28 May Thursday

ഡല്‍ഹി കത്തുമ്പോള്‍ വീണ വായിച്ച്‌ മോഡി

കോടിയേരി ബാലകൃഷ്ണൻUpdated: Friday Feb 28, 2020


 

രാജ്യതലസ്ഥാനം കലാപത്തിൽ കത്തിയെരിഞ്ഞപ്പോൾ ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിനുമുന്നിൽ തകർന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡൽഹി സന്ദർശിക്കുമ്പോഴാണ് അപകടകരമായ കലാപവും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും പൊലീസ് വെടിവയ്പും ഒക്കെ ഉണ്ടായത്. വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം അഴിച്ചുവിട്ടത് സംഘപരിവാർ റൗഡികളാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. മരണസംഖ്യ ഉയരും എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ് ആശുപത്രിയിലായ ഇരുനൂറിലേറെപ്പേരിൽ നിരവധിപേരുടെ നില ആശങ്കാജനകമാണ്. കൊല്ലപ്പെട്ടവരിൽ പൊലീസ് കോൺസ്റ്റബിളുമുണ്ട്. നൂറുകണക്കിന് വാഹനങ്ങളും കടകളും തീയിട്ടു.

പൊലീസ് സംരക്ഷണയിൽ സംഘപരിവാർ അക്രമികൾ ഒരു പ്രത്യേകവിഭാഗത്തിന്റെ സ്വത്തുവകകളും ജീവനും ലാക്കാക്കി അഴിഞ്ഞാടിയെന്നാണ് പ്രാഥമികമായി മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിവരം. പരിക്കേറ്റവരെ ആംബുലൻസിൽ കൊണ്ടുപോകുന്നത് തടഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കലാപം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കുനേരെ മുമ്പില്ലാത്തവിധമുള്ള കടന്നാക്രമണമാണ് ഉണ്ടായത്. ജെ കെ 24X7 ചാനൽ റിപ്പോർട്ടർ ആകാശ് നാപ്പയ്ക്ക് വെടിയേറ്റു. കർവാൽ നഗറിൽ മസ്ജിദ് കത്തിക്കുന്നത് പകർത്തിയ എൻഡിടിവി റിപ്പോർട്ടർ അരവിന്ദ് ഗുണശേഖറിനെയും ക്യാമറാമാൻ സൗരവ് ശുക്ലയെയും ആക്രമിച്ചു. എൻഡിടിവി ന്യൂസ് എഡിറ്റർ ശ്രീനിവാസൻ ജെയിൻ, റിപ്പോർട്ടർ മറിയം അലവി എന്നിവർക്കും പരിക്കേറ്റു. മലയാളി മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഡൽഹിയിൽ നടക്കുമ്പോൾ ലോകത്തിന്റെ ശ്രദ്ധ ഇവിടേക്കായിരുന്നു. അതേ വേളയിലാണ് കലാപം ഉണ്ടായത്. കൂട്ടമരണത്തിൽ കലാശിച്ച കലാപം ഇന്ത്യയുടെ പേര് ലോകത്തിനുമുന്നിൽ കൂടുതൽ മോശമാക്കിയിരിക്കുകയാണ്. പൗരത്വ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നിയമം കൈയിലെടുത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. ഈ സാഹചര്യത്തിൽ പൗരത്വ വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് ട്രംപ് ചെയ്തത്. മതസ്വാതന്ത്ര്യം അംഗീകരിക്കുന്ന നയമാണ് തന്റേതെന്ന് മോഡി വിശദീകരിച്ചിട്ടുണ്ട് എന്നുമാത്രമാണ് ട്രംപ് വ്യക്തമാക്കിയത്. ഇന്ത്യൻ ജനതയ്ക്ക് മതസ്വാതന്ത്ര്യം അംഗീകരിക്കുന്ന ഭരണമാണ് ഇവിടെയുള്ളതെന്ന മോഡിയുടെ അഭിപ്രായം നയതന്ത്രപരമായ നുണയാണ്.


