23 January Wednesday

ചിത്രത്തിലെ ജിന്ന, ചിത്രത്തിലില്ലാത്ത ആര്‍എസ്എസ്

അമല്‍ പുല്ലാര്‍ക്കാട്ട്Updated: Saturday Jun 30, 2018

നാടിനെയാകെ പുനരുദ്ധരിക്കുവാനായി കടന്നുവന്ന സംഘപരിവാര്‍ സര്‍ക്കാര്‍ എന്താണ് നമ്മളുടെ സര്‍വകലാശാലകളോട് ചെയ്‌തുകൊണ്ടിരിക്കുന്നത്? അവസാനമായി കേട്ട വാര്‍ത്ത അലിഗഢ് സര്‍വകലാശാലയെ കുറിച്ചാണ്. മാധ്യമങ്ങള്‍ ആവോളം മസാലകള്‍ ചേര്‍ത്ത് വിറ്റഴിച്ചുകൊണ്ടിരിക്കുന്ന ഈ വാര്‍ത്തകളുടെ യാഥാര്‍ഥ്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട് . അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക്  നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍വകലാശാലകളോട് ആര്‍എസ്എസ് കാണിക്കുന്ന അസഹിഷ്‌ണുതയെക്കുറിച്ച്...

ജവാഹര്‍ലാല്‍ നെഹ്‌‌‌‌റു യൂണിവേഴ്‌‌‌‌‌സിറ്റി,  ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌‌‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌‌‌സിറ്റി എന്നീ കേന്ദ്ര സര്‍വകലാശാലകള്‍ക്കു പിറകേ അലിഗഢ് മുസ്ലിം യൂണിവേഴ്‌‌‌സിറ്റിയും ഇന്നിതാ പരസ്യമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രമുഖ കലാലയങ്ങള്‍ ആന്റിനാഷണല്‍, നക്‌‌‌‌സല്‍ ജിഹാദി കൂത്തരങ്ങുകളായി മാറുകയാണത്രേ. നമ്മുടെ പുതുതലമുറയാകെ വഴിതെറ്റി രാജ്യത്തിനും വ്യവസ്ഥിതികള്‍ക്കുമെതിരെ കലാപങ്ങളുയര്‍ത്തിക്കൊണ്ടിരിക്കുകയാണോ? ഇങ്ങനെയുള്ള ഇടങ്ങളിലേക്ക് എങ്ങനെയാണ് മാതാപിതാക്കള്‍ വിശ്വസിച്ച് കുട്ടികളെ പഠിക്കാന്‍ പറഞ്ഞയക്കുന്നത്? നാട്ടിലെ സാധാരണക്കാര്‍ക്കിടയിലേക്ക് ഇത്തരം ഒരുപാട് ചോദ്യങ്ങളും ആശങ്കകളും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇന്ത്യയുടെ മര്‍മപ്രധാനമായ പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഈ കലാലയങ്ങളെല്ലാം തന്നെ കാലങ്ങളേറെയായി രാജ്യത്തിന് അഭിമാനമായ നേട്ടങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങളാണ്. ഇപ്പോള്‍ വലിയ സമരങ്ങളും ആശങ്കകള്‍ ഉളവാക്കുന്ന വാര്‍ത്തകളുമെല്ലാം ഈ സര്‍വകലാശാലകളില്‍നിന്ന് വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച് ഒരു അന്വേഷണം നടത്തുകയാണെങ്കില്‍ നിശ്ചയമായും ഒരു കാര്യം മനസ്സിലാക്കാം. ക്യാമ്പസുകള്‍ നിരന്തരമായി  ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍  നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത്  ബിജെപി അധികാരത്തില്‍ വന്നതിനു ശേഷമാണ്.

നാടിനെയാകെ പുനരുദ്ധരിക്കുവാനായി കടന്നുവന്ന സംഘപരിവാര്‍ സര്‍ക്കാര്‍ എന്താണ് നമ്മളുടെ സര്‍വകലാശാലകളോട് ചെയ്‌തുകൊണ്ടിരിക്കുന്നത്? അവസാനമായി കേട്ട വാര്‍ത്ത അലിഗഢ് സര്‍വകലാശാലയെകുറിച്ചാണ്. മാധ്യമങ്ങള്‍ ആവോളം മസാലകള്‍ചേര്‍ത്ത് വിറ്റഴിച്ചുകൊണ്ടിരിക്കുന്ന ഈ വാര്‍ത്തകളുടെ യാഥാര്‍ഥ്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. അലിഗഢിലെ വിദ്യാര്‍ഥികളോടൊപ്പം സംവദിക്കുകയും അവരോടൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ചെയ്‌ത ഈ ലേഖകന്റെ എളിയ അറിവില്‍നിന്ന് പറഞ്ഞുതുടങ്ങട്ടെ. 

വിവാദങ്ങളുടെ അണിയറ

വളരെ കൃത്യമായി മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയുടെ അടിസ്ഥാനത്തിലാണ് എഎംയു ആക്രമിക്കപ്പെടുന്നത്. ആദ്യം എഎംയു വൈസ് ചാന്‍സലറായ താരീഖ് മന്‍സൂറിന് ആര്‍എസ്എസ് നേതൃത്വത്തില്‍നിന്ന് ഒരു കത്ത് ലഭിക്കുകയാണ്. 2018 ഏപ്രില്‍ 27ന് ലഭിക്കുന്ന ഈ കത്ത് എഴുതിയിരിക്കുന്നത് മുഹമ്മദ് അമീര്‍ റഷീദ് എന്ന മുസ്ലിം നാമധാരിയാണ് എന്നുള്ളത് മറ്റൊരു സവിശേഷതയാണ്. കത്തിന്റെ ഉള്ളടക്കത്തില്‍ പറയുന്നത്‌  എഎംയു വിദ്യാര്‍ഥികള്‍ നാഗ്‌പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ തെറ്റായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞുപരത്തുന്ന ശരികേടുകള്‍ക്കെതിരെ രാജ്യത്തിന്റെ  നന്മയ്ക്കും മതേതര പാരമ്പര്യത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘിനെക്കുറിച്ച് കുട്ടികള്‍ക്ക് കൃത്യമായി മനസ്സിലാക്കിക്കൊടുക്കാന്‍ ഞങ്ങള്‍ ഒരു ആര്‍എസ്എസ് ശാഖ ക്യാമ്പസില്‍ തുടങ്ങാന്‍ ആഗ്രഹിക്കുകയാണ് എന്നുമായിരുന്നു.

അലിഗഢ് സര്‍വകലാശാല

അലിഗഢ് സര്‍വകലാശാല

ഈ കത്തിനെതിരെ ജാതിമതഭേദമെന്യേ എഎംയു സമൂഹം ഒരൊറ്റ നിലപാടുമായാണ് മുന്നോട്ട് വന്നത്. ഇതുസംബന്ധിച്ച് സ്ഥലം എംഎല്‍എ ആയ ബിജെപി നേതാവ് ദല്‍വീര്‍ സിങ് പറഞ്ഞത് ക്യാമ്പസില്‍ ആര്‍എസ്എസ് ശാഖ തുടങ്ങുന്നതിന് ഒരു പ്രശ്‌നവുമില്ല, എന്നാല്‍ ബുദ്ധിശൂന്യരായ എഎംയുകാരെ പറഞ്ഞു മനസ്സിലാക്കി അംഗത്വം ചേര്‍ക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും എന്നാണ്. സംഘപരിവാര്‍ പദ്ധതിയുടെ അടുത്ത പടിയായി അലിഗഢ് എംപിയും ബിജെപി നേതാവുമായ സതീഷ്‌കുമാര്‍ ഗൗതം എഎംയു വിസിക്ക് അടുത്ത  കത്തയക്കുകയാണ്. ഏപ്രില്‍ 29ന് ലഭിച്ച കത്തിന്റെ ഉള്ളടക്കം എഎംയുവില്‍ മുഹമ്മദ് അലി ജിന്നയുടെ ഒരു ചിത്രം ഉണ്ടെന്നും അതവിടെ നിന്ന് നീക്കംചെയ്യണം എന്നുമായിരുന്നു. ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുകയാണ്. ആദിത്യ  പണ്ഡിറ്റ് എന്ന സംഘപരിവാരമുഖം ഞാന്‍ ഹിന്ദുയുവവാഹിനിയുടെ നേതാവാണെന്നും എഎംയു സ്റ്റുഡന്റ്‌സ് യൂണിയന് ഞാന്‍ 48 മണിക്കൂര്‍ സമയം നല്‍കുകയാണെന്നും ജിന്നയുടെ ചിത്രം നിങ്ങളവിടെനിന്ന്  എടുത്തു മാറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ  ദേശീയവാദി സുഹൃത്തുക്കളുമായി ക്യാമ്പസിലേക്ക് കയറിവന്ന് ആ ചിത്രം തകര്‍ത്തുകളയും എന്നുമായിരുന്നു ആ വീഡിയോയുടെ ഉള്ളടക്കം. തൊട്ടടുത്ത ദിവസം ഹിന്ദു ജാഗരണ്‍ മഞ്ച് ഒരു പ്രകടനമായി ക്യാമ്പസിനു മുമ്പിലേക്ക് വന്ന് 'ഭാരത് മെ രഹനാ ഹേത്തോ വന്ദേമാതരം കെഹ്‌നാ ഹോഗാ' (ഭാരതത്തില്‍ ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ വന്ദേമാതരം എന്ന് പറഞ്ഞേ തീരൂ) എന്നൂം മറ്റും മുദ്രാവാക്യം വിളിക്കുകയും   ജിന്നയുടെ കോലം കത്തിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അടുത്ത ദിവസം ഞങ്ങള്‍ ക്യാമ്പസിലേക്ക് കയറി രാജാ മഹേന്ദ്ര പ്രതാപിന്റെ പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കും എന്ന് പ്രഖ്യാപിക്കുന്നു. ഇത്രയും കാര്യങ്ങള്‍ ചെയ്‌തതിലൂടെ സ്ഥലത്തുള്ള സംഘപരിവാറിന്റെ എല്ലാ ഘടകങ്ങളും എഎംയു ആക്രമിക്കാനായി വളരെ കൃത്യമായി അടിത്തറ ഒരുക്കിക്കഴിഞ്ഞു എന്നു കാണാം.

