23 August Friday

യുഎപിഎ എന്ന ഭീകരനിയമം

നൈാന്‍ കോശിUpdated: Friday Sep 5, 2014

ഇന്ത്യയുടെ നിയമസംഹിതയില്‍ കരിനിയമങ്ങള്‍ പലതുണ്ട്; ജനാധിപത്യം സംരക്ഷിക്കാനെന്ന പേരില്‍ ജനാധിപത്യവിരുദ്ധമായ നിയമങ്ങള്‍. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനെന്ന് അവകാശപ്പെട്ട് രാജ്യത്തിലെ ഒരുവിഭാഗം ജനങ്ങളെ ശത്രുക്കളായി പരിഗണിക്കുന്നതാണ് ഈ നിയമങ്ങളുടെ പിന്നില്‍. അത്തരം ഒരു നിയമമാണ് "യുയാപാ'; യുഎപിഎ. ഇതിന് ഒരു ദീര്‍ഘകാല ചരിത്രമുണ്ട്. 1967 മുതല്‍. അന്ന് അതിനെപ്പറ്റിയുള്ള പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് നാഥ് പൈ എംപി പറഞ്ഞു: ""ഇന്ത്യയിലെ ജനങ്ങളില്‍ വിശ്വാസമില്ലാത്ത ഒരുകൂട്ടം ആളുകള്‍ ഉണ്ടാക്കുന്ന നിയമമാണിത്''. ആഭ്യന്തരമന്ത്രിയായിരുന്ന വൈ ബി ചവാനോട് അദ്ദേഹം ചോദിച്ചു: ""ഈ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യങ്ങളുടെയും അവകാശങ്ങളുടെയും അന്തിമ രക്ഷാകര്‍ത്താവ് പൊലീസിന്റെ ബാറ്റനാണോ?'' ജനങ്ങളിലുള്ള അവിശ്വാസം വര്‍ധിക്കുകയും പൊലീസ് ബാറ്റണിന്റെ അധികാരം വര്‍ധിക്കുകയുമാണ് 46 വര്‍ഷത്തെ ഈ നിയമത്തിന്റെ ചരിത്രം.

ഭീകരവാദത്തെ നേരിടേണ്ടത് ഒരു സര്‍ക്കാരിന്റെ കടമയാണ്. പക്ഷേ, പ്രതിഭീകരതയ്ക്കുണ്ടാക്കിയ നിയമങ്ങളെല്ലാം മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു; സാര്‍വദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഓരോ പുതിയ നിയമവും ഈ ലംഘനങ്ങളുടെ ആഴവും വ്യാപ്തിയും വര്‍ധിപ്പിച്ചു. ഭീകരതാവിരുദ്ധതയ്ക്ക് പ്രത്യേകമായി ഉണ്ടാക്കിയതായിരുന്നു "ടാഡാ' . ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനം ആരോപിച്ച് നൂറുകണക്കിനാളുകള്‍ വിചാരണകൂടാതെ ദീര്‍ഘകാലം തടങ്കലില്‍ അടയ്ക്കപ്പെട്ടു.

2001ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെതുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെ ഒട്ടനവധി രാജ്യങ്ങളില്‍ ദേശീയ സുരക്ഷയുടെ പേരില്‍ പ്രതിഭീകരതാനടപടികള്‍ക്കായി അതിനിശിതമായ നിയമങ്ങള്‍ കൊണ്ടുവന്നു. ഇതിന് മനുഷ്യാവകാശ സംരക്ഷണം മുഖ്യകര്‍ത്തവ്യമായുള്ള യുഎന്നിന്റെ ആശിര്‍വാദമുണ്ടായിരുന്നു എന്നത് വിരോധാഭാസം.

