24 March Sunday

മുനപോയ ആരോപണങ്ങൾ

എ കെ ബാലൻ (സാംസ്‌കാരിക മന്ത്രി)Updated: Saturday Sep 15, 2018


പ്രളയദുരന്തം നമുക്ക് ഒരുപാട് പാഠങ്ങൾ നൽകുന്നുണ്ട്. എന്നാൽ, പ്രളയത്തിലും രാഷ്ട്രീയം കലർത്തി ചിലർ നടത്തുന്ന പ്രചാരണങ്ങൾ നാം തിരിച്ചറിയണം.  ഡാമുകളിലെ വെള്ളവും ഡാം മാനേജ്‌മെന്റിലെ പിശകുമാണ് ദുരന്തത്തിന് കാരണമെന്നും അതിനാൽ ഇതൊരു സർക്കാർ സൃഷ്ടി ദുരന്തമാണെന്നുമാണ് രാഷ്ട്രീയപ്രചാരണം. എന്താണ് വസ്തുത? പ്രളയത്തെക്കുറിച്ച് കേന്ദ്ര ജലകമീഷന്റെ പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഒഴുകിയെത്തിയ വെള്ളമാണ് പ്രളയത്തിന് കാരണമെന്നാണ് റിപ്പോർട്ട്.  വെള്ളപ്പൊക്കം സംബന്ധിച്ച് സംസ്ഥാന സർക്കാർ വ്യക്തമാക്കിയ കാരണങ്ങൾ  ശരിവയ‌്ക്കുന്നതാണ് ഈ റിപ്പോർട്ട്. 

കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം തന്ന മുന്നറിയിപ്പുകൾ അവഗണിച്ചതാണ് പ്രളയകാരണമായത് എന്ന ആക്ഷേപവും വസ്തുതകൾക്ക‌്‌ നിരക്കുന്നതല്ല.  കാലാവസ്ഥാവകുപ്പിന്റെ മാനദണ്ഡ പ്രകാരം മൂന്ന് വിഭാഗം മഴയുണ്ട്. 70 മുതൽ 115 മില്ലീ മീറ്റർ വരെയുള്ള ശക്തമായ മഴ. അതിനുമുകളിൽ 205 മില്ലീ മീറ്റർ വരെ അതിശക്തമായ മഴയും 205 മില്ലീ മീറ്ററിന് മുകളിൽ അതിതീവ്രമഴയുമാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ആഗസ‌്തിലെ പ്രതിവാര പ്രവചനത്തിലൊന്നും അതിതീവ്രമഴയുടെ സൂചനയില്ല. പ്രതിവാര ബുള്ളറ്റിനിൽ ആഗസ്ത് ഒന്നുമുതൽ എട്ടുവരെ ശക്തമായ മഴയുടെ സാധ്യതയാണ് പ്രവചിച്ചത്. ആഗസ്ത് ഒമ്പതുമുതൽ 15 വരെ അതിശക്തമായ മഴയും. ആഗസ്ത് ഒമ്പതുമുതൽ 15 വരെ ദീർഘകാല ശരാശരി മഴയായി പ്രവചിച്ചത് 9.85 സെന്റി മീറ്ററും ആണ്. എന്നാൽ, ലഭിച്ചത് 35.22 സെന്റിമീറ്ററും. പ്രവചിച്ചതിന്റെ മൂന്നിരട്ടി. യഥാർഥത്തിൽ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിടത്ത് പെയ്തത് അതിതീവ്രമഴയാണ്.

ഡാം മാനേജ്‌മെന്റിന്റെ പിഴവാണ് പ്രളയത്തിന് കാരണം എന്നതാണ് മറ്റൊരു വാദം. ഇതിന് കേന്ദ്ര ജലകമീഷൻ റിപ്പോർട്ട് കൃത്യമായ മറുപടി നൽകുന്നുണ്ട്. എങ്കിലും ചില കാര്യങ്ങൾകൂടി നാം അറിയേണ്ടതുണ്ട്. ഡാമുകളിൽനിന്ന‌് വെള്ളം തുറന്നുവിട്ടു എന്ന് കേൾക്കുമ്പോൾ സംഭരിച്ചു വച്ചിരിക്കുന്ന വെള്ളം തുറന്നുവിട്ടു എന്നാണ് കരുതുക. എന്നാൽ, ഡാമിലേക്ക് വന്നുചേർന്ന മഴവെള്ളംപോലും  പുറത്തേക്ക് ഒഴുക്കിയിരുന്നില്ല.

