26 August Monday

സുദീപ‌്തൊയുടെ ഡയറി മമതയ‌്ക്ക‌് ജീവനേക്കാൾ പ്രധാനം

വി ജയിൻUpdated: Wednesday Feb 6, 2019


ശാരദാ ചിട്ടി തട്ടിപ്പ‌് കേസുമായി ബന്ധപ്പെട്ട‌് കൊൽക്കത്ത സിറ്റി പൊലീസ‌് കമീഷണർ രാജീവ‌്കുമാറിനെ സിബിഐയ‌്ക്ക‌് ചോദ്യംചെയ്യാമെന്ന സുപ്രീംകോടതി ഉത്തരവ‌് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ‌്ട്രീയ കൗശലത്തിനേറ്റ ശക്തമായ തിരിച്ചടിയാണ‌്. ഇപ്പോഴത്തെ സാഹചര്യത്തിൽ കമീഷണറെ അറസ്റ്റ‌്ചെയ്യാൻ പാടില്ലെന്ന കോടതിയുടെ നിർദേശം തങ്ങളുടെ ധാർമിക വിജയമായി മമതയും തൃണമൂൽ കോൺഗ്രസും വിലയിരുത്തിയിട്ടുണ്ട‌്. ഷില്ലോങ്ങിൽ വച്ചായിരിക്കണം രാജീവ‌്കുമാറിനെ  ചോദ്യം ചെയ്യേണ്ടതെന്ന കോടതി നിർദേശവും മമതയ‌്ക്ക‌് തിരിച്ചടിയാണ‌്. ഇനി വലിയ അധികാരപ്രയോഗം അക്കാര്യത്തിൽ നടത്താൻ മമതയ‌്ക്ക‌് കഴിയില്ല. ധാർമികവിജയം നേടിയെന്നു പറയുന്ന മമത, ശാരദാ ചിട്ടി തട്ടിപ്പു സംഭവത്തിൽ എപ്പോഴാണ‌് ധാർമികതയ‌്ക്കൊപ്പം നിന്നിട്ടുള്ളത‌്. ഇക്കാര്യത്തിൽ അഴിമതിയുടെ കറപുരളാത്ത എത്രപേരുണ്ട‌് തൃണമൂൽ കോൺഗ്രസിൽ? തന്റെ ചിത്രം 1.86 കോടി രൂപയ‌്ക്ക‌് ശാരദാ ഗ്രൂപ്പ‌് മേധാവി വാങ്ങിയപ്പോൾ വേണ്ടെന്നുപറയാൻ തോന്നാതിരുന്ന മമതയ‌്ക്ക‌് ധാർമികതയെക്കുറിച്ച‌് ആത്മാർഥമായി സംസാരിക്കാൻ കഴിയുമോ?

