18 May Tuesday

ഒഴിവായ മരണത്തിന്‌ നന്ദി പറയാം - മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടിUpdated: Wednesday Mar 10, 2021

കഴിഞ്ഞ വർഷം മാർച്ച്‌ 11നാണ്‌ കോവിഡിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികൾ കേരളത്തിലുണ്ടായിരുന്നതും അതേ മാർച്ചിൽ. പിന്നീട്‌ നാം കണ്ടത്‌ കോവിഡ്‌ രോഗവളർച്ചയെ കേരളം ഫലപ്രദമായി തടയുന്നതാണ്. ജനുവരി 30ന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ 1000 കേസ്‌ എത്തിയത് മെയ് 27 നാണ്. അപ്പോഴേക്കും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പതിനായിരം കടന്നു. ശാസ്ത്രജ്ഞർ കോവിഡ് നിയന്ത്രണത്തിന്റെ കേരള മാതൃക ശ്രദ്ധിക്കുന്നത്‌ അങ്ങനെയാണ്‌. ബിബിസിയും വാഷിങ്‌ടൺ പോസ്റ്റും അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ കേരളത്തെ തേടിയെത്തി.

എന്നാൽ, 2021ൽ നാം കണ്ടത് കുറച്ചു വ്യത്യസ്തമായ ചിത്രമാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ കൊറോണ കുറഞ്ഞു; കേരളത്തിലാകട്ടെ ആ കുറവ് മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഉണ്ടായതുമില്ല. ഫെബ്രുവരി ആയതോടെ ഒരിക്കൽക്കൂടി രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി കേരളം മാറി.

ഇന്നത്തെ കണക്കനുസരിച്ച് 11 കോടി ആളുകൾ കോവിഡ് ബാധിതരായി. 25 ലക്ഷം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. ഇതൊരു ആരോഗ്യ പ്രതിസന്ധി മാത്രമായിരുന്നില്ല. സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസ രംഗങ്ങളെയാകെ എടുത്തുലച്ചു. ഇതിനുമുമ്പ്‌ ഇത്ര വ്യാപകമായും വേഗത്തിലും ഒരു വെല്ലുവിളി നമ്മുടെ നേരെ വന്നിട്ടില്ലാത്തതിനാൽ, ലോകത്ത് ഒരു രാജ്യത്തിനും സമൂഹത്തിനും അത് കൈകാര്യം ചെയ്യാനുള്ള മുൻപരിചയം ഉണ്ടായിരുന്നില്ല. ഓരോരുത്തരും അവരുടെ അറിവും കഴിവും ഉപയോഗിച്ച് കോവിഡിനെ നേരിട്ടു. കോവിഡ് നൂറു മീറ്റർ ഓട്ടമല്ല, മാരത്തോണാണ്. അതുകൊണ്ടുതന്നെ കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പ്രതിദിന കേസുകളുടെ എണ്ണംവച്ച് വിലയിരുത്തരുത്‌. വിജയികളെ നിർണയിക്കാൻ ഇതൊരു ഓട്ട മത്സരവുമല്ല. ഓരോ സ്ഥലത്തും കോവിഡിന്റെ വ്യാപനവും പ്രതിരോധവും ഓരോ തരത്തിലാണ്. അതിൽ നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളും നമുക്ക് അറിയാവുന്ന കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ ഇല്ലാത്തതും നമുക്ക് അറിയാത്തതും ആയ കാര്യങ്ങളുമുണ്ട്. നമുക്ക് അറിയാവുന്ന കാര്യങ്ങളിൽ; നമുക്ക് നിയന്ത്രിക്കാവുന്ന കാര്യത്തിൽ; നമ്മൾ വേണ്ട സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തോ എന്നതാണ് ശ്രദ്ധേയം.

