19 January Wednesday

അവകാശ സമരങ്ങളുടെ കരുത്തായ എം കെ കൃഷ്ണന്‍

എം വി ഗോവിന്ദന്‍Updated: Thursday Nov 13, 2014

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സഖാവ് എം കെ കൃഷ്ണന്‍ അന്തരിച്ചിട്ട് നവംബര്‍ 14ന് 19 വര്‍ഷം തികയുന്നു. എറണാകുളം വൈപ്പിനില്‍ എടവനക്കാട്ട് ഒരു സാധാരണകുടുംബത്തില്‍ പിറന്ന എം കെ കൃഷ്ണന്‍ നന്നേ ചെറുപ്പംമുതല്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. തന്റെ ജന്മസ്ഥലത്തും പരിസരപ്രദേശങ്ങളിലും കര്‍ഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിതെറുപ്പുതൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരുടെ അവകാശസമരങ്ങളിലൂടെ സമരനേതാവായി മാറുകയുംചെയ്തു. എടവനക്കാട്ടെ കാര്‍ഷികമേഖലയില്‍ ഭൂവുടമകളുടെ കൂലിനിഷേധത്തിനെതിരായി നടന്ന ഉജ്വലസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എം കെയായിരുന്നു.

കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍, നാടിന്റെ പൊതുസ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ട് ലളിതമായി തൊഴിലാളികളുടെ ഭാഷയില്‍ വിശദീകരിച്ചുകൊടുക്കാനുള്ള എം കെയുടെ കഴിവ് ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്, എംഎല്‍എ, മന്ത്രി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എം കെ, എക്കാലവും പീഡിതര്‍ക്കും അശരണര്‍ക്കും അത്താണിയായി നിന്നു. അടിച്ചമര്‍ത്തപ്പെട്ട ദരിദ്രനാരായണന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍, അവരെ സംഘടിപ്പിക്കുകയും അവകാശബോധമുള്ളവരാക്കി മാറ്റുകയും ചെയ്യാന്‍ ജീവിതത്തിന്റെ നല്ലനാളുകള്‍ മുഴുവന്‍ നീക്കിവച്ച സമരനായകനായിരുന്നു എം കെ കൃഷ്ണന്‍.

1970ല്‍ പാലക്കാട്ട് ചേര്‍ന്ന കര്‍ഷകത്തൊഴിലാളി യൂണിയന്റെ ഒന്നാം സംസ്ഥാന സമ്മേളനം എം കെയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള കാലയളവ് ഒഴികെയുള്ള വര്‍ഷങ്ങളില്‍ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചു. പി കെ കുഞ്ഞച്ചന്റെ നിര്യാണത്തെതുടര്‍ന്ന് 1991ല്‍ ബിഹാറിലെ സമസ്തിപുരില്‍ ചേര്‍ന്ന രണ്ടാം ദേശീയ സമ്മേളനംമുതല്‍ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി എം കെ പ്രവര്‍ത്തിച്ചു. 1994 നവംബര്‍ 14ന് തൃശൂരില്‍ കര്‍ഷകസംഘം സംസ്ഥാന സമ്മേളനവേദിയില്‍ കര്‍ഷക- കര്‍ഷകത്തൊഴിലാളി ഐക്യത്തിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചു നില്‍ക്കെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.

1947ലാണ് എം കെ കൃഷ്ണന്‍ പാര്‍ടി മെമ്പറാകുന്നത്. 1953 മുതല്‍ 1962 വരെ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ല്‍ കുന്നത്തൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. '67ലെ ഇ എം എസ് സര്‍ക്കാരിലും 1980ല്‍ ഞാറയ്ക്കലില്‍നിന്ന് വിജയിച്ച് നായനാര്‍മന്ത്രിസഭയിലും മന്ത്രിയായി. സംഘടനാരംഗത്തെന്നപോലെ ഭരണരംഗത്തും കഴിവ് തെളിയിച്ച കരുത്തുറ്റ നേതാവാകാന്‍ സഖാവിന് സാധിച്ചു. നമ്മുടെ നാട്, പ്രതിസന്ധി ജടിലമായ വര്‍ത്തമാനത്തെ അഭിമുഖീകരിക്കുന്നവേളയിലാണ് ഇക്കുറി എം കെ ദിനം ആചരിക്കുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ സാധാരണക്കാരനുവേണ്ടി ഒന്നും ചെയ്യില്ലെന്ന് നാള്‍ക്കുനാള്‍ വെളിവായിക്കൊണ്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നവരായിരുന്നു ബിജെപിയും സഖ്യകക്ഷികളും. സ്വന്തം ശവക്കുഴിതോണ്ടുന്ന വിധത്തിലുള്ള ഭരണം കാഴ്ചവച്ചതിന്റെ ഭാഗമായി കോണ്‍ഗ്രസിന് പ്രതിപക്ഷമാകാനുള്ള യോഗ്യതപോലുമില്ലാതായി. കോണ്‍ഗ്രസ് ഭരണത്തിന്റെ തുടര്‍ച്ചയാണ് മോഡി കാഴ്ചവയ്ക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്ക് ഉപ്പും മുളകും ചേര്‍ത്ത് പുതിയ രൂപത്തില്‍ ജനങ്ങള്‍ക്കുമുമ്പില്‍ വിളമ്പുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതിനെ വിമര്‍ശിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ അതിനെതിരെ ചെറുവിരലനക്കിയില്ലെന്നു മാത്രമല്ല, യുപിഎയെ കടത്തിവെട്ടി, ഡീസല്‍വില നിയന്ത്രിക്കാനുള്ള അവകാശവും കുത്തകകള്‍ക്ക് വച്ചുനീട്ടി. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോള്‍ സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ സാധിക്കുന്നേയില്ല. കോര്‍പറേറ്റുകളെയും കുത്തകഭീമന്മാരെയും കൈവിട്ട് സഹായിക്കുന്ന സമീപനം തിരുത്താതെ വിലവര്‍ധനയ്ക്കെതിരായി ഒന്നും ചെയ്യാനാകില്ല എന്നതാണ് വസ്തുത.