ചിട്ടി കുംഭകോണത്തിന്റെ ചരിത്രം
ഞായറാഴ‌്ച കൊൽക്കത്തയിൽ സിബിഐ നടത്തിയ നാടകം സംശയമുളവാക്കുന്നതാണ‌്.  കൊൽക്കത്ത സിറ്റി കമീഷണറെ കസ്റ്റഡിയിലെടുക്കാൻ സിബിഐ സംഘം എത്തേണ്ടിയിരുന്നത‌് ഇതിനും മുമ്പായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ‌് പടിവാതിൽക്കൽ നിൽക്കുന്ന സമയത്ത‌് സിബിഐ എത്തിയത‌് കേസിനോടുള്ള ആത്മാർഥത കൊണ്ടല്ല. എന്നാൽ, കമീഷണർ നിഷ‌്കളങ്കനൊന്നുമല്ല. അദ്ദേഹം വലിയ മിടുക്കനാണെന്നാണ‌് മമത പറഞ്ഞത‌്. എന്താണ‌് ആ മിടുക്ക‌്? കമീഷണർ വലിയൊരു രഹസ്യം സൂക്ഷിക്കുന്നുണ്ട‌്. ശാരദ, റോസ‌് വാലി എന്നിവയടക്കമുള്ള ചിട്ടിഫണ്ട‌് തട്ടിപ്പുകളുടെ വിശദാംശങ്ങളെല്ലാം രേഖപ്പെടുത്തിവച്ചിട്ടുള്ള ഡയറി കമീഷണറുടെ കൈവശമുണ്ടെന്ന‌് സിബിഐ പറയുന്നു. ശാരദാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന സുദീപ‌്തൊ സെന്നിനെ ചൊദ്യംചെയ‌്തപ്പോൾ സിബിഐയ‌്ക്ക‌് ലഭിച്ച വിവരമാണത‌്. അതനുസരിച്ചാണ‌് കമീഷണറെ ചോദ്യംചെയ്യാൻ സിബിഐ നടപടികൾ നീക്കിയത‌്. ഇതിനുമുമ്പ‌് രണ്ടുതവണ കമീഷണർക്ക‌് സിബിഐ സമൻസയച്ചു. അദ്ദേഹം എത്തിയില്ല. കാരണം, ചോദ്യംചെയ്യലിലൂടെ ഡയറി സംബന്ധിച്ച വിവരങ്ങൾ പുറത്തായാൽ തുറന്നുകാട്ടപ്പെടുന്നത‌് മമതാ ബാനർജിയായിരിക്കും. ഡയറി മമതയുടെ കൈവശമാണെന്നാണ‌്  കൊൽക്കത്തയിലെ പിന്നാമ്പുറ വർത്തമാനം. കമീഷണറെ രക്ഷിക്കാൻ മമത നേരിട്ടുതന്നെ വന്നു. എന്തായിരിക്കും മമതയ‌്ക്ക‌് കമീഷണറെ  രക്ഷിക്കാൻ ഇത്രയും തിടുക്കമെന്ന‌് ചിട്ടി കുംഭകോണത്തിന്റെ ചരിത്രത്തിലൂടെ ഒന്ന‌്  കണ്ണോടിച്ചാൽ മനസ്സിലാകും.

നന്ദിഗ്രാം കലാപത്തിനുശേഷം അതിന്റെ നായികയായ മമതയ‌്ക്ക‌് വീരപരിവേഷം നൽകാൻ മുഖ്യധാരാ മാധ്യമങ്ങൾ അക്ഷീണശ്രമം നടത്തിയിട്ടുണ്ട‌്. ആ കാലത്താണ‌് സുദീപ‌്തൊ സെൻ തൃണമൂൽ കോൺഗ്രസ‌് നേതാക്കളുമായി അടുപ്പം സ്ഥാപിക്കാൻ തുടങ്ങിയത‌്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ മുഖ്യ സംഘാടകനും മമത കഴിഞ്ഞാൽ രണ്ടാമനായി അംഗീകരിക്കപ്പെട്ടിട്ടുള്ള നേതാവുമായ മുകുൾ റോയിയുമായി വളരെ അടുത്ത ബന്ധമാണ‌് സുദീപ‌്തൊയ‌്ക്ക‌് ഉണ്ടായിരുന്നത‌്. 1.86 കോടിരൂപ കൊടുത്ത‌് മമതയുടെ ചിത്രം ശാരദാ ഗ്രൂപ്പ‌് മേധാവികൾ വാങ്ങണമെങ്കിൽ എത്രമാത്രം അടുപ്പം തൃണമൂൽ നേതാക്കളും ശാരദാ ഗ്രൂപ്പുമായി ഉണ്ടായിരുന്നുവെന്ന‌് ഊഹിക്കാൻ കഴിയും. ബംഗാളിൽ ശാരദാ ഗ്രൂപ്പിന്റെ ചിട്ടി ഫണ്ടിലേക്കും മറ്റ‌് സാമ്പത്തിക പദ്ധതികളിലേക്കും ജനങ്ങളിൽനിന്ന‌് പണം സമാഹരിച്ചത‌് മുഴുവൻ തൃണമൂൽ കോൺഗ്രസ‌് പ്രവർത്തകരായ ഏജന്റുമാരായിരുന്നു. സുദീപ‌്തൊ സെൻ, മമതാ ബാനർജിയടക്കമുള്ള തൃണമൂൽ കോൺഗ്രസ‌് നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ചാണ‌് സാധാരണ ജനങ്ങളിൽനിന്ന‌് ഏജന്റുമാർ പണം ശേഖരിച്ചത‌്. വിശ്വാസ്യതയുണ്ടാക്കാനായി തൃണമൂൽ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഉപയോഗിക്കുകയായിരുന്നു. അങ്ങനെ ജനങ്ങളെ വഞ്ചിക്കുകയാണ‌് ശാരദാ ഗ്രൂപ്പ‌് മേധാവികൾക്കൊപ്പം   മമതയും തൃണമൂൽ നേതാക്കളും ചെയ‌്തത‌്.

