15 December Sunday

രണ്ടാമനല്ല, അദൃശ്യനായ പ്രധാനമന്ത്രി

റാണ അയൂബ‌്Updated: Thursday Jun 13, 2019


തെരഞ്ഞെടുപ്പ് സീസൺ അവസാനിക്കുന്നതിന് തൊട്ടുമുമ്പായി, മെയ് 17ന്, ഇന്ത്യയിലെ പത്രപ്രവർത്തകരെയാകെ ഞെട്ടിച്ചൊരു വാർത്ത, പ്രധാനമന്ത്രി തന്റെ ആദ്യ വാർത്താസമ്മേളനം നടത്താൻ പോകുന്നു എന്നതായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ, പത്രക്കാരുടെ ചോദ്യങ്ങളെ നേരിടാൻ തയ്യാറല്ലാത്ത ആദ്യ പ്രധാനമന്ത്രിയായിരുന്നല്ലോ മോഡി. പക്ഷേ, വാർത്താസമ്മേളനത്തിനു പകരം മോഡി നടത്തിയത് ഒരു ആത്മഭാഷണമായിരുന്നു. ചോദ്യങ്ങൾ ഉയർന്നപ്പോൾ, അദ്ദേഹം ഇടത്തോട്ട് നോക്കി ബിജെപി  പ്രസിഡന്റ‌് അമിത് ഷായ‌്ക്കു നേരെ തിരിഞ്ഞു."ചോദ്യങ്ങൾക്ക് ഷാ മറുപടി പറയും' അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി മോഡിക്കു വേണ്ടി ചെയ‌്തുകൊണ്ടിരുന്ന പണി ചെയ്യാനായി ഷാ തയ്യാറായി. ഏറ്റവും കരുത്തനായ രണ്ടാമനാണല്ലോ അദ്ദേഹം. പാർടിയിൽ പലരും അദ്ദേഹത്തെ വിളിക്കുക, അദൃശ്യനായ പ്രധാനമന്ത്രി എന്നാണ്. ഷാ മോഡിയുടെ നിഴലാണ്, വക്താവാണ്, പ്രചാരണതന്ത്രജ്ഞനാണ്. ഇപ്പോൾ അദ്ദേഹം ക്യാബിനറ്റ് പദവികളിൽ ഏറ്റവും സ്വാധീനതയേറിയ ആഭ്യന്തര മന്ത്രിയായിരിക്കുന്നു.

‘മുഖ്യമന്ത്രിയുടെ കുതന്ത്ര വകുപ്പ് ’
അമ്പത്തിനാലുകാരനായ ഷാ, 90കൾ മുതൽക്കുതന്നെ മോഡിയുടെ വിശ്വസ‌്തനായിരുന്നു. മോഡിയുടെ ഗുജറാത്തിലെ ആദ്യനാളുകൾ തൊട്ടുള്ള ബന്ധമാണത്. തന്റെ പാർടിയുടെ ജനറൽ സെക്രട്ടറി പദവിയിൽ ഒതുങ്ങിനിൽക്കാൻ തയ്യാറായിരുന്നില്ല അന്നത്തെ മോഡി. അദ്ദേഹത്തിന് അധികാരം വേണമായിരുന്നു. ഗുജറാത്തിലെത്തി ഏതാനും വർഷങ്ങൾക്കുള്ളിൽ 2001ൽ ഷായുടെ  സഹായത്തോടെ അദ്ദേഹം മുഖ്യമന്ത്രിയായി. മോഡിയുടെ മന്ത്രിസഭയിലെ യുവ മന്ത്രിയെന്നനിലയിൽ ഒട്ടേറെ വകുപ്പുകളുടെ ചുമതലയാണ് അമിത‌് ഷാ ഏറ്റെടുത്തത്. മോഡിയുടെ വഴിയിലെ തടസ്സങ്ങളൊക്കെ തട്ടിമാറ്റുക എന്നതായിരുന്നു ഷായുടെ ദൗത്യം. അതുകൊണ്ടാണ് ഷായുടെ ഓഫീസിന് ‘മുഖ്യമന്ത്രിയുടെ  കുതന്ത്ര വകുപ്പ്’ എന്ന ദുഷ‌്പേര‌് വീണത്. അതു മുതൽക്കിങ്ങോട്ട് ഷാ കൂടുതൽ അധികാരങ്ങളോടെ ശക്തനായി വളരുകയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കിടയിൽ ഏറ്റവും കൂടുതൽ വിയോജിപ്പുള്ള, വെറുക്കപ്പെട്ട ആളാണദ്ദേഹം. ബിജെപിക്കെതിരെയുള്ള ഓരോ വോട്ടും പാകിസ്ഥാനിൽ ആഘോഷിക്കപ്പെടുമെന്ന് സദസ്യരോടു പറഞ്ഞ ആളാണദ്ദേഹം. മുസ്ലിം കുടിയേറ്റക്കാരെ, ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയപ്പെടേണ്ട "ചിതലു’കൾ എന്നാണ് വിശേഷിപ്പിച്ചത്. അയൽരാജ്യങ്ങളിൽനിന്ന് വന്നെത്തുന്ന മുസ്ലിങ്ങളല്ലാത്ത ന്യൂനപക്ഷങ്ങൾക്കു മാത്രം പൗരത്വം നൽകുന്ന ഒരു ബിൽ അവതരിപ്പിക്കുക എന്നത് ഷായുടെ ആശയമായിരുന്നു.

