25 May Monday

കേരള പൊലീസും എൻ ആർ മാധവമേനോനും

കോടിയേരി ബാലകൃഷ്ണൻUpdated: Sunday May 12, 2019


അന്തരിച്ച എൻ ആർ മാധവമേനോൻ മുഖ്യമായും അറിയപ്പെടുന്നത് രാജ്യത്തെ നിയമവിദ്യാഭ്യാസ രംഗത്ത് അദ്ദേഹം ആരംഭിച്ച് വളർത്തിയെടുത്ത മഹത്തായ ചില ദേശീയ സ്ഥാപനങ്ങളിലൂടെയാണ്. നാഷണൽ ലോ സ്കൂൾ ബാംഗ്ലൂർ, നിയമ സർവകലാശാല  കൊൽക്കത്ത, നാഷണൽ ജുഡീഷ്യൽ അക്കാദമി  ഭോപാൽ ഇവയിൽ ചിലതാണ‌്. നിയമവിദ്യാഭ്യാസത്തിനപ്പുറം നിയമനിർമാണത്തിന്റെയും  നിയമപരിഷ്കരണത്തിന്റെയും  ഭരണഘടനാമൂല്യങ്ങൾ ഭരണസംവിധാനത്തിന്റെ മുഖമുദ്രയാക്കി മാറ്റുന്നതിലെല്ലാം വലിയ സംഭാവനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. പൊലീസ് നവീകരണത്തിന്റെയും  മനുഷ്യാവകാശ സംരക്ഷണത്തിന്റെയും മേഖലകളിൽ നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലഘട്ടത്തിൽ എൻ ആർ മാധവമേനോന്റെ ആശയങ്ങളിൽ ചിലതൊക്കെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട‌്.

സംസ്ഥാന പൊലീസിൽ താഴെത്തട്ടിൽ ജനങ്ങളുമായി നിരന്തരം ഇടപെട്ടു പ്രവർത്തിക്കേണ്ടിവരുന്ന പൊലീസ‌് ഉദ്യോഗസ്ഥർ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നീ സ്ഥാനപ്പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, 2010നു ശേഷം കേരള പൊലീസിൽ കോൺസ്റ്റബിൾ എന്നത് സിവിൽ പൊലീസ് ഓഫീസറായും ഹെഡ് കോൺസ്റ്റബിൾ എന്നത് സീനിയർ സിവിൽ പൊലീസ് ഓഫീസറായും പരിണമിച്ചു. ഇത് 2010ൽ കേരള സിവിൽ പൊലീസ് കേഡർ രൂപീകരണ ഉത്തരവിലൂടെയാണ് നിലവിൽവന്നത്. സ്ഥാനപ്പേരിലുള്ള ഈ മാറ്റമെന്നത് യാദൃച്ഛികമായതോ, ഉപരിപ്ലവമായതോ ആയ ഒരു മാറ്റമല്ല. എൻ ആർ മാധവമേനോൻ കൂടി അംഗമായിരുന്നതും സോളി സൊറാബ്ജി ചെയർമാനായി പ്രവർത്തിച്ചതുമായ ഒരു കമ്മിറ്റി 2006ൽ ഒരു മാതൃകാ  പൊലീസ് ആക്ടിന്റെ കരട് തയ്യാറാക്കി പ്രസിദ്ധീകരിച്ചു.

ഈ കരടുനിയമത്തിൽ സിവിൽ പൊലീസിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ചില വകുപ്പുകൾ ഉൾക്കൊള്ളിച്ചിരുന്നു. സിവിൽ പൊലീസിന്റെ പ്രാധാന്യത്തെക്കുറിച്ചും സിവിൽ പൊലീസ് നിയമന പരിശീലന കാര്യങ്ങളെക്കുറിച്ചും മറ്റും കരടുനിയമത്തിൽ ഉൾക്കൊള്ളിക്കുന്നതിന് മുൻകൈയെടുത്തത് എൻ ആർ മാധവമേനോൻ ആയിരുന്നു എന്ന് ഈ കമ്മിറ്റിയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്ന ചില ഉദ്യോഗസ്ഥരിൽനിന്നും ഞാൻ നേരിട്ട് മനസ്സിലാക്കി. അപ്രകാരം കരടുനിയമത്തിൽ പൊലീസിലെ ഏറ്റവും താഴെത്തട്ടിലുള്ള റാങ്കിന് സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ്-‐2 എന്നും തൊട്ടുമുകളിലത്തെ റാങ്കിന് സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് ‐ 1 എന്നുമാണ് പേരുനൽകിയിരുന്നത്.
ധർമവീര കമീഷന്റെ ശുപാർശപ്രകാരമുള്ള രീതിയിൽ കേരളത്തിൽ ലോക്കൽ പൊലീസിനെയും ഡിസ്ട്രിക്ട‌് ആംഡ് റിസർവിനെയും സംയോജിപ്പിക്കുന്നതിന് 2009ൽ ഇടതുപക്ഷ സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ ആദ്യ പടിയായി ഒരു രൂപരേഖ തയ്യാറാക്കുന്നതിന് അന്ന് തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറലായിരുന്ന എ ഹേമചന്ദ്രനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

പൊലീസ‌് ഉദ്യോഗസ്ഥരുടെ കടമകൾ, മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള വ്യവസ്ഥകൾ, സ‌്ത്രീകളുടെ അന്തസ്സ്, അവകാശം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ, പൊലീസ്   സ്റ്റേഷനുകളിൽനിന്നും ജനങ്ങൾക്ക് അവകാശപ്പെട്ട കർത്തവ്യങ്ങൾ തുടങ്ങിയവ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ പൊലീസ് നിയമത്തിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞത്  മാധവമേനോന്റെ പങ്കാളിത്തത്തോടുകൂടി തയ്യാറാക്കിയ മാതൃകാ പൊലീസ് നിയമത്തിന്റെ ചുവടുപിടിച്ചാണ്