ഇടുക്കി ഡാമിൽ മുല്ലപ്പെരിയാർ ഡാമിൽനിന്നുള്ള സ്പില്ലും ശക്തമായ മഴയും ചേർന്ന് 2800 മുതൽ 3000 വരെ ഘനമീറ്റർ വെള്ളം എത്തിയപ്പോൾ പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്ററാണ്. ചെറുതോണിയിലെ ഷട്ടർ തുറന്ന ആഗസ്ത് ഒമ്പതുമുതൽ വെള്ളപ്പൊക്കം നിയന്ത്രണവിധേയമായ 22 വരെ ഇടുക്കി റിസർവോയറിലേക്ക് ആകെ ഒഴുകിയെത്തിയ 999 ദശലക്ഷം ഘനമീറ്റർ വെള്ളത്തിൽ പുറത്തേക്ക് ഒഴുകിയത് 827 ദശലക്ഷം ഘനമീറ്ററായിരുന്നു. ആഗസ്ത് 9 മുതൽ 22 വരെ കക്കിആനത്തോട് ഡാമിൽ എത്തിച്ചേർന്ന വെള്ളം 425 ദശലക്ഷം ഘനമീറ്ററായിരുന്നു. അതായത് ഈ ഡാമുകളിൽ ഒഴുകിയെത്തിയ വെള്ളത്തിൽ ഒരുഭാഗം തടഞ്ഞുനിർത്തിയതിനാൽ യഥാർഥത്തിൽ പ്രളയത്തിന്റെ കാഠിന്യം കുറയുകയായിരുന്നു.

ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്ന് പെരിയാറിലേക്ക് ഒഴുക്കിവിട്ട വെള്ളം സെക്കൻഡിൽ 2900 ഘനമീറ്ററായിരുന്നു. എന്നാൽ, ഇത് രണ്ടും എത്തിച്ചേർന്ന ഭൂതത്താൻകെട്ടിൽനിന്ന‌് പുറത്തുവന്നത് സെക്കൻഡിൽ 7700 ഘനമീറ്ററും. അതായത് 4800 ഘനമീറ്ററാണ് മേൽഡാമുകളിൽ നിന്നല്ലാതെ ഭൂതത്താൻകെട്ടിലെത്തിയത്. ആകെ വെള്ളത്തിൽ മൂന്നിലൊന്ന് ഭാഗം മാത്രമേ ഡാമുകളിൽനിന്ന‌് എത്തിയുള്ളൂ എന്നർഥം. ഭൂതത്താൻകെട്ടിന് താഴ്ന്ന ഭാഗങ്ങളിൽ പെയ്ത മഴകൂടി കണക്കിലെടുത്താൽ ഡാമുകൾക്ക് വെള്ളപ്പൊക്കത്തിലുള്ള പങ്ക് നിസ്സാരമാണെന്ന് കാണാം.

വെള്ളപ്പൊക്കം ഉണ്ടായ ആഗസ്ത് 14, 15 തീയതികളിൽ പമ്പ, കക്കി ഡാമുകൾ അവിടത്തെ പവർഹൗസുകൾ എന്നിവിടങ്ങളിൽനിന്നായി പമ്പയിലെത്തിയ വെള്ളം സെക്കൻഡിൽ 1473 ഘനമീറ്ററാണ്. അതായത് പമ്പ ഡാമിൽനിന്ന് സെക്കൻഡിൽ 249 ഘനമീറ്റർ, ആനത്തോട് കക്കി ഡാമുകളിൽനിന്ന് 844 ഘനമീറ്റർ, മൂഴിയാർ വൈദ്യുതിനിലയത്തിൽനിന്ന് 330 ഘനമീറ്റർ, കക്കാട് വൈദ്യുതിനിലയത്തിൽനിന്ന് 50 ഘനമീറ്റർ എന്നിങ്ങനെ. എന്നാൽ, പമ്പാനദിയിൽ ഈ സമയത്ത് ഒഴുകിയ വെള്ളം പെരുന്തേനരുവി, റാന്നി, പെരുനാട്, റിവർഗേജുകളിലെ കണക്ക് വച്ച് 5080 ഘനമീറ്ററിൽ അധികമായിരുന്നു. അതായത് പമ്പയിലെ ആകെ വെള്ളത്തിൽ ഡാമുകളുടെ പങ്ക് 30 ശതമാനത്തിൽ താഴെമാത്രം.

