07 July Tuesday

മാറ്റത്തിന്റെ കാറ്റിന്‌ സാധ്യതയില്ലാതെ മഹാരാഷ്‌ട്ര

എം അഖിൽUpdated: Wednesday Oct 16, 2019


കർഷകആത്മഹത്യയും തൊഴിലില്ലായ്‌മയും കുടിവെള്ളക്ഷാമവും വായ്‌പാതട്ടിപ്പും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പൂർണമായും തമസ്‌കരിച്ചാണ്‌ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം മുന്നേറുന്നത്‌. കശ്‌മീർ, ദേശീയപൗരത്വരജിസ്‌റ്റർ, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ്‌ ഫട്‌നവിസ്‌ സർക്കാരിന്റെ പരാജയങ്ങൾ ബിജെപി  തമസ്‌കരിക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുമാണ്‌ ബിജെപിയുടെ ഈ രീതിയിലുള്ള പ്രചാരണത്തിന്‌ ചുക്കാൻപിടിക്കുന്നത്‌.

ശക്തമായ നേതൃത്വത്തിന്റെ അഭാവവും പാളയത്തിനുള്ളിലെ പടയും അലട്ടുന്ന കോൺഗ്രസിന്‌ ഈ തെരഞ്ഞെടുപ്പിൽ കാര്യമായ സാധ്യതയുണ്ടെന്ന്‌ ആരും കരുതുന്നില്ല. 2019 ലോക്‌സഭാതെരഞ്ഞെടുപ്പിൽ ബിജെപി–- ശിവസേന സഖ്യം 48ൽ 41 സീറ്റും നേടിയിരുന്നു. അഞ്ച്‌ മാസങ്ങൾക്കുശേഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ലെന്നാണ്‌ രാഷ്ട്രീയനിരീക്ഷകരുടെയും വിലയിരുത്തൽ.

ചർച്ചയാകാത്ത ദുരിതങ്ങൾ
കർഷകരുടെ തീരാദുരിതമാണ്‌ മഹാരാഷ്ട്ര നേരിടുന്ന  വലിയ പ്രതിസന്ധി. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ കിസാൻ ലോങ്മാർച്ചിന്‌ പിന്നാലെ 2017 ജൂണിൽ ഫട്‌നവിസ്‌ സർക്കാർ ‘ഛത്രപതി ശിവജി മഹാരാജ്‌ ശേത്‌കാരി സമ്മാൻ’ എന്ന പേരിൽ കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

കർഷകരുടെ 1.5 ലക്ഷംവരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു പ്രഖ്യാപനം. 34,000 കോടിയുടെ കടം എഴുതിത്തള്ളുമെന്നും 89 ലക്ഷം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും സർക്കാർ അവകാശപ്പെട്ടു. രണ്ടുവർഷം പിന്നിടുമ്പോൾ പ്രഖ്യാപിച്ചതിന്റെ പകുതിത്തുകയുടെ കടംപോലും എഴുതിത്തള്ളിയിട്ടില്ല. 45 ലക്ഷത്തോളം കർഷകർ ഇപ്പോഴും പദ്ധതിക്ക്‌ പുറത്താണ്‌. കടം എഴുതിത്തള്ളൽ തുടങ്ങിയതോടെ കർഷകർക്ക്‌ ബാങ്കുകൾ പുതിയ വായ്‌പകൾ അനുവദിക്കാതായി. രൂക്ഷമായ വരൾച്ചയും കാർഷികവിളകളുടെ വിലയിടിവും കൂടിയായതോടെ കർഷകആത്മഹത്യ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചുതുടങ്ങി. 2014 മുതൽ 2018 വരെ 14,034 കർഷകർ ജീവനൊടുക്കിയെന്നാണ്‌ ഔദ്യോഗികകണക്ക്‌. കടാശ്വാസം പ്രഖ്യാപിച്ചതിനുശേഷമുള്ള കാലയളവിൽ 4,500 പേരാണ്‌ ആത്മഹത്യ ചെയ്‌തത്‌. ആത്മഹത്യ ചെയ്‌ത കർഷകരുടെ കുടുംബങ്ങൾക്കുള്ള സഹായവിതരണവും കാര്യക്ഷമമായി നടന്നിട്ടില്ല.

