08 August Saturday

കായികക്ഷമത പ്രസക്തമാകുന്ന കാലം - ഡോ. അജീഷ്‌ പി ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 12, 2020

ആധുനികലോകം നാനാതരത്തിലുള്ള പകർച്ചവ്യാധികളെ അഭിമുഖീകരിക്കുകയാണ്. വൈദ്യശാസ്ത്രരംഗത്തെ വളർച്ചയിലൂടെ പലതിനെയും ഭൂമുഖത്തുനിന്നും തുടച്ചു നീക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് വളരെയധികം ഭീതിജനകമായ വ്യാപനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.  പ്രതിരോധശേഷിയും കായികക്ഷമതയും ഉള്ളവർക്ക് ഫലപ്രദമായ ചികിത്സ നൽകുന്നതിലൂടെ സുഖം പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്നാൽ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ വിവിധരോഗങ്ങൾ, ശ്വാസകോശസംബന്ധരോഗങ്ങൾ, ക്യാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നമുള്ളവരെ വളരെ ഗുരുതരമായി ബാധിക്കുവാനുള്ള സാധ്യത കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകം വികസിക്കുന്തോറും മനുഷ്യന്റെ  ക്രമരഹിതമായ ജീവിതചര്യക്കും  സാഹചര്യമൊരുങ്ങുന്നു. ഇതിലൂടെ ശരീരത്തിന്റെ സന്തുലനാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുകയും ജീവിതചര്യാരോഗങ്ങൾ ബാധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. തന്മൂലം ക്രമാതീതമായ മരണനിരക്കും ഉണ്ടാകുന്നു. ഇന്ത്യയിൽ ഇത്തരം രോഗികളുടെ എണ്ണം ലോക ശരാശരിയേക്കാൾ വളരെ കൂടുതലാണ്. വികസിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്തും സ്ഥിതി ഗൗരവമേറിയതാണ്. ആരോഗ്യരംഗത്തെ പുരോഗതിയിലൂടെ ജനങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിച്ചുവെങ്കിലും ജീവിതശൈലീരോഗബാധിതമായ സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത് നിദാനമായി. ഇത് മനുഷ്യാധ്വാനത്തിന്റെ കാര്യശേഷിക്കുറവിനും ഉൽപ്പാദനക്ഷമത കുറയ്ക്കുന്നതിനും വഴിയൊരുക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആരോഗ്യപരിപാലനത്തിനും പശ്ചാത്തല സൗകര്യവികസനത്തിനുമായി ബഡ്ജറ്റുകളിൽ അനുവദിക്കുന്ന തുക ഓരോ വർഷവും ഭീമമായി വർധിപ്പിക്കുന്നത് ജീവിതശൈലീ രോഗനിർണയത്തിന്റെ ദൗർബല്യത്തിന് തെളിവാകുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക വിനിയോഗത്തിൽ ചെറിയൊരു ഭാഗം ജനങ്ങളുടെ ആരോഗ്യ കായികക്ഷമത വർധിപ്പിക്കുവാൻ ഉതകുന്ന അടിസ്ഥാന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയല്ലേ യഥാർഥത്തിൽ വേണ്ടത്.


 

ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന കുട്ടി ഒരു അധ്യയനവർഷത്തെ അടിസ്ഥാന ഗണിതപഠനത്തിലൂടെ ഒന്നു മുതൽ 20 വരെ എണ്ണാനും എഴുതാനും പഠിക്കുന്നു. കൂടാതെ സംഖ്യകൾ കൂട്ടാനും കുറയ്ക്കാനുമുള്ള അടിസ്ഥാന നൈപുണികളും ആർജിക്കുന്നു.  ശാസ്ത്ര, ഭാഷ, സാമൂഹ്യശാസ്ത്രവിഷയങ്ങളിലും ഓരോ കുട്ടിയും ഓരോ ഘട്ടത്തിലും ആർജിക്കേണ്ട ശേഷികളെയും കഴിവുകളെയും ചാക്രികമായ രീതിയിൽ നിശ്ചയിച്ചിട്ടുണ്ട്. അടിസ്ഥാന കായികവിദ്യാഭ്യാസത്തേയും കായികക്ഷമതയേയും ഓരോ പ്രായത്തിലുമുള്ള വ്യക്തികൾക്ക് ലഭ്യമാകേണ്ട ശേഷികളുടെ അടിസ്ഥാനത്തിൽ മുൻഗണന നൽകി ഉറപ്പിക്കേണ്ടതുണ്ട്. പ്രീപ്രൈമറി തലം മുതൽ ആരംഭിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇത് കുട്ടികളിൽ ഉണ്ടാക്കുകയും  ഈ ഗുണം നിലനിർത്തുവാനുമുള്ള താൽപ്പര്യവും മനോഭാവവും  ഉണ്ടാക്കി യെടുക്കുകയും വേണം. അടിസ്ഥാനശേഷികളായ നടത്തം, ഓട്ടം, ചാട്ടം, എറിയൽ, ക്യാച്ചിങ് തുടങ്ങി വിവിധ ശാരീരിക ഏകോപനശേഷികൾ ശാസ്ത്രീയതയോടെ ആർജിക്കുവാൻ കുട്ടിയെ പ്രാപ്തമാക്കണം. നിലവിലുള്ള ലോകസാഹചര്യ പശ്ചാത്തലത്തിലും ഇനിയും വരാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്ന പകർച്ചവ്യാധി ദുരന്തങ്ങളേയും പ്രതിരോധിക്കുവാൻ ഓരോ മനുഷ്യനും കായികക്ഷമത എന്ന ശേഷി വർധിപ്പിച്ചേ മതിയാകൂ. അതിനായി കായിക സാക്ഷരത മാർഗങ്ങളും രീതികളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കണം. കായികക്ഷമത ആർജിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് ജീവിതശൈലീ രോഗങ്ങളേയും പകർച്ചവ്യാധികളേയും പ്രതിരോധിക്കാനാകും. ഓരോ വ്യക്തിയും വിദ്യാഭ്യാസത്തിലൂടെ ആർജിച്ച എല്ലാവിധ നെപുണികളും പ്രായോഗിക ജീവിതത്തിൽ പ്രയോജനപ്പെടുത്തുവാനായിരിക്കും ആദ്യം ശ്രമിക്കുക.

അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം കാർഷികവൃത്തി ഉപജീവനമാർഗമായി സ്വീകരിക്കുന്ന ആളുകൾ കേരളത്തിൽ നാമമാത്രമാണ്. ഇതിന്റെയൊക്കെ ഫലമായി ഓരോ മലയാളിയും പാരമ്പര്യമായി ആർജിച്ചു വന്നിരുന്ന കായികശേഷി നിലനിർത്തുവാൻ കഴിയാതെപോയി. തൽഫലമായി
ശൈശവകാലം മുതൽ വിവിധ രൂപങ്ങളിലും പേരുകളിലുമറിയപ്പെടുന്ന രോഗങ്ങളുടെ വക്താക്കളാവുകയും ചെയ്തു. കായികാധ്വാനം കുറഞ്ഞ ജോലികൾ മാത്രം ഇഷ്ടപ്പെട്ടിരുന്ന മലയാളി ലോക്ഡൗൺ നാളുകളിൽ തൂമ്പയുമായി കൃഷിപ്പണിക്കിറങ്ങുന്നതിന് കാലം സാക്ഷിയായി. മണ്ണിലേക്കിറങ്ങി അധ്വാനിച്ചാൽ സമൂഹത്തിന്റെ മുന്നിൽ ചെറുതായിപ്പോകും എന്ന ദുരഭിമാനം എന്നോ മലയാളിയുടെ മനസ്സിൽ തറച്ചു കയറിയിട്ടുണ്ട്. എന്നാൽ മറുനാടൻ കർഷകർ ഭക്ഷ്യവിഭവങ്ങൾ കേരളത്തിലേക്ക് കയറ്റി അയക്കേണ്ട എന്ന തീരുമാനമെടുത്താൽ അവസാനിക്കും മലയാളിയുടെ അഹന്ത.

‘കഞ്ഞികുടി മുട്ടിപ്പോകും' എന്ന് തന്നെ പറയേണ്ടി വരും. അധ്വാനിക്കുന്ന ശീലം മുഴുവൻ ജനങ്ങളും പിന്തുടർന്നാൽ കാർഷിക സ്വയംപര്യാപ്തത നേടുവാൻ സംസ്ഥാനത്തിന് അനായാസം സാധിക്കും. കായികശേഷിയും കായികക്ഷമതയും വർധിപ്പിക്കുവാൻ സഹായകമായ പ്രവർത്തനങ്ങൾ ജനങ്ങൾ സ്വയം ഏറ്റെടുത്ത് മുന്നോട്ട് പോകണം. കായികപ്രവർത്തനങ്ങളോ ഗാർഹിക ജോലികളോ കാർഷികവൃത്തികളോ ഇവയുടെ ഗണത്തിൽ ഉൾപ്പെടുത്താം. ദിവസവും കുറച്ചുനേരം കായികാധ്വാനം ചെയ്ത് വിയർക്കുന്നവർക്ക് ആരോഗ്യ പൂർണമായ ജീവിതം നയിക്കുവാൻ സാധിക്കും. തന്റെ ആരോഗ്യം സംരക്ഷിക്കേണ്ട കടമ തന്നിൽ മാത്രം നിക്ഷിപ്തമാണ് എന്ന ചിന്ത ഓരോരുത്തരിലും ജനിക്കുമ്പോൾ പൊതുകാഴ്ചപ്പാട് തന്നെ മാറും. നാം ഇന്ന് ചെയ്തു വരുന്ന തൊഴിൽ സംസ്കാരത്തിന്റെ ഘടനയെത്തന്നെ പൊളിച്ചെഴുതി കായികമായി അധ്വാനിക്കുവാനുള്ള ഇടംകൂടി തൊഴിലിടങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ട്. ജീവിതത്തിൽ പിന്തുടർന്നുവന്ന അലസമായ പ്രവണതകൾ ശീലിക്കുന്ന മനുഷ്യൻ ശരീരോർജത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളിൽനിന്നും സ്വയം പിന്തിരിയുവാൻ ആധുനികതയുടെ അതിപ്രസരം കാരണമായി. പ്രവൃത്തിദിനങ്ങളിലെ ജോലിസമയങ്ങളിൽ കൂടുതൽ നേരവും ഇരിക്കുന്ന പ്രകൃതക്കാരാണ് സർക്കാർ ജീവനക്കാരും അധ്യാപകരും. ഇത്തരക്കാരിൽ ജീവിതശൈലീ രോഗങ്ങളുടെ കടന്നുകയറ്റം വ്യാപകമാവുകയാണ്. കായികാരോഗ്യസൗഹൃദമായ തൊഴിലിടമായി എല്ലാ സ്ഥാപനങ്ങളുടെയും ഘടന മാറിയാൽ ശാരീരിക, മാനസിക സമ്മർദങ്ങൾ ഒഴിവാക്കി കാര്യക്ഷമതയോടെ പ്രവർത്തിക്കുവാൻ ഓരോ ജീവനക്കാരനുമാകും. സ്വകാര്യ ആശുപത്രികളാകട്ടെ, അവർക്ക് തോന്നുന്ന രീതിയിലുള്ള ചികിത്സാചെലവുകളും രീതികളുമാണ് പിന്തുടരുന്നത്.

