18 August Sunday

മതനിരപേക്ഷ സർക്കാരിനായി ഇടതുപക്ഷം കരുത്താർജിക്കണം

അഭിമുഖം : എസ് രാമചന്ദ്രൻപിള്ള/ വി ബി പരമേശ്വരൻUpdated: Wednesday Apr 17, 2019

സിപിഐ എം  പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള   ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പശ്ചാത്തലത്തിൽ ദേശീയ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ‘ദേശാഭിമാനി’യുമായി സംസാരിക്കുന്നു.

ലോക‌്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു കഴിഞ്ഞല്ലോ. സിപിഐ എം ഉൾപ്പെടുന്ന ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന പ്രധാന ലക്ഷ്യം എന്താണ‌്?


പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. ജനാധിപത്യം, പാർലമെന്റ‌്, ഭരണഘടന  എന്നിവ നിലനിൽക്കണോ വേണ്ടയോ എന്ന വിഷയമാണ് മുന്നിലുള്ളത്. പാർലമെന്റിന്റെ അധികാരം കവർന്നെടുക്കപ്പെടുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളായ ലോക‌്സഭാ, രാജ്യസഭ, തെരഞ്ഞെടുപ്പ് കമീഷൻ, കംപ്ട്രോളർ ആൻഡ‌് ഓഡിറ്റർ ജനറൽ തുടങ്ങിയവയും നിയമാധിഷ്ഠിത സ്ഥാപനങ്ങളായ റിസർവ് ബാങ്ക്, സിബിഐ, എൻഫോഴ്സ‌്മെന്റ‌് ഡയറക്ടറേറ്റ്, കേന്ദ്ര വിജിലൻസ് കമീഷൻ, കേന്ദ്ര വിവരാവകാശ കമീഷൻ തുടങ്ങിയ സ്ഥാപനങ്ങളും തകർക്കപ്പെടുകയാണിന്ന്. ഇവ രണ്ടും ജനാധിപത്യവ്യവസ്ഥയിൽ പരസ‌്പര മേൽനോട്ടത്തിലും  നിയന്ത്രണത്തിലൂടെയും സമതുലിതാവസ്ഥ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളാണ്. ഇതിനെയെല്ലാം ബിജെപിയുടെ ഭരണം അട്ടിമറിച്ചു.  സൈന്യത്തെ രാഷ്ട്രീയപ്രശ്നങ്ങളിലേക്ക് വലിച്ചിഴയ‌്ക്കാൻ ശ്രമിക്കുന്നു.  മുസ്ലിം ജനവിഭാഗങ്ങൾക്ക് പൗരത്വം നിഷേധിക്കുന്ന പൗരത്വ നിയമഭേദഗതി നിയമവും അതിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ പൗരത്വ രജിസ്റ്ററും നിലവിൽവരികയാണ്. ഇതിന് അറുതിവരുത്താൻ മോഡി സർക്കാരിനെ താഴെയിറക്കുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം. 

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 31 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷികളെകൂടി കൂട്ടിയാൽ 39 ശതമാനം. അതായത് 61 ശതമാനം ജനങ്ങളും ബിജെപി നയിക്കുന്ന എൻഡിഎക്കെതിരാണ്.  പക്ഷേ, പാർലമെന്റിൽ ഭൂരിപക്ഷം നേടാനായതിനാൽ സർക്കാർ രൂപീകരിച്ചു.  ബിജെപി വിരുദ്ധ കക്ഷികൾ ഭിന്നിച്ചു നിന്നതുകൊണ്ടാണ് ബിജെപിക്ക് സർക്കാരുണ്ടാക്കാനായത്.  രാജ്യത്തിന് ആപത്തായ ബിജെപിയെ ഒഴിവാക്കി ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരികയാണ് സിപിഐ എമ്മിന്റെയും ഇടതുപക്ഷ കക്ഷികളുടെയും ലക്ഷ്യം. പ്രധാനമായും മൂന്ന് ലക്ഷ്യമാണ് സിപിഐ എം മുന്നോട്ടുവയ‌്ക്കുന്നത്. ഒന്നാമതായി തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുക. രണ്ടാമതായി ഇടതുജനാധിപത്യ കക്ഷികളുടെ വോട്ടും സീറ്റും വർധിപ്പിക്കുക, മൂന്നാമതായി ഇടതു ജനാധിപത്യ കക്ഷികൾക്ക് ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നിവയാണവ. 