കേരളത്തിൽ പ്രതിദിനം 11755 രോഗികൾ ഉണ്ടായ ദിവസവും (ഒക്ടോബർ 10, 2020) മൊത്തം രോഗികളുടെ എണ്ണം 97,417 വരെ ഉണ്ടായ ദിവസവും (ഒക്ടോബർ 24) ഓർമയുണ്ടല്ലോ. എന്നാൽ, കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം രോഗികൾ ഉണ്ടായ ഒരു ദിവസംപോലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉണ്ടായിട്ടില്ല. ഇതേഎണ്ണം രോഗികൾ ആറുമാസം മുമ്പ്‌ ഉണ്ടായിരുന്നെങ്കിൽ സ്ഥിതി രൂക്ഷമാകുമായിരുന്നു. മരണ നിരക്ക് ഏറെ ഉയരുമായിരുന്നു. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് കോവിഡ് പ്രഥമ ചികിത്സാകേന്ദ്രങ്ങൾ ഉണ്ടാക്കുക, സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുക എന്നീ കൃത്യമായ തീരുമാനങ്ങൾ ശരിയായ സമയത്ത് എടുത്ത് ലഭ്യമായ ചികിത്സാ സംവിധാനങ്ങളുടെ എണ്ണം ഉയർത്തിയതുകൊണ്ടാണ് ഇത് സാധ്യമായത്.

കേരളത്തിലെ ആരോഗ്യ സംവിധാനവും ഡോക്ടർമാർമുതൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർവരെ ഈ വിഷയം കൈകാര്യം ചെയ്ത രീതിയെ ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്‌. ആദ്യ കാലത്ത് നമ്മുടെ പരിശോധനാ സൗകര്യങ്ങൾമുതൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾവരെ പരിമിതമാണ്. രോഗത്തെപ്പറ്റിയുള്ള അറിവ് ആയി വരുന്നതേ ഉള്ളൂ. എന്നിട്ടും തികച്ചും ആത്മവിശ്വാസത്തോടെയാണ് നമ്മുടെ ആരോഗ്യരംഗം ഈ വിഷയത്തെ നേരിട്ടത്. ഏറെ മാനസിക സംഘർഷത്തിന്റെയും അമിത ജോലിഭാരത്തിന്റെയും കാലഘട്ടം ആയിരുന്നെങ്കിലും ആരോഗ്യരംഗത്ത് നിന്നുള്ളവരുടെ ആത്മഹത്യകളുടെ കഥകൾ ഒന്നും നാം കേട്ടില്ല. ഇതൊരു ചെറിയ കാര്യമല്ല.

ലോകത്തെവിടെയും കോവിഡ്‌ അതിവേഗത്തിൽ കൂടിയ 2020ന്റെ ഒന്നാം പാദത്തിൽ കേരളത്തിൽ രോഗികൾ വളരെ കുറവായിരുന്നു. അക്കാലത്ത് ലോകത്തെവിടെയും ഡോക്ടർമാർ കോവിഡ് മൂലമുള്ള മരണങ്ങൾ കുറയ്‌ക്കാനുള്ള തന്ത്രങ്ങൾ പഠിക്കുകയായിരുന്നു. മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്ന്‌ നമ്മുടെ ഡോക്ടർമാർക്ക് പഠിക്കാൻ സാധിച്ചതിനാൽ കേരളത്തിലെ കേസുകൾ കൂടി വന്നപ്പോഴും മരണനിരക്ക് കുറച്ചുനിർത്തി. 2021 ജനുവരിക്കുശേഷം രോഗികൾ കൂടിയിട്ടും മരണം കുറഞ്ഞുതന്നെ വരുന്നു എന്നത് ശ്രദ്ധിക്കണം.

കോവിഡ് കാലത്ത് ആരോഗ്യസംവിധാനം മുഴുവൻ കോവിഡിന്‌ പിറകെയായതിനാൽ മറ്റു രോഗങ്ങളെയും രോഗികളെയും വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകാമായിരുന്നു. ലോകത്ത് പലയിടത്തും കോവിഡ് കാലത്ത് (2020 ൽ) മൊത്തം മരണസംഖ്യ കൂടുതലായിരുന്നു. പക്ഷേ, കേരളത്തിൽ സ്ഥിതി മറിച്ചാണ്‌. 2020ൽ കേരളത്തിൽ മൊത്തം മരിച്ചവരുടെ എണ്ണം 2,34,536 ആണ്‌. അതിൽ 3072 പേർ കൊറോണ വന്നും മരിച്ചു. കോവിഡ് ഇല്ലാതിരുന്ന 2019ൽ കേരളത്തിൽ മൊത്തം മരിച്ചവരുടെ എണ്ണം 263,901 ആണ്. അതായത് 2019 നേക്കാൾ 29,365 മരണത്തിന്റെ കുറവ്. "എക്സ്സ് ഡെത്ത്’ (മരണം ഒഴിവാക്കൽ) എന്ന പേരിൽ ഇനിയുള്ള കാലത്ത് ലോകത്ത് ഏറെ ചർച്ചയാകാൻ പോകുന്ന കണക്കാണിത്.