 

മഹാരാഷ്ട്രയിലെ വിദൂരഗ്രാമങ്ങളും മുംബൈ പോലെയുള്ള മെട്രോനഗരങ്ങളും രൂക്ഷമായ കുടിവെള്ളക്ഷാമമാണ്‌ നേരിടുന്നത്‌. 2019 ഓടെ മഹാരാഷ്ട്രയെ ടാങ്കർമുക്ത സംസ്ഥാനമാക്കുമെന്ന 2014ലെ വാഗ്‌ദാനം ഫട്‌നവിസ്‌ ഇനിയും നടപ്പാക്കിയിട്ടില്ല. വർഷംതോറും സംസ്ഥാനത്തെ നദികളിലും അണക്കെട്ടുകളിലും ജലം കുറയുകയാണ്‌. മാസങ്ങൾക്കുമുമ്പുണ്ടായ കടുത്ത വരൾച്ചയിൽ 29 ജില്ലകൾ വറ്റിവരണ്ടു. മഴയിലുണ്ടായ വലിയ കുറവും ഭൂഗർഭജലം താഴുന്നതും ഭയപ്പെടുത്തുന്ന ഭാവിയിലേക്കാണ്‌ വിരൽ ചൂണ്ടുന്നതെന്ന്‌ പരിസ്ഥിതിശാസ്‌ത്രജ്ഞർ മുന്നറിയിപ്പ്‌ നൽകിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടി ഉണ്ടായിട്ടില്ല. മെട്രോ കാർഷെഡ്ഡിനുവേണ്ടി ആരേ വനത്തിലെ രണ്ടായിരത്തിലധികം മരങ്ങൾ വെട്ടിമുറിച്ച ‘കണ്ണിൽ ചോരയില്ലാത്ത’ നടപടിയുണ്ടാക്കിയ  കോലാഹലം ഇനിയും അവസാനിച്ചിട്ടില്ല.

സഹകരണബാങ്കുകൾ കേന്ദ്രീകരിച്ചുള്ള കുംഭകോണം മഹാരാഷ്ട്രയിലെ സാധാരണക്കാരുടെ ഇടയിൽ വലിയ ചർച്ചാവിഷയമാണ്‌. കടക്കെണിയിലായ എച്ച്‌ഡിഐഎൽ എന്ന റിയൽഎസ്‌റ്റേറ്റ്‌ കമ്പനിക്ക്‌ 2,500 കോടി വായ്‌പ (6,500 കോടിയാണെന്ന്‌ അനൗദ്യോഗിക റിപ്പോർട്ട്‌ ) നൽകിയ പഞ്ചാബ്‌–-മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ്‌ ബാങ്കിന്റെ ക്രമക്കേടിനെക്കുറിച്ച്‌ സർക്കാരോ ബിജെപിയോ ഇതുവരെ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. സാധാരണക്കാരുടെ  നിക്ഷേപം തട്ടിപ്പറിച്ച്‌ കോടീശ്വരന്മാർക്ക്‌ ധൂർത്തടിക്കാൻ കൊടുത്തതിന്‌ ന്യായീകരണം ഇല്ലെന്ന്‌ ജനങ്ങൾ പറയുന്നു. അഞ്ച്‌ ലക്ഷംകോടിയുടെ കടമുള്ള സംസ്ഥാനത്തിന്റെ ഭാവി ശോഭനമല്ലെന്ന്‌ സാമ്പത്തികവിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