സംഘപരിവാര്‍ ക്യാമ്പസിനകത്തേക്ക്

മെയ് രണ്ടാം തീയതിയായിരുന്നു മുന്‍ ഉപരാഷ്ട്രപതിയും 2000 മുതല്‍ 2002 വരെ എഎംയു വൈസ് ചാന്‍സലാറായും സേവനമനുഷ്ഠിച്ച ഹമീദ് അന്‍സാരിക്ക് സ്റ്റുഡന്‍സ് യൂണിയന്‍ സ്ഥിരാംഗത്വം (പ്രമുഖ വ്യക്തികളെ ആദരിക്കുന്ന എഎംയുവിലെ രീതി) നല്‍കി ആദരിക്കാന്‍ തീരുമാനിച്ച ദിവസം. അന്നേദിവസം രാവിലെ ബിജെപിയുടെ രാജ്യസഭാംഗവും തന്റെ മുസ്ലിംവിരുദ്ധ വാക്കുകള്‍ക്ക് കുപ്രസിദ്ധനുമായ സുബ്രഹ്മണ്യം സ്വാമിയുടെ ഒരു  ട്വീറ്റ് പ്രത്യക്ഷപ്പെടുകയാണ്. എഎംയുവിനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും ആരാണതിന് തയ്യാറാവുകയെന്നുമായിരുന്നു കുറിപ്പ്. ഇതേദിവസം ഉച്ചക്ക് 2.50 ഓടെ ഹമീദ് അന്‍സാരി ക്യാമ്പസില്‍ എത്തിച്ചേര്‍ന്നു. തൊട്ടുപിറകെതന്നെ ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരായ 20 അംഗ സംഘം ക്യാമ്പസിനകത്തേക്ക് കൈയില്‍ പിസ്റ്റളുകളും വടികളുമായി 'എഎംയു കെ ഗദ്ദാരോക്കോ, ഗോലീ മാരോ സാലോക്കോ' (എഎംയുവിലെ വഞ്ചകരെ, നിങ്ങളെ വെടിവച്ചു കൊല്ലണം) എന്ന മുദ്രാവാക്യങ്ങളുമായി കടന്നുവന്നു. അവരെ ഗെയ്റ്റില്‍ ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെയും അതുവഴി നടന്നുവന്ന ഒരു വിദ്യാര്‍ഥിയെയും അവര്‍ ആക്രമിച്ചു. തുടര്‍ന്ന് നേരെ അവര്‍ കൊലവിളികളുമായി ഹമീദ് അന്‍സാരിയുടെ ചടങ്ങു നടക്കുന്ന കെട്ടിടത്തിനു മുമ്പിലെത്തി.  അപ്പോഴാണ് അവിടെയുണ്ടായിരുന്ന സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗങ്ങളും  മറ്റു വിദ്യാര്‍ഥികളും ഇവരെ ശ്രദ്ധിക്കുന്നത്. അവര്‍ പുറത്തേക്കുവന്ന് ഈ അക്രമിസംഘത്തെ തടഞ്ഞു. വിദ്യാര്‍ഥികളെ അവര്‍ ആക്രമിക്കും എന്ന ഘട്ടമായപ്പോള്‍ മാത്രമാണ് അവിടെയുണ്ടായ പൊലീസ് ഇതില്‍ ഇടപെട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച 20 പേരില്‍ 6 പേരെ വിദ്യാര്‍ഥികള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ഹമീദ് അന്‍സാരിയുടെ സെക്യൂരിറ്റിയില്‍ത്തന്നെ വലിയ വീഴ്ച വരുത്തിയ പൊലീസ് സംഘം ഇവരെ ഉടനെതന്നെ യാതൊരു കേസും ചാര്‍ജ് ചെയ്യാതെ  വെറുതെ വിടുകയാണുണ്ടായത്.

ആയുധങ്ങളുമായി സംഘടിക്കുകയും മതസ്‌പര്‍ധ  പടര്‍ത്തുന്ന മുദ്രാവാക്യം വിളികളുമായി ക്യാമ്പസിലേക്ക് കടന്നുകയറുകയും മുന്‍ ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിക്കുനേരെ ആക്രമിക്കാന്‍ ശ്രമിക്കുകയും സെക്യൂരിറ്റിയെയും വിദ്യാര്‍ഥികളെയും മര്‍ദിക്കുകയും ചെയ്‌ത ഇവര്‍ക്കെതിരെ മിനിമം ഒരു എഫ്‌ഐആര്‍ എങ്കിലും രജിസ്റ്റര്‍ ചെയ്യണം എന്ന വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യത്തെ പൊലീസ് മറുപടിപോലും നല്‍കാതെ തള്ളി. ഇതിനെതിരെ ബാബ്ഇസയ്ദ് ഗെയ്റ്റില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ പൊലീസ് സ്‌റ്റേഷനിലേക്കു വന്ന് എഫ്‌ഐആര്‍ ഫയല്‍ ചെയ്യും  എന്നുപറഞ്ഞുകൊണ്ട് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നു. വിദ്യാര്‍ഥികളുടെ മാര്‍ച്ച് ഗെയ്റ്റ് കഴിഞ്ഞ് അല്‍പ്പസമയത്തിനകം യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജിനിരയാക്കുന്നു.  

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

ഷെര്‍വാണി ധരിച്ചവരെ (എഎംയു സ്റ്റുഡന്റ്‌സ്  യൂണിയന്റെ ഔദ്യോഗിക വേഷം)തെരഞ്ഞുപിടിച്ചാണ് പൊലീസ് ആക്രമിച്ചത്. 15 ഓളം കുട്ടികള്‍ക്ക് വളരെ മാരകമായി പരിക്കേറ്റു. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികളുടെ കൈകാലുകള്‍ ഒടിയുകയും തലയ്ക്ക് കനത്ത ക്ഷതമേല്‍ക്കുകയും ചെയ്തു. ഇതിനുമപ്പുറത്തേക്ക് സംഘപരിവാര്‍ ഗുണ്ടകളെ വെറുതെവിട്ട പൊലീസ് ജനാധിപത്യപരമായി പ്രതിഷേധിച്ച എഎംയു വിദ്യാര്‍ഥികള്‍ക്കു നേരെയാണ് കേസ് ചാര്‍ജ് ചെയ്തത്. ഇവിടെ വിസിക്ക് കത്തു നല്‍കിയ എംപി ഒരു മറുപടിക്കുപോലും കാത്തുനില്‍ക്കാതെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഈ ആക്രമണത്തെ സംബന്ധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റു പല മന്ത്രിമാരും സംസാരിച്ചുവെങ്കിലും ഒരിക്കല്‍പോലും ഹിന്ദു യുവവാഹിനിയെ വിമര്‍ശിക്കുന്ന സമീപനമുണ്ടായില്ലെന്നു മാത്രമല്ല എഎംയുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. പൊലീസാകട്ടെ ഒരു സംഘപരിവാര്‍സേന എന്ന നിലയിലാണിവിടെ പ്രവര്‍ത്തിച്ചത്. ഒരു വര്‍ഗീയ കലാപം ലക്ഷ്യമാക്കിയുള്ള സംഘം ചേരലിനും ആയുധങ്ങളേന്തിയുള്ള പ്രകടനത്തിനും ആക്രമണത്തിനും ഹിന്ദു യുവവാഹിനിക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ തികച്ചും ന്യായമായ സാഹചര്യമുണ്ടായിട്ടും പൊലീസ് അവരെ   ്ര സ്‌നേഹപൂര്‍വം വെറുതെ വിടുകയാണ് ചെയ്ത്. അതേസമയം ജനാധിപത്യപരമായും നിയമാനുസൃതമായും ഒരുതരത്തിലുള്ള അക്രമത്തിന്റെ വഴിക്കു പോകാതെയും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്‌തു.

വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

ആര്‍എസ്എസ്/ബിജെപിയുടെ ഈ സ്‌‌‌റ്റേറ്റ് സ്‌‌‌‌പോണ്‍സേഡ് വയലന്‍സിനെതിരെ ശക്തമായ സമരമാണ് ക്യാമ്പസിലെ ബാബ്ഇസയ്‌ദ് ഗെയ്റ്റിനു സമീപം ഒത്തുചേര്‍ന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആരംഭിച്ചത്. ജാതി, മത, ലിംഗഭേദമെന്യേയുള്ള വിദ്യാര്‍ഥികളുടെ സമാധാനപരവും ജനകീയവുമായ പ്രതിഷേധം വളരെ ശ്രദ്ധേയമായിരുന്നു. സമരം ആരംഭിച്ചയുടനെ പെണ്‍കുട്ടികള്‍ സമരത്തില്‍ പങ്കെടുക്കാതിരിക്കാനായി യൂണിവേഴ്‌‌‌സിറ്റി അധികൃതര്‍ അവരുടെ ഹോസ്റ്റലുകളുടെ ഗെയ്റ്റുകള്‍ പൂട്ടിയിടുകയാണ് ചെയ്തത്. എന്നാല്‍ ഈ പൂട്ടുകള്‍ തകര്‍ത്ത് ഗെയ്റ്റുകള്‍ തുറന്നാണ് വിദ്യാര്‍ഥിനികള്‍ സമരത്തില്‍ പ്രവേശിച്ചത്. ഉടന്‍തന്നെ ഡിസ്ട്രിക്‌ട് മജിസ്‌ട്രേട്ട് അലിഗഢിലെ ഇന്റര്‍നെറ്റ്  പാടെ വിച്ഛേദിക്കാന്‍ ഓര്‍ഡര്‍ നല്‍കി. 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇതേസമയം മറ്റൊരുഭാഗത്ത് മുഹമ്മദലി ജിന്നയുടെ  ചിത്രം സംരക്ഷിക്കാനുള്ള വിദ്യാര്‍ഥികളുടെ സമരമായാണ് ഈ പ്രക്ഷോഭത്തെ പല മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. പല പ്രധാന വാര്‍ത്താമാധ്യമങ്ങളും ആര്‍എസ്എസിനൊപ്പം ചേര്‍ന്നുകൊണ്ടുതന്നെ എല്ലാവിധ മസാലകളും ചേര്‍ത്ത് ഇതിനെ ഒരു വര്‍ഗീയ സമരമാക്കി ചിത്രീകരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

ഇവിടെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ മക്‌സൂര്‍ അഹമ്മദ് ഉസ്‌മാനി വളരെ വ്യക്തമായിത്തന്നെ പറഞ്ഞത് ഞങ്ങള്‍ ജിന്നയുമായോ അദ്ദേഹത്തിന്റെ ആശയങ്ങളുമായോ യോജിക്കുന്നവരല്ല. ഈ വിദ്യാര്‍ഥി സമരത്തിന് ജിന്നയുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ഞങ്ങളുടെ പോരാട്ടം ക്യാമ്പസില്‍വന്ന് വര്‍ഗീയ ആക്രമണം നടത്തിയവര്‍ക്കും അവരെ വെറുത വിട്ട് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് കേസ് ചാര്‍ജ് ചെ‌യ്‌ത പൊലീസിനും എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ യൂണിയന്‍ പ്രതിനിധികളും തങ്ങളുടെ ദേഹമാസകലമുള്ള തുന്നിക്കെട്ടലുകളും  ബാന്റേജുകളും പ്ലാസ്റ്ററുകളുമായാണ് സമരത്തിന് നേതൃത്വം കൊടുത്തത്. ചിലരാകട്ടെ വീല്‍ചെയറിലിരുന്നുകൊണ്ടും. സ്ഥലത്തെ പുതിയ പൊലീസ് എഎസ്പിയുടെ വരവിനെക്കുറിച്ചുകൂടി വിദ്യാര്‍ഥി യൂണിയന്‍ സൂചിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വരവോടുകൂടിയാണ് പൊലീസ് ഇത്രത്തോളം സംഘപരിവാറിനനുകൂലമായും വിദ്യാര്‍ഥികള്‍ക്കെതിരായും തിരിഞ്ഞത്. പൊലീസിന്റെ അധികാരസ്ഥാനങ്ങളിലെ അഴിച്ചുപണികള്‍പോലും എത്രത്തോളം വലിയ സംഘപരിവാര്‍ പദ്ധതിയാണ് ഇതെന്ന് തെളിയിക്കുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലുള്ള സമരത്തിന് പിന്തുണയുമായി എഎംയു ടീച്ചേഴ്‌സ് അസോസിയേഷനും രംഗത്തുവന്നു. അധ്യാപകര്‍ ഉടനെതന്നെ ഇന്ത്യന്‍ രാഷ്ട്രപതിക്ക്  പ്രസ്തുത  വിഷയത്തില്‍  ഒരു ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ച് അന്വേഷണം നടത്തണം എന്ന നിവേദനം അയച്ചു.  വിസി കുറച്ചു വൈകിയാണെങ്കിലും ജെഎന്‍യു ഹൈദ്രബാദ് എഫ്‌ടിഐ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി  രംഗത്തുവന്നു. 

ജിന്നയുടെ ചരിത്രവും ആര്‍എസ്എസിന്റെ ചിത്രവും

കാലങ്ങളേറെയായി ചില അക്കാദമിക് ചര്‍ച്ചകളിലൊഴികെ  ആരുംതന്നെ ഓര്‍ക്കാതിരുന്ന മുഹമ്മദ് അലി ജിന്നയെ ഇവിടെ സംഘപരിവാര്‍ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. അലിഗഢ് സര്‍വകലാശാലയിലാണെങ്കില്‍ തന്നെയും സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിന്റെ സെന്‍ട്രല്‍ ഹാളിലെ മൂന്ന് ഡസനോളം വരുന്ന ചിത്രങ്ങളില്‍  1938ലാണ് ജിന്നയുടെ ചിത്രം സ്ഥാപിക്കപ്പെടുന്നത്. ഇക്കാലഘട്ടത്തില്‍ ദ്വിരാഷ്ട്ര സിദ്ധാന്തമോ പാകിസ്ഥാന്‍ വാദമോ ജിന്നയിലോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനകത്തോ പ്രബലമല്ലായിരുന്നു. ഇന്നേക്ക് 80 വര്‍ഷക്കാലം ആരുംതന്നെ ഓര്‍ക്കാതിരുന്ന ആ ചിത്രം ഇതുവരെ ഉണ്ടാക്കാത്ത  ഒരു വിവാദമാണ് ഇന്ന് സംഘപരിവാറിനാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. ഈ സംഭവം ജിന്നയെക്കുറിച്ചുള്ള പുനര്‍പഠനത്തിനും ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്. അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ വ്യത്യസ്‌തമായ മേഖലകളില്‍  മഹനീയമായ സംഭാവന നല്‍കിയ വ്യക്തിത്വങ്ങള്‍ക്ക് യൂണിയനില്‍ സ്ഥിരാംഗത്വം നല്‍കി അവരുടെ ചിത്രം യൂണിയന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കുക എന്നത് വളരെ പ്രധാനമായ ഒരു ചടങ്ങാണ്. അങ്ങനെയുള്ള മൂന്ന് ഡസനോളം ആളുകളില്‍ ആദ്യം അംഗത്വം നേടിയത് 1920ല്‍ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. തുടര്‍ന്ന് ഭഗത്‌‌‌‌സിങ്, അംബേദ്‌ക്കര്‍, സരോജിനി നായിഡു, ചന്ദ്രശേഖര്‍ ആസാദ്, മൗലാനാ അബുള്‍കലാം ആസാദ്, സി വി രാമന്‍, എസ് രാധാകൃഷ്ണന്‍, ജവാഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്,  മദര്‍ തെരേസ തുടങ്ങി നിരവധി  പ്രമുഖരുണ്ട്. ഈ ചിത്രങ്ങളെക്കുറിച്ചൊന്നും ഒരക്ഷരം മിണ്ടാതെയാണ് പല മാധ്യമങ്ങളും  ജിന്നയെ മാത്രം ഉയര്‍ത്തിപ്പിടിച്ചത്.

