26 October Tuesday

ദേശീയ വിദ്യാഭ്യാസനയം തിരുത്തിയെഴുതുക

ഡോ. സി പത്മനാഭൻUpdated: Thursday Oct 14, 2021

‘ദേശീയ വിദ്യാഭ്യാസനയം 2020’ നിലവിൽ വന്നതിനുശേഷം ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗം വളരെ സന്നിഗ്ധമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സ്വകാര്യവൽക്കരണ–വർഗീയവാദ ചേരുവകളാൽ മെനഞ്ഞെടുത്ത പ്രസ്തുത നയത്തിന് അനുസൃതമായി പുതിയ ഉത്തരവുകളും പദ്ധതികളും അനുദിനമെന്നോണം പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാരും വിവിധ കേന്ദ്രസമിതികളും. പ്രത്യക്ഷത്തിൽ ആധുനികവൽക്കരണം എന്ന് തോന്നിപ്പിക്കുന്ന ഈ പരിഷ്കാരങ്ങളുടെ യഥാർഥ ലക്‌ഷ്യം വിദ്യാഭ്യാസ രംഗത്തുനിന്നുള്ള കേന്ദ്രത്തിന്റെ ക്രമാനുഗതമായ പിന്മാറ്റം തന്നെയാണ്.

ഇത്തരം നയങ്ങൾ രൂപീകരിക്കുമ്പോഴും അവ നടപ്പിൽ വരുത്തുമ്പോഴും സംസ്ഥാനങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന് മാത്രമല്ല സർവകലാശാലകളുടെ സ്വയംഭരണാവകാശംപോലും പലപ്പോഴും മാനിക്കപ്പെടുന്നില്ല. നയപരിപാടികളിൽ ഇപ്പോൾ കേന്ദ്രം നടപ്പിലാക്കിവരുന്ന അധികാരകേന്ദ്രീകരണം എന്നത് ഉന്നത വിദ്യാഭ്യാസരംഗത്തെ സംബന്ധിച്ചിടത്തോളം കേവലം ഭരണപരമായ ഒരു പ്രശ്നം അല്ല. മറിച്ച് സ്വതന്ത്രമായ അന്വേഷണങ്ങൾ, നിർഭയമായ സംവാദങ്ങൾ, നിശിതമായ വിശകലനാത്മകത തുടങ്ങി എന്തൊക്കെയാണോ ഉന്നതവിദ്യാഭ്യാസ രംഗത്ത് അവശ്യം വേണ്ടത് അവയെ ആണ് ഈ അമിതാധികാര പ്രവണത ഇല്ലാതെയാക്കുക. അതിന്റെ ഫലമായി രാഷ്ട്ര നിർമാണത്തിന് ഒട്ടുമേ ഉതകാത്തതും യാന്ത്രിക സ്വഭാവമുള്ളതും അന്ധവിശ്വാസജടിലവും ആവർത്തന വിരസവും ഉൽപ്പാദനക്ഷമത ഇല്ലാത്തതുമായ ഒരു ഉന്നതവിദ്യാഭ്യാസ അന്തരീക്ഷം രാജ്യമാകെ സൃഷ്ടിക്കപ്പെടുകയാണ്. ഒപ്പം അക്രമോത്സുകമായ മതവർഗീയശക്തികളെ ഭയന്ന് കഴിയേണ്ട അവസ്ഥയാണ് അക്കാദമിക് രംഗത്തുള്ളവർക്ക് രാജ്യത്തിനകത്തെ വിഖ്യാത സർവകലാശാലകളിൽപോലും അനുഭവിക്കേണ്ടിവരുന്നത്. നാമേവരും അഭിമാനിക്കുന്ന ഇന്ത്യയുടെ വൈവിധ്യത്തെ ‘ശൈഥില്യം’ എന്ന് പേരിട്ടുവിളിക്കാൻ ഇന്ത്യയുടെ ദേശീയവിദ്യാഭ്യാസനയരേഖ തയ്യാറായി എന്നതുതന്നെ അപകടകരമായ ഒരു ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.

വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കുംമേൽ അടിച്ചേൽപ്പിക്കുമ്പോഴും ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ആവശ്യമായ പണം നീക്കിവയ്ക്കുന്നതിൽ വൻ വീഴ്ചയാണ് കേന്ദ്രം വരുത്തിക്കൊണ്ടിരിക്കുന്നത്. ആകെ ജനസംഖ്യയിൽ യുവാക്കളുടെ എണ്ണം സവിശേഷമായി വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഉന്നതവിദ്യാഭ്യാസമേഖലയ്ക്കുള്ള നീക്കിയിരിപ്പ് വർധിപ്പിച്ച് ഭാവിയിൽ അതിന്റെ നേട്ടം കൊയ്യുക എന്നതാണ് ഏതൊരു രാജ്യവും അനുവർത്തിക്കുന്ന നയം. എന്നാൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽനിന്നും പിൻവാങ്ങാൻ ഉള്ള അവസരമായാണ് കേന്ദ്രസർക്കാർ ഇതിനെ കാണുന്നത് എന്നത് അവരുടെ ജനവിരുദ്ധ സ്വഭാവത്തിന് ഏറ്റവും വലിയ തെളിവാണ്.