 

അതിലും അലട്ടുന്ന കാര്യം, മനുഷ്യാവകാശത്തിന്റെ കാര്യത്തിൽ ഷായുടെ ഭൂതകാലം അത്ര നല്ലതല്ല എന്നതാണ്. തീവ്രവാദികളെന്ന് മുദ്രകുത്തി മുസ്ലിങ്ങളെ കൊന്നൊടുക്കിയതിന്റെ പേരിൽ പ്രതിയാക്കപ്പെട്ട ആളാണ് ഷാ. 2001ൽ ഈ കൊലപാതകങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ‌്ത ആളാണ് ഞാൻ. ഷായുടെ ടെലിഫോൺ രേഖകൾ ഞാൻ പുറത്തുകൊണ്ടുവന്നു. കൊല നടത്തുന്നതിന് ഇരകളുമായി പോകുന്നതിന് തൊട്ടുമുമ്പായി അദ്ദേഹം തങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യം ഗുജറാത്ത് സംസ്ഥാന ഇന്റലിജൻസ് ഏജൻസിയുടെ ആഭ്യന്തരരേഖകളിൽനിന്നു തന്നെ കണ്ടെത്തുകയും പുറത്തുകൊണ്ടുവരികയും ചെയ‌്തു. എന്റെ അന്വേഷണ കഥ പ്രസിദ്ധപ്പെടുത്തി രണ്ടാഴ‌്ചയ‌്ക്കകം ഷാ അറസ്റ്റുചെയ്യപ്പെട്ടു. (അദ്ദേഹം കുറ്റം നിഷേധിക്കുകയും ചാർജുകൾ കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറയുകയും ചെയ‌്തു).

സൊഹറാബുദീൻ ഷേക്കിനെയും അദ്ദേഹത്തിന്റെ ഭാര്യ കൗസർബീയെയും കൊല ചെയ‌്തതിൽ ഷായ‌്ക്കുള്ള  പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തി. സുപ്രീംകോടതിയുടെ ശ്രദ്ധാപൂർവമായ മേൽനോട്ടത്തോടെ  നടത്തിയ അന്വേഷണത്തിനുശേഷം സിബിഐ കണ്ടെത്തിയത്, ഷായാണ് സംശയിക്കപ്പെടേണ്ട മുഖ്യ പ്രതിയും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചന നടപ്പാക്കിയ ആളും എന്നാണ്. അതുമാത്രവുമല്ല, അധോലോക കൊലയാളികളും രാഷ്ട്രീയക്കാരുമടങ്ങുന്ന കവർച്ച സംഘത്തിന്റെ തലവനാണയാൾ എന്നും കുറ്റപ്പെടുത്തി. ചാർജുകളുടെ ഗൗരവസ്വഭാവം കണക്കിലെടുത്ത്, സുപ്രീംകോടതി കൽപിച്ചത് ഷാ തന്റെ സ്വന്തം സംസ്ഥാനത്ത് കാലുകുത്തരുതെന്നാണ്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാധ്യത കണക്കിലെടുത്താണ് അങ്ങനെയൊരു ഉത്തരവ്.

തട്ടിക്കൊണ്ടുപോയി അന്യായമായി തടവിൽവച്ചശേഷം 19കാരിയായ ഇസ്രത്ത് ജഹാനെ കൊല ചെയ‌്തതിൽ ഷായ‌്ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷണം നടന്നു.
ഷായ‌്ക്ക‌് ഏറെക്കാലം ജയിലിൽ കഴിയേണ്ടിവന്നില്ല. പെട്ടെന്നുതന്നെ ജാമ്യത്തിൽ പുറത്തിറങ്ങി. ഷായുടെ പതനം മോഡിയെയും താഴെയിറക്കും എന്നായിരുന്നു അന്നത്തെ ഊഹം. പക്ഷേ, 2013ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മോഡിയുടെ പേര് നിർദേശിക്കപ്പെട്ടു. ഷായെ ബിജെപിയുടെ പ്രസിഡന്റാക്കി. ക്രിമിനൽ കേസുകൾ നിലനിൽക്കെ സ്ഥാനമേൽക്കുന്ന ആദ്യത്തെ പ്രസിഡന്റായി അമിത് ഷാ. മോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെ, ഷായുടെ കേസിലെ സാക്ഷികൾ കൂറുമാറാൻ തുടങ്ങി. ജഡ‌്ജിമാർ കേസ് കേൾക്കുന്നതിൽനിന്ന് സ്വയം ഒഴിയാൻ തുടങ്ങി. മാസങ്ങൾക്കകം, ഷാ എല്ലാ ക്രിമിനൽ ചാർജുകളിൽനിന്നും മോചിതനാകുകയും ചെയ‌്തു.