ജിന്നയുടെ ചിത്രം അവിടെ സ്ഥാപിക്കപ്പെടുന്ന കാലത്ത് ജിന്ന അറിയപ്പെട്ടിരുന്നത് ഒരു മോഡേണ്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റായിട്ടാണ്. അന്ന് ഇന്ത്യന്‍ മതേതരത്വത്തിന്റെ നെടുംതൂണായി ജിന്നയെ വിശേഷിപ്പിച്ചത് സരോജിനി നായിഡുവായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിയുന്നതുവരെ ജിന്നയുടെ ചിത്രമേ ഇതല്ലായിരുന്നു എന്ന് ചുരുക്കം. ഗോപാലകൃഷ്‌ണ ഗോഖലെയുടെ ശിക്ഷണത്തിലാണ് ഇംഗ്ലണ്ടില്‍നിന്നും നിയമബിരുദം പാസായെത്തിയ ജിന്നയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. മതത്തിന്റെ പേരുപറഞ്ഞുള്ള വിഘടനവാദികളോട് തനിക്ക് യാതൊരു യോജിപ്പും ഇല്ല എന്ന് ജിന്ന അന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 1916ലാണ് ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ബാലഗംഗാധര തിലകന്റെ കേസ് ജിന്ന വാദിക്കുകയും ജയിക്കുകയും ചെയ്‌തത്. തിലകനോട് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജിന്ന ലക്‌നൗ പാക്റ്റിലും ഒരു ആര്‍കിടെക്റ്റ് എന്നപോലെ അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. ഭഗത്‌സിങ്ങിനോടും ശക്തമായ അനുഭാവം പുലര്‍ത്തിയ ജിന്ന അദ്ദേഹത്തിന്റെ കേസിനുവേണ്ടിയും ശക്തമായി നിലകൊണ്ടു. റൗലറ്റ് ആക്‌ടുമായി ബന്ധപ്പെട്ട് പൗരാവകാശങ്ങള്‍ക്കുവേണ്ടി ജിന്ന ശബ്ദമുയര്‍ത്തിയത് മദന്‍മോഹന്‍ മാളവ്യക്കൊപ്പമായിരുന്നു. മുസ്ലിം ലീഗിനും ഹിന്ദുമഹാസഭക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന മദന്‍മോഹന്‍  മാളവ്യയുമായി് ജിന്നയ്‌‌‌ക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. 1934 മുതലാണ് ജിന്ന മുസ്ലിം ലീഗിന്റെ ഭാഗമായി മാറുന്നത്. അന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുസ്ലിംലീഗില്‍നിന്നും ഹിന്ദുമഹാസഭയില്‍നിന്നും നേതാക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കാലഘട്ടത്തില്‍ ശ്രദ്ധേയമായത് ബഹുഭൂരിപക്ഷം വരുന്ന ഈ മതങ്ങളിലെ വിശ്വാസികളൊന്നും മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തിന് ഇവരോടൊപ്പം ഉണ്ടായിരുന്നില്ല എന്നാണ്. ഉദാഹരണമായി് 1935ലെ  ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്‌ടുമായി ബന്ധപ്പെട്ട് വോട്ടവകാശം ലഭിച്ച 11% മുസ്ലിം വിഭാഗത്തിലെ ഭൂരിപക്ഷം വോട്ടും മുസ്ലിം ലീഗിന് എതിരെയായിരുന്നു. ഖിലാഫത്ത് മുന്നേറ്റത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തിന് തികച്ചും എതിരായിരുന്നു ജിന്ന. മാത്രമല്ല  ഖിലാഫത്ത് മുന്നേറ്റത്തെ ഒരിക്കലും പിന്തുണച്ചതുമില്ല. മതത്തിനെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നാലുള്ള പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും എന്ന തികഞ്ഞ സെക്കുലറിസ്റ്റ് നിലപാടാണ് അന്ന് അദ്ദേഹം സ്വീകരിച്ചത്. ഇര്‍ഫാന്‍ ഹബീബിനെപോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് തന്റെ ജീവിതത്തിന്റെ വലിയൊരുഭാഗം  ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി നിലകൊണ്ട ഒരു മോഡറേറ്റ് കോണ്‍ഗ്രസ് മാന്‍ ആയ  ജിന്നയുടെ ചിത്രം വളരെ വ്യത്യസ്‌തമായി മാറുന്നത് 1940 മുതലാണ്.

അലിഗഢ് സര്‍വകലാശാലയിലെ സംഘപരിവാര്‍ ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം

അലിഗഢ് സര്‍വകലാശാലയിലെ സംഘപരിവാര്‍ ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം

ദ്വിരാഷ്‌ട്ര സിദ്ധാന്തം മുസ്ലിംലീഗിനും മുമ്പ് മുന്നോട്ടു വയ്ക്കുന്നത് ഹിന്ദുമഹാസഭയെ പ്രതിനിധീകരിച്ച് സവര്‍ക്കര്‍ ആണ്. ഇത് ജിന്ന ഈ വാദത്തിന്റെ പ്രതിനിധിയാകുന്നതിനും നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഹിന്ദുത്വ തീവ്രവാദത്തിന്റെ ആചാര്യനായ ഗോല്‍വാള്‍ക്കറാണ് ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് ദേശങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്നും അവര്‍ക്കൊരിക്കലും ഒരുമിച്ച് ഒരു ദേശത്ത് താമസിക്കാന്‍ കഴിയില്ലെന്നും പറയുന്നത്. മാത്രമല്ല മുസ്ലിം മതവിശ്വാസികള്‍ക്ക് ഒരിക്കലും ഭാരതത്തിലെ പൗരത്വം നല്‍കാന്‍ കഴിയില്ല എന്നുകൂടി "We, or our Nationhood Defined" (1939) (ഞങ്ങള്‍ ഞങ്ങളുടെ  ദേശത്തെ നിര്‍വചിക്കുന്നു) എന്ന തന്റെ പുസ്‌തകത്തിലൂടെ അദ്ദേഹം പറഞ്ഞു. എന്നാല്‍ വര്‍ഗീയമായി സ്വന്തം രാജ്യത്തെ വിഭജിക്കുന്നതിന് കച്ചകെട്ടി ഇറങ്ങിയ ഇവരുടെ  പേരില്‍ ഇന്ന് ബിജെപി ഗവണ്‍മെന്റ് എയര്‍പോര്‍ട്ടുകളും റോഡുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം പണിയുകയാണ്. മാത്രമല്ല ഇങ്ങനെ പരസ്യമായി വര്‍ഗീയത പറയുകയും രാജ്യത്തെ  മതത്തിന്റെ പേരില്‍  കീറിമുറിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും സ്വാതന്ത്ര്യസമരത്തില്‍നിന്ന് പൂര്‍ണമായി മാറിനിന്ന് ബ്രിട്ടീഷുകാര്‍ക്ക് സേവ ചെയ്‌തുകൊണ്ടിരുന്ന ഇവരെ രാജ്യത്തിന്റെ തന്നെ പണം ഉപയോഗിച്ച് ഇന്ന് ബിജെപി സര്‍ക്കാര്‍ വലിയ ദേശീയവാദികളായി വാഴ്ത്തുകയും ചെയ്യുകയാണ്. പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ ആവശ്യം ആദ്യമായി മുന്നോട്ടുവച്ചതും ജിന്നയായിരുന്നില്ല. അത് ചൗധരി മുഹമ്മദ് അലി എന്ന അക്കാലത്ത് കേംബ്രിഡ്‌ജ് വിദ്യാഭ്യാസം കഴിഞ്ഞെത്തിയ ഒരാളായിരുന്നു. പക്ഷേ ഇങ്ങനെയുള്ളവരെയൊന്നും അന്ന് ആരുംതന്നെ ഗൗരവത്തില്‍ എടുത്തിരുന്നില്ല.

മോത്തിലാല്‍ നെഹ്‌റു കമ്മിറ്റിക്കകത്ത് മുസ്ലിം പ്രാതിനിധ്യം കൂടുതല്‍ വേണമെന്ന വാദത്തോടെയാണ് ജിന്നയുടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസുമായുള്ള വിയോജിപ്പുകളുടെ തുടക്കം. എന്നാല്‍ 1942ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനം ഹിന്ദുമഹാസഭ ബഹിഷ്‌കരിക്കുകയാണുണ്ടായത്. മാത്രമല്ല ജിന്നയുടെ മുസ്ലിം ലീഗുമായി ചേര്‍ന്നുകൊണ്ട് മുന്നണി രൂപീകരിച്ച് രണ്ടിടങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റുകള്‍ സ്ഥാപിക്കുകയും ചെയ്‌തു. അതില്‍ ബംഗാളിലെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായി മാറിയത് ആര്‍എസ്എസ് നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. ഇത് ഏകദേശം ഇന്നത്തെ ബിജെപിപിഡിപി സഖ്യത്തിന് സമാനമായി നമുക്ക് കാണാം. തന്റെ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ കാലയളവില്‍ എല്‍ കെ അദ്വാനി ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച് അദ്ദേഹം വലിയ മതേതരവാദിയായിരുന്നു എന്ന് വാഴ്ത്തിപ്പാടിയിട്ടുണ്ട്. അതേ വാക്കുകള്‍തന്നെയാണ് ബിജെപിയുടെ സ്ഥാപകനേതാവുകൂടിയായ ജസ്വന്ത് സിങ്ങും പറഞ്ഞത്. ഇതില്‍ എവിടെ, ആര്‍ക്കാണ് ആശയക്കുഴപ്പം എന്ന് ബിജെപി/ആര്‍എസ്എസ് നേതൃത്വം തന്നെ നമ്മളോട് പറഞ്ഞുതരേണ്ടതാണ്.

