20 March Wednesday

ഇന്ത്യ ബലാത്സംഗക്കാരുടെ റിപ്പബ്ലിക്കോ....?

വെബ് ഡെസ്‌ക്‌Updated: Thursday Apr 12, 2018

കെ ടി കുഞ്ഞിക്കണ്ണന്‍

കെ ടി കുഞ്ഞിക്കണ്ണന്‍

മ്മു കശ്മീരില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ ബലാത്സംഗക്കാരുടെ റിപ്പബ്ലിക്കായി അധഃപതിക്കുകയാണോയെന്ന ലജ്ജാകരമായ സംശയമാണ് ഉണര്‍ത്തുന്നത്. ഹിന്ദുരാഷ്ട്രവാദികള്‍ തങ്ങള്‍ക്കനഭിമതരായ സമൂഹങ്ങളെയും അവരുടെ സ്ത്രീകളെയും ബലാത്സംഗങ്ങളിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണോ. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കുല്‍ദീപ്‌സിംഗ് സെംഗറുടെ ബലാത്സംഗത്തിനിരയായ  പെണ്‍കുട്ടിയെയും കുടുംബത്തെയും യോഗി ആദിത്യനാഥിന്റെ പോലീസ് തടങ്കലിലാക്കിയിരിക്കുന്നു. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ടു.

അലഹബാദ് ഹൈക്കോടതി ഇടപെട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് പപ്പുസിംഗിന്റെ മൃതദേഹം സംസ്‌കരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്. ആസൂത്രിതമായ കൊലപാതകത്തിനെതിരെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടുകയും തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളിലെ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയെന്നത് സംഘപരിവാറിന്റെ പതിവ് രീതിയാണ്. നമ്മുടെ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ ജമ്മുകശ്മീരില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

8 വയസുള്ള ആസിഫബാനു എന്ന പെണ്‍കുട്ടിക്ക് ബ്രാഹ്മണ മതബോധത്തിന്റെയും കാമാന്ധതയുടെയും ഇരയായി ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. ജമ്മു കാശ്മീരിലെ കാത്തുവ ജില്ലക്കാരിയായ ഈ 8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ബ്രാഹ്മണ ജാതി ഭ്രാന്തന്മാര്‍ കൊലചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരി മാസത്തിലാണ് ഈ സംഭവം ഉണ്ടായത്.

ബ്രാഹ്മണ ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്ത് ആട്ടിടയന്മാരായ മുസ്ലീം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുന്നതിലോടുള്ള അസഹിഷ്ണുതയാണുപോലും ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാനും കൊലചെയ്യാനും കാരണമായത്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് 8 ദിവസങ്ങളായി ഒളിപ്പിച്ചുവെച്ചാണ് ബലാത്സംഗത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയത്. മയക്കുമരുന്ന് നല്‍കി നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ കാമവെറിയന്മാര്‍ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവമനേ്വഷിച്ച പോലീസും ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങി ഈ മഹാപാതകത്തിന് കൂട്ടുനിന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജമ്മുകശ്മീര്‍ സംസ്ഥാനത്ത് നടന്ന ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കേസനേ്വഷണം കുറ്റവാളികളെ കണ്ടെത്തുന്നതിലേക്കും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിലേക്കും എത്തിയത്. അപ്പോഴേക്കും പ്രതികളെ രക്ഷിക്കാനായി ബിജെപി മന്ത്രിമാര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്!

ഹിന്ദുഏകതാമഞ്ച് എന്ന സംഘടന പ്രതികള്‍ക്കുവേണ്ടി റാലിതന്നെ നടത്തിയിരിക്കുന്നു. റാലിയില്‍ വനം മന്ത്രി ചൗധരിലാല്‍സിംഗും വ്യവസായ മന്ത്രി ചന്ദ്രപ്രകാശ്ഗംഗയും പങ്കെടുത്തു. ഇതോടെ പിഡിപി, ബിജെപി ബന്ധത്തിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കരുതെന്നും അത് ദുഃഖകരമാണെന്നും പിഡിപി നേതാവ് നയീംഅക്തര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നു. ഇക്കാര്യത്തില്‍ നീതി നടപ്പാക്കിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് പിഡിപിയുടെ മറ്റൊരു നേതാവായ സെയ്ദ്അല്‍ത്താഫ്ബുഹാരി വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ബിജെപി നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.

ബലാത്സംഗക്കാരെയും കൊലയാളികളെയും രക്ഷിക്കാനായി ജമ്മുകാശ്മീരില്‍ ബിജെപി മതവികാരങ്ങള്‍ ഇളക്കിവിടുകയാണ്. ബിജെപി ഇന്ത്യയെ ബലാത്സംഗക്കാരുടെ റിപ്പബ്ലിക്കാക്കുകയാണ്. മതഭ്രാന്തന്മാരുടെയും കാമഭ്രാന്തന്മാരുടെയും നാടാക്കി നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ അധഃപതിപ്പിക്കുകയാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top