ജനങ്ങളിൽനിന്ന‌് പണം സമാഹരിച്ച‌് എത്തിച്ച ഏജന്റുമാരുടെ നേതാവായിരുന്നു മുകുൾ റോയ‌്.  നിരവധി തൃണമൂൽ നേതാക്കൾക്ക‌് വലിയതോതിൽ പണമെത്തി. ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യപ്പെട്ടവരും ജയിലിൽ കിടന്നവരുമെല്ലാം തൃണമൂൽ നേതാക്കളോ അവരുമായി അടുപ്പമുള്ളവരോ ആണ‌്. കുനൽ ഘോഷ‌്, സുധീപ‌് ബന്ദോപാധ്യായ തുടങ്ങിയ പാർലമെന്റ‌് അംഗങ്ങൾ  ജയിലിലായി. മുകുൾ റോയിയെ പലതവണ ചോദ്യംചെയ‌്തു. മുകുൾ റോയിയെ കൂടുതൽ ചോദ്യംചെയ‌്താൽ കേസിന്റെ മുഴുവൻ രഹസ്യങ്ങളും പുറത്തുവരുമായിരുന്നു. എന്നാൽ, അതിൽനിന്ന‌് രക്ഷപ്പെടാനായി മുകുൾ റോയ‌് തൃണമൂൽ വിട്ട‌് ബിജെപിയിൽ ചേർന്നു. കേസിലെ ഏറ്റവും പ്രധാന കുറ്റവാളികളിൽ ഒരാളായ മുകുൾ റോയിക്ക‌് തുടർന്ന‌്  ‌കേസിൽ ബുദ്ധിമുട്ടുണ്ടായില്ല. അതുപോലെതന്നെ അസമിലെ കോൺഗ്രസ്‌ നേതാവും മന്ത്രിയുമായിരുന്ന ഹിമന്ദ ബിശ്വ ശർമ്മയ്‌ക്കെതിരെയും അഴിമതി ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ നിന്ന്‌ രക്ഷപ്പെടാൻ അദ്ദേഹവും കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേരുകയായിരുന്നു.

കാഴ‌്ചക്കാർ കബളിപ്പിക്കപ്പെടുന്നു
സെബിയുടെയും റിസർവ‌് ബാങ്കിന്റെയും അനുമതിയില്ലാതെയും മാനദണ്ഡങ്ങൾ  പാലിക്കാതെയും പ്രവർത്തിക്കുന്ന പണമിടപാട‌് സ്ഥാപനങ്ങളെക്കുറിച്ച‌് ബംഗാളിലെ ഇടതുമുന്നണി ഭരണത്തിന്റെ  അവസാനനാളുകളിൽ ധനമന്ത്രി ഡോ. അസിംദാസ‌് ഗുപ‌്തയുടെ നിർദേശപ്രകാരം പഠനറിപ്പോർട്ട‌് തയ്യാറാക്കുകയും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന‌് ആവശ്യപ്പെട്ട‌് കേന്ദ്ര സർക്കാരിന‌് കത്തയക്കുകയും ചെയ‌്തിരുന്നു. ഇത്തരം സ്ഥാപനങ്ങൾ നിയമം പാലിക്കണമെന്ന‌് സെബി 2009ൽ മുന്നറിയിപ്പ‌് നൽകി. ഇടതുമുന്നണി സർക്കാർ നൽകിയ മുന്നറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും യുപിഎ സർക്കാർ അവഗണിച്ചു. തട്ടിപ്പു ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സ്വമേധയാ നടപടികളെടുക്കണമെന്ന‌് റിസർവ‌് ബാങ്ക‌് ഗവർണർ 2012 ഡിസംബർ ഏഴിന‌് ആവശ്യപ്പെട്ടിരുന്നു. അപ്പോഴേക്ക‌് സാമ്പത്തിക തട്ടിപ്പുകാരുടെ രക്ഷകരായ തൃണമൂൽ കോൺഗ്രസ‌് ബംഗാളിൽ ഭരണത്തിലെത്തിയിരുന്നു. ചിട്ടി തട്ടിപ്പ‌് അടക്കമുള്ള സാമ്പത്തിക കുംഭകോണങ്ങൾ നടത്തുന്ന ശാരദ ഗ്രൂപ്പ‌് അടക്കമുള്ളവർക്കെതിരെ ഒരു നടപടിയും മമതാ സർക്കാർ എടുത്തില്ല. കാരണം വ്യക്തം, നടപടിയെടുത്താൽ തൃണമൂലിന്റെ ഉന്നത നേതാക്കൾക്ക‌് ഇത്തരം തട്ടിപ്പുകളിൽ നേരിട്ടുള്ള പങ്കാളിത്തം പുറത്തുവരും. അതിനാൽ മമത കുറ്റവാളികളെ സംരക്ഷിച്ചു.

