27 February Thursday

രാജ്യത്ത്‌ വീശിയടിക്കുന്ന സമരജ്വാല

എം പ്രശാന്ത്‌Updated: Thursday Jan 9, 2020

മോഡി സർക്കാരിന്‌ 2020 വെല്ലുവിളിയുടെ വർഷമായിരിക്കുമെന്ന സന്ദേശമാണ്‌ ദേശീയ പണിമുടക്ക്‌ നൽകുന്നത്‌. 30 കോടിയോളംപ്പേർ പങ്കാളികളായ പണിമുടക്ക്‌ സമീപകാലത്ത്‌ രാജ്യം കണ്ട ഐതിഹാസികമായ തൊഴിലാളി മുന്നേറ്റമാണ്‌. പണിമുടക്കിയ തൊഴിലാളികൾക്കും ജീവനക്കാർക്കും പിന്തുണയുമായി കർഷകരും കർഷകത്തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും സ്‌ത്രീകളും തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധജ്വാല ക്യാമ്പസുകളിലൂടെ കത്തിക്കയറി രാജ്യമാകെ പടരുമ്പോഴാണ്‌ സർക്കാരിന്‌ താക്കീതായി മാറിയ തൊഴിലാളിമുന്നേറ്റം. ബാലാകോട്ടിന്റെയും പുൽവാമയുടെയുമൊക്കെ പിൻബലത്തിൽ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറി ഏഴുമാസം പിന്നിടുമ്പോൾത്തന്നെ മോഡി സർക്കാർ എത്രമാത്രം വെറുക്കപ്പെട്ട്‌ തുടങ്ങിയെന്ന്‌ ബോധ്യപ്പെടുത്തുന്നതാണ്‌ ഈ സമരപരമ്പരകളെല്ലാംതന്നെ.

മുന്നൂറിലേറെ സീറ്റുമായി വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ എന്തുംചെയ്യാമെന്ന ധാർഷ്‌ട്യമായിരുന്നു മോഡി സർക്കാരിന്‌. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞും പൗരത്വത്തെ ഇതാദ്യമായി മതവുമായി ബന്ധപ്പെടുത്തിയുള്ള ഭേദഗതി ബിൽ പാസാക്കിയും മോഡി–- അമിത്‌ ഷാ ദ്വന്ദ്വം ഇന്ത്യയുടെ പുരോഗമന–- മതനിരപേക്ഷ മനസ്സിനെ വെല്ലുവിളിച്ചു. ആർഎസ്‌എസിന്റെ പൂർണമായ പിന്തുണയിലായിരുന്നു ഈ നീക്കങ്ങളെല്ലാംതന്നെ. എന്നാൽ, സംഘപരിവാറിനെ അമ്പരപ്പിക്കുംവിധം രാജ്യം പ്രതികരിച്ചു. കശ്‌മീരിൽ അഞ്ചുമാസം പിന്നിടുമ്പോഴും നിശ്ചലാവസ്ഥ തുടരുകയാണ്‌. ജനങ്ങൾ കേന്ദ്രഭരണത്തോട്‌ നിസ്സഹകരണം പ്രഖ്യാപിച്ച്‌ മാറിനിൽക്കുന്നു‌.


 

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ക്യാമ്പസുകളാണ്‌ ജ്വലിച്ചത്‌. ജെഎൻയുവും ബനാറസ്‌ ഹിന്ദു സർവകലാശാലയും ജാമിയയും അലിഗഢും ജാദവ്പുരും വിവിധ കേന്ദ്ര സർവകലാശാലകളും ഐഐടികളും ഐഐഎമ്മുകളും ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതികരിച്ചു. ഫീസ്‌‌ വർധനയ്ക്കെതിരായി എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജെഎൻയു വിദ്യാർഥികൾ നടത്തിവരുന്ന സമരവും അതിനെ അടിച്ചമർത്താൻ പൊലീസിന്റെയും ജെഎൻയു അധികൃതരുടെയും സഹായത്താൽ എബിവിപിയും സംഘപരിവാരവും നടത്തിയ ശ്രമവും ദേശീയതലത്തിൽ ആര് ശരി, ആര്‌ തെറ്റെന്ന ചർച്ചയെ ഉണർത്തി. പൊതുവിൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടൽ നടത്താത്ത ബോളിവുഡ്‌ താരങ്ങൾപോലും സംഘപരിവാറിന്റെ മുഖംമൂടി ആക്രമണത്തിനെതിരായി പ്രതികരിച്ചു.

