04 April Saturday

കടയ്ക്കല്‍ കലാപചരിത്രം ചുവര്‍ചിത്രങ്ങളായി

സഫീര്‍ കടയ്ക്കല്‍Updated: Tuesday Jul 28, 2015

കടയ്ക്കല്‍ > കൊല്ലവര്‍ഷം 1114ലെ കടയ്ക്കല്‍ വിപ്ലവത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ പുനര്‍ജനിക്കുന്നു. കടയ്ക്കല്‍ പഞ്ചായത്ത് 65 ലക്ഷം ചെലവില്‍ നവീകരിച്ച കടയ്ക്കല്‍ വിപ്ലവ സ്മാരകമന്ദിരത്തിനുള്ളില്‍ ഫിഗറേറ്റീവ് റിലീഫായി മൂര്‍ത്ത ശൈലിയിലുള്ള ചുവര്‍ശില്‍പ്പങ്ങള്‍ ഒരുജനത നടത്തിയ അതിജീവന പോരാട്ടങ്ങളുടെ ചോരമണമുള്ള നാള്‍വഴികളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. 20 ലക്ഷത്തോളം ചെലവഴിച്ച് ഈ ചരിത്രമുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തിയത് കടയ്ക്കല്‍ സര്‍വീസ് സഹകരണബാങ്കാണ്. പണി പൂര്‍ത്തീകരിച്ച സ്മാരകമന്ദിരം ആഗസ്ത് ഒന്നിനു പകല്‍ മൂന്നിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നാടിനു സമര്‍പ്പിക്കും.

സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുള്ള കാലഘട്ടത്തില്‍ ആരുടെയും പ്രേരണയില്ലാതെ കടയ്ക്കലിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകര്‍ നയിച്ച കലാപവും ഒടുവില്‍ ദിവാന്‍ സര്‍ സിപിയുടെ ചോറ്റുപട്ടാളത്തെ തുരത്തിയശേഷം രൂപീകരിച്ച സമാന്തര ഭരണകൂടത്തിന്റെ എട്ടുദിവസം നീണ്ട ഭരണവുമൊക്കെ വിസ്മയം പകരും. തിരുവിതാംകൂറിലെ സ്പാനിഷ് ആഭ്യന്തരകാലപമെന്ന് വിശേഷിപ്പിക്കുന്ന കടയ്ക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ സര്‍ സി പിയുടെ ഭരണകൂടം രാജ്യദ്രോഹിയെന്നു മുദ്രകുത്തി തലയ്ക്ക് 1000 രൂപ വിലയിട്ട ഫാങ്കോ രാഘവന്‍പിള്ളയും കൂട്ടരും നാടിനെ നയിച്ചത് തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വല പോരാട്ടങ്ങളുടെ പന്ഥാവിലേക്കായിരുന്നു.

തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിച്ചു കിട്ടുന്നതിനായി നടന്ന എണ്ണമറ്റ പോരാട്ടങ്ങളില്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നതാണ് 1938ലെ കടയ്ക്കല്‍ കര്‍ഷക കലാപമെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കടയ്ക്കല്‍ ചന്തയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ എത്തുന്ന കര്‍ഷകരില്‍നിന്നു കരാറുകാരന്‍ ആറിരട്ടി കരം ഈടാക്കി. ഇതിനെതിരെ കര്‍ഷകര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് തീപാറുന്ന പ്രക്ഷോഭങ്ങളിലേക്ക് നയിച്ചത്. അന്യായ കരംപിരിവിനെ ചോദ്യംചെയ്തവരെയും കരം നല്‍കാന്‍ കൂട്ടാക്കാത്തവരെയും കരാറുകാരന്റെ ഗുണ്ടകള്‍ മര്‍ദിച്ചു. കരം നല്‍കാന്‍ വിസമ്മതിച്ചവരെ പൊലീസ് ദിവസങ്ങളോളം കെട്ടിയിട്ടു മര്‍ദിച്ചു. കടയ്ക്കലിനു സമീപത്തെ കല്ലറ, കിളിമാനൂര്‍ ചന്തകളിലും സമാനസ്ഥിതിയായിരുന്നു. കടയ്ക്കല്‍ ചന്തയില്‍ കര്‍ഷകര്‍ക്കുനേരെ നടന്ന കൊടിയ ആക്രമണങ്ങളിലും ചൂഷണത്തിലും പ്രതിഷേധിച്ച് ഒരുകൂട്ടം ചെറുപ്പക്കാര്‍ രംഗത്തെത്തി. അവര്‍ 1938 സെപ്തംബര്‍ 24നു കടയ്ക്കലില്‍ നികുതിനിഷേധ സമരത്തിനു തുടക്കംകുറിച്ചു. ചന്തയില്‍ ഉല്‍പ്പന്നങ്ങളുമായെത്തിയ കര്‍ഷകര്‍ നികുതികൊടുക്കാന്‍ തയ്യാറായില്ല. പ്രകോപിതരായ കരാറുകാരനും ഗുണ്ടകളും പൊലീസും ചേര്‍ന്ന് കര്‍ഷകരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തെയും തല്ലിച്ചതച്ചു. ആക്രമണം കടുത്തതോടെ ചെറുപ്പക്കാരും കര്‍ഷകരും സംഘടിതമായി പ്രത്യാക്രമണം നടത്തി. ഗ്രാമീണര്‍ നിലനില്‍പ്പിനു വേണ്ടി നടത്തിയ പ്രത്യാക്രമണത്തിനു മുന്നില്‍ പൊലീസിനും ഗുണ്ടകള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അവര്‍ തൊട്ടടുത്ത പൊലീസ്സ്റ്റേഷനില്‍ അഭയം തേടി. ബീഡി വേലു, കേശവന്‍ വൈദ്യന്‍, കലാനിധി കൃഷ്ണന്‍വൈദ്യന്‍, കുട്ടിവാസു, ചാങ്കുവിള ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ ചെറുപ്പക്കാര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകള്‍ അടപ്പിച്ചു.