രാഷ്ട്രീയവും സാമൂഹ്യവുമായി അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട കാലം
ഒരു യുവതിയെ രഹസ്യമായി പിന്തുടരുന്നതിന്റെ പേരിൽ 2013ൽ ഷാ കുറ്റാരോപിതനായി. മുതിർന്ന പൊലീസ‌്  ഉദ്യോഗസ്ഥരോട്, ആ സ്ത്രീയെ നിരീക്ഷിക്കണമെന്ന് ഷാ നേരിട്ടുനിർദേശിക്കുന്ന സംഭാഷണമടങ്ങുന്ന ഓഡിയോ ടേപ്പുകൾ രണ്ടു പത്രപ്രവർത്തക സംഘടനകൾ ഹാജരാക്കി. കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടിട്ടാണ് ഇങ്ങനെയൊരു നിരീക്ഷണമെന്നാണ് ബിജെപിയുടെ വിശദീകരണം. പക്ഷേ, അത്തരം അപേക്ഷകളൊന്നും തന്നെ പൊലീസിന് കണ്ടെത്താനായില്ല.
വിവാദാസ‌്പദമായ തന്റെ ഭൂതകാലത്തോടെ തന്നെ, ഇപ്പോൾ ഷാ മോഡിയുടെ വിശ്വസ‌്തനും നടപ്പാക്കൽക്കാരനുമായി തന്റെ പദവി ഉറപ്പിച്ചിരിക്കുന്നു.

പ്രധാനമന്ത്രിയുടെ അംഗീകാരമില്ലാതെ തന്നെ അദ്ദേഹത്തിന് നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാം. 2014ൽ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് പാർടി തങ്ങളുടെ തെരഞ്ഞെടുപ്പ് വിജയസാധ്യത ഉപേക്ഷിച്ചപ്പോൾ, ഷാ 2019നു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ബിജെപി പ്രവർത്തകർക്കായി ഒരു വൻ മെമ്പർഷിപ് മുന്നേറ്റപ്രവർത്തനം അദ്ദേഹം പുനരാരംഭിച്ചു. രണ്ടു വർഷംകൊണ്ട് ബിജെപി അംഗസംഖ്യ 35 ദശലക്ഷത്തിൽനിന്ന് 110 ദശലക്ഷമായി ഉയർന്നു. രാജ്യത്തുടനീളം രാഷ‌്ട്രീയ സഖ്യങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനും ഷായ‌്ക്ക‌് കഴിഞ്ഞു. അത് ഈ വൻ തെരഞ്ഞെടുപ്പുവിജയത്തിന് സഹായകമാകുകയും ചെയ‌്തു.

പലരും സംശയിക്കുന്നത് 2024ലെ പ്രധാനമന്ത്രിക്കസേരയിൽ ഷാ നോട്ടമിട്ടിരിക്കുന്നു എന്നാണ്. ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ തലവൻ എന്ന നിലയ‌്ക്ക്, ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരാളാണ് ഷാ. നീതിനിർവഹണ കാര്യത്തിൽ അദ്ദേഹമായിരിക്കും മേൽനോട്ടം വഹിക്കുക. രാജ്യത്ത് ഐക്യവും സമാധാനവും പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്.

പക്ഷേ, അധികാരം ദുരുപയോഗം ചെയ്യുക എന്നത് അദ്ദേഹത്തിന് ഹിതകരമായ കാര്യമാണ് എന്നത് വ്യക്തമാണ്. ഇന്ത്യ കടന്നുപോകുന്നത്, ജീവിച്ചുതീർക്കുന്നത്, രാഷ്ട്രീയവും സാമൂഹ്യവുമായി അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട ഒരു കാലമാണ്. രാജ്യത്തിന‌് ഇപ്പോൾ വേണ്ടത് മുറിവുണക്കുന്ന ഒരു സ‌്നേഹസ‌്പർശമാണ‌്. പക്ഷേ, മോഡിയും ഷായും കൂടുതൽ അധികാരം കവർന്നെടുക്കുന്നതിനെക്കുറിച്ചു മാത്രമേ ചിന്തിക്കൂ. അത് സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയായാലും മനുഷ്യാവകാശങ്ങളുടെ അടിത്തറ തോണ്ടിയായാലും നിയമവാഴ‌്ചയിലുള്ള വിശ്വാസം തകർത്തെറിഞ്ഞായാലും ശരി, അവർക്കത് പ്രശ്നമേയല്ല. ഇന്ത്യക്ക‌് ഇതിനുമേൽ അപകടകരമായ കരങ്ങളിൽ ചെന്നുപെടാനില്ല.

(കടപ്പാട്‌‐ വാഷിങ്‌ടൺ പോസ്റ്റ്‌)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top