മുകളിൽ പറഞ്ഞ എല്ലാവിധ പരിമിതികൾക്കും അകത്തുനിന്നാണ് കേരളത്തിലെ സർക്കാരിനും സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസമേഖലയുടെ അഭ്യുന്നതിക്കായി പ്രവർത്തിക്കേണ്ടിവരുന്നത് എന്നത് പ്രത്യേകമായി പരാമർശിക്കേണ്ട കാര്യമാണ്. കേന്ദ്രം പിന്തുടരുന്ന നയങ്ങൾക്ക് നേരെ വിരുദ്ധമായി ഈ മേഖലയിലേക്കുള്ള സാമ്പത്തിക നിക്ഷേപം വർധിപ്പിച്ചും സർവകലാശാലകൾക്കും കോളേജുകൾക്കും കൂടുതൽ പ്രോഗ്രാമുകൾ അനുവദിച്ചും അധ്യാപക തസ്തികകൾ സൃഷ്ടിച്ചും മുന്നേറുകയാണ് കേരളം. താളം തെറ്റി കിടന്ന സർവകലാശാലാ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്ന സാഹചര്യം ഉണ്ടായി എന്ന് മാത്രമല്ല കോവിഡ് കാലത്തുപോലും പരീക്ഷകളും ഫലപ്രഖ്യാപനവും കൃത്യനിഷ്ഠയോടെ നടത്താൻ സാധിച്ചു. പുതുതായി അധികാരത്തിൽ വന്ന രണ്ടാം പിണറായി വിജയൻ സർക്കാർ ഉന്നതവിദ്യാഭ്യാസമേഖലയെ നവകേരള നിർമിതിയുടെ ചാലകശക്തിയായി കാണുന്നു എന്നതിന്റെ തെളിവാണ് സമീപകാല ബജറ്റുകളിൽ ഈ മേഖലയ്ക്ക് ലഭിച്ച വർധിത പരിഗണന. അതോടൊപ്പം വിവിധ മേഖലകൾ തിരിച്ച് നയവും പരിപാടിയും രൂപീകരിക്കാൻ ആവശ്യമായ മൂന്നു വ്യത്യസ്ത കമീഷനുകളും ഈ സർക്കാർ രൂപീകരിച്ചു കഴിഞ്ഞു.

ഉന്നതവിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും സ്വീകരിക്കുന്ന കടകവിരുദ്ധമായ നയസമീപനങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ് ‘നവലിബറൽ നയവൈകല്യങ്ങളെ ചെറുക്കുക: വിദ്യാഭ്യാസ പുരോഗതിക്കായി സാഭിമാനം അണിചേരുക’ എന്ന മുദ്രാവാക്യം എകെപിസിടിഎ പ്രധാന ആഹ്വാനമായി തെരഞ്ഞെടുത്തത്. നിലവിലുള്ള ഇന്ത്യൻ സാഹചര്യം ആകെ പരിശോധിച്ചാൽ ജനാധിപത്യവും മതനിരപേക്ഷതയും അവസരസമത്വവും നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മാതൃകാപരമായ സ്ഥാനമാണ് ഇന്ന് കേരളം അലങ്കരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന് ആകെ മാതൃകയായ ഇതര മേഖലകളോടൊപ്പം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ കൈപിടിച്ചുയർത്തുന്ന നാനാതരം പ്രവർത്തനങ്ങളിൽ കോളേജ് അധ്യാപകർ വ്യാപൃതരാകേണ്ടതുണ്ട്. അതിനായി നയപരവും ഘടനാപരവും ഗുണപരവുമായ മാറ്റങ്ങളെ വിഭാവനംചെയ്ത്‌ അതിനനുസൃതമായ പ്രായോഗികപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. കേരളത്തിലെ എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ ദി ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എകെപിസിടിഎ) 63–-ാം സംസ്ഥാന സമ്മേളനം അത്തരത്തിലുള്ള സജീവ ചർച്ചകൾക്ക് വേദിയാകും. നവോത്ഥാനകാലം മുതൽ കേരളം ആർജിച്ച സാമൂഹ്യ മികവുകൾ നിലനിർത്തിക്കൊണ്ട് ഉന്നതവിദ്യാഭ്യാസമേഖലയെ സമഗ്രമായി ആധുനികവൽക്കരിക്കുക എന്നതാണ് കാലഘട്ടത്തിൻറെ ആവശ്യം.

(എകെപിസി‌ടി‌എ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top