22 June Tuesday

വിമർശം ഭയക്കുന്ന മോഡി ഭരണം

എൻ എസ് സജിത്Updated: Thursday May 13, 2021

"ഈ സർക്കാർ വിർമശിക്കപ്പെടണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. വിമർശം ജനാധിപത്യത്തെ ശക്തിപ്പെടുത്തും.’ ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനാധിപത്യബോധം കണ്ട്‌ ആരും അത്ഭുതപ്പെട്ടില്ല. പ്രതീക്ഷിച്ചപോലെ തൊട്ടുപിന്നാലെതന്നെ, കോവിഡ്‌ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സർക്കാരിനെ വിർമശിക്കുന്നവരെ കൈകാര്യം ചെയ്യാൻ നിർദേശിക്കുന്ന ഉത്തരവും വന്നു. അതിനു പിന്നാലെ 52 പ്രമുഖരുടെ ട്വീറ്റുകൾ നീക്കം ചെയ്‌തു. രണ്ടാഴ്ചമുമ്പ് നടന്ന ഈ സംഭവം അന്താരാഷ്ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റിന്റെ രൂക്ഷമായ പ്രതികരണത്തിന് ഇരയായിരിക്കുന്നു. ‘മഹാമാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനേക്കാൾ സർക്കാരിന് ശ്രദ്ധ ട്വിറ്ററിൽനിന്ന് സർക്കാരിനെതിരെയുള്ള വിമർശങ്ങൾ നീക്കം ചെയ്യുന്നതിലായിരുന്നു'–- ലാൻസെറ്റിലെ മുഖപ്രസംഗം കുറ്റപ്പെടുത്തി.

ആഗസ്ത് ആരംഭത്തോടെ രാജ്യത്തെ മരണം പത്തുലക്ഷത്തിൽ എത്തുമെന്ന് വാഷിങ്‌ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ വിലയിരുത്തൽ മുഖപ്രസംഗത്തിൽ ഉദ്ധരിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിനു കാരണം തീർച്ചയായും മോഡി സർക്കാരിന്റെ കെടുകാര്യസ്ഥത ആണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഉത്തർപ്രദേശും മഹാരാഷ്ട്രയും രണ്ടാംതരംഗത്തിന് തയ്യാറെടുത്തിരുന്നില്ല. എന്നാൽ, കേരളവും ഒഡിഷയും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

വിദേശമാധ്യമങ്ങൾ വിമർശം ഉന്നയിക്കുന്നതിനുമുമ്പുതന്നെ ഇന്ത്യയിൽനിന്ന് മുന്നറിയിപ്പുകൾ കേന്ദ്ര സർക്കാരിന് നിരന്തരം ലഭിച്ചിരുന്നു. ഈ മുന്നറിയിപ്പുകൾ മോഡി സർക്കാർ ലാഘവത്തോടെ കണ്ടതിന്റെ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
മോഡി സർക്കാരിനെ വിമർശിക്കുന്നവരെ പിടികൂടാൻ ശ്രമിച്ചാൽ അമിത്‌ ഷായുടെ പൊലീസ്‌ ആദ്യമെത്തുക, കോവിഡ്‌ വാക്സിൻ ഉല്പാദനത്തിനായി 35,000 കോടി രൂപ ബജറ്റിൽ നീക്കിവച്ച ധനമന്ത്രി നിർമല സീതാരാമന്റെ വീട്ടിലേക്കായിരിക്കും. ഹൃദയമില്ലാത്ത സർക്കാരാണ്‌ രാജ്യം ഭരിക്കുന്നത് എന്നാണ്‌ നിർമലയുടെ ഭർത്താവ്‌ പരകാല പ്രഭാകർ ആഞ്ഞടിച്ചത്‌. സാമ്പത്തിക വിദഗ്ധനായ പ്രഭാകർ ഇങ്ങനെ പറഞ്ഞു: "രാജ്യത്ത്‌ മഹാമാരി പടരുമ്പോൾ കേന്ദ്രം മരവിച്ച്‌ ചലനമറ്റ നിലയിലും ഹൃദയശൂന്യമായ അവസ്ഥയിലുമാണ്‌.