 

മോഡി 15 വർഷംമുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഗുജറാത്ത് വംശഹത്യയിലെന്നപോലെ ഭരണസംവിധാനങ്ങളുടെ തണലിലും പിന്തുണയിലുമാണ് ഡൽഹിയിൽ സംഘപരിവാർ കലാപം അഴിച്ചുവിട്ടത്. ഇന്തോ–-അമേരിക്കൻ രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടി നടക്കുന്നതിനിടെ ഇങ്ങനെയൊരു കലാപം ഉണ്ടായതിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കലാപം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത അമിത് ഷായുടെ നേതൃത്വത്തിലുള്ള ഡൽഹി പൊലീസ് ചെയ്യേണ്ടതായിരുന്നു. സുശക്തമായ ഇന്റലിജൻസ് ഏജൻസികൾ ഉണ്ടെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാരിന്റെ സമ്പൂർണ ഭരണപരാജയമാണ് വെളിപ്പെട്ടത്. ഒരുവിഭാഗം ജനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ഇറങ്ങിത്തിരിച്ച അക്രമികളെ അമർച്ച ചെയ്യാൻ പൊലീസിനെയും അർധസൈനികരെയും ഉപയോഗിക്കുന്നതിന് മോഡി സർക്കാർ തയ്യാറായില്ല. ട്രംപിന്റെ കൺമുന്നിൽ ഡൽഹി കത്തിയെരിഞ്ഞ വേളയിൽ വീണ വായിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതുകൊണ്ടുതന്നെ കലാപത്തിനുപിന്നിലെ ഭരണ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ട്.

ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് ആശയം ഒട്ടും വൈമനസ്യമില്ലാതെ, അക്രമാസക്തമായി നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ഡൽഹി കലാപത്തിൽ മുഴങ്ങിയത്. ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിൽ വിയോജിക്കാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനും എല്ലാ പൗരൻമാർക്കും ഇന്ത്യൻ റിപ്പബ്ലിക് നിയമപരമായി അവകാശം നൽകിയിട്ടുണ്ട്. ഇതിനെ നിഷേധിക്കുകയാണ് മോഡിസർക്കാരിന്റെ സ്വകാര്യ ഗുണ്ടാസേനയെ ഇറക്കിവിട്ട് നടത്തിയ കലാപം. ഇത് ചെയ്തിട്ടാണ് താൻ മതസ്വാതന്ത്ര്യം അംഗീകരിക്കുന്ന ഭരണാധികാരിയാണെന്ന വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കുന്നത്. സവർക്കറും ഗോൾവാൾക്കറും ദീൻ ദയാൽ ഉപാധ്യായയും വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്രത്തിൽ മുസ്ലിങ്ങളെ അക്രമികളായും ദേശവിരുദ്ധരായും കണക്കാക്കുന്നു. മുസ്ലിങ്ങളെപ്പോലെതന്നെ ക്രിസ്ത്യാനികളും ഹിന്ദു സംസ്കാരത്തിൽനിന്ന് അകന്ന് ജീവിക്കുന്നവരും ദേശീയതയ്ക്ക് പുറത്തുനിന്നുള്ളവരുമാണെന്ന് വ്യക്തമാക്കുന്നു. ആക്രമണകാരികളായി ഇന്ത്യയിലെത്തിയവരാണ്‌  മുസ്ലിങ്ങൾ എന്നും അവരെയുൾപ്പെടെ തുരത്താൻ ഹിന്ദുക്കൾ സമരോത്സുക ദേശീയതാവാദികളാകണമെന്നുമാണ് ആർഎസ്എസ് സൈദ്ധാന്തികരുടെ ആഹ്വാനം.ദേശീയ ശത്രുക്കളുടെ കൂട്ടത്തിൽ കമ്യൂണിസ്റ്റുകാരെയും കൂട്ടിയിട്ടുണ്ട്.