ഇതുതന്നെയായിരുന്നു വയനാട്ടിലെയും സ്ഥിതി. വയനാട്ടിൽ ഏറ്റവും കൂടുതൽ മഴ പെയ്ത ആഗസ്ത് ഒമ്പതിന് ബാണാസുരസാഗർ ഡാമിൽനിന്ന‌് സെക്കൻഡിൽ 2250 ഘനമീറ്റർ വെള്ളമാണ് കബനി നദിയിലേക്ക് ഒഴുക്കിയത്. വയനാട്ടിൽനിന്ന‌് ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കുന്നതിന് കബനി നദിയിൽ കർണാടകം കെട്ടിയ ബീച്ചിനഹള്ളി ഡാമിൽ ഇതേദിവസം ഒഴുകിയെത്തിയ വെള്ളം സെക്കൻഡിൽ 19400 ഘനമീറ്റർ ആയിരുന്നു. അതായത് കബനിയുടെ വയനാട് ഭാഗത്ത് ഒഴുകിയ വെള്ളത്തിന്റെ 12 ശതമാനം മാത്രമായിരുന്നു ബാണാസുര സാഗറിന്റെ സംഭാവന. ഇതെല്ലാം കാണിക്കുന്നത്, ഡാം മാനേജ്‌മെന്റിലെ പിശകാണ് പ്രളയത്തിന് കാരണം എന്ന വാദം വസ്തുതാപരമായി ശരിയല്ല എന്നാണ്.

കല്ലട തുറന്നുവിട്ടിട്ടും  കൊല്ലത്ത് വെള്ളപ്പൊക്കം ഉണ്ടായില്ല. എന്നാൽ ഇതിനെ, കല്ലടമാത്രമാണ് കൃത്യസമയത്ത് തുറന്നതെന്നും ഫലപ്രദമായ ഡാം മാനേജ്‌മെന്റ് നടന്നത് ഇവിടെമാത്രമാണെന്നും സ്ഥാപിക്കാനാണ് മുൻ ജലവിഭവ വകുപ്പ് മന്ത്രിമാർ ശ്രമിച്ചിട്ടുള്ളത്.  ജലസേചന വകുപ്പിന്റെ ഡാമുകളുടെ ആകെ സംഭരണശേഷിയുടെ മൂന്നിലൊന്നിൽ അധികമാണ് കല്ലടയുടെ ശേഷി.   ജലവിഭവ വകുപ്പ് അതിന്റെ 16 ഡാമുകളിൽനിന്ന് ആഗസ‌്ത‌് 15,16,17  ദിവസങ്ങളിലായി ആകെ പുറത്തുവിട്ട വെള്ളം 700 ദശലക്ഷം ഘനമീറ്റർ ആണ്.  ഇതിൽ 225 ദശലക്ഷം ഘനമീറ്ററും കല്ലടയിൽനിന്നായിരുന്നു.  പക്ഷേ കൊല്ലത്ത് പ്രളയം  ഉണ്ടായില്ല. അതിന്റെ കാരണം കല്ലട നദീതടത്തിലെ മഴ പമ്പ, പെരിയാർ പോലുള്ള നദീതടങ്ങളെ അപേക്ഷിച്ച് 48 ശതമാനം കുറവായിരുന്നു എന്നതാണ്.

പറമ്പിക്കുളം ആളിയാർ പദ്ധതികളുടെ സംയുക്ത ജലക്രമീകരണ ബോർഡ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ല എന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല.  ജൂൺ 19 ന് ബോർഡ് യോഗം കൂടിയിരുന്നു. കനത്ത മഴ വന്നതോടെ പറമ്പിക്കുളം, ആളിയാർ പദ്ധതികളിലെ ഡാമുകൾ നിറയാൻ തുടങ്ങി. നമ്മുടെ ആവശ്യപ്രകാരം  നിയന്ത്രിതമായി വെള്ളം കേരളത്തിലേക്ക് വിടുകയുംചെയ്തു.

ഷോളയാർ, പെരിങ്ങൽകൂത്ത്, ഇടമലയാർ ഡാമുകളിലും  ചിറ്റൂർ പുഴയിലുമാണ് പറമ്പിക്കുളം, ആളിയാർ ഡാമുകളിൽനിന്നുള്ള വെള്ളം എത്തുന്നത്.  തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ആളിയാർ ജൂലൈ 21 നും പറമ്പിക്കുളം ജൂലൈ 14 നും തുറന്നു. ഈ ഡാമുകളിൽനിന്നുള്ള വെള്ളം വരുന്നത് കുറയ‌്ക്കാൻ പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക്  കൊണ്ടുപോകാൻ ജൂലൈ അവസാനത്തോടെ  നിർദേശം  നൽകി.  തമിഴ്‌നാട് സഹകരിച്ചു. എന്നാൽ, ആഗസ‌്ത‌് 14 ന് ശേഷം കനത്ത മഴ വന്നതോടെ ഇങ്ങനെ കൊണ്ടുപോകാൻ കഴിയുന്നതിലധികം വെള്ളം ഡാമുകളിൽ എത്തിയതോടെ  കേരളത്തിലേക്കുള്ള സ‌്പില്ലും കൂടി. ഈ സ്ഥിതിയിലെല്ലാം  തമിഴ്‌നാടുമായി നല്ല ആശയവിനിമയവും പരസ്പര സഹകരണവും ഉറപ്പുവരുത്താൻ സംയുക്ത ജലക്രമീകരണ ബോർഡിന് കഴിഞ്ഞിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച കേസിൽ കേരളം സ്വീകരിച്ചിട്ടുള്ള നിലപാട് ഡാം തുറന്നതല്ല പ്രളയത്തിന് കാരണമായതെന്ന നിഗമനം തിരിച്ചടിയാണെന്നാണ് മറ്റൊരു വാദം.  മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്നാണ്  കേരളത്തിന്റെ വാദം. ഈ ഡാമിൽ കുടുതൽ ഉയരത്തിൽ  വെള്ളം സംഭരിക്കുന്നത് ഡാം തകരുന്നതിന്  കാരണമാകുമെന്നാണ് നമ്മൾ ഭയപ്പെടുന്നത്.

മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി തമിഴ്‌നാടിന് നൽകിയ അനുവാദം 142 അടി വരെ ജലവിതാനം ആകാം എന്നാണ്.  മഴ ശക്തമായ സാഹചര്യത്തിൽ 139 അടി മുതലെങ്കിലും നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.  എന്നാൽ, 140 അടി ആയപ്പോൾമാത്രമാണ് തമിഴ്‌നാട് ജലം പുറത്തുവിടാൻ തയ്യാറായത്.  അതുകൊണ്ടുതന്നെ സുപ്രീകോടതി അനുവദിച്ച 142 അടിക്ക് മുകളിലേക്ക് അതായത് 142.3 അടിയായി ജലനിരപ്പ് ഉയർന്നു.  ഇതുമൂലം കൂടുതൽ വെള്ളം ഇടുക്കി ഡാമിലേക്ക് തുറന്നുവിടേണ്ട സാഹചര്യമുണ്ടായി.  ഇക്കാര്യങ്ങളെല്ലാം  സുപ്രീംകോടതിയെ ധരിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു.  അതിനാലാണ് ജലനിരപ്പ് 139 അടിയിൽ കൂടരുതെന്ന വിധി നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞത്.

അണക്കെട്ടുകളല്ല പ്രളയത്തിന് കാരണമായത് എന്നതിനോടോപ്പം കേന്ദ്ര ജലകമീഷൻ നടത്തിയിട്ടുള്ള മറ്റൊരു നിരീക്ഷണം പ്രളയം നിയന്ത്രിക്കാൻമാത്രം ശേഷിയുള്ള ജലസംഭരണികൾ കേരളത്തിലില്ല എന്നതാണ‌്.

പ്രളയനിയന്ത്രണം സാധ്യമാക്കുംവിധം അച്ചൻകോവിൽ, മീനച്ചിലാർ തുടങ്ങിയ നദികളിൽക്കൂടി അണകെട്ടുന്ന കാര്യം ആലോചിക്കണം എന്നാണ് കമീഷൻ നിരീക്ഷിച്ചിരിക്കുന്നത്.   അച്ചൻകോവിൽ, മീനച്ചിലാർ എന്നിവയ‌്ക്കുപുറമെ ജലസംഭരണികളില്ലാത്ത ചാലിയാർ അടക്കമുള്ള നദികളിലും അണക്കെട്ടുകൾ സാധ്യമാകുമോ എന്ന‌് പരിശോധിക്കേണ്ടതുണ്ട്. ജലസംഭരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുരിയാർകുറ്റികാരപ്പാറ, പൂയംകുട്ടി, ട്വിൻകല്ലാർ തുടങ്ങിയ പദ്ധതികളൊക്കെ പരിസ്ഥിതി പ്രശ്‌നങ്ങൾകൂടി പരിഗണിച്ചുകൊണ്ട‌്പുനരാലോചിക്കണം.

ഡാമുകളുടെ സംഭരണശേഷി വർധിപ്പിക്കുകയും ഡെഡ് സ്റ്റോറേജിൽനിന്ന‌് മണ്ണും മണലും മാറ്റുകയും പുതിയ ജലവൈദ്യുത/ജലസേചനപദ്ധതികൾ ആരംഭിക്കുകയും ശാസ്ത്രീയമായ രീതിയിൽ അണക്കെട്ടുകൾ രൂപപ്പെടുത്തുകയും ചെയ്യുകയാണ‌് ഇനി വേണ്ടത‌്. നവകേരളസൃഷ്ടിക്കായുള്ള നമ്മുടെ ഇടപെടലുകളിൽ ഇത്തരം ആലോചനകളും ഉണ്ടാകേണ്ടതുണ്ട്.
 


പ്രധാന വാർത്തകൾ
 Top