02 October Monday

മുഹമ്മദ് അബ്ദുറഹിമാന് സ്മാരകവും പാടില്ലെന്നോ

വെബ് ഡെസ്‌ക്‌Updated: Wednesday May 3, 2023

നവീകരണം പൂർത്തിയാക്കിയ കണ്ടംകുളം സ്വാതന്ത്ര്യ ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേര് നൽകാൻ കോഴിക്കോട് കോർപറേഷൻ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷ ധാരകളെ തകർക്കാൻ ശ്രമിക്കുന്നവർ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ  ആരായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ എന്ന് ഓർമപ്പെടുത്തേണ്ടത് അനിവാര്യമായി തീരുന്നു.
1898 ൽ കൊടുങ്ങല്ലൂരിലാണ് മുഹമ്മദ് അബ്ദുറഹിമാൻ ജനിച്ചത്. 1920 ഡിസംബറിൽ നാഗ്പുരിൽ ചേർന്ന ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രാസംഗികനായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ. 1921 ഏപ്രിൽ 23നും 24നും ഒറ്റപ്പാലത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിലൂടെയാണ് പിന്നീട് അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കോഴിക്കോട് കേന്ദ്രമായാണ് തുടർന്ന്  പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. അൽ അമീൻ എന്നപേരിൽ പ്രസും പത്രവും  നടത്തി.

ഇടതുപക്ഷ ആശയങ്ങളെയും മതനിരപേക്ഷതയെയും ഹൃദയത്തിലേറ്റുവാങ്ങിയ മുഹമ്മദ് അബ്ദുറഹിമാൻ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി 1938ൽ  ഇടതുപക്ഷ കെപിസിസി നിലവിൽവന്നു. മൗലാന അബുൾകലാം ആസാദിന്റെ ചിന്തകളുമായി പലതരത്തിലും ചേർന്നുപോയിരുന്ന അദ്ദേഹം സുഭാഷ്ചന്ദ്രബോസിന്റെ അനുയായി കൂടിയായിരുന്നു. മലബാർ കലാപത്തെ ‘മാപ്പിള ലഹള' എന്നുവിളിച്ച് ആക്ഷേപിച്ച ബ്രിട്ടീഷുകാരുടെ സമീപനത്തിൽനിന്ന് വ്യത്യസ്തമായി അതിനെ ‘മലബാർ കലാപം' എന്നുപേരിട്ടത് അദ്ദേഹമാണ്. കലാപത്തിലെ ഹിംസാത്മകമായ വശത്തെ  എതിർത്തു. അതേസമയം, കലാപകാരികൾക്കെതിരായി ബ്രിട്ടീഷ് സർക്കാർ സ്വീകരിക്കുന്ന അടിച്ചമർത്തൽ നയത്തെ പ്രതിരോധിക്കാനും   തയ്യാറായി. ഇക്കാലത്തും രണ്ടു വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ബല്ലാരി ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്.

മലബാറിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ചൂട് പിടിപ്പിച്ച ഉപ്പുസത്യഗ്രഹത്തിൽ ത്യാഗോജ്വലമായ അധ്യായം എഴുതിച്ചേർക്കുകയായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ. കോഴിക്കോട് കടപ്പുറത്ത് സാമൂതിരിയുടെയും കുഞ്ഞാലിമരയ്ക്കാറുടെയും നേതൃത്വത്തിൽ നടത്തിയ സാമ്രാജ്യത്വവിരുദ്ധ സമരത്തെ ഓർമപ്പെടുത്തിക്കൊണ്ട് ആ ഘട്ടത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മുടെ പൂർവികൻമാർ രക്തസാക്ഷികളായി തീർന്നിട്ടുള്ള വേദിയാണ് കോഴിക്കോട് കടപ്പുറം, അവിടത്തന്നെ ഞങ്ങളെയും ബലിയർപ്പിക്കുകയാണെങ്കിൽ കൃതാർഥതയേയുള്ളൂ.' ഈ വാക്കുകൾ രാജ്യസ്നേഹത്തിന്റെ മാത്രമല്ല, ചരിത്രത്തെ ഓർമപ്പെടുത്തുന്നതും ആത്മസമർപ്പണത്തിന്റേതുമായിരുന്നു. പറഞ്ഞ വാക്കുകൾ അന്വർഥമാക്കുന്നവിധം സമരത്തിൽ അദ്ദേഹം ജ്വലിച്ചുനിന്നു.