 

ഇന്ത്യൻ ഭരണഘടന ഏതൊരു പൗരനും ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയും ആർഎസ്എസിന്റെ ഹിന്ദുത്വ ആശയവും രണ്ടാണ്. അതിനാൽ ഒരാൾക്ക് ഒരേസമയം കുതിരയുടെയും കഴുതയുടെയും പുറത്ത് യാത്ര ചെയ്യാനാകില്ല. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലികതത്വങ്ങളെ ഉപേക്ഷിച്ച് ആർഎസ്എസ് അജൻഡയുടെമേൽ മോഡി, അമിത് ഷാ സർക്കാർ സഞ്ചരിക്കുന്നത്. ഇത് കാണാൻ ആർക്കും മൂന്നാംകണ്ണിന്റെ ആവശ്യമില്ല. എന്നിട്ടും ഇന്ത്യയിൽ മതസ്വാതന്ത്ര്യം അനുവദിക്കുന്നു എന്ന മോഡിയുടെ അഭിപ്രായത്തിനുമുന്നിൽ ട്രംപ് നിശ്ശബ്ദത പാലിച്ചു. ഡൽഹിയിൽ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്കെതിരെ സംഘപരിവാർ അക്രമികൾ തോക്കും മാരകായുധങ്ങളും ഉപയോഗിച്ച് തീക്കളി നടത്തിയപ്പോൾ പൊലീസിനെയും അർധസൈനികരെയും അവരുടെ കൂട്ടാളികളാക്കി മാറ്റി. നീതിപാലകരുടെ സംരക്ഷണയിൽ സായുധ തെമ്മാടിക്കൂട്ടം അഴിഞ്ഞാടുകയായിരുന്നു. “കലാപവേളയിലെ പൊലീസ് നിലപാടിൽ സുപ്രീംകോടതിയും ഡൽഹി  ഹൈക്കോടതിയും നടത്തിയ കടുത്ത വിമർശനം കേന്ദ്രസർക്കാരിന്റെ കരണത്തേറ്റ അടിയാണ്. വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കും കേന്ദ്രമന്ത്രിക്കുമെതിരെ കേസെടുക്കാൻ നിർദേശിച്ച ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ രായ്ക്കുരാമാനം പഞ്ചാബ്  ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിലൂടെ  ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും കളങ്കമുണ്ടായിരിക്കുകയാണ്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആർഎസ്എസ് അജൻഡ യാഥാർഥ്യമാക്കാൻ വേണ്ടിയുള്ള ചുവടുവയ്പിലാണ് രണ്ടാം മോഡി സർക്കാർ. അതിനുവേണ്ടിയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കുള്ള ഭരണഘടനയുടെ 370–-ാം വകുപ്പും ആർട്ടിക്കിൾ 35 എയും റദ്ദാക്കിയതും രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി വെട്ടിമുറിച്ചതും. മുസ്ലിം വിവാഹമോചനംമാത്രം ക്രിമിനൽ കുറ്റമാക്കിയ മുത്തലാഖ് നിയമം നടപ്പാക്കി. അയോധ്യയിൽ ബാബ്‌റി മസ്ജിദ് പൊളിച്ചവർക്ക് അതേ സ്ഥലത്ത് അമ്പലം പണിയാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആർഎസ്എസ് സർക്കാർ നീങ്ങുന്നു. ഇതിനുപിന്നാലെയാണ് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് പൗരത്വം നിഷേധിക്കാൻ ലാക്കാക്കിയുള്ള പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ കണക്കെടുപ്പും (എൻപിആർ) . ഇതിനെല്ലാമെതിരെ സ്വാതന്ത്ര്യ സമരക്കാലത്തെപ്പോലെ ഇന്ത്യൻ ജനത ഉണർന്ന് സമരരംഗത്തേക്ക് വരുന്നതാണ്  ഏതാനും നാളുകളായി നാട് കാണുന്നത്. പൗരത്വ പ്രക്ഷോഭത്തെ സംഘപരിവാറിന്റെ സ്വകാര്യ ഗുണ്ടാപ്പടയെക്കൊണ്ട് അമർച്ച ചെയ്യാൻവേണ്ടി സംഘടിപ്പിച്ച ഡൽഹി കലാപം ആപൽക്കരമായ മൂന്ന് മുന്നറിയിപ്പും ഓർമപ്പെടുത്തലും നൽകുന്നു.