ഈ ലക്ഷ്യം എങ്ങനെ നേടാനാകും. മതനിരപേക്ഷ കക്ഷികൾ ദേശീയമായി ഒന്നിച്ചുനിൽക്കുന്നതിൽ വിജയിച്ചുവെന്ന് പറയാനാകുമോ?

ഈ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള മാർഗം ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുക എന്നതാണ്. ഇതു സാധ്യമായാൽ ബിജെപിയെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന് ശക്തമായി സ്വാധീനിക്കാവുന്ന മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാനാകും. ഉത്തർപ്രദേശ് തന്നെ ഉദാഹരണം. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 543 സീറ്റിൽ 80 സീറ്റും ഉള്ള സംസ്ഥാനമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇതിൽ 71 സീറ്റും സഖ്യകക്ഷിയായ അപ‌്നാദളിന‌് രണ്ട് സീറ്റും ലഭിച്ചു. ഇതിനാലാണ് മോഡിക്ക് പ്രധാനമന്ത്രിപദവും കേന്ദ്രത്തിൽ ബിജെപി സർക്കാരും യാഥാർഥ്യമായത്. അന്ന് മതനിരപേക്ഷ കക്ഷികൾ ഭിന്നിച്ചുനിന്നതുകൊണ്ടായിരുന്നു യുപിയിൽ ബിജെപിക്ക് ഈ വിജയം നേടാൻ കഴിഞ്ഞത്.  ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ‌്, ഹരിയാന, ഡൽഹി, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനത്തെ കോൺഗ്രസ് ഇക്കുറി അട്ടിമറിക്കുകയാണ്.  ഈ സംസ്ഥാനങ്ങളിലെ മറ്റ് മതനിരപേക്ഷ കക്ഷികൾ ബിജെപി വിരുദ്ധ വോട്ടിന്റെ ഏകോപനത്തിന് നിർദേശം വച്ചെങ്കിലും കോൺഗ്രസ് അതിന‌് തയ്യാറായില്ല.  കോൺഗ്രസ് തയ്യാറായില്ലെങ്കിലും ഉത്തർപ്രദേശിൽ മറ്റ് മതനിരപേക്ഷ കക്ഷികളുടെ കൂട്ടുകെട്ട്–-എസ‌്പിയും ബിഎസ‌്പിയും ആർഎൽഡിയും തമ്മിലുള്ളത്–-ബിജെപിയെ തോൽപ്പിക്കും.  ഗൊരഖ്പുരിലും ഫുൽപുരിലും കൈരാനയിലും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഈ കൂട്ടുകെട്ട് ബിജെപിയെ തോൽപ്പിച്ച‌് കരുത്തു തെളിയിച്ചിട്ടുണ്ട‌്.  ലോക‌്സഭാ തെരഞ്ഞെടുപ്പിലും അതാവർത്തിക്കും.

കേരളത്തിലും കോൺഗ്രസ് എതിർക്കുന്നത് ബിജെപിയെയല്ല, മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണ്.  മതനിരപേക്ഷ വോട്ടുകളെയും കൂട്ടുകെട്ടുകളെയും ഭിന്നിപ്പിക്കുന്നതിനാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. 

ബിജെപിയെയും മോഡിയെയും ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടോ?


