29 May Friday

ശാസ്ത്ര വൈജ്ഞാനിക മേഖലകൾക്ക് ഗ്രഹണകാലം

ഡോ. വി എൻ ജയചന്ദ്രൻUpdated: Wednesday Feb 28, 2018


രാജ്യം ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. 1928 ഇതേദിവസമാണ് സി വി രാമൻ വിഖ്യാതമായ രാമൻ പ്രഭാവം കണ്ടുപിടിച്ചത്. തുടർന്ന് 1930ൽ അദ്ദേഹത്തെയും അതുവഴി ഇന്ത്യയെയും നൊേബൽ സമ്മാനം നൽകി ലോകം ആദരിച്ചു. നേട്ടങ്ങളിലും മേന്മകളിലും തീർച്ചയായും നാം അഭിമാനിക്കണം. എന്നാൽ, പരിമിതികളെ സംബന്ധിച്ച കൃത്യമായ ബോധ്യം മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ്; വ്യക്തിക്കുമാത്രമല്ല, സമൂഹത്തിനും രാജ്യത്തിനും. ചരിത്രത്തിലെ അഭിമാനകരമായ ഏടുകളെ പരിപോഷിപ്പിച്ചും തലതാഴ്‌ത്തേണ്ട പാരമ്പര്യങ്ങളെ നിഷ്‌കരുണം കുടഞ്ഞുകളഞ്ഞുമാണ് യാത്ര തുടരേണ്ടത്.

ലോകത്തെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയുടെ സമീപത്തെങ്കിലും എത്താൻ മനുഷ്യരാശിയുടെ അഞ്ചിലൊന്നിനടുത്ത് വഹിക്കുന്ന ഇന്ത്യയിലെ പഠനഗവേഷണസ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെന്നത് അസുഖകരമായ യാഥാർഥ്യമാണ്. വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിൽ ചുവടുറപ്പിക്കുന്ന പുതിയ പ്രവണതകൾ വിരൽചൂണ്ടുന്നത് കൂടുതൽ ശോചനീയമായ ഭാവിയിലേക്കാണ്. മികച്ച സ്ഥാപനങ്ങളുടെ തലപ്പത്ത് അനർഹർ എത്തുക, പാഠ്യപുസ്തകങ്ങളും സിലബസും മാറ്റിയെഴുതുക, ഗവേഷണ സ്ഥാപനങ്ങളുടെ ഫണ്ട് മരവിപ്പിക്കുക, സ്വതന്ത്രവും ജനാധിപത്യപരവും സംവാദാത്മകവുമായ ക്യാമ്പസ് അന്തരീക്ഷം ബോധപൂർവം നഷ്ടപ്പെടുത്തുക എന്നിവ ഉന്നതവിദ്യാഭ്യാസരംഗത്തെ പിന്നോട്ടടിയുടെ പ്രതിഫലനങ്ങൾമാത്രം. ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസജടിലങ്ങളുമായ സങ്കൽപ്പങ്ങളെ ശാസ്ത്രസത്യത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ഔദേ്യാഗികവും അക്കാദമികവുമായ ഉന്നതവേദികളിൽ ഭരണകർത്താക്കളുടെ സാന്നിധ്യത്തിലും പ്രോത്സാഹനത്തിലും കാർമികത്വത്തിലും ഇത്തരം സങ്കൽപ്പങ്ങൾ ശാശ്വതസത്യമായി അവതരിപ്പിക്കുകയും ചെയ്യുന്ന  ജുഗുപ്‌സാപരമായ കാഴ്ചയിൽ മൗലിക ശാസ്ത്രപ്രതിഭകളും വിദ്യാർഥികളും അന്ധാളിച്ചുനിൽക്കുന്നു.