2013 ഏപ്രിലിൽ നിക്ഷേപകർക്ക‌് പണം തിരികെ നൽകാനാകാതെ ശാരദാ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ പൊളിഞ്ഞു. ചെയർമാൻ സുദീപ‌്തൊ ഒളിവിൽ പോയി. ഗ്രൂപ്പിന്റെ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത‌് നിക്ഷേപകരുടെ പണം പരമാവധി തിരിച്ചുനൽകണമെന്ന ആവശ്യമുയർന്നിട്ടും മമത ഒന്നും ചെയ‌്തില്ല. തട്ടിപ്പുകാരുടെ സ്വത്തിൽ കൈവച്ചതേയില്ല.  പകരം നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ സംസ്ഥാന ഖജനാവിൽനിന്ന‌് 500 കോടിരൂപ നൽകുമെന്നാണ‌് പ്രഖ്യാപിച്ചത‌്. നാലംഗ ജുഡീഷ്യൽ കമീഷനെ മമതാ സർക്കാർ നിയമിച്ചു. ആ കമീഷൻ ഇതിനകം നൽകിയ റിപ്പോർട്ട‌് വെളിച്ചം കണ്ടില്ല. നിയമസഭയിൽ ഇത‌് വയ‌്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പ‌് നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ച ഇടതുമുന്നണി എംഎൽഎമാരെ സഭയ‌്ക്കകത്തിട്ട‌് മർദിച്ചു. ഈ തട്ടിപ്പുമായി ബന്ധമുള്ള ഒരു പരാമർശവും ബംഗാൾ നിയമസഭയിൽ നടക്കില്ലെന്ന‌് ഉറപ്പുവരുത്താൻ ഏതറ്റംവരെയും മമത പോകുന്നതാണ‌് കണ്ടിട്ടുള്ളത‌്.

എന്താണ‌് മമതയ‌്ക്ക‌് ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇത്ര മറച്ചുവയ‌്ക്കാനുള്ളത‌്?  ബിധാൻനഗർ സിറ്റി പൊലീസ‌് കമീഷണറായിരിക്കെയാണ‌് രാജീവ‌്കുമാറിനെ ശാരദാ ഗ്രൂപ്പ‌് തട്ടിപ്പ‌് സംബന്ധിച്ച‌് അന്വേഷിക്കുന്ന പ്രത്യേക ടീമിന്റെ തലവനായി നിയമിച്ചത‌്. തട്ടിപ്പിൽ തൃണമൂൽ നേതാക്കൾക്കുള്ള പങ്ക‌് വെളിച്ചത്തുവരാതിരിക്കാനും രേഖകൾ മുക്കാനുമാണ‌് അന്വേഷണ സംഘത്തലവൻ ഇതുവരെ ശ്രമിച്ചതെന്ന ആരോപണമാണ‌് നിലനിൽക്കുന്നത‌്. തങ്ങൾ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കമീഷണർ ഹാജരായില്ലെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറുന്നില്ലെന്നും സിബിഐ ആരോപിച്ചു.

