25 July Sunday

എന്തുകൊണ്ട്‌ വീണ്ടും ഇടതുപക്ഷം - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Thursday May 20, 2021

കേരളചരിത്രത്തിൽ സുപ്രധാന ദിവസമാണിന്ന്‌. സംസ്ഥാനത്ത്‌ ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‌ രണ്ടാംമൂഴം യാഥാർഥ്യമാകുന്ന ദിനം. പിണറായി വിജയൻ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുമ്പോൾ പതിറ്റാണ്ടുകൾ നീണ്ട, മാറിമാറി ഭരണമെന്ന കീഴ്‌വഴക്കത്തോടാണ്‌ കേരളം വിടപറയുന്നത്‌. 1957 ഏപ്രിൽ അഞ്ചിന്‌ ബാലറ്റ്‌ പേപ്പറിലൂടെ രാജ്യത്ത്‌ ആദ്യമായി അധികാരമേറിയ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയിൽനിന്ന്‌ മറ്റൊരു ചരിത്രത്തിലേക്കാണ്‌ കേരളം നടന്നടുക്കുന്നത്‌. 1957ലെ ഇ എം എസ്‌ സർക്കാരിന്‌ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വിമോചനസമരത്തിൽ തട്ടി സർക്കാർ പിരിച്ചുവിടപ്പെട്ടു. അതേ ജാതിമത വർഗീയ ശക്തികൾ പിണറായി സർക്കാരിന്റെ രണ്ടാമൂഴം തടയാൻ ശ്രമിച്ചെങ്കിലും അതിദയനീയമായി പരാജയപ്പെട്ടു. ജനങ്ങൾ എൽഡിഎഫിൽ വിശ്വാസം അർപ്പിച്ചു.
തുടർഭരണത്തിലൂടെ പിണറായി വിജയൻ സർക്കാർ ചരിത്രം സൃഷ്ടിച്ചതിനു പിന്നിൽ പല കാരണങ്ങളും കണ്ടെത്താം.

പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ഫലപ്രദമായി കൈകാര്യം ചെയ്‌തുവെന്നതാണ്‌ അതിൽ പ്രധാനം. 2017ലെ ഓഖി ചുഴലിക്കാറ്റ്‌, 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കം, 2018ലെ നിപാ വൈറസ്‌, 2020–-21 ലെ കോവിഡ്‌ എന്നിവയാണ്‌ ജനജീവിതത്തെ താളംതെറ്റിച്ചത്‌. എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിൽ അവരെ ചേർത്തുപിടിച്ച്‌ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിൽ സർക്കാർ കാട്ടിയ മികവിനുള്ള അംഗീകാരമാണ്‌ രണ്ടാംമൂഴം. സിഎസ്‌ഡിഎസ്‌–-ലോകനീതി സർവേയിൽ ഒരു വർഷത്തിനിടയിൽ കോവിഡിനെ നേരിടുന്നതിൽ സർക്കാർ വിജയിച്ചുവെന്നാണ്‌ 72 ശതമാനം പേരും രേഖപ്പെടുത്തിയത്‌. മൊത്തം സർക്കാരിന്റെ പ്രവർത്തനത്തിൽ 73 ശതമാനം പേരും സംതൃപ്‌തി രേഖപ്പെടുത്തുകയുണ്ടായി.

കേന്ദ്രസർക്കാരിന്റെ ഒഴിഞ്ഞുമാറൽ നയത്തിൽനിന്ന്‌ വ്യത്യസ്‌തമായി ആശുപത്രി സൗകര്യങ്ങൾ വർധിപ്പിച്ചും സിഎഫ്‌എൽടിസികളും മറ്റും വർധിപ്പിച്ചും ആംബുലൻസ്‌ ഉൾപ്പെടെയുള്ള സർവീസുകൾ ശക്തമാക്കിയും സർക്കാർ ജനങ്ങൾക്കൊപ്പംതന്നെ നിന്നു. സൗജന്യവാക്‌സിൻ നൽകുന്നതിൽനിന്ന്‌ കേന്ദ്രം പിന്മാറിയപ്പോൾ സ്വകാര്യവാക്‌സിൻ നിർമാതാക്കളിൽനിന്ന്‌ അത്‌ വിലകൊടുത്തു വാങ്ങാനും രണ്ടാം രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട്‌ ആഗോളടെൻഡറിനും സർക്കാർ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഒപ്പം ഓക്‌സിജൻ ക്ഷാമം ഇല്ലാതിരിക്കാനും സർക്കാർ ഉണർന്ന്‌ പ്രവർത്തിച്ചു. അതോടൊപ്പം ക്ഷേമ പെൻഷൻ ഉറപ്പുവരുത്തുകയും ചെയ്‌തു.