രണ്ട് യൂണിറ്റുകളുടെ യാന്ത്രികമായ സംയോജനത്തിനുമപ്പുറം എൻ ആർ മാധവമേനോൻ ഉൾപ്പെടെയുള്ളവർ തയ്യാറാക്കിയ മാതൃകാ പൊലീസ് നിയമത്തിന്റെ ചുവടുപിടിച്ച് കേരള പൊലീസിൽ ഗുണകരമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള ഒരു കാൽവയ്പ‌് കൂടിയായി അതിനെ മാറ്റാനുള്ള ഒരു അവസരമായിട്ടാണ് പൊലീസ് വകുപ്പും സംസ്ഥാന സർക്കാരും കണ്ടത്. അത്തരമൊരു കാഴ്ചപ്പാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സിവിൽ പൊലീസ് എന്ന സങ്കൽപ്പം താഴെത്തട്ടിൽ പ്രവർത്തിക്കുന്ന പൊലീസ‌് ഉദ്യോഗസ്ഥരുടെ ഡെസിഗ്നേഷനിൽ തന്നെ പ്രതിഫലിക്കണമെന്ന ബോധ്യമുണ്ടായി. അതിന്റെ വെളിച്ചത്തിൽ ഹേമചന്ദ്രന്റെ റിപ്പോർട്ടിൽ കാലാനുസൃതമായി പൊലീസിന്റെ ജനകീയമുഖം പ്രതിഫലിക്കണമെന്ന നിലയിൽ ഏറ്റവും താഴെത്തട്ടിലുള്ള റാങ്കുകളുടെ പെരുമാറ്റത്തിന്റെ ആവശ്യകത സൂചിപ്പിച്ചു. കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നീ ഡെസിഗ്നേഷനുകൾ പരിഷ്കരിക്കുമ്പോൾ പുതിയ സ്ഥാനപ്പേരിൽ നിശ്ചയമായും സിവിൽ പൊലീസ് എന്നത് ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചു.

ഈ കാഴ്ചപ്പാടോടുകൂടി കോൺസ്റ്റബിൾ എന്നതിനു പകരം ‘സിവിൽ പൊലീസ് അസിസ്റ്റന്റ്’ എന്നും ഹെഡ് കോൺസ്റ്റബിൾ എന്നതിനു പകരം "സിവിൽ പൊലീസ് ഓഫീസർ’ എന്നും പുതുക്കിയ പേരുകൾ മുന്നോട്ടുവച്ചു. ഇക്കാര്യം സർക്കാർ തലത്തിൽ ബന്ധപ്പെട്ട വിവധ കക്ഷികളുമായി (പൊലീസ് അസോസിയേഷനുകൾ ഉൾപ്പെടെ) വിശദമായ ചർച്ച നടത്തി. സിവിൽ പൊലീസ് എന്നതുകൊണ്ട് രണ്ടു കാര്യം പ്രതിഫലിപ്പിക്കാനാകുമെന്ന കാഴ്ചപ്പാട് സർക്കാരിനുണ്ടായിരുന്നു. ഒന്നാമതായി ജനാധിപത്യ സംവിധാനത്തിൽ പൊലീസ് ജനസേവകരായിരിക്കുമെന്നതും രണ്ടാമതായി ജനങ്ങളോട് അന്തസ്സോടെയും  മര്യാദയോടെയും പെരുമാറണമെന്നതിന്റെ ആവശ്യകതയും. അങ്ങനെ വിശദമായ ചർച്ചയ്ക്കുശേഷം കോൺസ്റ്റബിൾ എന്നത് സിവിൽ പൊലീസ് ഓഫീസർ എന്നും ഹെഡ് കോൺസ്റ്റബിൾ എന്നത് സീനിയർ സിവിൽ പൊലീസ് ഓഫീസർ എന്നും മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതനുസരിച്ച് 2010ൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇത്തരമൊരു മാറ്റത്തിന് മൂലകാരണവും പ്രചോദനവുമായി ഭവിച്ചത് എൻ ആർ മാധവമേനോന്റെ ആശയങ്ങൾ തന്നെയാണെന്ന‌് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കേരളത്തിൽ പുതിയ പൊലീസ് ആക്ട് നിർമിക്കുമ്പോഴും എൻ ആർ മാധവമേനോന്റെ പല ആശയങ്ങളും ഉൾപ്പെടുത്താൻ കഴിഞ്ഞു.

പൊലീസ‌് ഉദ്യോഗസ്ഥരുടെ കടമകൾ, മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള വ്യവസ്ഥകൾ, സ‌്ത്രീകളുടെ അന്തസ്സ്, അവകാശം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ, പൊലീസ് സ്റ്റേഷനുകളിൽനിന്നും ജനങ്ങൾക്ക് അവകാശപ്പെട്ട കർത്തവ്യങ്ങൾ തുടങ്ങിയവ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ പൊലീസ് നിയമത്തിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞത്  മാധവമേനോന്റെ പങ്കാളിത്തത്തോടുകൂടി തയ്യാറാക്കിയ മാതൃകാ പൊലീസ് നിയമത്തിന്റെ ചുവടുപിടിച്ചാണ്.

രാജ്യത്ത് ഭരണഘടനാമൂല്യങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ എൻ ആർ മാധവമേനോന്റെ ചിന്തകളും ആശയങ്ങളും കൂടുതൽ പ്രസക്തമാകുന്നു. അവ വരുംകാലങ്ങളിലും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ഊർജംപകരും.


പ്രധാന വാർത്തകൾ
 Top