30 June Thursday

നിഷ്‌ : കാൽനൂറ്റാണ്ടിന്റെ കരുതൽ

ഡോ. ആർ ബിന്ദുUpdated: Tuesday May 17, 2022

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്രവികസന കാഴ്ചപ്പാടാണ്  ഇടതുപക്ഷ സർക്കാരുകൾ എക്കാലത്തും പിന്തുടരുന്നത്.  ഏറ്റവും അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി അവരെക്കൂടി ഉൾക്കൊണ്ട്  വികസന പദ്ധതികൾ നടപ്പാക്കുക എന്നതായിരിക്കണം ഭരണകൂടത്തിന്റെ കർത്തവ്യം. ആ  കാഴ്ചപ്പാടോടെ നിരവധി ക്ഷേമപ്രവർത്തനങ്ങൾ  സർക്കാർ നടപ്പാക്കുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരുടെ ക്ഷേമത്തിന് എക്കാലത്തും സർക്കാർ മുൻതൂക്കം നൽകി. 

ഏറെ ദീർഘവീക്ഷണത്തോടെ 1997ലെ ഇടതുപക്ഷ സർക്കാർ, ശ്രവണസംസാര പരിമിതികളുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന്‌ പുനരധിവാസം  ഏറ്റെടുത്ത് നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിഷ്(നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങ്‌) എന്ന സ്ഥാപനം കെട്ടിപ്പടുത്തത്. 1997 ഒക്ടോബർ 8ന്  മുഖ്യമന്ത്രി  ഇ കെ നായനാരാണ് നിഷിന് തറക്കല്ലിട്ടത്. 10 വർഷം തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ച നിഷ് 2007 ഒക്ടോബർ മുതൽ ആക്കുളത്തെ ക്യാമ്പസിൽ പ്രവർത്തിച്ചുവരുന്നു. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള,  1955ലെ ട്രാവൻകൂർ കൊച്ചിൻ–-ലിറ്റററി–-സയന്റിഫിക് ആൻഡ്‌ ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട്‌ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സൊസൈറ്റിയാണ് നിഷ്.  കേരളത്തിന്റെ അഭിമാനസ്ഥാപനമായി മാറിയ നിഷ് രജത ജൂബിലി നിറവിലാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ചികിത്സ, വിദ്യാഭ്യാസ, പുനരധിവാസ പദ്ധതികളും പ്രവർത്തനങ്ങളും നിഷ്‌ ഏറ്റെടുത്ത് നടപ്പാക്കുന്നു.

ക്ലിനിക്കൽ സേവനങ്ങൾ, ക്ലിനിക്കൽ അനുബന്ധം, അക്കാദമിക് സേവനങ്ങൾ, സപ്പോർട്ട് സർവീസുകൾ എന്നിവയാണ് പ്രധാനപ്പെട്ട 4 സേവന മേഖല. ക്ലിനിക്കൽ സേവന മേഖലകളിൽ നിഷ് നടത്തുന്ന പ്രവർത്തനങ്ങളിൽ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നു. വിവിധ രീതികളിലൂടെ ശ്രവണസംസാര ഭാഷാ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കോക്ലിയർ ഇംപ്ലാന്റേഷനുള്ള സാധ്യത നിർണയിക്കുന്നതിനും സഹായിക്കുന്നു. കുട്ടികളിലെ നാഡീവ്യൂഹ വളർച്ചയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സേവനങ്ങൾ നൽകി വരുന്ന  യൂണിറ്റുകളും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ശ്രവണപരിമിതിയുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യംവച്ച്  കേരള സർവകലാശാലയുടെ അംഗീകാരത്തോടെ കംപ്യൂട്ടർ സയൻസ്, ഫൈൻ ആർട്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ നിഷിന്റെ അക്കാദമിക വിഭാഗം നടത്തിവരുന്നുണ്ട്.  കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരത്തോടെ ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ്‌ സ്പീച്ച് ലാംഗ്വേജ് പത്തോളജി, ബാച്ചിലർ ഓഫ് ഒക്ക്യൂപേഷണൽ തെറാപ്പി എന്നീ ബിരുദ കോഴ്സുകളും ഓഡിയോജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും നിഷിന്റെ അക്കാദമിക രംഗത്തുള്ള മികച്ച കാൽവയ്പുകളാണ്.