തീർച്ചയായും. ഈ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകതന്നെ ചെയ്യും. മതനിരപേക്ഷ കക്ഷികൾക്ക് ഭൂരിപക്ഷം ലഭിക്കും. അവർക്ക് സർക്കാരുണ്ടാക്കാൻ കഴിയുമെന്ന കാര്യവും ഉറപ്പാണ്.  പ്രാദേശിക മതനിരപേക്ഷ കക്ഷികൾക്ക് മേൽക്കൈയുള്ള മതനിരപേക്ഷ സർക്കാരായിരിക്കും കേന്ദ്രത്തിൽ അധികാരത്തിൽ വരിക. അവർ പല ഘട്ടങ്ങളിലും പല നിലപാടുകൾ സ്വീകരിച്ചവരാണ്. ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾ കരുത്താർജിച്ചെങ്കിലേ ഈ മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിച്ച്  ഒരു ഗവൺമെന്റ് രൂപീകരിക്കാൻ കഴിയൂ. വിശാല ദേശീയ രാഷ്ട്രീയാവശ്യം പരിഗണിച്ച് നിലപാടെടുക്കാൻ ഇടതുപക്ഷം മാത്രമാണ് തയ്യാറാവുക. 2004 ലെ തെരഞ്ഞെടുപ്പ് വേളയിൽ അത് നാം കണ്ടതാണ്.  കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോൺഗ്രസിനോട് ഏറ്റുമുട്ടിയാണ് 62 സീറ്റിൽ 57 സീറ്റും ഇടതുപക്ഷ കക്ഷികൾ നേടിയത്. കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചുവന്ന ഈ എംപിമാരാണ് ബിജെപിയെ അധികാരത്തിൽ പുറത്തുനിർത്തുന്നതിനായി ഒരു മടിയുമില്ലാതെ കോൺഗ്രസ് നേതൃത്വത്തിലുള്ള മതനിരപേക്ഷ സർക്കാരിനെ പിന്തുണച്ചത്.  ഇത്തരമൊരു രാഷ്ട്രീയനിലപാട് സ്വീകരിക്കാൻ രാജ്യത്തെ മറ്റൊരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല. സങ്കുചിതവും താൽക്കാലികനേട്ടം ആസ്പദമാക്കിയുമാണ് ഇടതുപക്ഷേതര (ബൂർഷ്വാ)രാഷ്ട്രീയ കക്ഷികൾ പലപ്പോഴും നിലപാട് സ്വീകരിക്കാറുള്ളത്.  അതിനാൽ, ഇടതുപക്ഷത്തിന്റെ കരുത്താർജിക്കലാണ് ഒരു മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റുന്നതിനുള്ള ഏറ്റവും വലിയ ഗ്യാരന്റി. 

ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ അത് മറ്റ് മതനിരപേക്ഷ സർക്കാരുകളുമായി എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

ജനാധിപത്യ അവകാശങ്ങൾ,  മതനിരപേക്ഷത, ജനപക്ഷ സാമ്പത്തിക നയങ്ങൾ എന്നീ കാര്യങ്ങളിലും ഉറച്ചതും വ്യക്തവുമായ നിലപാടുള്ളത് ഇടതുപക്ഷത്തിനു മാത്രമാണ്. ജനാധിപത്യ–-മതനിരപേക്ഷ–-ജനപക്ഷ സമീപനങ്ങൾ ഒരു മതനിരപേക്ഷ സർക്കാരിനെക്കൊണ്ട് എടുപ്പിക്കാൻ കരുത്താർജിച്ച ഇടതുപക്ഷത്തിന് മാത്രമേ സാധ്യമാകൂ. പ്രാദേശിക കക്ഷികൾ അധികാരത്തിൽ വന്നപ്പോഴെല്ലാം നവ ഉദാരവൽക്കരണ നയങ്ങളാണ‌് നടപ്പാക്കിയിട്ടുള്ളത്. ഇടതുപക്ഷം പിന്തുണ നൽകിയ വേളയിലാണ് യുപിഎ സർക്കാരിനെക്കൊണ്ട് തൊഴിലുറപ്പ് പദ്ധതിയും ആദിവാസികൾക്ക് വനഭൂമിയും മറ്റും നൽകാൻ കഴിഞ്ഞത് എന്ന് ഓർക്കുക. പുതുതായി രൂപം കൊള്ളുന്ന പ്രാദേശിക കക്ഷികളുടെ മേ‌ൽക്കൈയുള്ള സർക്കാരിനെക്കൊണ്ടും ജനപക്ഷനിലപാട് എടുപ്പിക്കുന്നതിനുള്ള ഗ്യാരന്റി ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സർക്കാരായിരിക്കണം അതെന്നതാണ്. 

കേരളത്തിലെ എൽഡിഎഫിന്റെ വിജയം ദേശീയരാഷ്ട്രീയത്തെ എങ്ങനെയാണ് സ്വാധീനിക്കുക?


ദേശീയ നിലവാരത്തിൽ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് കരുത്തുപകരുന്നതിന് ഏറ്റവും വലിയ സംഭാവന നൽകാൻ കഴിയുന്ന സംസ്ഥാനം കേരളം തന്നെയാണ്.  2004 ൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് വൻവിജയം നൽകിയതുകൊണ്ടാണ് ബിജെപിയെ ഒഴിവാക്കി ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ എത്തിക്കാനായത്.  ഇന്നത്തെ സങ്കീർണമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തിന് കൂടുതൽ മികച്ച വിജയം കേരളം നൽകിയാൽ മാത്രമേ കേന്ദ്രത്തിൽ ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ കഴിയൂ.


പ്രധാന വാർത്തകൾ
 Top