 

പ്രകൃതിക്ഷോഭങ്ങൾ, മഹാമാരി എന്നിവയ്‌ക്കിടയിലും ജീവൽപ്രശ്‌നങ്ങളിൽനിന്ന്‌ ഒളിച്ചോടാൻ സർക്കാർ തയ്യാറായില്ലെന്നതാണ്‌ തുടർഭരണം നൽകാൻ ജനങ്ങളെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. പശ്‌ചാത്തല വികസനസൗകര്യങ്ങൾ അത്‌ റോഡായാലും പാലമായാലും വാതകപൈപ്പ്‌ലൈൻ പദ്ധതിയായാലും ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതായാലും ആധുനിക ഇന്റർനെറ്റ്‌ സംവിധാനം ഒരുക്കുന്ന കാര്യമായാലും അതിവേഗം മുന്നോട്ടുനീങ്ങി. സമീപകാല ചരിത്രത്തിലൊന്നും സമാനതകളില്ലാത്ത വികസനമാണ്‌ കേരളം കണ്ടത്‌. ഈ സർക്കാർ തുടർന്നാൽ അന്താരാഷ്ട്രനിലവാരമുള്ള സൗകര്യങ്ങൾ യാഥാർഥ്യമാകുമെന്ന്‌ ജനങ്ങൾ വിശ്വസിക്കുന്നു. അതിനായി അവർ എൽഡിഎഫിന്‌ വോട്ട്‌ ചെയ്‌തു. ജനങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുമെന്ന്‌ എൽഡിഎഫിന്റെ 900 വാഗ്‌ദാനം ഉറപ്പുനൽകുന്നു.

രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കുന്നതിൽ സിപിഐ എമ്മും ഇടതുപക്ഷവും കൈക്കൊണ്ട ധീരമായ നിലപാടുകളാണ്‌ തുടർഭരണത്തിന്‌ അടിത്തറയിട്ട മറ്റൊരു ഘടകം. ഭാരതീയ ജനതാപാർടി മുന്നോട്ടുവയ്‌ക്കുന്ന നിയോ ഫാസിസ്‌റ്റ്‌ രീതികളും അപകടകരമായ വായാടിത്തവും കേരളത്തിലെ ജനതയെ വീർപ്പുമുട്ടിക്കുകയായിരുന്നു. ശാസ്‌ത്രത്തെ തള്ളിപ്പറഞ്ഞ്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച ബിജെപിയെ ജനം ഇരുത്തേണ്ടിടത്ത്‌ ഇരുത്തി. വിശ്വാസം തെരഞ്ഞെടുപ്പിന്റെ മുഖ്യ അജൻഡയാക്കാൻ ബിജെപി വിയർത്ത്‌ ശ്രമിച്ചു. ശബരിമല വിഷയവും ഉയർത്തി. എന്നാൽ, ശബരിമല നിർണായകവിഷയമായി കരുതിയത്‌ ഒരു ശതമാനം വോട്ടർമാർ മാത്രമാണെന്നാണ്‌ സിഎസ്‌ഡിഎസ്‌–-ലോകനീതി സർവേ കണ്ടെത്തിയത്‌.

കേരളത്തിലെ ഒരു പ്രമുഖ ചാനൽ ‘ഗ്രേറ്റ്‌ പൊളിറ്റിക്കൽ കിച്ചൺ’ എന്ന പരിപാടിയിൽ ഒരു വീട്ടമ്മ പറഞ്ഞത്‌ ‘ഭക്തി വേവിച്ച്‌ ഭക്ഷിച്ചാൽ വിശപ്പ്‌ മാറില്ലല്ലോ’ എന്നാണ്‌. വിശ്വാസം തെരഞ്ഞെടുപ്പ്‌ വിജയമാക്കാൻ ശ്രമിച്ച ബിജെപിക്കും കോൺഗ്രസിനും ലഭിച്ച മുഖമടച്ച മറുപടിയാണിത്‌. ദുരിതകാലത്തും ജനങ്ങളെ പട്ടിണിക്കിടാതെ സംരക്ഷിച്ചുവെന്നതു തന്നെയാണ്‌ തുടർഭരണത്തിന്‌ പ്രധാനകാരണവും. പാവങ്ങളും ദളിതരും വർധിച്ച തോതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ പിന്തുണയ്‌ക്കാനുള്ള (സിഎസ്‌ഡിഎസ്‌–-ലോകനീതി സർവേ) കാരണവും അടുക്കളയിലെ തീ അണയാതിരിക്കാൻ പിണറായി സർക്കാർ ജനങ്ങളെ സഹായിച്ചുവെന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top