21 February Thursday

ദുരന്തകാലത്തെ നേതൃത്വം

ഡോ. മുരളി തുമ്മാരുകുടിUpdated: Friday Aug 24, 2018


മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

ഓരോ ദുരന്തകാലവും നേതാക്കളുടെ കഴിവ‌് പരിശോധിക്കുന്ന കാലംകൂടിയാണ്. അമേരിക്കയിലെ 9/11ന്റെ കാലത്ത് ന്യൂയോർക്കിലെ മേയറായിരുന്ന റൂഡി ഗില്ലിയാനി ആ വിഷയം കൈകാര്യം ചെയ്ത രീതി, 2004ൽ സുനാമിയുടെ കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന  ജയലളിത ആ ദുരന്തം കൈകാര്യം ചെയ്ത രീതി ഇതെല്ലാം ദുരന്തകാലത്തെ നല്ല നേതൃത്വത്തിന്റെ ഉദാഹരണങ്ങളാണ്. ദുരന്തകാലത്തെ നേതൃത്വം ശക്തവും സ്ഥിരതയുള്ളതുമായിരിക്കണം. ഇല്ലെങ്കിൽ എത്രമാത്രം ഭൗതികവിഭവങ്ങളും മാനുഷികശേഷിയും ഉണ്ടെങ്കിലും അവർക്ക് കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ പറ്റില്ല. ലോകശക്തിയായിരുന്ന അമേരിക്കയിൽ 2006ലെ കത്രീന ഹരിക്കേയ്ൻ കൈകാര്യം ചെയ്ത രീതി ഈ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങളുടെ മുന്നറിയിപ്പുണ്ടായിട്ടും അമേരിക്കയിൽ കത്രീനമൂലം ആയിരത്തിലധികം അമേരിക്കക്കാർ മരിച്ചു, രക്ഷപ്പെട്ട ആളുകൾക്ക് വേണ്ടത്ര ഭക്ഷണസാധനങ്ങൾ കിട്ടാതായി. ന്യൂ ഓർലിയൻസിൽ കച്ചവടസ്ഥാപനങ്ങൾ കുത്തിത്തുറക്കുന്ന സാഹചര്യമുണ്ടായി. ഈ ഒരു പശ്ചാത്തലത്തിലാണ് കേരളത്തിലെ ഈ പ്രളയകാലം നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തത് നമ്മൾ വിലയിരുത്തേണ്ടത്.

പ്രത്യേകിച്ച് ഓഖിദുരന്തം കൈകാര്യം ചെയ്ത രീതിയെപ്പറ്റി മാധ്യമങ്ങളിൽ ഏറെ വിമർശിക്കപ്പെട്ട സ്ഥിതിക്ക് കേരളപ്പിറവിക്കുശേഷം ഒരു മുഖ്യമന്ത്രിക്കുപോലും കൈകാര്യം ചെയ്യേണ്ടിവരാത്ത അത്ര വ്യാപ്തിയിലുള്ള ഒരു ദുരന്തമാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇതിനുമുമ്പ് 1924ലെ വെള്ളപ്പൊക്കത്തിൽ (’99ലെ വെള്ളപ്പൊക്കം) കേരളം അന്ന് മൂന്നു രാജ്യങ്ങളുടെ ഭാഗമായിരുന്നു. അന്നത്തേക്കാളും കേരളത്തിലെ ജനസംഖ്യയും സമ്പത്തും പലമടങ്ങായി വർധിച്ചു. അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ ചരിത്രത്തിൽതന്നെ ഇതുപോലൊരു ദുരന്തം കേരളത്തിലെ ഏതെങ്കിലുമൊരു ഭരണാധികാരി നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന് സംശയമാണ്.

ഈ ദുരന്തം നേരിട്ട സമയത്ത് മുഖ്യമന്ത്രി സ്ഥിരമായി മാധ്യമങ്ങളെ കണ്ടു എന്നുള്ളതാണ് ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത്. കാരണം, ദുരന്തനിവാരണത്തിന് എന്താണ് നടക്കുന്നതെന്ന് ഏറ്റവും ഉയർന്ന നിലയിൽനിന്നുതന്നെ നേരിട്ട് ജനങ്ങളിലേക്ക് സന്ദേശം എത്തുമ്പോൾ കിംവദന്തികൾ പരക്കാനുള്ള സാധ്യത കുറയുന്നു. വാർത്താസമ്മേളനത്തിന്റെ സമയത്ത് മുഖ്യമന്ത്രി പ്രകടിപ്പിച്ച ശരീരഭാഷ അത് കാണുന്നവർക്ക് നേതൃത്വത്തിന്റെ ദൃഢതയിൽ ആത്മവിശ്വാസം നൽകുന്നതായിരുന്നു. ഈ ദുരന്തം നടന്നതിനുശേഷം ആശങ്ക ഉണ്ടാകേണ്ട ദിനങ്ങളുണ്ടായിരുന്നു. ലോകത്തിലെ ഏത് വൻദുരന്തത്തിലും ഇത്തരം ദിവസങ്ങളുണ്ട്. നമ്മുടെ ഒരു എംഎൽഎപോലും പൊട്ടിക്കരയുന്ന സംഭവം ടെലിവിഷനിൽ നമ്മൾ കണ്ടു. പക്ഷേ, ഈ ദിനങ്ങളിലെല്ലാം മുഖ്യമന്ത്രി അക്ഷോഭ്യനായിരുന്നു. ഇത് ദുരന്തത്തിൽ അകപ്പെട്ടവർക്കുമാത്രമല്ല, ദുരന്തം കൈകാര്യം ചെയ്തവർക്കും കൂടുതൽ ധൈര്യം നൽകി.