സംഭവമറിഞ്ഞ് കൊട്ടാരക്കരയില്‍നിന്നു രണ്ട് എസ്ഐമാരും 16 പൊലീസുകാരും മജിസ്ട്രേട്ടും അടങ്ങുന്ന സംഘം കടയ്ക്കല്‍ ചന്തയിലെത്തി. പൊലീസുകാര്‍ ചന്തയിലുണ്ടായിരുന്നവരെ ഭീകരമായി മര്‍ദിച്ചു. ഇതേ സമയം ഫ്രാങ്കോ രാഘവന്‍പിള്ളയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം കര്‍ഷകരും നാട്ടുകാരും പങ്കെടുത്ത ജാഥ ചിതറയില്‍നിന്നു കടയ്ക്കലേക്ക് വരികയായിരുന്നു. പാങ്ങലുകാട് ഭാഗത്ത് പൊലീസ് ജാഥ തടഞ്ഞു. ജാഥ പിരിഞ്ഞുപോകണമെന്ന മജിസ്ട്രേട്ടിന്റെ ആവശ്യം ജനക്കൂട്ടം നിരാകരിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ജനം തിരിച്ചടിച്ചു. നിരവധി പൊലീസുകാര്‍ക്കും ജാഥാംഗങ്ങള്‍ക്കും പരിക്കേറ്റുു. പരാജിതരായ പൊലീസ് സംഘം മടങ്ങി. പൊലീസും ചട്ടമ്പിമാരും പിന്തിരിഞ്ഞ് ഓടിയതോടെ ആവേശത്തിലായ ജനക്കൂട്ടം പൊലീസ്സ്റ്റേഷന്‍ എറിഞ്ഞുതകര്‍ത്തു. ആശുപത്രി ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടപ്പിച്ചശേഷം സര്‍ സി പിയുടെ കിരാതവാഴ്ചയില്‍നിന്നു കടയ്ക്കല്‍ ഉള്‍പ്പെട്ട കുമ്മിള്‍ പകുതിയെ മോചിപ്പിച്ചതായും പ്രദേശം സ്വതന്ത്രരാജ്യമായെന്നും പ്രഖ്യാപിച്ചു. സമരനായകന്‍ ഫ്രാങ്കോ രാഘവന്‍പിള്ളയെ കടയ്ക്കല്‍ രാജാവായും കൂലിവേലക്കാരനായ ചന്തീരാന്‍ കാളിയമ്പിയെ മന്ത്രിയായും പ്രഖ്യാപിച്ചു.

