28 September Thursday

സമഗ്ര ശാക്തീകരണത്തിന്റെ കാൽനൂറ്റാണ്ട് - തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

സ്‌ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ച കുടുംബശ്രീ ബുധനാഴ്‌ച രജത ജൂബിലി ആഘോഷിക്കുകയാണ്. 2022 മെയ് 17ന് തുടക്കം കുറിച്ച ഒരു വർഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തി.

പെൺകരുത്തിൽ പടുത്തുയർത്തിയ സമാനതകളില്ലാത്ത വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. കേരളത്തിന്റെ ഭൂമികയിലേക്ക് ഇത്രമേൽ ആഴത്തിൽ വേരോട്ടം സാധ്യമായ ഒരേയൊരു പ്രസ്ഥാനമാണ് ഈ സ്‌ത്രീക്കൂട്ടായ്മ. മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകൾ അംഗങ്ങളായ ഈ ത്രിതല സംഘടനാ സംവിധാനം ഏഷ്യൻ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും വലിയ സ്‌ത്രീക്കൂട്ടായ്മയെന്ന ഖ്യാതിയും സ്വന്തമാക്കി.

ഏതൊരു രാജ്യത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രതിസന്ധികളിൽ ഏറ്റവും ദുർഘടമായത് ദാരിദ്ര്യമാണ്. ദാരിദ്ര്യം ഇല്ലായ്മ ചെയ്ത്‌ സ്‌ത്രീശാക്തീകരണം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായത്. കുടുംബശ്രീ എന്ന സ്‌ത്രീപക്ഷ പ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത് അതിനനുയോജ്യമായ രാഷ്‌ട്രീയ, സാമൂഹ്യ അടിത്തറ  നിലവിലുള്ളതുകൊണ്ടാണ്. 1957ലെ ഇ എം എസ് സർക്കാരിന്റെ വികസന നയങ്ങൾ അതിൽ നിർണായകമാണ്. കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ മാറ്റിമറിച്ച പരിഷ്കാരങ്ങൾക്ക് രൂപംനൽകിയ ഇടതുപക്ഷം തന്നെയാണ് ജനകീയാസൂത്രണത്തിനു തുടർച്ചയായി കുടുംബശ്രീ പ്രസ്ഥാനത്തിനും നാന്ദി കുറിച്ചത്. അടുക്കളയുടെ നാലു ചുവരിനുള്ളിൽ കഴിഞ്ഞിരുന്ന സ്‌ത്രീകൾക്ക് തൊഴിലും വരുമാനവും കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും അവരെ പ്രാപ്തരാക്കുകയെന്ന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തത്. അയൽക്കൂട്ടങ്ങളിൽ സൂക്ഷ്മസമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും അതിൽനിന്ന്‌ തങ്ങളുടെ ആവശ്യങ്ങൾക്കായി വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വീട്ടുമുറ്റത്തെ ബാങ്കായി അയൽക്കൂട്ടങ്ങൾ മാറി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഭാഗമായി നിലവിൽ 8029.47 കോടി രൂപയുടെ നിക്ഷേപമാണ് അയൽക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുള്ളത് എന്നറിയുമ്പോഴാണ് ഈ സംവിധാനത്തിന്റെ കരുത്ത് വ്യക്തമാകുന്നത്. 11.31 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.


 

നിലവിൽ കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭം പ്രവർത്തിക്കുന്നു. രണ്ടു ലക്ഷത്തോളം വനിതകൾ ഇതിൽ അംഗങ്ങളാണ്. ഉൽപ്പാദന സേവന മേഖലകളിൽ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിലൂടെയും സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനും പ്രാദേശിക സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിലും കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നു. പ്രാദേശിക വിഭവശേഷിയും വനിതകളുടെ തൊഴിൽ വൈദഗ്ധ്യശേഷിയും പ്രയോജനപ്പെടുത്തി സ്വയംതൊഴിൽ -വേതനാധിഷ്ഠിത തൊഴിലുകളിലേക്ക് അവരെ കൈപിടിച്ചു നടത്തുകയും വരുമാനലഭ്യത ഉറപ്പാക്കുന്നതിലും കുടുംബശ്രീ വിജയിച്ചിട്ടുണ്ട്.

കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക്  മെച്ചപ്പെട്ട വിപണിയും സംരംഭകർക്ക് വരുമാന ലഭ്യതയും ഉറപ്പു വരുത്തുന്നതിന്റെ  ഭാഗമായി ഒഎൻഡിസി ഡിജിറ്റൽ പ്ലാറ്റ്ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാര രംഗത്തേക്ക് കുടുംബശ്രീ കടന്നു കഴിഞ്ഞു. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. കുടുംബശ്രീ ബസാർഡോട്ട്കോം കൂടാതെ ആമസോൺ സഹേലി, ഫ്ളിപ്കാർട്ട് എന്നിവയിലൂടെയും ഉൽപ്പന്ന വിപണനം ഊർജിതപ്പെടുത്തുന്നു. ഇതോടൊപ്പം ദേശീയ സരസ് മേളകൾ, ഓണം, റംസാൻ, വിഷു, ക്രിസ്മസ് വിപണികളിലും വിറ്റഴിക്കുന്നു.

വിവിധ വകുപ്പുകളും ഏജൻസികളുമായുള്ള സംയോജനം വഴിയും നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിൽ ഏറ്റവും സ്വീകാര്യത നേടിയ പദ്ധതിയാണ് ജനകീയഹോട്ടൽ. ന്യൂട്രിമിക്സ്, ഹരിതകർമസേന, വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ, എറൈസ് മൾട്ടി ടാസ്ക് ടീമുകൾ എന്നിവയും വിജയിപ്പിച്ച പദ്ധതികളാണ്.
കൊച്ചി റെയിൽ മെട്രോയുടെ 24 സ്റ്റേഷനിലും കൊച്ചി വാട്ടർ മെട്രോയിലും തിളങ്ങുന്നത് കുടുംബശ്രീ വനിതകളാണ്. കാർഷിക മൃഗസംരക്ഷണ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലും വലിയ മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്. കാർഷിക മേഖലയിൽ നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയിൽ ഇന്ന് 73,168 കർഷക സംഘവും അതിൽ 3,31,207 വനിത അംഗങ്ങളുമുണ്ട്.

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ, അഗതികൾ, നിരാലംബർ, മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കുടുംബശ്രീ മുഖേന സാമൂഹ്യസുരക്ഷാ മേഖലയിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പട്ടികവർഗ മേഖലയിലെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണ്. പത്തോളം പ്രത്യേക പദ്ധതികളാണ് ഈ മേഖലയിൽമാത്രം നടപ്പാക്കുന്നത്. പട്ടികവർഗ മേഖലയിലെ തനത് സംസ്കാരവും പൈതൃകവും നിലനിർത്തിക്കൊണ്ടുള്ള ഉപജീവന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. തീരദേശ മേഖലയിലെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കോസ്റ്റൽ വളന്റിയർമാർ മുഖേന അയൽക്കൂട്ട രൂപീകരണവും സംരംഭകത്വ രൂപീകരണവും നടന്നുവരുന്നു. കാസർകോട്‌ കന്നട മേഖലയിലെ വനിതകളുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് ‘കന്നട സ്പെഷ്യൽ പ്രോജക്ട്' എന്ന പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടു.

ശാക്തീകരണത്തിന്റെ ഭാഗമായി സ്‌ത്രീകളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളും നടത്തുന്നുണ്ട്. സ്‌ത്രീ പദവി സ്വയംപഠന പ്രക്രിയ, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കുമായി 14 ജില്ലയിലും അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്, പ്രാദേശിക തലത്തിൽ സ്‌ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി 19,326 വിജിലന്റ്‌ ഗ്രൂപ്പ്‌, 803 ജെൻഡർ റിസോഴ്സ് സെന്റർ, 140 മാതൃകാ ജെൻഡർ റിസോഴ്സ് സെന്റർ, 304 സ്കൂളിലും 70 കോളേജിലും ജെൻഡർ ക്ലബ്ബുകൾ, 360 കമ്യൂണിറ്റി കൗൺസലർമാർ എന്നിവ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ നടപ്പാക്കുന്നുണ്ട്.


