്ലെങ്കില്‍, ആ പാര്‍ടി ആനുപാതിക പ്രാതിനിധ്യപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ടി ലിസ്റ്റില്‍നിന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്നതാണ് ചട്ടം. ഭരണഘടനാ നിര്‍മാണസഭയിലെ കമ്യൂണിസ്റ്റ് സാന്നിധ്യമാണ് ഇത്തരത്തില്‍ അഭിമാനകരമായ വ്യവസ്ഥ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള സാഹചര്യം രൂപപ്പെടുത്തിയത്. ഇന്ത്യയില്‍ വനിതാപ്രാതിനിധ്യ ബില്‍ ചര്‍ച്ചചെയ്യുകയല്ലാതെ പ്രായോഗികമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. ചെറിയ അയല്‍രാജ്യത്തുനിന്ന് ഇന്ത്യയിലെ പ്രബലരാഷ്ട്രീയ പാര്‍ടികള്‍ പാഠം പഠിക്കുമോ എന്നത് പ്രസക്തമായ ചോദ്യമാണ്.

'മധേസി' വിഭാഗത്തില്‍പ്പെട്ടവരും 'ജനജാതി' എന്ന് വിശേഷപ്പിക്കുന്ന ട്രൈബല്‍ ജനതയും 'സ്വത്വാ'ധിഷ്ഠിതമായ നിലപാട് സ്വീകരിച്ച് പുതിയ ഭരണഘടനയെപ്പറ്റി പരാതികള്‍ ഉന്നയിക്കുന്നുണ്ട്. അതില്‍ ജനാധിപത്യപരമായി ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ അംഗീകരിക്കുന്ന സമീപനം കമ്യൂണിസ്റ്റ് സഖ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്നത് നേപ്പാള്‍ രാഷ്ട്രീയത്തിന്റെ ഭാവിയിലെ ഒരു പ്രധാന പ്രശ്നമാണ്.

പെട്ടെന്ന് തര്‍ക്കിച്ച് ഭിന്നിക്കുന്ന സ്വഭാവം നേപ്പാളിലെ രാഷ്ട്രീയപാര്‍ടികളിലും സമൃദ്ധമാണ്. ഇതെത്രമാത്രം നിയന്ത്രണവിധേയമാക്കാമെന്നതാണ് നേപ്പാള്‍ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകം. അതില്‍തന്നെ ഇരു കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള ബന്ധം നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ കൈവരിക്കാന്‍ കഴിഞ്ഞ കണ്ണഞ്ചിക്കുന്ന വിജയം രണ്ടുതരം ചിന്തകളിലേക്ക് നയിക്കാം. ആത്മവിശ്വാസത്തോടെ കൂടുതല്‍ അടിയുറച്ച സഹകരണം വളര്‍ത്തിയെടുക്കാനും സാധ്യമായാല്‍, പ്രഖ്യാപിക്കപ്പെട്ടതുപോലെ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളും തത്വാധിഷ്ഠിതമായ കൂടിച്ചേരലിന് സന്നദ്ധമാവുകയും ചെയ്യുക എന്നതാണ് ഒന്ന്. അത് സാധ്യമായാല്‍ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാരും പുരോഗമനവിശ്വാസികളും ആഹ്ളാദിക്കും.

നേരേമറിച്ച് ഇരുകമ്യൂണിസ്റ്റ് പാര്‍ടികളും യാഥാര്‍ഥ്യബോധമില്ലാതെ ഭാവിരാഷ്ട്രീയം കൈകാര്യം ചെയ്താല്‍ അത് പിന്നോട്ടടിക്കും കാരണമാകും. സാമാന്യജനതയുമായി ഉറ്റ ആത്മബന്ധം കാത്തുസൂക്ഷിച്ച്, സര്‍ക്കാരിനെ ആധുനിക നേപ്പാളിന്റെ ഐശ്വര്യപൂര്‍ണമായ ഭാവി വാര്‍ത്തെടുക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കാനാകണം. രണ്ടരനൂറ്റാണ്ട് നീണ്ടുനിന്ന ജനവിരുദ്ധമായ രാജവാഴ്ചയ്ക്ക് വിരാമമിട്ട് പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ചുമതലയേല്‍ക്കുന്ന കമ്യൂണിസ്റ്റ് സഖ്യത്തില്‍ സാധാരണജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. രണ്ടേമുക്കാല്‍ കോടിയാണ് നേപ്പാളിന്റെ ജനസംഖ്യ. നേപ്പാളിന്റെ ഭൂവിസ്തൃതിയില്‍ കൃഷിക്കോ താമസത്തിനോ അനുയോജ്യമല്ലാത്ത പര്‍വതഭാഗങ്ങള്‍ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നേപ്പാളിന്റെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് കൂറ്റന്‍ വെല്ലുവിളിയാണ്.