ഈ ദുരന്തം മുഖ്യമന്ത്രി കൈകാര്യം ചെയ്തതിലെ നല്ല വശങ്ങൾ ഒരു കമ്യൂണിക്കേഷനിൽ തീരുന്നതല്ല. ഓഖിദുരന്തകാലത്ത് മുഖ്യമന്ത്രി മുൻനിരയിൽ ദുരന്തം അനുഭവിച്ചവരെ ആശ്വസിപ്പിക്കാനായി കടപ്പുറത്ത് പോയില്ല എന്നുള്ള ശക്തമായ മാധ്യമവിചാരണ ഉണ്ടായിട്ടുപോലും ഈ പ്രളയകാലത്തും മാധ്യമശ്രദ്ധയ്ക്കു പുറകെ പോകാതെ തലസ്ഥാനത്തിരുന്ന് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയാണ‌് മുഖ്യമന്ത്രി ചെയ്തത്. അതാണ് ശരിയും. അതിന്റെ ഗുണവും കാണാനുണ്ട്. സംസ്ഥാനത്തെ ആരോഗ്യം, റവന്യൂ, പൊലീസ്, ഫയർ ആൻഡ‌് റെസ്‌ക്യൂ വകുപ്പുകൾ ഒത്തൊരുമയോടെയാണ് ഈ വിഷയത്തെ നേരിട്ടത്. ഒരു വകുപ്പിനുപോലും വിഭവങ്ങളുടെ ക്ഷാമം ഉണ്ടായില്ല. മുഖ്യമന്ത്രിതന്നെ നേരിട്ട് തലസ്ഥാനത്ത് എല്ലാ ദിവസവും വൈകിട്ട് റിവ്യൂ മീറ്റിങ്ങുകൾ നടത്തുന്നതിനാൽ എല്ലാ വകുപ്പുമേധാവികളും കാര്യങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്തു. അവർക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് നേരിട്ട് പറയാനുള്ള അവസരവും ലഭിച്ചു.

ദുരന്തം നടന്ന് രക്ഷാപ്രവർത്തനമെല്ലാം ഏതാണ്ട് കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ആളുകൾ ക്യാമ്പിലുള്ള സമയത്താണ് ഞാൻ മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രിക്ക് ഏറെ തിരക്കുള്ള ദിവസമായിരുന്നു. സഹായധനം നൽകാൻ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അദ്ദേഹത്തെ കാണാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ദുരന്തനിവാരണരംഗത്തെ പലവർഷത്തെ അന്താരാഷ്ട്രതലത്തിലുള്ള പരിചയത്തിൽനിന്ന‌് ഞാൻ നേരിൽ കണ്ടതും മനസ്സിലാക്കിയതുമായ ചില നല്ല മാതൃകകൾ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു ലക്ഷ്യം. ഈ തിരക്കിനിടയിലും അതിനുവേണ്ട മുഴുവൻസമയവും ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാനും കേരളത്തിലെ സാഹചര്യത്തിന് യോജിച്ച ശുപാർശകൾ നടപ്പാക്കാനുള്ള നിർദേശങ്ങൾ അദ്ദേഹം അപ്പപ്പോൾത്തന്നെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകി. ദുരന്തം ബാധിച്ച കേരളത്തെ ഏറ്റവും വേഗത്തിൽ പഴയതുപോലെ പുനർനിർമിക്കുകയല്ല. മറിച്ച് ദുരന്തമില്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനുള്ള ഒരു അവസരമായി ഈ സംഭവത്തെ എടുക്കണമെന്നാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ കേരളത്തിലെ പൊതുസമൂഹം എല്ലാവരും ഒത്തൊരുമിച്ചാണ് ഈ ദുരന്തത്തെ നേരിട്ടത്. ഇനിയുള്ള ദിനങ്ങളിലും ഒരു നവകേരളം സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ വിഷനുപിന്നിൽ ജനങ്ങൾ അണിനിരന്നാൽ നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ദുരന്തം, നമ്മുടെ സുസ്ഥിരവികസനത്തിന്റെ നാഴികക്കല്ലായി മാറും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top