ഇന്ത്യന്‍ പാര്‍ലമെന്റിനെതിരെയുണ്ടായ ആക്രമണത്തെതുടര്‍ന്ന് "ടാഡാ'യ്ക്കുപകരം "പോട്ടാ'  ഉണ്ടാക്കി. ലോകവ്യാപകമായുണ്ടായിരുന്ന ഭീകരതാവിരുദ്ധ കാലാവസ്ഥയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ "പോട്ടാ' നിര്‍മിച്ചത്. ചില വിഭാഗങ്ങള്‍ക്കെതിരെ പൊലീസ് നടപടികള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ ഇതിനെ ഉപകരണമാക്കി. ഇത്രയധികം ദുരുപയോഗംചെയ്തിട്ടുള്ള ഒരു നിയമം ഇതിനുമുമ്പായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്തിനുശേഷമുണ്ടായ ഏറ്റവും വലിയ മനുഷ്യാകാശ ലംഘനങ്ങളാണ് "പോട്ടാ'യുടെ കാലത്തുണ്ടായത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പോട്ടാ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അധികാരത്തില്‍വന്ന യുപിഎ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയില്‍ "പോട്ടാ' പിന്‍വലിക്കുമെന്നും ഭീകരതയെ സംബന്ധിച്ച് പ്രത്യേക നിയമങ്ങളുണ്ടാക്കുകയില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പറഞ്ഞിരുന്നു.യുഎപിഎയ്ക്ക് ഇന്നുള്ള രൂപം മന്‍മോഹന്‍ സര്‍ക്കാരുകളുടെ ജനവഞ്ചനയുടെ ഫലമാണ്. മൂന്നു തവണ നിയമം ഭേദഗതിചെയ്തു. ഓരോ തവണയും ഭീകരപ്രവര്‍ത്തനങ്ങളുടെ നിര്‍വചനവ്യാപ്തി കൂട്ടുകയും ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുകയുംചെയ്തു.

2008ലെ ഭേദഗതികളിലൂടെ, "ടാഡാ'യിലെയും "പോട്ടാ'യിലെയും വ്യവസ്ഥകളെല്ലാംതന്നെ നിലവിലുള്ള നിയമത്തില്‍, അതായത് യുഎപിഎയില്‍ പുനഃസ്ഥാപിച്ചു. ഭീകരതയെ സംബന്ധിച്ച് പ്രത്യേക നിയമമുണ്ടാക്കുകയില്ലെന്നു പറഞ്ഞ സര്‍ക്കാര്‍ യുഎപിഎയെ പ്രധാനമായും ഒരു ഭീകരതാവിരുദ്ധ നിയമമാക്കിമാറ്റി. മുംബൈയിലെ ഭീകരാക്രമണമായിരുന്നു 2008ലെ ഭേദഗതികളുടെ പശ്ചാത്തലം. പ്രമുഖ നിയമപണ്ഡിതന്‍ രജീവ് ധവാന്‍ എഴുതി: ""ഇത് ടാഡായുടെയും പോട്ടായുടെയും തിരിച്ചുവരവാണ്.'' ""പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചുവരവെ''ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 അവസാനമാണ് ഭീകരപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇനങ്ങള്‍ ചേര്‍ത്തുകൊണ്ടും സാമ്പത്തികകുറ്റങ്ങളെ ഭീകരപ്രവര്‍ത്തന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയും വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയുംകൊണ്ടുള്ള ഭേദഗതികളുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായി; പാര്‍ലമെന്റിനകത്തും പുറത്തും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ഈ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ സൂക്ഷ്മ പരിശോധനയ്ക്കോ വിശദമായ ചര്‍ച്ചയ്ക്കോ വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതിരെ ഇടതുപക്ഷകക്ഷികള്‍ പ്രത്യേകിച്ചും ശക്തമായ നിലപാടെടുത്തു.പുതിയ ഭേദഗതികളിലൂടെ നിയമത്തിന്റെ ദുരുപയോഗസാധ്യതകള്‍ വര്‍ധിക്കുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. നിയമം ദുരുപയോഗംചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡെ "ഉറപ്പുനല്‍കി';