റെയില്‍വേ ബജറ്റിനുമുമ്പുതന്നെ യാത്ര- ചരക്കു കൂലി വര്‍ധിപ്പിച്ചു. ടിക്കറ്റുനിരക്കില്‍ വലിയ വര്‍ധനയാണ് വരുത്തിയത്. എന്നാല്‍, റെയില്‍വേയിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുംതന്നെ മെച്ചപ്പെടുത്താന്‍ തയ്യാറായതുമില്ല. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ട്രെയിനുകളും പുതിയ പാത ഇരട്ടിപ്പിക്കലും കോച്ചുഫാക്ടറിയും ഒന്നും ഇപ്പോഴും ഇല്ല. കേന്ദ്രത്തില്‍ നരേന്ദ്രമോഡി കാഴ്ചവയ്ക്കുന്ന ജനദ്രോഹങ്ങളെ, കടത്തിവെട്ടുന്ന പ്രകടനമാണ് സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. ബജറ്റിലൂടെ 4,000 കോടിയുടെ നികുതി വര്‍ധന ഏര്‍പ്പെടുത്തിയ യുഡിഎഫ് ഭരണം ഇപ്പോള്‍ നിയമസഭയില്‍ ആലോചിക്കാന്‍പോലും തയ്യാറാകാതെ ഓര്‍ഡിനന്‍സുവഴി 3000 കോടിയുടെ അധികനികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. വെള്ളക്കരം 260 ശതമാനംവരെ വര്‍ധിപ്പിച്ചു. അതിനെതിരെ ഇടതുജനാധിപത്യപ്രസ്ഥാനങ്ങളുടെ വലിയ പ്രതിഷേധം ഉയര്‍ന്നുവരികയും വര്‍ധിപ്പിച്ച വെള്ളക്കരം കൊടുക്കുകയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ചെറിയ കുറവ് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഭൂനികുതിയും സേവനികുതിയും ആരോഗ്യപരിരക്ഷാരംഗത്തെ ഫീസുകളുംവരെ കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടാണ് അധികാരധൂര്‍ത്തും അഴിമതിയുംകൊണ്ട് കുളംതോണ്ടിയ ഖജനാവ് നിറയ്ക്കാന്‍ പരിശ്രമിക്കുന്നത്. അധികനികുതിയുടെ കൂടെ കോടാനുകോടികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കടമെടുക്കുന്നത്.

സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന മാവേലിസ്റ്റോറും സിവില്‍സപ്ലൈസും റേഷന്‍വിതരണവും തകരാറിലാക്കിയ, ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിതരണംചെയ്യാന്‍ കഴിയാത്ത യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര സോളാര്‍ അഴിമതിപോലുള്ള കാര്യങ്ങളാണ്. സര്‍ക്കാരിന്റെ ലക്ഷ്യം സമ്പൂര്‍ണ മദ്യനിരോധനമാണെന്നു പ്രഖ്യാപിച്ച്, ബാര്‍ ഉടമകളില്‍നിന്ന് കോടികള്‍ കോഴവാങ്ങിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും അഴിമതിയും കോഴയും കൊടികുത്തിവാഴുകയാണ്. ജനദ്രോഹനയങ്ങള്‍ക്കും കെടുകാര്യസ്ഥതയ്ക്കും മുഖ്യമന്ത്രിയടക്കം അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുകയും ചെയ്യുന്നതിനെതിരെ വലിയ ബഹുജനപ്രക്ഷോഭം ഉയര്‍ത്തുന്ന സിപിഐ എമ്മിനെ ഏതുവിധേനയും അപകീര്‍ത്തിപ്പെടുത്താനും തെരുവില്‍ നേരിടാനുമാണ് ശ്രമിക്കുന്നത്. സാധാരണക്കാരെ ബാധിക്കുന്ന പ്രത്യേകിച്ചും കര്‍ഷകത്തൊഴിലാളികളെ ബാധിക്കുന്ന അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ആഗസ്ത് 20 മുതല്‍ യൂണിയന്‍ ആരംഭിച്ച സെക്രട്ടറിയറ്റ്, കലക്ടറേറ്റുകള്‍ക്കു മുന്നിലെ അനിശ്ചിതകാല സമരം അതിന്റെ ബഹുജനപിന്തുണകൊണ്ടുതന്നെ സര്‍ക്കാരിന് ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കേണ്ടി വന്നു. ആ സമരത്തില്‍ ഒരു ലക്ഷത്തോളമാളുകളാണ് പങ്കാളിയായത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ വരുംനാളുകളില്‍ ഇതിലും ശക്തമായ പ്രക്ഷോഭങ്ങള്‍ കര്‍ഷകത്തൊഴിലാളി യൂണിയന് ഏറ്റെടുക്കേണ്ടതുണ്ട്. അതിന് സഖാവ് എം കെ കൃഷ്ണന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പ്രചോദനമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top