ദ്വിരാഷ്‌ട്ര സിദ്ധാന്തം ഏറ്റവും തുറന്ന രീതിയില്‍ സവര്‍ക്കര്‍ പ്രഖ്യാപിക്കുന്നത് 1937ല്‍ അഹമ്മദാബാദില്‍ വച്ചുനടന്ന ഹിന്ദുമഹാസഭയുടെ മുഖ്യ പ്രഭാഷണത്തിലാണ്. എന്നാല്‍ 1940 ല്‍ ലാഹോര്‍ റസലൂഷനുശേഷം മാത്രമാണ് മുസ്ലിംലീഗ് വിഭജനത്തിനായി വാദിക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ക്കെല്ലാം മുമ്പ് ആദ്യം ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് സവര്‍ക്കര്‍ സൂചിപ്പിക്കുന്നത് 1923 ല്‍ തന്റെ പുസ്തകമായ 'ഹിന്ദുത്വ'യിലൂടെയാണ്. ചുരുക്കത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും സ്വരാജ്യവും വിഭജിക്കുന്നതില്‍ മുസ്ലിംലീഗിനേക്കാള്‍  കനത്ത സംഭാവന ഹിന്ദുമഹാസഭയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. ഏറെക്കുറെ പരസ്പര സഹകരണസംഘം പോലെ പ്രവര്‍ത്തിച്ച ബംഗാളിലെ ഇവരുടെ കൂട്ടുകക്ഷി ഭരണത്തെക്കുറിച്ച് 1942ല്‍ നടന്ന ഹിന്ദുമഹാസഭയുടെ മുഖ്യപ്രഭാഷണത്തില്‍ സവര്‍ക്കര്‍ വാഴ്‌ത്തുന്നുണ്ട്. ഈ സംഭവ വികാസങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചുപോന്ന ഡോ. ബി ആര്‍ അംബേദ്ക്കര്‍ വിലയിരുത്തുന്നത് "പുറമെനിന്നു  നോക്കുമ്പോള്‍ പരസ്‌പരം എതിര്‍ക്കേണ്ടവരായ സവര്‍ക്കറും ജിന്നയും സ്വന്തം അധികാര സ്ഥാനങ്ങളുറപ്പിക്കുന്നതിനായി വളരെ യോജിച്ചിരുന്നവരായിരുന്നു. ഇന്ത്യയിലെ മറ്റെല്ലാ വ്യത്യസ്‌തതകളും തള്ളിക്കളഞ്ഞ് ഇവിടെ രണ്ട് ദേശീയതകള്‍ മാത്രമാണുള്ളതെന്നും അത് ഹിന്ദുവും മുസ്ലിമും മാത്രമാണ് എന്നും അവര്‍ വാദിച്ചിരുന്നു"എന്നാണ്‌. പാകിസ്ഥാന്‍ എന്ന മറ്റൊരു രാഷ്ട്രത്തിനായി ഒരു വശത്ത് മുസ്ലിംലീഗ് ശക്തമായി പ്രചാരണം നടത്തി ആളെ കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് മതം അടിസ്ഥാനപ്പെടുത്തി ജനതയെ രാഷ്ട്രീയമായി ചേരിതിരിച്ച് തമ്മലടിപ്പിക്കുന്നതിനെതിരെ ഐക്യത്തിന്റെ പ്രതിരൂപമായ ഒരേയൊരു ഇന്ത്യ രാജ്യത്തിനുവേണ്ടി ശബ്‌ദ‌മുയര്‍ത്തി തെരുവിലിറങ്ങിയ മുസ്ലിം പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും നിര ചെറുതല്ല. പത്തോളം വ്യത്യസ്‌തമായ മുസ്ലിം സംഘടനകളും ഡോ. മുഖ്‌താര്‍ അഹമ്മദ് അന്‍സാരിയും ഖാന്‍ അബ്‌ദുള്‍ ഖാഫര്‍ ഖാനും അടക്കമുള്ള നിരവധി നേതാക്കളുമാണ് ഐക്യത്തിനായി മുന്നിട്ടിറങ്ങിയത്. എന്നാല്‍ ഹിന്ദുത്വ  കിരാതസംഘങ്ങള്‍ സെക്കുലര്‍ ഹിന്ദുക്കള്‍ക്കെതിരെ തങ്ങളുടെ ഉദ്ദേശ്യം നടപ്പാക്കുന്നതിനായി ആക്രമണം അഴിച്ചുവിട്ടതുപോലെ മുസ്ലിംലീഗും ഇവരെ ക്രൂരമായാണ് നേരിട്ടത്. അവര്‍ ശാരീരികമായി ആക്രമിക്കപ്പെടുകയും അവരുടെ വീടും ബന്ധുക്കളും ആക്രമിക്കപ്പെടുകയും അവര്‍ സംസാരിക്കുകയും താമസിക്കുകയും ചെയ്‌ത  മോസ്‌‌കുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌തു. ഷെയ്‌ഖ്ഉള്‍ഇസ്ലാം, മൗലാന ഹുസൈന്‍ അഹമ്മദ് മദനി എന്നിവര്‍ യുപിയിലും ബിഹാറിലും നടന്ന അക്രമങ്ങളില്‍ ഇരയാക്കപ്പെട്ടവരാണ്. മൗലാനാ ആസാദ് അടക്കമുള്ളവര്‍ക്കു നേരെ  വധശ്രമങ്ങളുണ്ടായി. ഇവിടെ ഗാന്ധിജി വധിക്കപ്പെടുന്നതിനും അഞ്ച് വര്‍ഷംമുമ്പ് 1943ല്‍ മുസ്ലിം വര്‍ഗീയതക്കും വിഘടനവാദങ്ങള്‍ക്കുമെതിരെ ശക്തമായി നിലകൊണ്ട അളളാ ബക്ഷിനെ മുസ്ലിംലീഗ് അയച്ച കൊലയാളികളാണ് കൊലപ്പെടുത്തിയത്.

മറുവശത്ത് ഹിന്ദുമഹാസഭയും ആര്‍എസ്എസുമാകട്ടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്ന് പൂര്‍ണമായി മാറിനിന്ന് ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്‌മ  വിനയപൂര്‍വം അംഗീകരിച്ച് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും പരസ്പരം ചേരിതിരിക്കുന്നതില്‍ മാത്രം ശ്രദ്ധയൂന്നി. ബ്രിട്ടീഷുകാരല്ല മുസ്ലിങ്ങളാണ് ഹിന്ദുക്കളുടെ ശത്രുക്കള്‍ എന്ന ധാരണ പരത്താന്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ വളരെ അബദ്ധവശാല്‍ മാത്രം തടവിലായിപ്പോയ ഹിന്ദുത്വ വര്‍ഗീയവാദികളുടെ 'വീര്‍ സവര്‍ക്കര്‍' മ്ലേച്ചതയുടെ പാരമ്യത്തില്‍നിന്ന് ബ്രിട്ടീഷുകാരോട്  മാപ്പിരന്ന് ഇനിയൊരിക്കലും നിങ്ങള്‍ക്കെതിരെ സമരം ചെയ്യില്ല എന്ന്എഴുതി ഒപ്പിട്ടുകൊടുത്താണല്ലോ പുറത്തിറങ്ങിയത്. ഇതിനുംപുറമെ ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തോട് പൂര്‍ണ വിധേയത്വം പുലര്‍ത്തിയ ഇവര്‍ ബ്രിട്ടീഷുകാര്‍ ആര്‍എസ്എസിന്റെ പരേഡ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ നിര്‍ത്തുകയും മുമ്പ് കാക്കി ഷര്‍ട്ട് ഔദ്യോഗികവേഷമായി ഉപയോഗിച്ചിരുന്നതിനെ ബ്രിട്ടീഷുകാര്‍ ചോദ്യംചെയ്തപ്പോള്‍ ഉടന്‍തന്നെ അത് വെളുത്ത ഷര്‍ട്ടാക്കി മാറ്റുകയും ചെയ്‌ത ചരിത്രവുമുണ്ട്.

