30 May Saturday

എൽഐസിയെ സംരക്ഷിക്കണം പൊതുജനങ്ങൾക്കായി

ഡോ. പി ജി ദിലീപ്‌Updated: Tuesday Feb 4, 2020

എൽഐസിയുടെ ഓഹരി വിൽക്കുന്നത്‌ സാധാരണ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുന്നതുപോലെയല്ല. കാരണം, ഈ വിൽപ്പനയിലൂടെ ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരെ ഗവൺമെന്റ് വഞ്ചിക്കുകയാണ് ചെയ്യുന്നത്. എൽഐസിയുടെ പരിരക്ഷ ഇന്ത്യയിൽ 40 കോടി ജനങ്ങൾക്ക് കിട്ടുന്നുണ്ട്. ഇൻഷുറൻസ് വ്യവസായത്തിനുതന്നെ മാതൃകയായ, 64 വർഷമായി ലോകജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ അക്ഷയഖനിയുടെ ഓഹരിവിൽപ്പനയിലൂടെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇളകുമെന്നതിൽ സംശയമില്ല. ഈ പൊൻമുട്ട ഇടുന്ന താറാവിനെ വിൽക്കുന്നത് ആരുടെ സ്വാർഥതാൽപര്യത്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ഇതുകൊണ്ട് സർക്കാരിന് എന്ത് പ്രയോജനമെന്നും മനസ്സിലാകുന്നില്ല.

സർക്കാരിന്റെ മുതൽമുടക്ക് വെറും അഞ്ചുകോടി രൂപമാത്രമാണ്. -ഇതിൽ ഏറ്റവും രസകരമായ വസ്തുത ഓഹരി വിൽക്കാൻ തീരുമാനമെടുക്കുന്നതിന്റെ തലേദിവസത്തെ എൽഐസിയുടെ വരുമാനം 1228 കോടി രൂപയാണ്. ഇത് സർവകാല റെക്കോഡാണ്. ഈ മേഖലയിൽ 23 സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികൾ പ്രവർത്തിച്ചിട്ടുപോലും കഴിഞ്ഞ മാസം എൽഐസിയുടെ മാർക്കറ്റ് ഷെയർ പ്രിമിയം വരുമാനത്തിൽ 76 ശതമാനവും പോളിസി എണ്ണങ്ങളുടെ - കാര്യത്തിൽ 72 ശതമാനവും ആണ്.

40 കോടി ജനങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതോടൊപ്പം രാജ്യത്തിന്റെ പശ്ചാത്തലവികസനത്തിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതും എൽഐസിയാണ്. പീപ്പിൾസ്‌ മണി ഫോർ പീപ്പിൾസ്‌ വെൽഫെയർ എന്നതാണ് എൽഐസിയുടെ അടിസ്ഥാന മുദ്രാവാക്യംതന്നെ. ജനങ്ങളുടെ പണം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഇതിന്റെ ഭാഗമായി സെൻട്രൽ ഗവൺമെന്റ് സെക്യൂരിറ്റികൾക്ക് എൽഐസി നൽകിയത് 10,34,828 കോടി രൂപയാണ്. സ്റ്റേറ്റ് ഗവൺമെന്റ് സെക്യൂരിറ്റികളിലും മറ്റുമായി 8,44,251 കോടി രൂപയും സോഷ്യൽ സെക്യൂരിറ്റി സെക്ടറിൽ 2,61,027 കോടിയും ഹൗസിങ്‌ മേഖലയിൽ 54,285 കോടിയും - റോഡ്, തുറമുഖം, പാലം, റെയിൽവേ വികസനം എന്നിവയ്ക്കായി 65,620 കോടിയും വൈദ്യുതി ആവശ്യത്തിനായി 1,08,154 കോടിയും ജലസേചനം, സ്വീവറേജിനുമായി 1500 കോടി രൂപയും നല്കിയിട്ടുണ്ട്. പുതുതായി റെയിൽവേ വികസനത്തിന് വെറും 7.1 ശതമാനം പലിശനിരക്കിൽ 20 വർഷ കാലാവധിയോടെ ദീർഘകാലാടിസ്ഥാനത്തിൽ 70,000 കോടി രൂപയാണ് നൽകാൻ ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ധനസ്ഥാപനമായ എൽഐസി 29,84,331 കോടി രൂപ സർക്കാരിന് നൽകിയിട്ടുണ്ട്.ഇതുകൂടാതെ 12–--ാം പഞ്ചവത്സരപദ്ധതികൾക്ക് 14,23,055 കോടിയാണ് -നല്കിയത്. 13–--ാം പഞ്ചവത്സരപദ്ധതികൾക്ക്  7,01,483 കോടി നല്കിയിട്ടുണ്ട്. ഇതെല്ലാംതന്നെ ജനങ്ങളുടെ പൈസ എങ്ങനെ രാജ്യവികസനത്തിന് ഉപയോഗിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. പകരംവയ്ക്കാൻ ഇന്ന് ഇന്ത്യയിൽ മറ്റൊരു ധനസ്ഥാപനവും ഇല്ലെന്നിരിക്കെ ഇതിന്റെ ഓഹരി വിൽക്കുന്നത് രാജ്യത്തെ വിൽക്കുന്നതിന് തുല്യമല്ലേ. 40 കോടി ജനങ്ങളെ വഞ്ചിക്കുകയല്ലേ.
അഞ്ചുകോടി മുതൽമുടക്കി ഇന്ന് 100 കോടി ആസ്തി കാണിക്കുന്ന എൽഐസിയുടെ യഥാർഥ ആസ്തി 31.5 ലക്ഷം കോടിയും ലൈഫ് ഫണ്ട് 28.5 ലക്ഷം കോടി രൂപയുമാണ്. കേന്ദ്ര സർക്കാരിന് ലാഭവിഹിതമായി നൽകിയത് കഴിഞ്ഞ വർഷംമാത്രം 2418.94 കോടിയാണ്.  ഒമ്പതു വർഷത്തിനിടയിൽ 10,000 കോടിയിൽ അധികം ഡിവിഡന്റായി കേന്ദ്ര സർക്കാരിന് നൽകിയിട്ടുമുണ്ട്. ലാഭവിഹിതത്തിന്റെ 95 ശതമാനം പോളിസി എടുത്തവർക്ക് ബോണസായി നല്കുന്നു. അഞ്ചുശതമാനം കേന്ദ്ര സർക്കാരിന് ഡിവിഡന്റായി നല്കുന്നു. ഇങ്ങനെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും രാഷ്ട്ര പുനർനിർമാണത്തിനും എൽഐസി വഹിച്ച പങ്ക് ആർക്കും നിഷേധിക്കാൻ കഴിയില്ല.