കോവിഡ് കാലം സാമ്പത്തിക വെല്ലുവിളിയും ഏറെയായിരുന്നു. അനവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു; അവർ നാട്ടിലേക്ക്‌ തിരിച്ചുവന്നു. പക്ഷേ, ലോക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ സൗജന്യമായി ഭക്ഷണം നൽകാനുള്ള സംവിധാനം 1000 തദ്ദേശ സ്ഥാപനംവഴി ഉണ്ടാക്കി. ഒരാളും ഒരു നേരംപോലും പട്ടിണി കിടക്കുന്ന സാഹചര്യം കേരളത്തിലുണ്ടായില്ല. ലോക്ഡൗണിന്റെ ആദ്യ ദിവസംതന്നെ കേരളത്തിൽ കമ്യൂണിറ്റി കിച്ചൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 24 മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വാർത്താ സമ്മേളനം നടത്തുമ്പോഴേക്ക് തൊള്ളായിരത്തിലധികം കമ്യൂണിറ്റി കിച്ചനുകൾ യാഥാർഥ്യമായി.

കോവിഡ് കാലം തുടങ്ങിയതുമുതൽ ഈ വിഷയത്തിന് ശക്തവും പ്രകടവും ആയ നേതൃത്വം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയിരുന്നു. സർക്കാരിന് അകത്തും പുറത്തുമുള്ള വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കുന്നതിൽ അവർ മടി കാണിച്ചില്ല. ഭൂരിഭാഗം ആളുകളുടെയും വിദഗ്ധരുടെയും നിർദേശത്തിനെതിരായി പരീക്ഷകൾ നടത്താനും കുട്ടികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാനുമുള്ള തീരുമാനം സർക്കാർ എടുത്തു. കോവിഡ് കാലത്ത് ആരോഗ്യ വിദഗ്ധരുടെ ഉപദേശമാണ് അവസാനവാക്ക് എന്ന് പലപ്പോഴും തോന്നുമെങ്കിലും, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം ആരോഗ്യ കാര്യങ്ങൾമാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ, ഭരണാധികാരികൾക്ക് സമൂഹത്തിന്റെ മൊത്തം താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അത്തരം അവശ്യഘട്ടത്തിൽ വിദഗ്ധാഭിപ്രായത്തിന് എതിരായി റിസ്ക് എടുക്കുക എന്നതുകൂടി മികച്ച നേതൃത്വത്തിന്റെ ലക്ഷണമാണ്.

കഴിഞ്ഞ മാർച്ച്‌ മുതൽ സ്ഥിരമായി മാധ്യമങ്ങളെ കണ്ട് മഹാമാരിയെപ്പറ്റി അറിയാവുന്ന വിഷയങ്ങൾ, സർക്കാർ നിയന്ത്രണങ്ങൾ, സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇവയൊക്കെ മുഖ്യമന്ത്രി നേരിട്ടാണ് ജനങ്ങളെ അറിയിച്ചത്‌. ഒരു കാര്യത്തിലും ആളുകൾക്ക് വിവരം കിട്ടാതിരിക്കുകയോ കിട്ടുന്ന വിവരങ്ങളിൽ അവ്യക്തതയോ ഉണ്ടായിരുന്നില്ല. പൊലീസ്, റവന്യൂ, അധ്യാപകർ, സിവിൽ സപ്ലൈസ്, തദ്ദേശ വകുപ്പ്, സംസ്ഥാന ഭരണം, പഞ്ചായത്ത് തലം എന്നീ വകുപ്പുകൾ ഒരുമയോടെ ഏകലക്ഷ്യത്തിന് പരിശ്രമിച്ചു; 2018ലെ പ്രളയ ദിവസങ്ങളെപ്പോലെ.

(യുഎൻ ദുരന്തലഘൂകരണ വിഭാഗം 
തലവനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top