ജിന്ന, ഗാന്ധിജി

ജിന്ന, ഗാന്ധിജി

വീണ്ടും ജിന്നയിലേക്ക് വരുമ്പോള്‍ രാജ്യത്തിന്റെയും  ഭരണത്തിന്റെയും വിഷയങ്ങളില്‍ ഒരിക്കലും മതം കുത്തിക്കയറ്റരുത് എന്ന് വാദിച്ചിരുന്ന ജിന്ന പിന്നീട് മതം അടിസ്ഥാനപ്രമാണവും ഭരണഘടനയുമായി മാറിയ ഒരു രാഷ്ട്രത്തിന്റെ പിതാവായിത്തീര്‍ന്നു. എന്നാല്‍ തികച്ചും വൈരുധ്യമെന്നു പറയട്ടെ ജിന്ന തന്റെ വ്യക്തിജീവിതത്തില്‍ ഒരിക്കലും മതം പിന്തുടര്‍ന്ന ആളായിരുന്നില്ല. ഉറുദു എഴുതാനോ വായിക്കാനോ അറിയാത്ത അദ്ദേഹം പന്നിയിറച്ചി കഴിക്കുകയും മദ്യപിക്കുകയും കൂടാതെ  മറ്റ് മതത്തില്‍നിന്ന് വിവാഹം കഴിക്കുകയും ചെയ്‌തു.  1935ല്‍ അവിഭക്ത പഞ്ചാബില്‍ നടന്ന സിഖ്-മുസ്ലീം സംഘര്‍ഷത്തെക്കുറിച്ചുള്ള കേസില്‍ മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയായി കോടതിയില്‍ ജിന്ന ഹാജരാകണം എന്ന് സ്വന്തം സമുദായത്തിലുള്ളവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ആ ആവശ്യം പൂര്‍ണമായും നിരാകരിക്കുകയാണ് ചെയ്‌തത്. അതിന് കാരണമായി അന്നദ്ദേഹം പറഞ്ഞതും മതത്തിന്റെ പേരില്‍ തല്ലുകൂടുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ കോണ്‍ഗ്രസില്‍നിന്ന് നേരിടേണ്ടി വന്ന അവഗണനയും പാര്‍ടിക്കുള്ളിലെ ഹിന്ദുത്വ ലോബിയുടെ പിടിമുറുക്കലും ഉള്ളില്‍ തലപൊക്കി വന്ന അധികാരമോഹങ്ങളും ഒരുകാലത്ത് ജന്മി നാടുവാഴിത്ത മുസ്ലിങ്ങളുടെ സംഘടനയായി ജിന്നതന്നെ കുറ്റപ്പെടുത്തിയ മുസ്ലിംലീഗിലേക്ക് ചേക്കേറുന്നതിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. എന്നാല്‍ പാകിസ്ഥാന്റെ നിര്‍മാണം ജിന്നയുടെ കൈകളിലൊന്നും നിന്നില്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ആരുംതന്നെ വില കല്‍പ്പിക്കാതെ മാറ്റിനിര്‍ത്തിയിരുന്ന വര്‍ഗീയവാദികളായ ജമാഅത്തെ ഇസ്ലാമിക്കും അവരുടെ സ്ഥാപകനായ മൗദൂദിയുടെ ആശയങ്ങള്‍ക്കും പാകിസ്ഥാനില്‍ പ്രിയമേറി. ന്യൂനപക്ഷങ്ങളെ തുല്യതയോടെ പരിഗണിക്കും എന്നുപറഞ്ഞ് രാഷ്ട്രനിര്‍മാണം ആരംഭിച്ച പാകിസ്ഥാനില്‍ അവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായി. വ്യത്യസ്‌ത ദേശീയതകളുടെ ഉയര്‍ന്നുവരവും ഒരു വിഭാഗത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ നിര്‍മിക്കപ്പെട്ട പുതിയ രാഷ്‌ട്രമായ ബംഗ്ലാദേശിന്റെ ഉദയവുമെല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട രാഷ്ട്രം എന്ന ആശയത്തിന്റെ സമ്പൂര്‍ണ പരാജയത്തിലേക്ക് നയിച്ചു.

ഇന്ത്യക്ക് അകത്ത് സ്ഥിരന്യൂനപക്ഷങ്ങളും സ്ഥിര ഭൂരിപക്ഷങ്ങളും ഉണ്ട് എന്ന സിദ്ധാന്തം പറഞ്ഞുകൊണ്ടാണ് 1940ല്‍ ജിന്ന മുസ്ലിം വിഭാഗത്തിനായി മറ്റൊരു രാഷ്ട്രം വേണം എന്ന ശക്തമായ വാദം ഉയര്‍ത്തുന്നത്. സഹായത്തിന് മുസ്ലിം വിഭാഗത്തെ അരക്ഷിതരാക്കാനും ഹിന്ദുക്കള്‍ക്കിടയില്‍ വര്‍ഗീയത ആളിക്കത്തിച്ച് ദ്വിരാഷ്‌ട്ര വാദത്തിന് ആക്കം കൂട്ടാനും ഹിന്ദുമഹാസഭയും ആര്‍എസ്എസും ഉണ്ടായിരുന്നു. ഇത് സ്വതന്ത്ര ഇന്ത്യക്കകത്ത് ഇന്നും തുടരുന്നുണ്ടെന്ന് നമുക്ക് വളരെ വ്യക്തമായി കാണാം. ഉദാഹരണത്തിന് കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന് ഇന്ന് ബിജെപി  ഇന്ത്യ ഭരിക്കുമ്പോള്‍ 19.2% ജനസംഖ്യയുള്ള മുസ്ലിം വിഭാഗത്തില്‍ നിന്ന് ആകെ 22 എംപിമാര്‍ മാത്രമെ മൊത്തം എംപിമാരുടെ എണ്ണമായ 545ല്‍ നിന്നുള്ളു. ഗുജറാത്തില്‍ ആകെയുള്ള സംസ്ഥാന നിയമസഭ സീറ്റുകളായ 182ല്‍ വെറും  മൂന്ന് മുസ്ലിം എംഎല്‍എമാരാണുള്ളത്.  യുപിയിലാകട്ടെ 404ല്‍ വെറും 5.9 ശതമാനവും. മുമ്പും ഇന്ത്യന്‍ ദേശീയവാദികളായ മുസ്ലിം വിഭാഗങ്ങളായിരുന്നു ആര്‍എസ്എസിന് ഏറ്റവും വലിയ ശത്രുക്കള്‍. ഇന്നും ആ വിഭാഗത്തില്‍ നിന്നുള്ളവരെ പൂര്‍ണമായി ഒറ്റപ്പെടുത്തി അവരെയാകെ പാക്കിസ്ഥാന്‍ ചാരന്മാരായി മുദ്ര കുത്തുന്ന പണിയാണ് സംഘപരിവാര്‍ ഇവിടെ എടുത്തുകൊണ്ടിരിക്കുന്നത്.

അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

എഎംയുവിനകത്തേക്ക് വരുമ്പോഴും വ്യത്യസ്തമായതൊന്നുമല്ല നടക്കുന്നത്. 40 ശതമാനത്തോളം ഹിന്ദു വിദ്യാര്‍ഥികളും മൊത്തം 50 ശതമാനത്തോളം അമുസ്ലിങ്ങളും ഭാഗമായിട്ടുള്ള എഎംയു ക്യാമ്പസില്‍ ഉള്ളത് ഒരിക്കലും ഒരു വര്‍ഗീയതയുടെ പരിസരമല്ല. എഎംയു വിദ്യാര്‍ഥികള്‍ ജിന്നവാദികളാണെന്നും ജിന്നയാണ് എഎംയു സ്ഥാപിച്ചതെന്നൊക്കെയുള്ള അപാരമായ വിഢ്ഡിത്തങ്ങളാണ് ഇന്ന് സംഘപരിവാര്‍ നേതൃത്വത്തിലുള്ള മാധ്യമസംഘങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തെക്കുറിച്ചും  യാഥാര്‍ഥ്യങ്ങളെകുറിച്ചുമുള്ള അറിവില്ലായ്മ അവരുടെ പാരമ്പര്യമാണല്ലോ.  യഥാര്‍ഥത്തില്‍  1875ല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ സ്‌കൂള്‍ ആയിട്ടാണ് സയ്യിദ് അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ എഎംയു ആരംഭിക്കുന്നത്.  സ്റ്റുഡന്റ്‌സ് യൂണിയന്‍ ആരംഭിച്ചതാകട്ടെ മോറിസണ്‍ എന്ന പ്രിന്‍സിപ്പലും. 1920ല്‍ ആരംഭിച്ച എഎംയുവിന്റെ ഉന്നത ഭരണസമിതിയായ എഎംയു കോര്‍ട്ടിന്റെ സ്ഥാപകരിലൊരാളാണ് ജിന്ന. എഎംയുവിന്റെ സ്ഥിരം സാമ്പത്തിക സഹായികളില്‍ ഒരാളും. ഈ കാലഘട്ടത്തില്‍ ഒരു തികഞ്ഞ ദേശീയവാദിയും മതനിരപേക്ഷ നിലപാടുകളുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിന്നയ്‌ക്കാണ് അലിഗഢ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ സ്ഥിരാംഗത്വം നല്‍കുന്നത്.