 

മോഡി ഭരണത്തിന്റെ ശേഷിക്കുന്ന നാലുവർഷം രാജ്യത്ത് വർഗീയകലാപം വ്യാപകമാക്കുന്നതിനുള്ള ആർഎസ്എസിന്റെ ഇടപെടൽ ശക്തിപ്പെടുത്തും എന്നതാണ് ആദ്യത്തെ കാര്യം. പൗരത്വ പ്രക്ഷോഭത്തെ ക്ഷീണിപ്പിക്കാൻ വർഗീയ കാർഡ് ഇറക്കുകയും കഴിയുന്നത്ര ഇടങ്ങളിൽ വർഗീയകലാപം ഉണ്ടാക്കുകയും ചെയ്യും. പ്രതിഷേധക്കാരെ നിഷ്ഠുരമായി അടിച്ചമർത്തുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത്. മുസ്ലിങ്ങൾക്കെതിരായ വംശഹത്യ ഗുജറാത്തിൽ മാത്രമായി ഒതുങ്ങുന്നതല്ല എന്ന ഓർമപ്പെടുത്തലും ഉണ്ടായിരിക്കുന്നു. യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അതിനിഷ്ഠുരമായ പൊലീസ് നടപടികളിലൂടെ ഇരുപത് പൗരത്വ പ്രക്ഷോഭകരെ വെടിവച്ച് കൊന്നു. പൊലീസിനെയും അർധ സൈനികരെയും നഗ്നമായ മുസ്ലിംവിരുദ്ധ സേനകളാക്കി അധഃപതിപ്പിക്കുന്നു. അതിനൊപ്പം സംഘപരിവാറിന്റെ റൗഡി സംഘത്തിന് അക്രമം നടത്താൻ എല്ലാവിധ ഭരണകൂട സംരക്ഷണവും ഉറപ്പുവരുത്തിയിരിക്കുന്നു. വംശഹത്യയുടെ പുതിയ ഗുജറാത്ത് പതിപ്പ് വരാൻ പോകുന്നു എന്ന് സാരം.

രണ്ടാമതായി ഒരുവശത്ത് ഹിന്ദുത്വ സേച്ഛാധിപത്യവാഴ്ചയുടെ കടന്നാക്രമണവും മറുവശത്ത് അതിനെതിരെ വളർന്നുവരുന്ന ചെറുത്തുനിൽപ്പും. ഇതാണ് ഇന്ന് ഇന്ത്യ കാണുന്നത്. പൗരത്വ ഭേദഗതി നിയമവും അനുബന്ധ നടപടികളും ന്യൂനപക്ഷവിരുദ്ധമാണ്. അതിനാൽ മുസ്ലിങ്ങൾ പ്രതിഷേധത്തിൽ വൻതോതിൽ പങ്കെടുക്കുന്നത് സ്വാഭാവികം. മുസ്ലിം സ്ത്രീകളുടെ പ്രക്ഷോഭത്തിലെ പങ്കാളിത്തം ശ്രദ്ധേയമായ സവിശേഷതയാണ്. ഈ ജനകീയ പ്രതിഷേധത്തെ ഹിന്ദു–-മുസ്ലിം ഏറ്റുമുട്ടലായി ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമം. എന്നാൽ, രാജ്യത്തുടനീളം വർഗീയ ചേരിതിരിവിനപ്പുറമുള്ള ജനകീയ പ്രതിഷേധമാണ് വളരുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെയും മോഡി സർക്കാരിന്റെയും അജൻഡയെ എങ്ങനെ പ്രതിരോധിക്കണമെന്നുള്ളത് പ്രധാനമാണ്. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രതിരോധിക്കേണ്ടത്. ഹിന്ദുരാഷ്ട്രത്തിന് ബദൽ ഇസ്ലാമികരാഷ്ട്രമാണ് എന്ന കാഴ്ചപ്പാടുമായി എതിരിടാൻ പോയാൽ അത് ആർഎസ്എസ് ഉദ്ദേശിക്കുന്ന വർഗീയ ധ്രുവീകരണത്തെ സഹായിക്കും. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മാറ്റിനിർത്തിക്കൊണ്ടുവേണം പൗരത്വ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന്  സിപിഐ എം  വ്യക്തമാക്കുന്നത്. ആ നിലപാട് മുന്നോട്ടു കൊണ്ടുപോകാനുള്ള ഓർമപ്പെടുത്തലാണ് ഡൽഹി കലാപം നൽകുന്നത്.