ഭീകരതയെപ്പറ്റിയുള്ള നിയമങ്ങളില്‍ "ടാഡാ'യുടെ കാലംമുതല്‍ ആഭ്യന്തരമന്ത്രിമാര്‍ നല്‍കിയിട്ടുള്ളതുപോലുള്ള ഒരു ഉറപ്പ്.നിയമത്തില്‍ ഭീകരതയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും നിര്‍വചനങ്ങള്‍ അവ്യക്തമാണ്. നിര്‍വചനവ്യക്തത ഇല്ലാത്തത് ദുരുപയോഗത്തിന്റെ വാതിലുകള്‍ തുറന്നിടുകയാണ്. നിയമത്തില്‍ ആവശ്യമായ നിര്‍വചനവ്യക്തത നല്‍കാത്തത് ബോധപൂര്‍വമാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.സാധാരണ ക്രിമിനല്‍നിയമങ്ങള്‍കൊണ്ട് കൈകാര്യംചെയ്യേണ്ട കൊലപാതകവും മോഷണവുമൊക്കെ ഭീകരപ്രവര്‍ത്തനമായി വിശേഷിപ്പിച്ച് യുഎപിഎയുടെ അധികാരപരിധിയില്‍ കൊണ്ടുവരാം.ഇന്ത്യന്‍ പീനല്‍കോഡിനും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിനും പുറത്ത് കുറ്റകൃത്യങ്ങള്‍ യുഎപിഎയുടെ അധികാരപരിധിയില്‍ കൊണ്ടുവരുമ്പോള്‍ കുറ്റം ആരോപിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; പൊലീസിന്റെയും പ്രോസിക്യൂഷന്റെയും അധികാരങ്ങള്‍ വര്‍ധിക്കുന്നു. ജാമ്യം നിഷേധിക്കപ്പെടും. വിചാരണയ്ക്കുമുമ്പുള്ള കാലാവധി മൂന്നുമാസത്തില്‍നിന്ന് ആറുമാസമായി വര്‍ധിക്കുന്നു. ഇതിന് പ്രോസിക്യൂഷനില്‍നിന്ന് അവ്യക്തമായി നിര്‍വചിക്കപ്പെടുന്ന ഒരു പ്രത്യേക അപേക്ഷ മതി. പൊലീസ് കസ്റ്റഡി 15 ദിവസത്തിനു പകരം 30 ദിവസമാകും.

കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായവരുടെ പേരില്‍ കുറ്റം ചുമത്തിയിരിക്കുന്നത് യുഎപിഎയിലെ പ്രസക്ത വകുപ്പുകള്‍ അനുസരിച്ചാണെന്ന് പൊലീസ് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കുന്നതിനുമുമ്പുതന്നെ പൊലീസ് ഇത് ചെയ്തിരുന്നു. ഈ കേസില്‍ യുഎപിഎയ്ക്കുള്ള പ്രകടമായ വിവക്ഷകള്‍ ജാമ്യം നിക്ഷേധിക്കല്‍, വിചാരണയ്ക്കുമുമ്പുള്ള കാലാവധി 180 ദിവസമാക്കുക, 30 ദിവസം പൊലീസ് കസ്റ്റഡിയിലാക്കുക തുടങ്ങിയവയാണ്.യുഎപിഎ വകുപ്പനുസരിച്ച് കേസെടുക്കാനുള്ള തീരുമാനം പൊലീസ് തലത്തിലുള്ളതല്ല; അത് സര്‍ക്കാര്‍ തലത്തിലുള്ളതാണ്. ഈ കേസ് എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുഎപിഎയില്‍ നല്‍കുന്ന നിര്‍വചനം അനുസരിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ എന്‍ഐഎ നിയമത്തിന്റെ പട്ടികയിലുള്ള കുറ്റകൃത്യങ്ങളിലുള്‍പ്പെടുന്നു. കേരളത്തിലെ പൊലീസിന്റെ അന്വേഷണത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും തൃപ്തിയില്ല. തൃപ്തിയുണ്ടാകില്ലെന്നും ഒരു ദേശീയ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും സര്‍ക്കാരിന് അറിയാമായിരുന്നു. സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് പ്രയാസമുണ്ടെന്ന് സര്‍ക്കാരിനറിയാം. ഹൈക്കോടതി നിര്‍ദേശിച്ചാല്‍പ്പോലും അന്വേഷണത്തിന് സിബിഐ തയ്യാറാകണമെന്നില്ല. എന്നാല്‍, സിബിഐ അന്വേഷണത്തിന് യുഎപിഎ അനുസരിച്ച് കുറ്റം ചുമത്തണമെന്നില്ലെന്നും സര്‍ക്കാരിനറിയാം.എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കുക, കതിരൂരില്‍ നടന്നത് സംഘം ചേര്‍ന്നുള്ള ഭീകരപ്രവര്‍ത്തനമാണെന്നു സ്ഥാപിക്കുക, ഇത് ദേശവിരുദ്ധ വിധ്വംസകപ്രവര്‍ത്തനമാണെന്ന് തെളിയിക്കുക, സംഘത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ചില വ്യക്തികളെയും സംഘടനകളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും അവരുടെ നേതാക്കളെയും അന്വേഷണപരിധിയില്‍ കൊണ്ടുവരിക- ഇതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.

പ്രധാന വാർത്തകൾ
 Top