സ്വാതന്ത്ര്യസമരത്തിലെ മഹാന്മാരായ ദേശീയ നേതാക്കളോടൊപ്പമാണ് സർവ മലയാളികളുടെയും മനസ്സിൽ മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിനുള്ള സ്ഥാനം. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയധാരയിലേക്ക് മുസ്ലിം ജനവിഭാഗത്തെ ഉൾപ്പെടെ അണിചേർക്കാനും ജനകീയപ്രശ്നങ്ങളിൽ ഇടപെടാനും അദ്ദേഹം സന്നദ്ധമായി. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും സഹപ്രവർത്തകരും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനം ആസൂത്രണംചെയ്‌ത വേർകോട്ട് ഹൗസ് കണ്ടംകുളം ജൂബിലി ഹാളിൽനിന്നും അകലെയല്ല എന്നതുകൊണ്ട് ഈ ഹാളിന് മുഹമ്മദ് അബ്ദുറഹിമാന്റെ പേരുനൽകാൻ ബിജെപിക്കാർ ഉൾപ്പെടുന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. ഏഴുകോടി രൂപ ചെലവിൽ നവീകരിച്ചതിനുശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ഏത് തെറ്റായ സമീപനവും സ്വീകരിക്കാൻ തയ്യാറാകുന്ന ബിജെപിയുടെ ഉയർന്ന നേതൃത്വം ഇതിലൂടെ തളി പൈതൃകത്തെ ഇസ്ലാമികവൽക്കരിക്കുന്നുവെന്ന ആരോപണവുമായി രംഗത്തുവരികയായിരുന്നു. ഇസ്ലാം രാഷ്ട്രവാദത്തെ ഉൾപ്പെടെ അതിനിശിതമായി എതിർത്ത മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെപ്പറ്റിയാണ് ഇസ്ലാമികവൽക്കരണത്തിന്റെ മുകുടം ചാർത്തിക്കൊടുക്കുന്നത്.
സാമൂതിരി ഭരണകാലത്ത് 14–-ാം നൂറ്റാണ്ടിലാണ് തളി മഹാദേവക്ഷേത്രം ഇന്നുകാണുന്ന വാസ്തുശിൽപ്പ മികവോടെ നിർമിക്കപ്പെടുന്നത്. പിന്നീട് പല ഘട്ടത്തിലായി ഈ പൗരാണിക ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ജലാശയം, വിദ്യാലയം, തെരുവുകൾ, തമിഴ് ബ്രാഹ്മണ സമൂഹമുൾപ്പെടെ വിവിധ ജാതി, മത വിഭാഗങ്ങളെല്ലാം ഉൾക്കൊള്ളുന്ന ജനപദം വികസിച്ചുവന്നു. 1917ൽ ക്ഷേത്ര പരിസരത്ത് വഴിനടക്കാനുള്ള അവകാശത്തിനായി തളി ക്ഷേത്രസമരം നടന്നു. വഴി നിഷേധിച്ച ബോർഡ് അന്നത്തെ മുനിസിപ്പൽ ചെയർമാനായിരുന്ന സി വി നാരായണ അയ്യർ ഉൾപ്പെടെയുള്ളവർ വലിച്ചെറിഞ്ഞു.
വാണിജ്യാവശ്യത്തിനായി എത്തിയ അറബികളെയും ചൈനക്കാരെയും പോർച്ചുഗീസുകാരെയും ഇംഗ്ലീഷുകാരെയുമെല്ലാം സാമൂതിരി ഭരണവും കോഴിക്കോടൻ സമൂഹവും സ്വീകരിച്ചു. അതുപോലെ ഗുജറാത്തികളും തമിഴ് ബ്രാഹ്മണസമൂഹവും പാഴ്‌സികളും ജൈനരും പഠാണികളും കൊങ്കിണികളും ബോറകളും ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളും കോഴിക്കോടിന്റെ ബഹുസ്വര സംസ്കാരത്തിന്റെ ഭാഗമായി. ഈ വൈവിധ്യങ്ങളില്ലാതെ കോഴിക്കോടിനെക്കുറിച്ച് ആർക്കും ചിന്തിക്കാനാകില്ല.
പ്രാചീനകാലം തൊട്ടുതന്നെ മതസൗഹാർദം കോഴിക്കോടിന്റെ മുഖമുദ്രയായിരുന്നു. കുഞ്ഞാലി മരയ്ക്കാരായിരുന്നല്ലോ സാമൂതിരിയുടെ നാവികസൈന്യത്തിന്റെ നേതാവ്. പോർച്ചുഗീസുകാർ തകർത്ത മിസ്കാൽ പള്ളി പുനർനിർമിച്ചുകൊടുത്തത് ഈ സംസ്കാരത്തിന്റെ ഭാഗമാണ്.
വിവിധ സാംസ്കാരിക വൈവിധ്യങ്ങളെ സംരക്ഷിച്ച് ബഹുസ്വരത കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് തളി പൈതൃക സംരക്ഷണപദ്ധതി ആവിഷ്‌കരിച്ചത്. ക്ഷേത്ര സമുച്ചയത്തിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും വാസ്തുശില്പ തനിമ നിലനിർത്തിക്കൊണ്ടുള്ള സംരക്ഷണനടപടികൾ തളിക്കുളം നവീകരണത്തിന്റെ ഒന്നാംഘട്ടം ഉൾപ്പെടെ രണ്ടുകോടിയിൽപ്പരം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് അക്കാലത്ത് നടന്നത്. പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിൽ വന്ന എൽഡിഎഫ് സർക്കാരുകളും ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോയി. അതിന്റെ ഭാഗമായി തളി കുളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സൗന്ദര്യവൽക്കരണം, ഉടൻ സ്ഥാപിക്കാനിരിക്കുന്ന ജലധാര ഉൾപ്പെടെ 2.75 കോടിയിൽപ്പരം രൂപയുടെ പദ്ധതികളും നടപ്പാക്കുകയാണ്. ജീർണാവസ്ഥയിലായിരുന്ന തളി പ്രദേശം അതിന്റെ സവിശേഷതകൾ സംരക്ഷിച്ചുകൊണ്ടുതന്നെ ആരും കൊതിക്കുന്ന ഇടമായി എൽഡിഎഫ് സർക്കാർ വികസിപ്പിച്ചു. തളിയെ തകർക്കുകയല്ല അവയെ സംരക്ഷിച്ച് ശക്തിപ്പെടുത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും ഇതിലൂടെ വ്യക്തമാകുന്നു.
ബഹുസ്വരതയുടെ സമ്പന്നമായ നമ്മുടെ സംസ്കാരത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് എല്ലാ ഇടങ്ങളിലുമെന്നപോലെ സംഘപരിവാർ ഇവിടെയും മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുക എന്നത് നാടിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ സംരക്ഷണത്തിന് അനിവാര്യമാണ്. ബഹുസ്വരതയുടെ സമ്പന്നമായ പാരമ്പര്യമുള്ള കോഴിക്കോട്ടെ ജനതയെത്തന്നെ അപമാനിക്കുന്ന തരത്തിൽ സംഘപരിവാർ നവമാധ്യമരംഗത്ത് ഉൾപ്പെടെ നടത്തുന്ന പ്രചാരണത്തെ തിരിച്ചറിയണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..