29 July Thursday

പോരാട്ടം ഊർജമാക്കിയ തൊഴിലാളി നേതാവ്

എൻ ആർ ബാലൻUpdated: Thursday Nov 14, 2019


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം കെ കൃഷ്ണൻ അന്തരിച്ചിട്ട് 14നു 25 വർഷം തികയുകയാണ്.  എറണാകുളം വൈപ്പിൻ എടവനക്കാട്ട് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എം കെ കൃഷ്ണൻ, ചെറുപ്പം മുതൽതന്നെ സംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നാട്ടിലും പരിസരപ്രദേശങ്ങളിലും കർഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികൾ, ബീഡി തെറുപ്പുതൊഴിലാളികൾ തുടങ്ങിയ ദുർബലരായ വിഭാഗങ്ങളെയും സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. ഭൂ ഉടമകളുടെ നേതൃത്വത്തിൽ കൂലിനിഷേധമടക്കമുള്ള തൊഴിലാളിവിരുദ്ധ നടപടികൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയപ്പോൾ അതിനെതിരെ ഉജ്വലസമരങ്ങൾക്ക് എം കെ നേതൃത്വം നൽകി.

കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളും നാടിന്റെ പൊതുസ്ഥിതിഗതികളും സസൂക്ഷ്മം വിലയിരുത്തി, അത് ലളിതമായി തൊഴിലാളികൾക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചുകൊടുക്കാനുള്ള എം കെയുടെ കഴിവ് ശ്ലാഘനീയമായിരുന്നു. കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ പ്രവർത്തനങ്ങളിൽ സജീവമായ എം കെ കൃഷ്ണൻ, സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. മന്ത്രിയായും എംഎൽഎയായും പ്രവർത്തനമികവ് കാണിച്ച എം കെ, എക്കാലവും പീഡിതരുടെയും അശരണരുടെയും അത്താണിയായിരുന്നു.

കർഷകത്തൊഴിലാളി യൂണിയന്റെ ഒന്നാം സമ്മേളനം 1970ൽ പാലക്കാട്ട് ചേർന്നപ്പോൾ എം കെ കൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച കാലയളവൊഴികെയുള്ള സമയങ്ങളിൽ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. 1991ൽ ബിഹാറിലെ സമസ്തിപുരിൽ രണ്ടാം ദേശീയ സമ്മേളനം ചേർന്നപ്പോൾ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യമാകെയുള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ സമരസജ്ജരാക്കാനുമുള്ള പ്രയത്നങ്ങൾക്കിടയിലാണ് 1994 നവംബർ 14നു തൃശൂരിൽ കർഷകസംഘം സംസ്ഥാന സമ്മേളനവേദിയിൽ കർഷക, കർഷകത്തൊഴിലാളി ഐക്യത്തിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചുനിൽക്കെ എം കെ കൃഷ്ണൻ കുഴഞ്ഞുവീണ് മരിച്ചത്.

1947ൽ സിപിഐ എം അംഗമായ എം കെ, 1953 മുതൽ 1962 വരെ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ൽ എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഇ എം എസ് സർക്കാരിൽ മന്ത്രിയായി. 1980ൽ ഞാറയ്ക്കലിൽനിന്നാണ് നിയമസഭയിലേക്കെത്തിയത്. അങ്ങനെ നായനാർ മന്ത്രിസഭയിലും അംഗമായി. സംഘടനാരംഗത്തെന്നപോലെ ഭരണരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചു. കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എം കെയുടെ സ്മരണ ഇന്ന് തൊഴിലാളിവർഗത്തിനാകെ സമരോർജമായി മാറുകയാണ്. നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കുന്ന നയങ്ങൾ സാമ്രാജ്യത്വ‐കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് അനുകൂലമാണ്. 

കാർഷികമേഖലയിൽ പലായനം ചെയ്യപ്പെടുന്ന കർഷകത്തൊഴിലാളികൾ നഗര പ്രാന്തപ്രദേശങ്ങളിൽ കുടിയേറാനാണ് നിർബന്ധിതരാകുന്നത്. നഗരത്തിന്റെ അന്തരീക്ഷത്തിനും സംസ്കാരത്തിനും ഇണങ്ങുന്നവിധത്തിൽ കർഷകത്തൊഴിലാളികൾ മാറാതിരിക്കുമ്പോൾ, നഗരത്തിലെ തൊഴിലുകളിൽനിന്ന് അവർ ആട്ടിയകറ്റപ്പെടുന്നു

കാർഷികമേഖലയിലാകെ മുരടിപ്പാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് മൂന്നുലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ കർഷകത്തൊഴിലാളികളുമുണ്ട്. പക്ഷേ, അതൊന്നും സർക്കാരുകളുടെ കണക്കുകളിൽപ്പെടുന്നില്ല. കൃഷിസ്ഥലങ്ങളിൽനിന്ന് കർഷകത്തൊഴിലാളികൾ ആട്ടിപ്പായിക്കപ്പെടുകയാണ്. കൃഷി അവസാനിപ്പിക്കുന്ന കർഷകരും കർഷകത്തൊഴിലാളികളായി മാറുന്നു. അവർക്ക് തൊഴിൽ ലഭ്യമാകുന്നില്ല. കാർഷികമേഖലയിൽ പലായനം ചെയ്യപ്പെടുന്ന കർഷകത്തൊഴിലാളികൾ നഗര പ്രാന്തപ്രദേശങ്ങളിൽ കുടിയേറാനാണ് നിർബന്ധിതരാകുന്നത്. നഗരത്തിന്റെ അന്തരീക്ഷത്തിനും സംസ്കാരത്തിനും ഇണങ്ങുന്നവിധത്തിൽ കർഷകത്തൊഴിലാളികൾ മാറാതിരിക്കുമ്പോൾ, നഗരത്തിലെ തൊഴിലുകളിൽനിന്ന് അവർ ആട്ടിയകറ്റപ്പെടുന്നു. തിരികെ നാട്ടിലേക്കെത്തുമ്പോൾ അവിടം അവർക്ക് വേരുകളൊന്നുമില്ലാത്ത അവസ്ഥയാണ്. കോർപറേറ്റുകൾ സ്വന്തമാക്കിയ തങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുമുന്നിൽ ജീവിതത്തിന് പൂർണവിരാമമിടാൻ കർഷകത്തൊഴിലാളികൾ നിർബന്ധിതരാകുന്നു. രാജ്യത്തിന്റെ സമ്പദ്രംഗം ആകെ തകർന്നിരിക്കുകയാണ്. വാഹനവ്യവസായ മേഖല തന്നെ ഏറ്റവും പ്രധാന ഉദാഹരണം. അടിസ്ഥാന ജനവിഭാഗങ്ങളുടെ കൈയിൽ പണമെത്തി വരുമാനം കൂടിയാലേ മാന്ദ്യം ഒഴിയൂ. അത്തരമൊരു പരിപാടിയും കേന്ദ്രത്തിനില്ല. പ്രഖ്യാപിച്ച അഞ്ച് ഉത്തേജക പാക്കേജുകളിലും അതിദരിദ്രർക്ക് ഇടമില്ലാതായി. എന്നാൽ, കേരളത്തിൽ ഇടതുപക്ഷ ബദലുകൾ മുന്നോട്ടുവച്ച് ജനങ്ങൾക്ക് കൈത്താങ്ങായി മാറുകയാണ് പിണറായി വിജയൻ സർക്കാർ. മതനിരപേക്ഷ, വികസിത നവകേരളമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനം നടപ്പാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top