ഡൽഹി കലാപത്തിലെ ആർഎസ്എസിന്റെയും മോഡി സർക്കാരിന്റെയും കുറ്റകരമായ പങ്ക് തുറന്നുകാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ബുധനാഴ്ച നടന്ന പ്രകടനം ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടലാണ്

മൂന്നാമതായി ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന് മോഡി–-അമിത് ഷാ കൂട്ടുകെട്ടിന്റെ കേന്ദ്ര ഭരണവും ബിജെപി സംസ്ഥാന സർക്കാരുകളും സംഘപരിവാറും ആർഎസ്എസിന് സ്വാധീനമുള്ള പ്രദേശമെന്നപോലെ മറ്റിടങ്ങളിലും കർമപരിപാടികളുമായി ഇറങ്ങും. ഇതിനെ ചെറുക്കാൻ കോൺഗ്രസിന് സംഘടനാപരമായും ആശയപരമായും ശക്തിയില്ല. അതിനാൽ ഇനിയുള്ള നാളുകളിൽ ഹിന്ദുത്വ അജൻഡയെ പ്രതിരോധിക്കാനുള്ള ബഹുജന രാഷ്ട്രീയസമരം വളർത്താൻ ഇടതുപക്ഷവും മതനിരപേക്ഷ ജനസമൂഹവും മുന്നോട്ടുവരണം. ഡൽഹി കലാപത്തിലെ ആർഎസ്എസിന്റെയും മോഡി സർക്കാരിന്റെയും കുറ്റകരമായ പങ്ക് തുറന്നുകാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ബുധനാഴ്ച നടന്ന പ്രകടനം ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടലാണ്.

സമാധാനം പുനഃസ്ഥാപിക്കാൻ പട്ടാളത്തെ ഇറക്കണമെന്ന് സിപിഐ എം  ആവശ്യപ്പെട്ടു. ഡൽഹി വിഷയത്തിൽ കേരളത്തിൽ രണ്ട് ദിവസമായി ആയിരത്തോളം പ്രദേശത്ത് മതനിരപേക്ഷ റാലികൾ നടന്നു. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരും സന്ദർഭോചിതമായ ഇടപെടലുകൾ നടത്തുന്നു. വർഗീയതയുടെ വേലിയേറ്റമുണ്ടാകുമ്പോൾ വർഗീയവിഷം ഇന്ത്യയുടെ ഏത് പ്രദേശത്തും അതിവേഗം പടർന്നുപിടിക്കാം. മതനിരപേക്ഷതയുടെ ശക്തമായ അടിത്തറ കേരളത്തിനുള്ളത് നമുക്ക് ശക്തിപകരുന്ന ഘടകമാണ്. എങ്കിലും വർഗീയ ശക്തികളുടെ തീവ്ര പരിശ്രമങ്ങളുടെ ആപത്തിനെ ലഘൂകരിച്ച് കാണാനാകില്ല. അതിനാൽ മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള സന്ദേശം ജനമനസ്സുകളിൽ എത്തിക്കാൻ എല്ലാ കമ്യൂണിസ്റ്റുകാരും എൽഡിഎഫ് പ്രവർത്തകരും ജാഗ്രതാ പൂർണമായി പ്രവർത്തിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top