 

പ്രധാനമന്ത്രിയുടെ വാക്‌ചാതുരി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ഹൃദയശൂന്യതയ്‌ക്കുമുള്ള പ്രായശ്ചിത്തമായി മാറുകയാണ്‌. അതിഥിത്തൊഴിലാളികളുടെ പലായനദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ക്ഷോഭത്തെ മരവിപ്പിലൂടെ സർക്കാർ മറികടക്കുകയാണ്‌. മരവിപ്പ്‌ എക്കാലവും നിലനിൽക്കില്ല. കരുണയും സുതാര്യതയും സഹാനുഭൂതിയുമാണ്‌ നിലനിൽക്കുക. ഇതിൽ ഏത്‌ തെരഞ്ഞെടുക്കണമെന്ന്‌ പ്രധാനമന്ത്രി ഇപ്പോൾ തീരുമാനിക്കണം. രാഷ്ട്രീയനേതാക്കൾ തെരഞ്ഞെടുപ്പ്‌ റാലികൾക്കും മതനേതാക്കൾ മതകൂട്ടായ്‌മകൾക്കുമാണ്‌ പ്രാമുഖ്യം നൽകുന്നത്‌.’ കോവിഡ്‌ മഹാമാരിക്കുമുമ്പുതന്നെ ഇന്ത്യൻ ഭരണഘടനയ്‌ക്കുണ്ടായ തകർച്ചയെക്കുറിച്ച്‌ ഇതുപോലെ രൂക്ഷമായ വിമർശമുന്നയിച്ച ആളാണ്‌ പ്രഭാകർ.

വിമർശിക്കുന്നവരെ തേടി അമിത്‌ ഷായുടെ പൊലീസ്‌ ഇറങ്ങിയാൽ അവർക്ക്‌ പിന്നെ എത്തേണ്ടി വരിക അതിപ്രശസ്‌തമായ വിദേശ മാധ്യമങ്ങളുടെ മേധാവികളുടെ മുറികളിലേക്കായിരിക്കും. സൂപ്പർ സ്പ്രെഡർ എന്നാണ്‌ കഴിഞ്ഞയാഴ്ച ടൈം മാഗസിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ചത്‌. ഇന്നത്തെ ദ ന്യൂയോർക്ക്‌ ടൈംസ്‌ പത്രത്തിന്റെ തലക്കെട്ട്‌, ഇന്ത്യയുടെ യഥാർഥ മരണസംഖ്യ എണ്ണപ്പെടുന്നില്ല എന്നാണ്‌. ദ ഗാർഡിയൻപോലുള്ള പത്രങ്ങളും സമാനമായ വിമർശങ്ങളാണ്‌ ഉന്നയിച്ചിട്ടുള്ളത്‌.

മോഡി ഭരണത്തിൽ ഇന്ത്യ വിശ്വഗുരുവായി മാറുന്നെന്നും വാക്‌സിൻ ഹബ്ബായി വികസിച്ചെന്നും ആർഎസ്‌എസ്‌ കേന്ദ്രങ്ങൾ വാചകമടിക്കുമ്പോൾത്തന്നെയാണ്‌ അന്താരാഷ്ട്രതലത്തിൽ ഈ മോഡി ഭരണം കാരണം ഇന്ത്യ അപമാനിക്കപ്പടുന്നത്‌.
മാസങ്ങൾക്കുമുമ്പ്‌ അന്താരാഷ്ട്രവേദികളിൽ മോഡി പറഞ്ഞ കാര്യങ്ങൾകൂടി ഈ അവസരത്തിൽ നാം ഓർക്കേണ്ടതുണ്ട്‌. ജനുവരി 29ന്‌ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ്‌ അജൻഡയിൽ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: "കോവിഡ്‌–- 19 മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ വലിയ പുരോഗതി നേടിയെന്നും ലോകത്തെ വലിയ ദുരന്തത്തിൽനിന്ന്‌ രക്ഷിക്കുന്നത്‌ ഇന്ത്യയാണെന്നും. ഇപ്പോൾ ഇന്ത്യയിൽ നിർമിച്ച രണ്ടു വാക്‌സിൻ വന്നു. വരുംദിവസങ്ങളിൽ കൂടുതൽ വാക്‌സിനുകൾ വരും. മറ്റു രാജ്യങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ വേഗം കൂട്ടാൻ ഇത്‌ സഹായിക്കും.’


 