അന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജിന്ന ഒരിക്കലും അവരുമായി വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലായിരുന്നു. അപ്പോള്‍ ആര്‍എസ്എസും ബിജെപിയും ജിന്നയെ മായ്ച്ചുകളയാന്‍ ശ്രമിച്ചാലും എങ്ങനെയാണ് അദ്ദേഹം ഇന്ത്യന്‍ ചരിത്രത്തില്‍നിന്ന് ഇല്ലാതാകുന്നത്? സംഘപരിവാര്‍ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെ കുറ്റക്കാരായി വിധിച്ച ചരിത്രം മായാതെയും തേയാതെയും നമുക്കുമുമ്പില്‍ നില്‍ക്കും. മാത്രമല്ല രാഷ്ട്രപിതാവിന്റെ ഘാതകനായ ഗോഡ്‌സേക്ക് അമ്പലം പണിത് ആരാധിച്ച സംഘപരിവാറിന്റെ വര്‍ത്തമാനകാലവും നമുക്കു മുമ്പില്‍ തന്നെ തുടരും. മുഗള്‍ രാജാക്കന്മാര്‍, ടിപ്പുസുല്‍ത്താന്‍, ജിന്ന തുടങ്ങി നിരവധി മരിച്ചുപോയ മുസ്ലിങ്ങളുടെ ചരിത്രം സംഘപരിവാര്‍ എത്രതന്നെ ദുര്‍വ്യാഖ്യാനം ചെയ്‌താലും ഇന്ത്യയേയും  ഇവിടുത്തെ ജനങ്ങളെയും വര്‍ഗീയമായി ചേരിതിരിച്ചതില്‍ ആര്‍എസ്എസിനുള്ള പങ്ക് ജനങ്ങളുടെ മുമ്പില്‍നിന്ന് മായ്ച്ചുകളയാന്‍  സാധിക്കാത്തവണ്ണം നിലനില്‍ക്കും. യുപിയില്‍ അടുത്തുനടന്ന രണ്ട് ബൈ ഇലക്ഷനുകളില്‍ (ഗോരഖ്‌പൂര്‍,  ഫൂല്‍പൂര്‍) ബിജെപി പരാജയപ്പെടുകയും എംപി എന്ന നിലയില്‍ സതീഷ് ഗൗതം ഒരു തികഞ്ഞ പരാജയമായി മാറുകയും ചെയ്‌തതിനു ശേഷമാണ് ഇങ്ങനെ ഒരു പ്ലാന്‍  ആസൂത്രണംചെയ്യപ്പെടുന്നത്. ഇതുതന്നെയായിരുന്നല്ലൊ 2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത്.

ക്യാമ്പസുകളെ ഭയക്കുന്ന സംഘപരിവാര്‍

യഥാര്‍ഥത്തില്‍ എഎംയു ക്യാമ്പസിലെ ജിന്നയുടെ ചിത്രമാണ് പ്രശ്‌നമെങ്കില്‍ പാര്‍ലമെന്റിനകത്ത് പഴയ മുന്നണിയെ ഓര്‍മിപ്പിക്കുന്നവിധം ജിന്നയും ശ്യാമപ്രസാദ് മുഖര്‍ജിയും ചേര്‍ന്നിരിക്കുന്ന ചിത്രങ്ങളെകുറിച്ച് എന്തുകൊണ്ട് സംഘപരിവാര്‍ സംസാരിക്കുന്നില്ല? മുംബൈ ഹൈകോര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ജിന്നയുടെ എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ഒന്നും പറഞ്ഞുകേട്ടില്ല. മുംബൈയില്‍ തന്നെയാണ് മുഹമ്മദ് അലി ജിന്നയുടെ പേരിലുള്ള ജിന്ന ഹാളും ജിന്ന ഹൗസും ഉള്ളത്. മാത്രമല്ല ഗുണ്ടൂരിലുള്ള ജിന്ന ടവറിനെക്കുറിച്ചും സംസാരിക്കേണ്ടതാണ്. ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ലൈബ്രറിയിലും ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് സ്റ്റഡീസിലും ജിന്നയുടെ ചിത്രമുണ്ട്. ഇവിടെ ജിന്ന ചിത്രം എടുത്തു മാറ്റണം എന്ന് ആവശ്യപ്പെട്ടത് അലിഗഢ് എംപി സതീഷ്‌കുമാര്‍ ഗൗതമാണ്. അദ്ദേഹം എഎംയുവിന്റെ ഉന്നത ഭരണസമിതിയായ എഎംയു കോര്‍ട്ടില്‍ അംഗമാണ്. ഒരിക്കല്‍പോലും അദ്ദേഹം അവിടെ ഇത് ഉന്നയിച്ചിട്ടില്ല. മാത്രമല്ല ഒരു എംപി എന്ന നിലയില്‍ പാര്‍ലമെന്റിലും  അദ്ദേഹത്തിന് ഈ വിഷയം സംസാരിക്കാന്‍ കഴിയും. വേണമെങ്കില്‍ ജിന്നയുടെ പടം ഇന്ത്യയിലൊരിടത്തും കാണരുത് എന്നും വാദിക്കാം. പക്ഷേ ഒരിക്കലും ചെയ്‌തിട്ടില്ല. എഎംയു വിസിക്ക് കത്തുകൊടുത്ത് മറുപടിക്ക് പോലും കാത്തുനില്‍ക്കാതെ സംഘപരിവാര്‍ ഗുണ്ടകളെ അങ്ങോട്ട് പറഞ്ഞുവിട്ട് നാടുമുഴുവന്‍ വാര്‍ത്തയെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിന്റെ ഉദ്ദേശ്യം എന്തെന്നും വളരെ വ്യക്തമാണ്. അതിനാല്‍തന്നെ എഎംയു വിദ്യാര്‍ഥികളുടെ  മുദ്രാവാക്യം 'ജിന്നാ തൊ ബഹാനാ ഹൈ, ആര്‍എസ്എസ് കൊ ക്യാമ്പസ് മെ ആനാ ഹൈ' (ജിന്ന വെറും മറ മാത്രമാണ്. യഥാര്‍ഥത്തില്‍ ആര്‍എസ്എസിന് ക്യാമ്പസില്‍ കയറുക എന്നതാണ് ഉദ്ദേശ്യം) വളരെ പ്രസക്തമാണ്.

സത്യത്തില്‍ ജെഎന്‍യു, എച്ച്‌സിയു, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവയിലുണ്ടായ സംഭവങ്ങളുടെ ഒരു തുടര്‍ക്കഥ മാത്രമാണ് എഎംയു. ഇത് യൂണിവേഴ്‌സിറ്റികള്‍ കേന്ദ്രമാക്കി  വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടുകയും അധികാരസ്ഥാനങ്ങള്‍ ഭദ്രമാക്കുകയും ചെയ്യുക എന്ന തന്ത്രത്തിന്റെ ബാക്കിപത്രമാണ്. മാത്രമല്ല ഈ ആക്രമണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കാന്‍ ബിജെപി തങ്ങളുടെ ഓരോ എംപിമാരെ തന്നെ നിയോഗിച്ചിരിക്കുകയാണെന്നത് മറ്റൊരു വാസ്‌തവം. ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയുടെ കൊലപാതക തുല്യമായ ആത്മഹത്യ  വലിയ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ ബിജെപിക്കുവേണ്ടി ആ ആക്രമണത്തിന് നേതൃത്വം കൊടുത്തത് കേന്ദ്രമന്ത്രി കൂടിയായ  ബണ്ഡാരു ദത്താത്രേയ ആയിരുന്നു. ജെഎന്‍യുവിലെ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ എന്ന മരീചികയാകട്ടെ, ആക്രമണം മുന്നില്‍നിന്ന് നയിച്ചത് നോയിഡ എംപിയും കേന്ദ്രമന്ത്രിയുമായ മഹേഷ് ശര്‍മ്മയായിരുന്നു. ഇന്നിപ്പോള്‍ ഇതാ എഎംയുവില്‍ സതീഷ്‌കുമാര്‍ ഗൗതമും.