ഇത് രാജ്യതാൽപ്പര്യത്തിന് എതിരാണ്. അതുകൊണ്ടുതന്നെ  ജീവനക്കാരുടെയോ ഏജന്റുമാരുടെയോ പ്രശ്നമല്ല. മറിച്ച് പോളിസി ഉപയോക്താക്കളായ 40 കോടി ജനങ്ങളുടെയും ഇനി ഉപയോക്താക്കളാകാനുള്ള നിരവധി യുവജനങ്ങളുടെയും പ്രശ്നമാണ്. എൽഐസിയുടെ ഓഹരി വിറ്റാൽ സർക്കാരിന് ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നിലയ്ക്കുന്നതോടൊപ്പം പോളിസി ഉപയോക്താക്കൾക്ക് സർക്കാരിൽനിന്ന്‌ കിട്ടിക്കൊണ്ടിരിക്കുന്ന സോവറിൻ ഗ്യാരന്റിയും നഷ്ടമാകും. അതുകൊണ്ടാണ് ഇന്ത്യയുടെ ജനങ്ങളുടെ പ്രശ്നമാണെന്ന് പറഞ്ഞത്. ലോകത്തുതന്നെ കഴിഞ്ഞ 15 വർഷമായി ക്ലെയിം സെറ്റിൽമെന്റിൽ - എൽഐസി ഒന്നാം സ്ഥാനത്താണ്. 99.35 മുതൽ 99.99 വരെയാണ് ക്ലെയിം - സെറ്റിൽമെന്റിന്റെ അനുപാതം. എൽഐസിയുടെ ഓഹരി വിറ്റാൽ ഈ അനുപാതം വർധിക്കും. വ്യക്തമായി പറഞ്ഞാൽ പോളിസി എടുത്ത പലർക്കും ക്ലെയിം യഥാസമയം കിട്ടാത്ത അവസ്ഥയാകും. ഇത് സാമ്പത്തികരംഗം താറുമാറാക്കും.

ഏതൊരു രാജ്യത്തെയും തകർക്കണമെങ്കിൽ  യുദ്ധമൊന്നും ആവശ്യമില്ല. ഈ പുതിയ കാലത്ത് ആ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സ്‌ തകർത്താൽ രാജ്യം താനെ തകർന്നോളും. ഇന്ത്യൻ സാമ്പത്തികരംഗത്ത് ഇത്രയധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നതും തുടർന്നും പ്രതീക്ഷിക്കുന്നതും ഇന്ത്യൻ ജനതയുടെ പൊതുസമ്പത്തായ എൽഐസിയെ സംരക്ഷിക്കേണ്ടതും അതിലൂടെ ഇന്ത്യൻ സാമ്പത്തികരംഗം തകരാതെ സൂക്ഷിക്കേണ്ടതും രാജ്യസ്നേഹികളായ എല്ലാവരുടെയും കടമയാണ്.

(എൽഐസിഎഒ ജനറൽ
സെക്രട്ടറിയാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top