രാജ്യം വീണ്ടെടുക്കാന്‍ പട്ടാളം എത്തുമെന്ന് ഉറപ്പുണ്ടായിരുന്ന ജനം കടയ്ക്കലിലേക്കുള്ള യാത്രാമാര്‍ഗങ്ങള്‍ അടച്ച് നാട്ടുവഴികളില്‍ കാവല്‍നിന്നു. രണ്ടായിരത്തോളം പേരെ ഉള്‍പ്പെടുത്തി പ്രതിരോധക്യാമ്പ് തുറന്നു. അഞ്ഞൂറോളം പേര്‍ക്ക് നാടന്‍തോക്കില്‍ പരിശീലനം നല്‍കി. പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഫ്രാങ്കോ രാഘവന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സമാന്തര ഭരണകൂടം ഏറ്റെടുത്തു. എന്നാല്‍ , ഒക്ടോബര്‍ അഞ്ചിന് കല്ലറവഴി പട്ടാളം കടയ്ക്കലില്‍ പ്രവേശിച്ചു. കടയ്ക്കലിലേക്കുള്ള എല്ലാ വഴികളും അടച്ച് പട്ടാളം സംഹാരതാണ്ഡവം തുടങ്ങി.

കടയ്ക്കലും പരിസരപ്രദേശങ്ങളും അക്ഷരാര്‍ഥത്തില്‍ പട്ടാളക്യാമ്പുകളായി. കൈയില്‍ കിട്ടിയവരെയൊക്കെ തല്ലിച്ചതച്ചു. ബീഡി വേലു, പറയാട്ട് വാസു, തോട്ടുംഭാഗം സദാനന്ദന്‍, ചന്തവിള ഗംഗാധരന്‍, പാങ്ങലുകാട് നാരായണന്‍ തുടങ്ങിയവര്‍ ലോക്കപ്പുമുറിയില്‍ രക്തസാക്ഷികളായി. ബീഡി വേലുവിന്റെ മൃതദേഹം പോലും ലഭിച്ചില്ല. ഒളിവില്‍ പോയ ചാങ്കുവിള ഉണ്ണി ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചുവന്നില്ല. ഫ്രാങ്കോ രാഘവന്‍പിള്ള അടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കാനും കോടതി ഉത്തരവിട്ടു. ഒളിവില്‍ പോയ ഫ്രാങ്കോയെ പിടികൂടാന്‍ പൊലീസും പട്ടാളവും ഗുണ്ടകളും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പിന്നീട് പിടിയിലായ ഫ്രാങ്കോയെ അഞ്ചുവര്‍ഷം തടവിലിട്ടു. ചന്തീരാന്‍ കാളിയമ്പിക്ക് ഒരിക്കല്‍ പൊലീസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു.

ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്ത ചോരമണമുള്ള കടയ്ക്കല്‍ കലാപം എന്തായിരുന്നുവെന്നും എന്തിനുവേണ്ടിയായിരുന്നുവെന്നും പുതിയ തലമുറയെയും ഓര്‍മപ്പെടുത്തിയാണ് കടയ്ക്കല്‍ വിപ്ലവസ്മാരകം നിലകൊള്ളുന്നത്. ഇ എം എസ് ഉദ്ഘാടനംചെയ്ത സ്മാരകം കടയ്ക്കല്‍ പഞ്ചായത്ത് 65 ലക്ഷം ചെലവിലാണ് നവീകരിച്ചത്. റഫറന്‍സ് ഗ്രന്ഥശാലയും വിശ്രമകേന്ദ്രവും സ്മാരകത്തിലുണ്ട്. സമരത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ചുമര്‍ശില്‍പ്പങ്ങളായി ലൈബ്രറിയുടെ ചുമരുകളില്‍ കാണാം. പശ്ചാത്തലത്തില്‍ വന്ദേമാതര ഗീതവും സമരത്തിന്റെ നാളുകളില്‍ കര്‍ഷകര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ചിട്ടപ്പെടുത്തിയ ഗാനവും കേള്‍ക്കാം.

ചുവര്‍ശില്‍പ്പങ്ങളൊരുക്കിയത് ഷാജി, പുഷ്പന്‍ എന്നിവരാണ്. മുദ്രാവാക്യങ്ങള്‍ ചിട്ടപ്പെടുത്തിയത് ബാബു സുരേന്ദ്രന്‍. ശബ്ദ-ദീപ വിന്യാസമൊരുക്കി ചുവര്‍ശില്‍പ്പങ്ങള്‍ക്ക് പൂര്‍ണത നല്‍കിയത് വി എസ് രവിശങ്കര്‍. ഇവര്‍ കടയ്ക്കല്‍ സ്വദേശികളാണ്.

പ്രധാന വാർത്തകൾ
 Top