ദീപിക പദുകോൺ ക്യാമ്പസിലെത്തി ഐക്യദാർഢ്യം അറിയിച്ചു. അക്ഷയ്‌ കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്ന അടക്കമുള്ള താരങ്ങൾ ട്വിറ്ററിൽ വാക്കുകളിലൂടെ സംഘപരിവാറിനെ കീറിമുറിച്ചു. എബിവിപി ആക്രമണത്തിൽ പരിക്കേറ്റ ജെഎൻയു വിദ്യാർഥി യൂണിയൻ  പ്രസിഡന്റും എസ്‌എഫ്‌ഐ നേതാവുമായ ഐഷി ഘോഷിന്റെ ചോരയിൽ കുതിർന്ന മുഖം രാജ്യം ഇപ്പോൾ നടത്തിവരുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ പോരാട്ടത്തിന്റെതന്നെ മുഖമായി മാറി. തലയിൽ 16 തുന്നലുണ്ടായിട്ടും അടുത്ത ദിവസംതന്നെ വാർത്താസമ്മേളനം വിളിച്ച ഐഷി പോരാട്ടം തുടരുമെന്നും ആർഎസ്‌എസിന്റെ ഗുണ്ടായിസം നാഗ്‌പുരിൽ മതിയെന്നും തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്‌ പിന്തുണ തേടി ഡൽഹി ലജ്‌പത്‌നഗറിൽ ഗൃഹസന്ദർശനത്തിന്‌ എത്തിയ ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മുഖത്തുനോക്കി ‘ഗോ ബാക്ക്‌’ വിളിച്ച മലയാളി സൂര്യയും സുഹൃത്തും ഇന്ത്യൻ യുവത്വം എങ്ങനെ ചിന്തിക്കുന്നുവെന്ന്‌ സംഘപരിവാറിനെ ബോധ്യപ്പെടുത്തി. 

വരുംദിനങ്ങളും പോരാട്ടത്തിന്റേത്‌
കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ്‌ രാജ്യം അഭിമുഖീകരിക്കുന്നത്‌. വളർച്ച അഞ്ച്‌ ശതമാനത്തിലേക്ക്‌ ഇടിഞ്ഞു. തൊഴിലില്ലായ്‌മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്‌ കുതിച്ചു. വിലക്കയറ്റം രൂക്ഷമായി തുടരുന്നു. ഈ പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന യാതൊരു ധാരണയും മോഡി സർക്കാരിനില്ല. അവരിപ്പോഴും കോർപറേറ്റുകൾക്കായി വെള്ളം കോരുകയാണ്‌. കോർപറേറ്റ്‌ നികുതി അഞ്ചുശതമാനം കുറച്ചു. ബിപിസിഎൽ ഉൾപ്പെടെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ കച്ചവടത്തിനായി വച്ചു. 

വിദേശകുത്തകകൾക്കായി കൂടുതൽ മേഖലകൾ തുറന്നിട്ടു. കോർപറേറ്റുകളുടെ താൽപ്പര്യപ്രകാരം തൊഴിൽനിയമങ്ങൾ ഏകീകരിച്ചു. മിനിമം കൂലി വെട്ടിക്കുറച്ചു. സാമ്പത്തികപ്രതിസന്ധിയുടെ പേരിലാണ്‌ ഈ നടപടികളെല്ലാമെങ്കിലും സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിൽത്തന്നെ തുടരുകയാണ്‌.  ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ ട്രേഡ്‌യൂണിയനുകൾ പണിമുടക്ക്‌ ആഹ്വാനം നടത്തിയത്‌. ബിഎംഎസ്‌ ഒഴികെ മറ്റെല്ലാ ട്രേഡ്‌ യൂണിയനുകളും പണിമുടക്കിൽ പങ്കാളികളായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന വിദ്യാർഥികളും യുവാക്കളും പണിമുടക്കിന്‌ പിന്തുണയുമായി എത്തിയതോടെ രണ്ട്‌ സമരധാര യോജിക്കപ്പെടുകയായിരുന്നു. വരുംദിനങ്ങൾ പോരാട്ടത്തിന്റേതാണെന്നും മോഡിക്കും ഷായ്‌ക്കും മുന്നോട്ടുപോക്ക്‌ എളുപ്പമാകില്ലെന്നും ബോധ്യപ്പെടുത്തുന്നതാണ്‌‌‌ പണിമുടക്കിലെ ജനകീയ പങ്കാളിത്തം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top