കേസന്വേഷണത്തിൽ സിബിഐയുടെ ജാഗ്രത ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ‌്. സിബിഐയെ രാഷ‌്ട്രീയ വൈരാഗ്യം തീർക്കുന്നതിനുള്ള ഉപകരണമായി അധഃപതിപ്പിച്ച ബിജെപി സർക്കാർ ഈ കേസിൽ സിബിഐയ‌്ക്കുള്ള ആത്മാർഥതയെ സംശയിക്കാനിടയാക്കുന്ന വിധത്തിലാണ‌് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത‌്. 2019ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന‌് മത്സരിക്കാൻ തൃണമൂൽ തയ്യാറായിരുന്നെങ്കിൽ സിബിഐയുടെ റെയ‌്ഡ‌്–-അറസ്റ്റ‌് ശ്രമങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. തരംതാണ രാഷ‌്ട്രീയക്കളിയായി ഒരു സുപ്രധാന കേസന്വേഷണത്തെ അധഃപതിപ്പിക്കുകയാണ‌് മോഡി സർക്കാർ ചെയ‌്തത‌്.

കമീഷണറെ അറസ്റ്റ‌്ചെയ്യാൻ സിബിഐ തെരഞ്ഞെടുത്ത ദിവസവും പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. കൊൽക്കത്തയിലെ ബ്രിഗേഡ‌് ഗ്രൗണ്ടിൽ ഇടതുമുന്നണിയുടെ വമ്പിച്ച റാലി നടന്ന ഞായറാഴ‌്ചയാണ‌് ഈ നാടകത്തിനായി തെരഞ്ഞെടുത്തത‌്. സിബിഐയുടെ നാടകവും മമതയുടെ പ്രതിനാടക പ്രഹസനവും അരങ്ങേറിയപ്പോൾ പത്ത‌് ലക്ഷത്തിലധികം ജനങ്ങൾ നാടിന്റെ അതിജീവനത്തിനായി അണിനിരന്ന വമ്പിച്ച രാഷ‌്ട്രീയമുന്നേറ്റത്തെ മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവച്ചു. ജനുവരി 19ന‌് തൃണമൂൽ കോൺഗ്രസ‌് നടത്തിയ ബ്രിഗേഡ‌് റാലിയിൽ മൈതാനം നിറഞ്ഞിരുന്നില്ല. ഫെബ്രുവരി മൂന്നിന്റെ ഇടതുമുന്നണി റാലി ഒരു പഴുതും അവശേഷിപ്പിക്കാതെ പൂർണമായിരുന്നു. ഇത‌് ബംഗാളിന്റെ രാഷ‌്ട്രീയത്തിന‌് നൽകുന്ന സൂചനകളെ മറച്ചുവയ‌്ക്കാൻ കഴിയുമോ എന്ന പരിശ്രമമാണ‌് മമതയും ബിജെപിയും ഒത്തുനടത്തിയത‌്. കുറ്റവാളികളെ പിടികൂടുകയും പാവപ്പെട്ട ജനങ്ങൾക്ക‌് നിക്ഷേപത്തുക തിരിച്ചുനൽകണമെന്നുമാണ‌് ഇരു പാർടികളുടെയും ആത്മാർഥമായ ആഗ്രഹമെങ്കിൽ എത്രയോ നേരത്തേ കേസ‌് നടപടികൾ പൂർത്തിയാകുമായിരുന്നു. കുറ്റവാളികളെ രക്ഷിക്കുന്നതിൽ ഇരു പാർടികളും ഒരേപോലെ ജാഗരൂകരാണ‌്.

തട്ടിപ്പിലെ പ്രധാന കുറ്റവാളി മുകുൾ റോയിയെ ചിറകിനടിയിൽ ഒളിപ്പിച്ചശേഷമാണ‌് ബാക്കിയുള്ള കുറ്റവാളികളെ തിരക്കി ബിജെപി ബുദ്ധിമുട്ടുന്നത‌്. തൃണമൂലിൽ അവശേഷിക്കുന്ന കുറ്റവാളികളെ രക്ഷിക്കാൻ മമതയും ആവതെല്ലാം ചെയ്യുന്നു. കാഴ‌്ചക്കാർ കബളിപ്പിക്കപ്പെടുന്നു.


പ്രധാന വാർത്തകൾ
 Top