നിർജീവമായ പ്രതിപക്ഷം
ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന നീറുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ച്‌ ഫട്‌നവിസ്‌ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ ശ്രമങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. ഒക്ടോബർ രണ്ടിന്‌ രാഹുൽഗാന്ധി വാർധ സന്ദർശിക്കുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും പിന്നീട്‌ അദ്ദേഹം ആ പരിപാടി റദ്ദാക്കി. കഴിഞ്ഞദിവസം ധാരാവിയിലും കാംദിവലിയിലും രാഹുൽ റാലികളിൽ പങ്കെടുത്തെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. റഫേലും സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്‌മയും മറ്റുമാണ്‌ രാഹുൽ പ്രസംഗങ്ങളിൽ ഉന്നയിച്ചത്‌. രാഹുലിന്റെ റാലിയിൽനിന്ന്‌ മഹാരാഷ്ട്രയിലെ കോൺഗ്രസ്‌ നേതാക്കളായ സഞ്‌ജയ്‌ നിരുപമും  മിലിന്ദ്‌ ദിയോറയും വിട്ടുനിന്നത്‌ വലിയ ചർച്ചയായിട്ടുണ്ട്‌. പാർടിയിലെ പടലപ്പിണക്കം അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്‌ ഇതെന്ന്‌ ബിജെപി ആരോപിക്കുന്നു.

തന്റെ അനുയായികൾക്ക്‌ ടിക്കറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ച്‌ സഞ്‌ജയ്‌നിരുപം പ്രചാരണവുമായി സഹകരിക്കുന്നില്ല. നേതാക്കളുടെ തമ്മിലടി കോൺഗ്രസിന്റെ ദുർബലമായ സാധ്യതകളെപ്പോലും ഇല്ലാതാക്കുമെന്ന്‌ പ്രവർത്തകർ പരാതിപ്പെടുന്നു. കോൺഗ്രസിന്‌ ദേശീയതലത്തിൽ ശക്തമായ നേതൃത്വം ഇല്ലാത്തതും നേതാക്കൾ പരസ്‌പരം വിഴുപ്പലക്കുന്നതും ബിജെപിക്ക്‌ കാര്യങ്ങൾ എളുപ്പമാക്കും. എൻസിപിയുടെ ശരദ്‌പവാർ മാത്രമാണ്‌ കേന്ദ്ര‐ സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച്‌ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുന്നത്‌.

സീറ്റ്‌ നിർണയത്തിൽ ബിജെപിക്ക്‌ മുന്നിൽ പൂർണമായും കീഴടങ്ങിയെന്ന്‌ ആരോപിച്ച്‌ ശിവസേനയിൽനിന്ന്‌ പ്രവർത്തകർ കൂട്ടത്തോടെ രാജിവയ്‌ക്കുന്നതും പതിവായിട്ടുണ്ട്‌. ആകെയുള്ള 288 സീറ്റിൽ 124 സീറ്റിൽ മാത്രമാണ്‌ ശിവസേന മത്സരിക്കുന്നത്‌.

 

ജനകീയസമരങ്ങളുടെ തേരിലേറി സിപിഐ എം
ബിജെപിയുടെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടാനും ഇടതുപക്ഷ പാർടികളുടെ കരുത്ത്‌ വർധിപ്പിക്കാനും സിപിഐ എം മഹാരാഷ്ട്രയിൽ എട്ട്‌ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്‌. സോലാപുർ സെൻട്രലിൽ മുൻ എംഎൽഎ നരസയ്യാ ആദം, കൽവാനിൽ (എസ്‌ടി) സിറ്റിങ് എംഎൽഎ ജെ പി ഗാവിത്‌, നാസിക്ക്‌ വെസ്‌റ്റിൽ  ട്രേഡ്‌യൂണിയൻ നേതാവ്‌ ഡോ. ഡി എൽ കരാദ്‌, ദഹാനുവിൽ (എസ്‌ടി) ആദിവാസി നേതാവ്‌ വിനോദ്‌ നിക്കോളെ, ഷഹാദയിൽ (എസ്‌ടി) ജയ്‌സിങ് മാലി, പർതുരിൽ സരിതാഖണ്ഡാരെ, ഷാഹാപുരിൽ (എസ്‌ടി) കൃഷ്‌ണ ഭാവർ, അന്ധേരി വെസ്‌റ്റിൽ മലയാളിയായ കെ നാരായണൻ  എന്നിവരാണ്‌ മത്സരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top