ഫെബ്രുവരിയിൽ മോഡിയുടെ തള്ളിന്റെ തീവ്രത കൂടി. കോവിഡിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം ലോകത്തെതന്നെ പ്രചോദിപ്പിച്ചിരിക്കയാണെന്നാണ്‌ മോഡി പറഞ്ഞത്‌. ലോകരാജ്യങ്ങൾക്ക്‌ വാക്‌സിൻ എത്തിക്കുന്നതിൽ ഇന്ത്യക്കുള്ള പങ്കിനെക്കുറിച്ച്‌ വാചാലനാകുന്ന പ്രധാനമന്ത്രി മോഡിയുടെ ഇത്തരം വങ്കത്തരങ്ങൾക്കു പിന്നാലെയാണ്‌ ഇന്ത്യയിലേക്ക്‌ വാക്‌സിൻ നിർമാണത്തിനാവശ്യമായ സാമഗ്രികളുടെ കയറ്റുമതി അമേരിക്ക നിരോധിച്ചത്‌. പ്രതിദിനം ലക്ഷക്കണക്കിനു കോവിഡ്‌ രോഗികൾ ആശുപത്രികളിൽ നിറയുമ്പോഴും പ്രാണവായു കിട്ടാതെ മനുഷ്യർ പിടഞ്ഞുവീഴുമ്പോഴും ആർഎസ്‌എസും മോഡിയും കെട്ടിപ്പൊക്കിയ വിശ്വഗുരു ഇമേജ്‌ തകർന്നുവീഴുകയാണ്‌. മോഡി പൊള്ളയായ വാചകമടി നടത്തുമ്പോൾ ആരോഗ്യമന്ത്രി ഡോ. ഹർഷ്‌ വർധനും വെറുതെ ഇരുന്നില്ല. കോവിഡിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം അന്തിമ ഘട്ടത്തിലെത്തി എന്നാണ്‌ മാർച്ചിൽ അദ്ദേഹം പറഞ്ഞത്‌. രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കൂടുമ്പോൾത്തന്നെയായിരുന്നു ഈ വിജയപ്രഖ്യാപനം. സ്വാഭാവികമായും ഇത്തരം വീമ്പുപറച്ചിലുകളും ശബ്ദാഡംബരങ്ങളും ആരോഗ്യപ്രവർത്തകരുടെ ജാഗ്രത കുറച്ചിരിക്കാമെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതിനൊപ്പമാണ്‌ മോഡിയും അമിത്‌ ഷായും മാസ്‌ക്‌ വയ്‌ക്കാതെയും അകലം പാലിക്കാതെയും ബംഗാളിലെ ബിജെപി റാലികളിൽ തുടർച്ചയായി പങ്കെടുത്തത്‌. റാലികളിൽ ആളുകൾ കൂട്ടംകൂടിയത്‌ വലിയ നേട്ടമായി പ്രധാനമന്ത്രി എടുത്തുപറയുകയുംചെയ്‌തു.

പ്രാണവായു കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്‌. കാണുന്നിടത്തെല്ലാം ചിതകളെരിയുകയാണ്‌. ഓക്‌സിജനുമായി വരുന്ന വാഹനങ്ങൾ ആക്രമിക്കപ്പെടുന്നു. ലക്ഷങ്ങൾ കൊടുത്താൽപ്പോലും ഓക്‌സിജൻ കിട്ടാത്ത രാജ്യത്തെ അവസ്ഥ കണ്ട്‌ കോടതികളും ബിജെപി നേതാക്കളും പൊട്ടിത്തെറിക്കുന്നു. രാജ്യത്തെയും വിദേശത്തെയും മാധ്യമങ്ങളിൽ കത്തുന്ന ചിതകളുടെ ദൃശ്യങ്ങൾ നിറയുകയാണ്‌.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെങ്ങും കാണാത്ത മനുഷ്യനിർമിത ദുരന്തമാണ്‌ നമ്മുടെ കൺമുന്നിൽ. ഈ അവസ്ഥയിലും രാജ്യത്തെ ദരിദ്രജനങ്ങൾക്ക്‌ വാക്‌സിൻ കരിഞ്ചന്തയ്‌ക്ക്‌ വിൽക്കാൻ തയ്യാറാകുന്ന ബിജെപി സർക്കാർ അവരുടെ ആഭിമുഖ്യം ജനങ്ങളോടല്ല എന്നാണ്‌ പ്രഖ്യാപിക്കുന്നത്‌.

ഈ ദുരന്തത്തിലേക്ക്‌ ഇന്ത്യയെ നയിച്ചത്‌ മറ്റാരുമല്ല, മോഡി–- അമിത്‌ ഷാ ദ്വയംതന്നെയാണ്‌. 35,000 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിട്ടും രാജ്യത്തെ രണ്ടു ശതമാനം ജനങ്ങൾക്കുപോലും വാക്‌സിൻ കൊടുക്കാൻ കഴിയാത്ത കഴിവുകേടിന്റെ പേരാണ്‌ നരേന്ദ്ര മോഡി. കോവിഡ്‌ എന്ന അഗ്നിപർവതത്തിനുമേലെ ഇരിക്കുമ്പോഴും കുംഭമേളയെ പ്രോത്സാഹിപ്പിച്ച അസംബന്ധത്തിന്റെ പേരാണ്‌ അമിത്‌ ഷാ. ശതകോടിക്കണക്കിനു പണമുള്ള പിഎം കെയേഴ്സിനുമേൽ അടയിരിക്കുന്ന മോഡിയും അമിത്‌ ഷായും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌. നിങ്ങൾ അടക്കമുള്ള തലമുറ രോഗങ്ങളില്ലാതെ ജീവിക്കുന്നത്‌ ഈ രാജ്യത്ത്‌ 70 വർഷമായി നടപ്പാക്കിയ വിവിധ തരം സൗജന്യ വാക്‌സിനേഷനുകൾകൊണ്ടാണന്ന സത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top