ഹിന്ദു ജാഗരണ്‍ സേനാപ്രവര്‍ത്തകര്‍

ഹിന്ദു ജാഗരണ്‍ സേനാപ്രവര്‍ത്തകര്‍

ഈ വിഷയങ്ങളെല്ലാം തന്നെ ഇന്നും നമ്മളുടെ മുമ്പില്‍ ചോദ്യചിഹ്നങ്ങളായി അവശേഷിക്കുകയാണ്. ഇന്നുവരെ ജെഎന്‍യുവില്‍ ഉയര്‍ന്നുകേട്ടു എന്ന് പറഞ്ഞുപരത്തിയ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ആരാണ് വിളിച്ചത് എന്നുപോലും കണ്ടെത്താന്‍ ഇത്രത്തോളം വലിയ അന്വേഷണ സംവിധാനങ്ങളുള്ള ഡല്‍ഹി പൊലീസിനു കഴിഞ്ഞിട്ടില്ല. രോഹിത് വെമുലയുടെ മരണം അടക്കമുള്ള ദളിത്, ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും യൂണിവേഴ്‌സിറ്റികളിലും മറ്റിടങ്ങളിലും അനുഭവിക്കുന്ന അവഗണനകളും യാതനകളും ഇവിടെ തുടര്‍ന്നുപോരുന്നു. എബിവിപിയുടെ വര്‍ഗീയ അധിക്ഷേപങ്ങള്‍ക്കും  ശാരീരിക ആക്രമണത്തിനും  ശേഷം ജെഎന്‍യുവില്‍ നിന്ന് രണ്ട് വര്‍ഷത്തോളമായി കാണാതായ നജീബ് അഹമ്മദിനെക്കുറിച്ചും ഇതുവരെ  യാതൊരു വിവരവുമില്ല.  ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാംജാസ് കോളേജില്‍ നടന്ന അക്കാദമിക് സെമിനാറിലേക്ക് കടന്നാക്രമിച്ച് കടന്ന് അധ്യാപകരെയടക്കം മര്‍ദിച്ച എബിവിപി ഗുണ്ടകള്‍ ഇന്നും തങ്ങള്‍ പ്രബലരായ ക്യാമ്പസുകളില്‍ യാതൊരു വിധത്തിലുള്ള അക്കാദമിക് എന്‍ഗേജുമെന്റുകളും അനുവദിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.  ഡിയുവിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പല്‍ ആക്രമിക്കുകയും അവിടെ 'മന്ദിര്‍ യഹി ബനായേങ്കേ' എന്നെഴുതിയതും ഇവര്‍ തന്നെയാണ്‌. എബിവിപിയുടെ കോട്ട കൊത്തളമായി അറിയപ്പെടുന്ന ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് പുറത്തേക്കിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഇത്തരത്തിലുള്ള ശാരീരികവും മാനസികവുമായ  ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച വനിതാ ഹോസ്റ്റലുകളിലെ പെണ്‍കുട്ടികളുടെ സമരം അടിച്ചമര്‍ത്തുകയാണുണ്ടായത്. ഷിംലയിലെ ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിനാണ് മുന്‍തൂക്കം എന്നതിന്റെ പേരില്‍ ഇലക്ഷന്‍പോലും നടത്താതായിട്ട് അഞ്ച് വര്‍ഷം കഴിയുന്നു. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ കുട്ടികള്‍ ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാലാണ് ദേശദ്രോഹികള്‍ എന്ന വിളി കേള്‍ക്കേണ്ടിവന്നത്. അങ്ങനെയങ്ങനെ പ്രതിഷേധിക്കുന്ന ക്യാമ്പസുകള്‍ക്കാകെ രാജ്യദ്രോഹികളെന്നും അര്‍ബന്‍ മാവോയിസ്റ്റുകളെന്നും ജിഹാദികളെന്നുമുള്ള ഓമനപ്പേരുകള്‍ അവര്‍ ചാര്‍ത്തിക്കൊടുക്കുകയാണ്.

ജെഎന്‍യുവില്‍ 2018 ഏപ്രില്‍ 27 ാം തീയതി വിവേകാനന്ദ വിചാര്‍ മഞ്ച് എന്ന പേരില്‍ എബിവിപി സംഘടിപ്പിച്ച 'ഇന്‍ ദി നെയിം ഓഫ് ലൗ' എന്ന ഡോക്യുമെന്ററി പറഞ്ഞത് കേരളത്തില്‍ എപ്പോഴും  നടന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനായ മതപരിവര്‍ത്തനങ്ങള്‍ എന്ന  പച്ചക്കള്ളമായിരുന്നു. അവരുടെ ഭാഷ്യം കേരളത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന മതപരിവര്‍ത്തനങ്ങളാണ് നിത്യവും നടന്നുകൊണ്ടിരിക്കുന്നത് എന്നാണ്. ഈ ഡോക്യുമെന്ററി പ്രദര്‍ശനത്തിനു മുമ്പായി വലിയ ശബ്ദത്തില്‍ വച്ച പാട്ടുകളിലെ വരികളാകട്ടെ ''മസ്‌ജിദ്  തോട് ദേങ്കേ, മന്തിര്‍ ബനായേങ്കേ, ഭഗ്‌വാ ലഹരായേങ്കേ'' (മസ്ജിദ് തകര്‍ക്കും, അമ്പലം പണിയും, കാവിക്കൊടി പാറിക്കും) എന്ന തരത്തിലുള്ളവയായിരുന്നു. ഈ പ്രദര്‍ശനം യൂണിവേഴ്‌സിറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ സംരക്ഷണത്തിലാണ് നടന്നത്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാര്‍ഥികളെ കായികമായാണ് എബിവിപി പ്രവര്‍ത്തകര്‍ നേരിട്ടത്. മുന്‍ ജെഎന്‍യു  എസ്‌യു പ്രസിഡന്റിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മുമ്പ് 'കാസ്റ്റ് ഓണ്‍ മെനു കാര്‍ഡ്', 'മുസഫര്‍ നഗര്‍ ബാക്കി ഹൈ' എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനത്തിന് വ്യത്യസ്‌ത സംഘടനകള്‍ അനുമതി ചോദിച്ചപ്പോള്‍ നല്‍കാതെ ഇത് ക്യാമ്പസില്‍ വലിയ പ്രശ്‌നമുണ്ടാക്കും എന്നുപറഞ്ഞുകൊണ്ട് പ്രദര്‍ശനം തടയാന്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ വിട്ട വിസി  മാമിദാല ജഗതീഷ്‌കുമാറാണ് ഇവിടെ എബിവിപിയുടെ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് ആളെ അയച്ച് സംരക്ഷിച്ചത്. മറ്റ് രണ്ട് ഡോക്യുമെന്ററികള്‍ക്ക് ബിജെപിയെ വിമര്‍ശിക്കുന്നു എന്ന കാരണംകൊണ്ടാണ്  യഥാര്‍ഥത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്.

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം

ഇവിടെ ക്യാമ്പസുകള്‍ക്കെതിരായ ഭരണകൂടത്തിന്റെയും സംഘപരിവാറിന്റെയും ആക്രമണങ്ങള്‍ പ്രതിഷേധത്തിന്റെ സര്‍ഗാത്മക സ്വരങ്ങളായ യൂണിവേഴ്‌സിറ്റികളെ നിശ്ശബ്‌ദമാക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ക്യാമ്പസിലും മറ്റിടങ്ങളിലെന്നപോലെ അവര്‍ക്കു വേണ്ട ശത്രുക്കളെ അവര്‍ കണ്ടെടുത്ത് ആക്രമിച്ച് വ്യത്യസ്തമായ ചിത്രം പുറത്തു നല്‍കാന്‍ ശ്രമിക്കുന്നു.  ഇന്ന് ഇസ്രയേലിലേക്ക് നരേന്ദ്ര മോഡി  പോയി ജൂതരെ വാഴ്ത്തി പലസ്‌തീന്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികളായ ആര്‍എസ്എസ് നേതാക്കള്‍ മുഞ്ചെയും സവര്‍ക്കറുമടക്കമുള്ളവര്‍ ഹിറ്റ്‌ലറുടെ ജൂതന്‍മാരെ നേരിടുന്ന തന്ത്രങ്ങള്‍ വാഴ്ത്തിപ്പാടി അത് മാതൃകയാക്കണമെന്നു  പറഞ്ഞവരാണ്. ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിനെതിരെ തിരിച്ചു അക്രമം നടത്തി അധികാരം പിടിച്ചെടുക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇന്ത്യന്‍ ക്യാമ്പസുകളിലടക്കം എല്ലായിടത്തും സംഘപരിവാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.  മറ്റെല്ലാ കമ്യൂണല്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും തങ്ങളുടെ മേഖലയിലെ മൈനോറിറ്റികളെ ലക്ഷ്യം വയ്ക്കുക തന്നെയാണ് ചെയ്‌തത്. അമേരിക്കയില്‍ ട്രംപ് കറുത്തവരെയും കുടിയേറ്റക്കാരെയും ഈജിപ്‌തില്‍ മുസ്ലിം ബ്രദര്‍ഹുഡ് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും ആക്രമിച്ചതുപോലെ ബംഗ്ലാദേശിലെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഹിന്ദു ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വച്ചത്. ഈ അധികാര പ്രമത്തതയ്‌ക്കെതിരെ ക്യാമ്പസുകള്‍ നിശ്ശബ്‌ദമാക്കാം എന്ന ആര്‍എസ്എസ്/ബിജെപിയുടെ മോഹം പക്ഷേ ഒരിക്കലും സഫലമാകാന്‍ പോകുന്നില്ല. അധികാരത്തില്‍നിന്നും അവരെ പുറത്താക്കി ജനമധ്യത്തില്‍ തുറന്നുകാണിക്കുന്നതുവരെ വിദ്യാര്‍ഥികളുടെ പോരാട്ടം തുടരുകതന്നെ ചെയ്യും .

(ലേഖകന്‍ ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്)

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top