1930 മെയ് 12ന് കോഴിക്കോട് കടപ്പുറത്ത് പി കൃഷ്ണപിള്ളയുടെയും മുഹമ്മദ് അബ്ദുറഹിമാന്റയും നേതൃത്വത്തിൽ ഉപ്പുകുറുക്കൽ ആരംഭിച്ചു. ദേശീയപതാക വിട്ടുകൊടുക്കാതെ അടിയേറ്റ് കൃഷ്ണപിള്ള ബോധംകെട്ട് വീണു. മറുഭാഗത്ത് ഉപ്പുകുറുക്കാനുള്ള ചട്ടി ഉയർത്തിപ്പിടിച്ച് അബ്ദുറഹിമാനും ചെറുത്തുനിന്നു. കഴുത്തിൽ  ലാത്തി ഉപയോഗിച്ചുള്ള അടികളുടെ പെരുമ്പറയുണ്ടായി. പൊട്ടിയ ചട്ടിയുടെ കഷ്ണങ്ങൾ അബ്ദുറഹിമാൻ ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കഴുത്ത് ഞെക്കിഞെരുക്കി നിലത്തേക്ക് താഴ്ത്തി. ചോരത്തുള്ളികൾ കടപ്പുറത്ത് ചിതറി. കൃഷ്ണപിള്ളയുടെയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും ചോരത്തുള്ളികളിൽനിന്നാണ് കോഴിക്കോട്ടെ സ്വാതന്ത്ര്യപ്രസ്ഥാനം പിന്നീട് ബഹുജന സമരമായി വളർന്നുവന്നത്.

അന്നത്തെ മദിരാശി സർക്കാർ മലബാറിലെ കുടിയായ്‌മ സമ്പ്രദായവും അയൽപ്രദേശങ്ങളിലെ സ്ഥിതിയും പഠിക്കുന്നതിനുവേണ്ടി കെ കുട്ടികൃഷ്ണമേനോന്റെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ടാക്കി. ആ കമ്മിറ്റി റിപ്പോർട്ടിൽ കുടിയാൻമാർക്കെതിരായ വ്യവസ്ഥകളുണ്ടായിരുന്നു. ഇതിനെതിരെ ഇ എം എസിനൊപ്പം മുഹമ്മദ് അബ്ദുറഹിമാനും  ഇ കണ്ണനും ഭിന്നാഭിപ്രായ കുറിപ്പുകളെഴുതി. ഇതിനെക്കുറിച്ച് കെ എ  കേരളീയൻ ഇങ്ങനെ പറയുകയുണ്ടായി ‘ഈ ഭിന്നാഭിപ്രായ കുറിപ്പ് കഷ്ടതകൊണ്ട് കഷണിച്ച കർഷകന്റെ പൊറുതിസ്ഥാനത്തേക്കുള്ള ചൂണ്ടുപലകയാണ്.’ മുഹമ്മദ് അബ്ദുറഹിമാന്റെ അൽ അമീൻ പത്രം കാർഷിക പ്രശ്നങ്ങൾ സജീവമായി ഉന്നയിച്ചു. പുനം കൃഷി സമരങ്ങളിലും മുഹമ്മദ് അബ്ദുറഹിമാൻ സജീവ സാന്നിധ്യമായിരുന്നു.

മലബാർ മോട്ടോർ തൊഴിലാളി യൂണിയന്റെ ആജീവനാന്ത അധ്യക്ഷന് തൊഴിലാളിരംഗം അന്യമായിരുന്നില്ല.1937 ൽ അന്നത്തെ ഇടതുപക്ഷ കെപിസിസിയുടെ അധ്യക്ഷനായി മുഹമ്മദ് അബ്ദുറഹിമാൻ പ്രവർത്തിച്ചിരുന്ന കാലത്താണ് കോഴിക്കോട്ടും കണ്ണൂരിലും തലശേരിയിലുമെല്ലാം തൊഴിലാളികളുടെ അവകാശ മുദ്രാവാക്യങ്ങൾ ഉയർന്നുവന്നത്. ആ അലയൊലിയിൽ നിന്നുകൂടിയാണ് കോഴിക്കോട്ടെ തൊഴിലാളി പ്രസ്ഥാനം ശക്തമായി വളരുന്നത്. 1938 ആലപ്പുഴയിൽ  നടന്ന തൊഴിലാളി സമരത്തെ പിന്തുണയ്ക്കുന്നതിന് അദ്ദേഹം പ്രസിഡന്റായി തിരുവിതാംകൂർ സമരസഹായസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' ആരും അച്ചടിച്ച് നൽകാതിരുന്ന കാലത്ത് അത് തന്റെ അൽ അമീൻ പ്രസിൽനിന്ന് അച്ചടിക്കാൻ മുഹമ്മദ് അബ്ദുറഹിമാൻ തയ്യാറായ കാര്യം കെ ദാമോദരൻ രേഖപ്പെടുത്തുന്നുണ്ട്.

തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്ന പാർടികളിൽ  അധ്യാപകർ അംഗങ്ങളാകരുതെന്നുള്ള മദ്രാസ് സർക്കാരിന്റെ ഉത്തരവ് പിൻവലിപ്പിച്ചതിനു പിന്നിൽ മുഹമ്മദ് അബ്ദുറഹിമാനായിരുന്നു. 1937 ഒക്ടോബർ 26നു ചേർന്ന അഖില കേരള വിദ്യാർഥി സമ്മേളനത്തിൽ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. ‘രാഷ്ട്രീയ വിഷയത്തെക്കുറിച്ച് വിദ്യാർഥികളോട് പ്രസംഗിക്കരുതെന്ന കൽപ്പന ആക്ഷേപാർഹമാണ്. നാടിന്റെ സ്ഥിതിയെപ്പറ്റി വിദ്യാർഥികളറിയണം.' എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. വിദ്യാർഥി പ്രസ്ഥാനത്തിന്റെ കരുത്താർന്ന പോരാട്ടത്തിന്റെ അനുഭവമുള്ള കോഴിക്കോടിന് മുഹമ്മദ് അബ്ദുറഹിമാനെ മറക്കാനാകില്ല. കരിവെള്ളൂരിലെ അഭിനവ ഭാരത് യുവക് സമ്മേളനം 1939 ജനുവരി 14ന് ഉദ്ഘാടനംചെയ്തതും മുഹമ്മദ് അബ്ദുറഹിമാനായിരുന്നു. എ കെ ജിയുടെ പട്ടിണിജാഥയെ പിന്തുണച്ചുകൊണ്ട് കോഴിക്കോട്ടു ചേർന്ന യോഗത്തിൽ തൊഴിലില്ലാത്ത യുവാക്കളുടെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചതും മുഹമ്മദ് അബ്ദുറഹിമാനായിരുന്നു.

തന്റെ പത്രമായ അൽ അമീന്റെ പംക്തികളെ ഐക്യകേരള പ്രസ്ഥാനത്തിനായി അദ്ദേഹം ഉപയോഗിച്ചു. 1940ന്റെ തുടക്കത്തിൽ  ജയിലഴികളിൽ  അടയ്‌ക്കപ്പെട്ട അബ്ദുറഹിമാൻ 1945 സെപ്തംബർ നാലിനാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. മുഹമ്മദ് അബ്ദുറഹിമാന്റെ പൊതുജീവിതത്തിന്റെ അഞ്ചിലൊന്നു ഭാഗം ജയിലഴിക്കുള്ളിൽ ആയിരുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂർത്തീഭാവമായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ.     
1945 ൽ ജയിലിൽനിന്ന് പുറത്തുവന്ന ഉടനെ ഇന്ത്യാ വിഭജനത്തിന്റേതായ ചർച്ചകൾ രാജ്യത്ത് നടക്കുകയായിരുന്നു.  രാജ്യം വിഭജിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യമെന്നത് അബുൾകലാം ആസാദിനെപ്പോലെ മുഹമ്മദ്‌ അബ്‌ദുറഹിമാനും ചിന്തിക്കാൻപോലും കഴിയാത്തതായിരുന്നു. ഇന്ത്യാ വിഭജനത്തിനെതിരെ കൊടുങ്കാറ്റായി അബ്ദുറഹിമാൻ മാറി. പൊതുയോഗങ്ങളിൽ  ആക്രമണങ്ങൾ പതിവായി. ചെരുപ്പുകൾ പറന്നുവന്നു, കത്തിയേറുവരെ അദ്ദേഹത്തിനുനേരെ ഉണ്ടായി. പക്ഷേ, മുഹമ്മദ് അബ്ദുറഹിമാൻ കുലുങ്ങിയില്ല. ആ ഘട്ടത്തിൽ  അദ്ദേഹം ഇങ്ങനെ പറഞ്ഞു.‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാൻ ഭയപ്പെടാത്ത ഞാൻ ഇതുകൊണ്ടൊന്നും ഭയപ്പെടുകയില്ല. ഗോ ബാക്കുകളും കറുപ്പുകൊടികളും കണ്ട്‌ ഞാൻ പിന്തിരിയാൻ ഭാവമില്ല.’ ഇന്ത്യാ വിഭജനത്തിനെതിരായുള്ള ഒരു പൊതുയോഗം കഴിഞ്ഞ് കോഴിക്കോട്ടെ മുക്കത്തുനിന്ന് വരുമ്പോഴാണ്  മരിച്ചത്‌.

അതിശക്തമായ സാമ്രാജ്യത്വവിരോധം, മതസൗഹാർദത്തിൽ അടിയുറച്ച മതബോധം, അത്യുജ്വലമായ രാജ്യസ്നേഹം, സാധാരണ മനുഷ്യരോടുള്ള അഗാധമായ ആത്മബന്ധം ഇവയായിരുന്നു അബ്ദുറഹിമാന്റെ കാഴ്ചപ്പാടുകൾ. ഇത്തരം രാഷ്ട്രീയ നിലപാടുകൾ രാജ്യം ആവശ്യപ്പെടുന്ന ഘട്ടമാണ്‌ ഇത്. അത് ആഗ്രഹിക്കാത്തവരാണ് ഇപ്പോൾ അബ്ദുറഹിമാന്റെ സ്മരണകളെപ്പോലും ഇല്ലാതാക്കാൻ പരിശ്രമിക്കുന്നത്. വൈവിധ്യങ്ങളായ സംസ്കാരങ്ങളുടെ വിളനിലമായ കോഴിക്കോടിന്റെ സാംസ്കാരിക ഭൂമിക ബഹുസ്വരതയെത്തന്നെ ഉയർത്തിപ്പിടിക്കാതിരിക്കില്ലല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top