ലോഹവിദ്യപോലും പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ബിസി 7000ൽ ജീവിച്ചുവെന്ന് കരുതുന്ന ഭരദ്വാജ മഹർഷിയാണ് വിമാനം കണ്ടുപിടിച്ചതെന്നും റൈറ്റ് സഹോദരന്മാരല്ലെന്നും സിദ്ധാന്തിക്കാൻ തയ്യാറാകുന്ന അക്കാദമിക് രംഗത്തെ തട്ടിപ്പുകാരെ പൊന്നാടയണിയിച്ച് മുൻനിരയിലിരുത്താൻ ഭരണകൂടം ജാഗ്രത പുലർത്തുന്നു. പ്ലാസ്റ്റിക് സർജറിക്ക് തുടക്കംകുറിക്കുന്നത് ഗണപതിയുടെ സൃഷ്ടിയിലൂടെയാണെന്ന് പ്രധാനമന്ത്രി വിളിച്ചുപറയുന്നത്  വേണ്ടത്ര തയ്യാറെടുപ്പില്ലാത്ത ഒരു മൈതാനപ്രസംഗത്തിനിടയിലല്ല,  മറിച്ച് പ്ലാസ്റ്റിക് സർജറിയിലെ നൂതനപ്രവണതകൾ ചർച്ചചെയ്യുന്ന ആ രംഗത്തെ പ്രഗത്ഭരുടെ ദേശീയതലത്തിലുള്ള യോഗത്തിലായിരുന്നു. തിരിച്ചുപോക്കിന് ശാസ്ത്രസമൂഹവും തയ്യാറാകണമെന്നും മെരുങ്ങണമെന്നും കീഴ്‌പെടണമെന്നുമുള്ള മുന്നറിയിപ്പുകൂടിയാണത്. വളമായി ഉപയോഗിച്ച് നശിപ്പിക്കേണ്ട കേവലവിസർജ്യമല്ല ചാണകമെന്നും ജീവിതത്തിന്റെ നാനാസമസ്യകൾക്ക് ഉത്തരം നൽകുന്ന ശ്രേഷ്ഠമായ വസ്തുവാണെന്ന് പ്രബന്ധരചന നടത്താനും കോടികൾ വാങ്ങി ഗവേഷണം നടത്താനും ശാസ്ത്രങ്ങൾ തയ്യാറാകുന്നത് മേൽപ്പറഞ്ഞ മെയ്‌വഴക്കത്തിന്റെയും കീഴ്‌പെടലിന്റെയും ലക്ഷണമായി എടുക്കേണ്ടതുണ്ട്. മെരുങ്ങുന്നവർക്ക് പട്ടും വളയും ലഭിക്കും. മെരുങ്ങാത്തവരെ വരുതിയിലാക്കാൻ ആക്രമണോത്സുകമായ സമ്മർദതന്ത്രങ്ങളുണ്ടാകും.  പിന്നെയും നേർവഴിക്ക് വന്നില്ലെങ്കിൽ ഉന്മൂലനത്തിന് വിധേയമാകാം. ചരിത്രകാരനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകനുമായിരുന്ന ഗോവിന്ദ് പൻസാരെ, ശാസ്ത്രപ്രചാരകനും യുക്തിചിന്തകനുമായിരുന്ന ഡോ. നരേന്ദ്ര ധാബോൽക്കർ, പണ്ഡിതനും കന്നട യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായിരുന്ന ഡോ. എം എം കലബുർഗി എന്നിവർക്ക് ശാസ്ത്രീയപാതയിൽ അടിയുറച്ച് നിൽക്കുക എന്ന സ്വഭാവദൂഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ കൊല ചെയ്യപ്പെട്ട രീതിക്കും അസാധാരണമായ സമാനതയായിരുന്നല്ലോ. ഇതൊക്കെ നിന്ദ്യമാണെന്ന് വിളിച്ചുപറഞ്ഞ ധീരയായ പത്രപ്രവർത്തക ഗൗരി ലങ്കേഷ് സമാനമായ രീതിയിൽതന്നെ നിഷ്‌കാസിതയായി. ഇതിനിടയിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ  തകർച്ചയിൽ മനംനൊന്ത് പടിയിറങ്ങിപ്പോയ, ശാസ്ത്രബോധത്തെ പൗരന്മാരുടെ കടമയാക്കി മാറ്റിയ ഭരണഘടനയുടെ 42ാം ഭേദഗതിയുടെ മുഖ്യശിൽപ്പിയും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലർ ബയോളജിയുടെ സ്ഥാപകനുമായിരു ഡോ. പി എം ഭാർഗവയെപ്പോലുള്ള എത്രയോപേർ!
ഈ തിരിച്ചുപോക്ക് വിദ്യാഭ്യാസ ഗവേഷണരംഗങ്ങളിൽ താഴെ പറയുന്ന പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

1. സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ നിലവിൽ ദൃശ്യമാകുന്ന പിന്നോട്ടുള്ള പദസഞ്ചലനത്തിൽ ശുഷ്‌കമാകും.

2. ജനാധിപത്യം, സ്വതന്ത്രത, സംവാദാത്മകത, സർഗാത്മകത, ശാസ്ത്രബോധം എന്നിവയ്ക്കുണ്ടാകുന്ന ക്ഷീണം അക്കാദമിക അന്തരീക്ഷം മടുപ്പും യാന്ത്രികവുമായി മാറ്റാം. അശാസ്ത്രീയ സങ്കൽപ്പങ്ങളെ സ്ഥിരീകരിക്കാൻ അക്കാദമീയർതന്നെ ശ്രമിക്കുമ്പോൾ വിദ്യാർഥികൾ ആത്മസംഘർഷത്തിലാകും. ആത്മവിശ്വാസവും കർമോന്മുഖതയും ഇടിയും.