 

നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ മുഖേന 24 സംസ്ഥാനത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും കുടുംബശ്രീ മാതൃക നടപ്പാക്കിക്കൊണ്ട് ദരിദ്ര വനിതകൾക്ക്‌ അഭയകേന്ദ്രമാകുകയാണ് കുടുംബശ്രീ. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന, സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന നോഡൽ ഏജൻസിയും കുടുംബശ്രീയാണ്. എൻയുഎൽഎം പദ്ധതി നടത്തിപ്പിലെ മികവിന് ദേശീയ സ്പാർക്ക് റാങ്കിങ്ങിൽ തുടർച്ചയായി ആറാം തവണയും പുരസ്കാരം നേടാൻ കുടുംബശ്രീക്കായി.
കുടുംബശ്രീ ആരംഭിച്ച് 25 വർഷം പൂർത്തിയാകുമ്പോൾ അടുക്കളയുടെ നാല് ചുവരിനുള്ളിൽനിന്ന്‌ ഭരണരംഗത്തെ വിവിധ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ സ്‌ത്രീകൾക്ക് സാധിച്ചു. ത്രിതല പഞ്ചായത്തുകളിൽ ഇന്ന് അധികാര സ്ഥാനങ്ങളിലേക്ക് എത്തിയിട്ടുള്ള സ്‌ത്രീകളിലേറെയും കുടുംബശ്രീ വനിതകളാണ്. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ ലഭിച്ച അറിവും ആർജവത്വവും ആത്മവിശ്വാസവും അവരിൽ വ്യക്തമായ രാഷ്ട്രീയബോധവും ഇച്ഛാശക്തിയും വളർത്താൻ സഹായകമായതാണ് ഈ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റത്തിനു പിന്നിൽ.  സ്വന്തം കുടുംബത്തിലും അധികാര കേന്ദ്രങ്ങളിലും തീരുമാനമെടുക്കാനും നടപ്പാക്കാനും കുടുംബശ്രീ പ്രവർത്തനങ്ങൾ സ്‌ത്രീകളെ പ്രാപ്തരാക്കിയെന്നതാണ് ഏറെ അഭിമാനകരമായ വസ്തുത. 

ഇരുപത്തഞ്ച് വർഷം പൂർത്തിയാകുമ്പോൾ സാമ്പത്തികവും സാമൂഹ്യവുമായ ശാക്തീകരണത്തിലൂടെ, സ്‌ത്രീശാക്തീകരണം എന്ന മഹനീയ ലക്ഷ്യം  കൈവരിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. ഇന്നലെകളിലെ പ്രവർത്തന അനുഭവങ്ങളിൽനിന്ന്‌ ഊർജം ഉൾക്കൊണ്ട് അടുത്ത അഞ്ചു വർഷത്തിൽ എങ്ങനെ മുന്നേറണം എന്നതിനെക്കുറിച്ചും വ്യക്തമായ ആസൂത്രണംചെയ്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 19,544 ഓക്സിലറി ഗ്രൂപ്പിന്‌ രൂപം നൽകി. സംസ്ഥാനമൊട്ടാകെ സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി "ഷീ സ്റ്റാർട്ട്സ്' പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു.  മാറുന്ന വിപണി സംസ്കാരത്തിനനുസൃതമായി വൈവിധ്യമാർന്ന സംരംഭങ്ങൾ തുടങ്ങാൻ പരിശീലന പരിപാടികൾക്കും തുടക്കമായി. വ്യാവസായികാടിസ്ഥാനത്തിലുള്ള വലിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതുവഴി വരുമാന വർധനയ്‌ക്ക്‌ ആക്കംകൂട്ടുകയാണ് ലക്ഷ്യം. സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് ഓരോ വനിതയെയും അവരുടെ കുടുംബങ്ങളെയും നയിച്ച്‌ പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയക്ക് കരുത്തേകാനും സമഗ്രമായ ജീവിതപുരോഗതി കൈവരിക്കാൻ സ്‌ത്രീസമൂഹത്തെ പ്രാപ്തരാക്കുകയുമാണ് കുടുംബശ്രീയുടെ ഇനിയുള്ള ലക്ഷ്യം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top