കൂടാതെ, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഡിപ്ലോമ ഇൻ ഏർലി ചൈൽഡ് ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഹിയറിങ്‌ ഇംപയർമെന്റ്), ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രിറ്റേഷൻ എന്നീ കോഴ്സുകളും പൊതുജനങ്ങൾക്കായി ഇന്ത്യൻ സൈൻ ലാംഗ്വേജ് കോഴ്സ്, മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് എന്നീ കോഴ്സുകളും അക്കാദമിക രംഗത്തുള്ള നിഷിന്റെ വേറിട്ട മാതൃകകളാണ്. നൂതന സംരംഭക വികസനസെൽ, നൈപുണ്യം വികസന പരിപാടികൾ, ക്യാമ്പസ് പ്ലേസ്മെന്റ്, ഇന്റേൺഷിപ്, ഓൺലൈൻ ഡിസബിലിറ്റി അവയർനസ് സെമിനാർ ഇന്നൊവേഷൻ മോഡൽ ഇൻസ്പയറിങ്‌ സ്റ്റോറീസ് മുതലായവ ഈ വിഭാഗത്തിന്റെ സംരംഭങ്ങളാണ്. അതിനൂതന സംവിധാനങ്ങളോടുകൂടിയ ഐ ടി വിഭാഗവും  ഭിന്നശേഷിക്കാർക്ക്  സഹായ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സമഗ്ര അസിസ്റ്റീവ് ടെക്നോളജി സെന്ററും നിഷിലുണ്ട്‌. പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും മാർഗനിർദേശം നൽകുന്നതിന്‌ റിസർച്ച് ആൻഡ്‌ പ്രോജക്ട് കൺസൾട്ടൻസി സെന്റർ,  കമ്യൂണിക്കേഷൻ ആൻഡ്‌ മീഡിയ ഡെവലപ്മെന്റ് സെന്റർ എന്നിവയും പ്രവർത്തിക്കുന്നു.

മലയാളത്തിലെ ആദ്യ ആംഗ്യഭാഷ ലിപിയും നിഷ് രൂപപ്പെടുത്തി.  സംസ്ഥാനത്ത്‌ ആദ്യമായി കമ്യൂണിക്കേഷൻ സയൻസിൽ ഒരു റിസർച്ച് സെന്റർ നിഷിൽ പ്രവർത്തനമാരംഭിക്കുകയാണ്.  ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പ്രകൃതിയോട് ഇണക്കി നിർത്തുന്ന വിവിധ കളികളിലൂടെ ചലനശേഷി മെച്ചപ്പെടുത്തുന്നതിനും, മാനസിക സാമൂഹിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയുള്ള നൂതന സാമഗ്രികളുമായി കുട്ടികൾക്ക് സഫൽ സെൻസറിയം ഒരുങ്ങുകയാണ്.
ജ്ഞാനകേരളം ക്ഷേമ കേരളം എന്ന ലക്ഷ്യത്തിലേക്ക് നിഷിന്റെ ചുവടുവയ്പ് എന്ന നിലയിൽ നിഷ് ലൈബ്രറിയിൽ അസിസ്റ്റീവ് ടെക്നോളജി അധിഷ്ഠിത ഉപകരണങ്ങളും സേവനങ്ങളും സജ്ജീകരിച്ചു. ശ്രവണപരിമിതരായ  വിദ്യാർഥികൾക്കായി ദ്വിഭാഷാ സ്കൂൾ, ശ്രവണപരിമിതരായ കൊച്ചുകുട്ടികൾക്കുവേണ്ടി  റീജണൽ സെന്ററുകൾ തുടങ്ങി ഈ മേഖലയിൽ ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്. രജതജൂബിലി വേളയിൽ നിഷിനെ ഭിന്നശേഷി പുനരധിവാസ മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ നമുക്ക് ഏറ്റെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top