3. ആഗോളതലത്തിൽ ഇന്ത്യൻ പഠനഗവേഷണസ്ഥാപനങ്ങളുടെ നിലവാരം കൂടുതൽ പരുങ്ങലിലാകും. അന്തർദേശീയ തലത്തിലെ അക്കാദമികമായ കൊടുക്കൽ വാങ്ങലുകൾ, സംയുക്ത പഠനഗവേഷണസംരംഭങ്ങൾ എന്നിവ പിന്നോട്ടടി നേരിടും.  2018 ഫെബ്രുവരി ഏഴിന് ഐഐടി മദ്രാസിൽ ക്യാൻസറിനെ സംബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറിന്റെ നടത്തിപ്പിലെ പങ്കാളിത്തം, ധനസഹായവാഗ്ദാനം എന്നിവയിൽനിന്ന് അമേരിക്കയിലെ പ്രശസ്ത സ്ഥാപനമായ എം ഡി ആൻഡേഴ്‌സൺ സെന്റർ പിന്മാറുകയുണ്ടായി. ക്യാൻസർ മുജ്ജന്മപാപഫലമാണെന്ന് പ്രചരിപ്പിക്കുന്ന രാംദേവിനെ സെമിനാറിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിലുള്ള അസംതൃപ്തിയാണ് എം ഡി ആൻഡേഴ്‌സൺ സെന്ററിന്റെ പിന്മാറ്റത്തിന് കാരണം.

4.  ശാസ്ത്രസത്യങ്ങളുടെയും അംഗീകൃത സിദ്ധാന്തങ്ങളുടെയും നിരാസവും ചരിത്രനിഷേധവും പഠനസ്ഥാപനങ്ങളിൽ വേരുറപ്പിക്കുമ്പോൾ അതിവൈകാരികത, അന്ധവിശ്വാസം, വ്യക്തിപരത എന്നിവ വേദി കൈയടക്കുകയും സ്പർധയുടെയും വിശ്വാസരാഹിത്യത്തിന്റെയും കാർമേഘം ഉരുണ്ടുകൂടുകയും ചെയ്യും. അഭിമാനബോധത്തോടെ കലാലയം വിട്ടിറങ്ങേണ്ടവർ ലോകത്തിനുമുന്നിൽ തലതാഴ്ത്തി, സങ്കുചിത ചിന്തകളാൽ  ഓജസ്സ് നഷ്ടപ്പെട്ടവരായി മാറാം. മാറ്റത്തിന്റെ പതാകവാഹകരാകേണ്ട ധാരാളംപേർ, ഒരു വേള, വെറും കലാപകാരികളുമാകും.

ശാസ്ത്ര വൈജ്ഞാനിക മേഖലകളിലെ അമ്പരപ്പ് ഉളവാക്കുന്ന ഇത്തരം മാറ്റങ്ങളുടെ വേരുകൾ ചെെന്നത്തുന്നത് നിയോലിബറലിസം നേരിടുന്ന കടുത്ത പ്രതിസന്ധിയിലാണ്. ചൂഷണത്തിനുള്ള തടസ്സങ്ങളും നിയന്ത്രണങ്ങളും ഒന്നായി ഭരണകൂടം എടുത്തുകളഞ്ഞിട്ടും പ്രകൃതിവിഭവങ്ങൾ മറയില്ലാതെ കൊള്ളചെയ്യാൻ അനുവദിച്ചിട്ടും ഫിനാൻസ് മൂലധനം ഞെരിപിരികൊള്ളുകയാണ്.  ഒരുകാലത്ത് അത് അണിഞ്ഞിരുന്ന ജനാധിപത്യ മതേതര മൂല്യങ്ങളുടെ മൂടുപടം ഉപേക്ഷിച്ച് അമിതാധികാര ഫാസിസ്റ്റ് നടപടികളിലേക്ക്  ജീർണിക്കേണ്ടിവരുന്നു.

പ്രഖ്യാപിത സിദ്ധാന്തങ്ങളുടെയും ആഖ്യാനങ്ങളുടെയും സ്ഥാനത്ത് അർധസത്യങ്ങളും അസത്യങ്ങളും ആടയാഭരണങ്ങളോടെ അവതരിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ തേരിൽ പടർന്നുപന്തലിച്ച ഫിനാൻസ് മൂലധനംതന്നെ, ഒരുവേള ശാസ്ത്രബോധത്തിന്റെ വളർച്ച തുടർചൂഷണത്തിന് വിഘാതമാണെന്ന് കണ്ടാൽ അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കും. ചുവപ്പുകണ്ട കാളയെപ്പോലെ ശാസ്ത്രത്തെ ഭയക്കും. അതുകൊണ്ട് ശാസ്ത്രത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ മതേതര സംവിധാനങ്ങൾ സംരക്ഷിക്കാനുള്ള പൊതുനീക്കത്തിന്റെയും ആത്യന്തികമായി ഫിനാൻസ് മൂലധനത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെയും ഭാഗമാകുന്നു
 

പ്രധാന വാർത്തകൾ
 Top