ഇന്ത്യയും ചൈനയുമാണ് നേപ്പാളിന്റെ അതിര്‍ത്തിരാഷ്ട്രങ്ങള്‍. നല്ല ബന്ധമാണ് ഇരുരാജ്യങ്ങളുമായും നേപ്പാള്‍ പുലര്‍ത്തിപ്പോന്നിട്ടുള്ളത്. നരേന്ദ്ര മോഡി പ്രധാനമന്ത്രി എന്ന നിലയില്‍ രണ്ടുതവണ സന്ദര്‍ശനം നടത്തിയിട്ടുള്ള അപൂര്‍വരാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. എന്നാല്‍, ചില പ്രത്യേക കണക്കുകൂട്ടലുകളോടെ നേപ്പാളിന്റെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെടാന്‍ മോഡിയും സംഘപരിവാറും ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പറയാനാവില്ല. 'മധേസി' വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ന്യായമായി ചില ആശങ്കകളുണ്ടെന്നത് സത്യം. അത് ഊതിവീര്‍പ്പിച്ച് അവരെ കലാപത്തിനിറക്കാന്‍ ചിലര്‍ ഉള്ളില്‍നിന്നും പുറത്തുനിന്നും നേപ്പാളില്‍ ശ്രമം നടത്തി. അത് അഞ്ചുമാസം നീണ്ടുനിന്ന ഉപരോധമായാണ് കലാശിച്ചത്. നേപ്പാളില്‍ ഭക്ഷണം, മരുന്ന്, എണ്ണ എന്നിവയ്ക്കെല്ലാം കടുത്ത ക്ഷാമമായി. കടുത്ത ഇന്ത്യാവിരുദ്ധ വികാരം വളര്‍ന്നുവരാന്‍ ഇതിടയാക്കി. കമ്യൂണിസ്റ്റ് നേതാവ് കെ പി ഓലി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഈ അകല്‍ച്ച സൃഷ്ടിക്കപ്പെട്ടത്. പ്രധാനമന്ത്രി എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ഓലി, ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് നേതാക്കളുമായി ചര്‍ച്ച ചെയ്യുകയും ചില കരാറുകള്‍ ഒപ്പിടുകയും ചെയ്തു. ചുരുക്കത്തില്‍ നരേന്ദ്ര മോഡിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങള്‍ നേപ്പാളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.
ലോകത്തെ 'ഒരേയൊരു ഹിന്ദുരാഷ്ട്രം' അതല്ലാതാവുകയും ഫെഡറല്‍ ജനാധിപത്യ റിപ്പബ്ളിക്കാവുകയും കമ്യൂണിസ്റ്റുകാരുടെ നേതൃത്വം സ്വീകരിക്കുകയും ചെയ്യുന്നതില്‍ മോഡി അന്ധാളിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കുന്ന ഇടപെടലുകളാണ് മോഡി നടത്തുന്നതെന്ന ആക്ഷേപം ഒരിക്കലും സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ, ഇന്ത്യയില്‍ 'ഹിന്ദുരാഷ്ട്രം' സൃഷ്ടിക്കാന്‍ കോപ്പുകൂട്ടുന്ന  മോഡിക്ക് അടങ്ങിയിരിക്കാനും കഴിയില്ലല്ലോ.

മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന സന്ദര്‍ഭമാണിത്. അതേസമയം, കമ്യൂണിസത്തിന് ഭാവിയില്ല എന്ന് വാദിച്ച് സ്ഥാപിക്കാന്‍ ചൂഷകവര്‍ഗസൈദ്ധാന്തികരും 'സ്വതന്ത്ര ബുദ്ധിജീവി'കളും ചില ശുദ്ധഗതിക്കാരുമൊക്കെ ഉത്സാഹിക്കുന്നുണ്ട്. അവരുടെ കണക്കുകൂട്ടലുകള്‍ എത്രമാത്രം അബദ്ധജടിലമാണെന്ന് നേപ്പാളിന്റെ നെറുകയില്‍, എവറസ്റ്റിനുമുകളില്‍ ഉയരുന്ന ചെങ്കൊടി തെളിയിക്കുന്നു. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ക്ക് ഭാവിമുന്നേറ്റം സുഗമമാണെന്നല്ല ഇതിനര്‍ഥം.കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളുമുണ്ടാകും. അതിനെ അഭിമുഖീകരിക്കാന്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണം. ഇക്കാര്യത്തില്‍ നേപ്പാളിലെ കമ്യൂണിസ്റ്റുകാര്‍ കൈവരിക്കുന്ന വിജയത്തിന്റെ പാഠങ്ങള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും അനുരണനങ്ങള്‍ സൃഷ്ടിക്കാം. സിപിഐ എം, നേപ്പാളിലെ ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുമായി ഉറ്റബന്ധമാണ് പുലര്‍ത്തുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് കൊച്ചിയില്‍വച്ച് സിപിഐ എം സംഘടിപ്പിച്ച ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്- തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നേപ്പാളില്‍നിന്ന് ഇരു കമ്യൂണിസ്റ്റ് പാര്‍ടികളും സംബന്ധിച്ചിരുന്നു. സിപിഐ എമ്മിന് ഇരുപാര്‍ടികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായിച്ചിട്ടുണ്ട്. നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ടികളില്‍ അവിടത്തെ ജനത സമര്‍പ്പിച്ച വിശ്വാസത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് സിപിഐ എം ആശംസിക്കുന്നു

 

പ്രധാന വാർത്തകൾ
 Top