ജീവനക്കാരിൽ തെറ്റായ ജീവിതശൈലി പിന്തുടരുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ, പ്രത്യേകിച്ച് ഹൃദയ സംബന്ധമായ രോഗങ്ങൾ വ്യാപകമാകുന്നതിനാൽ സർക്കാർ ഇത്തരം രോഗചികിത്സയ്‌ക്കുവേണ്ടി പ്രത്യേക ലീവ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ സർജറിക്ക് 45 ദിവസവും ആൻജിയോപ്ലാസ്റ്റിക്ക് 30 ദിവസവും സ്പെഷ്യൽ കാഷ്വൽ ലീവാണ് അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ഇനത്തിലും ലീവ് നാളുകളിൽ നൽകേണ്ട ശമ്പളവുമുൾപ്പെടെ ഖജനാവിൽനിന്നും നല്ലൊരു പങ്ക് ഈയിനത്തിൽ ചെലവാകുന്നുണ്ട്. ഇത്തരം കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയുമാണ്. കൂടാതെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളെല്ലാം ദ്രുതഗതിയിലാണ് നമ്മുടെ നാട്ടിൽ വളരുന്നത്. ഈ പ്രവണതയ്ക്ക് ശക്തമായ കടിഞ്ഞാൺ ഇടുവാൻ ജനങ്ങൾ ഒന്നിക്കണം. കേരളത്തിലെ മുഴുവൻ ജനങ്ങളുടെ ഇടയിലും ശക്തമായ ക്യാമ്പയിൻ ഈ വിഷയത്തിൽ നടത്തേണ്ടത് അനിവാര്യമാണ്. ഓരോരുത്തരും സ്വയം വരുത്തിവയ്ക്കുന്ന രോഗബാധകാരണം ശരീരാവയവങ്ങളെ കീറിമുറിച്ച് ശസ്ത്രക്രിയയിലേക്ക് നയിക്കുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കണം. ഇത്തരം രോഗങ്ങൾ വരാതിരിക്കുവാനുള്ള മുൻകരുതലുകളല്ലേ യഥാർഥത്തിൽ നാം സ്വീകരിക്കേണ്ടത്.

ഓരോ വ്യക്തിയുടേയും കായികശേഷി വർധിപ്പിക്കുന്നതിനും കായികക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ കായികക്ഷമതാ മിഷൻ ആരംഭിക്കുവാൻ തീരുമാനിച്ചതാണ്. പ്രീ-പ്രൈമറിതലം മുതൽ കോളേജ് തലം വരെയുള്ള വിദ്യാർഥികളിലും യുവജനങ്ങൾ മുതൽ മുതിർന്ന പൗരന്മാർവരെയുമുള്ള ജനങ്ങളുടെയും ആരോഗ്യവും കായികക്ഷമതയും കൈവരിക്കുന്നതിനുവേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്.
രാജ്യത്തെ ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനം, പറുദീസ എന്നീ വിശേഷണങ്ങൾ  കേരളത്തിൽനിന്നും തുടച്ചുമാറ്റണം. നിരവധി മഹാമാരികളെ അതിജീവിച്ച മലയാളിക്ക് ഇതും ജയിക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല. സർക്കാർ ഇടപെടൽ ശക്തമാക്കി സമഗ്രമായ കായികക്ഷമതാ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കണം. അതിലൂടെ "പൊതുജന കായികക്ഷമത' എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുവാൻ കൂട്ടായി പരിശ്രമിക്കാം.

(എസ് സി ഇ ആർ ടിയിൽ  റിസർച്ച് ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top