13 July Monday

വൈദ്യുതിമേഖലയും കേന്ദ്ര ബില്ലും

ഡോ. വി ശിവദാസൻUpdated: Wednesday May 27, 2020

കോവിഡ് ആശങ്കയിൽ ലോകം വിറങ്ങലിച്ച്‌ നിൽക്കുന്നതിനിടയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരു നിയമനിർമാണത്തിനാണ് കേന്ദ്ര നീക്കം. വൈദ്യുതിനിയമം 2003 ഭേദഗതി 2020 ബിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ജൂൺ അഞ്ചിനകം ബില്ലിനുമുകളിലുള്ള അഭിപ്രായങ്ങൾ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമേഖലയുടെ പ്രാധാന്യം ലോകജനത അനുഭവിച്ചറിയുന്ന സാഹചര്യമാണ് ഇപ്പോൾ. അത്തരമൊരു ഘട്ടത്തിലാണ് വൈദ്യുതിമേഖലയുടെ പരിപൂർണ സ്വകാര്യവൽക്കരണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നത്. 2003ലെ വൈദ്യുതിനിയമംതന്നെ കമ്പോളതാൽപ്പര്യത്തിനായി രൂപപ്പെടുത്തിയതാണ്. അതിനുമുമ്പുണ്ടായിരുന്ന നിയമങ്ങളിലെ നല്ലവശങ്ങളെ ഇല്ലാതാക്കുന്നതിന് അന്ന് പരമാവധി ശ്രമിച്ചിരുന്നു. എന്നിട്ടും വൻകിട കുത്തക കമ്പനികളുടെ വാണിജ്യതാൽപ്പര്യത്തിന് ബുദ്ധിമുട്ടാകുന്ന ചിലത് നിയമത്തിൽ നിലനിർത്തപ്പെട്ടിരുന്നു.

വൈദ്യുതിമേഖലയിൽ പൊതുതാൽപ്പര്യത്തിനു മുകളിൽ വാണിജ്യതാൽപ്പര്യത്തെ കുടിയിരുത്തുക എന്നത് കോർപറേറ്റുകളുടെ ആവശ്യമാണ്. അതിന് തടസ്സമായിനിൽക്കുന്ന നിയമങ്ങളെയും നിയന്ത്രണങ്ങളെയും മാറ്റാനാണ്‌ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. നേരത്തേ ഇന്ത്യയിൽമാത്രമായി ഉൽപ്പാദനവും വ്യാപാരവും നടത്തിയിരുന്ന കമ്പനികൾ പലതും ഇപ്പോൾ വിദേശത്ത്‌ അത് ചെയ്യുന്നുണ്ട്. അത്തരക്കാർക്ക് വിദേശത്ത് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യയിൽ നിയന്ത്രണരഹിതമായി വിറ്റഴിക്കുന്നതിന് സാധിക്കുന്നില്ല. അതിനെ മറികടക്കാൻവേണ്ടിയാണ് 15(എ) എന്ന വകുപ്പ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിൽപ്രകാരം സ്വകാര്യമേഖലയിലെ വൻകിട കമ്പനികൾക്ക് വൈദ്യുതിയുടെ രാജ്യാന്തര വ്യാപാരത്തിന് സൗകര്യമൊരുക്കിക്കൊടുക്കുക മാത്രമല്ല, നിയന്ത്രണംതന്നെ കൈമാറുകയാണ്. വൈദ്യുതി ഉൽപ്പാദനരംഗത്ത് കടന്നുവന്നിട്ടുള്ള ചെറുകിടസ്ഥാപനങ്ങളുടെ എല്ലാ സാധ്യതകളെയും അത് ഇല്ലാതാക്കും. അതിനെ ശക്തിപ്പെടുത്തുന്നതാണ് നിതി ആയോഗിന്റെ നിർദേശങ്ങൾ. വൈദ്യുതിയെ നിലവിലുള്ള പെട്രോളിയം, ഗ്യാസ് എന്നിവയുടെ മന്ത്രാലയത്തിനു കീഴിലേക്ക് മാറ്റുന്നത് ഊർജവ്യാപാരത്തിന് സഹായമാകുമെന്നാണ് നിതി ആയോഗിന്റെ അഭിപ്രായം. അതിനർഥം നിലവിൽ പെട്രോളിയംമേഖലയിൽ നടക്കുന്നതുപോലുള്ള കൊള്ളയ്ക്ക് അവസരമൊരുങ്ങുമെന്നാണ്.


 

ബിൽപ്രകാരം വൈദ്യുതിവിതരണത്തിന് ലൈസൻസികൾക്കൊപ്പം ഉപലൈസൻസികളും ഉണ്ടാകും. റഗുലേറ്ററി കമീഷനാണ് അവർക്ക് ലൈസൻസ് കൊടുക്കേണ്ടത്. ബില്ലിലെ 17(എ) എന്ന വകുപ്പ് അതിനായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബിൽപ്രകാരം സംസ്ഥാന റഗുലേറ്ററി കമീഷൻ പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലായിരിക്കും. അപ്പോൾ സംസ്ഥാനങ്ങളിൽ ആര് എവിടെയൊക്കെ വൈദ്യുതി വിതരണം നടത്തണമെന്ന തീരുമാനം കേന്ദ്രത്തിന് കൈക്കൊള്ളാനാകും. ബിഎസ്എൻഎല്ലിന്റെ അനുഭവപാഠം നേരിടാൻ എൻടിപിസിയും കെഎസ്‌ഇബിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കരുതിയിരിക്കേണ്ടതുണ്ട്.  

സംസ്ഥാനത്തെ പൊതുമേഖലാ വൈദ്യുതിവിതരണ കമ്പനികളെ തകർക്കുന്നതിനാണ് നിയമത്തിലെ 27–-ാം വകുപ്പിൽ മാറ്റം വരുത്തുന്നത്. ബില്ലിൽ ചേർക്കപ്പെട്ട വകുപ്പിൽ പറയുന്നത് വൈദ്യുതിവിതരണ ലൈസൻസിയും അതിന്റെ ഫ്രാഞ്ചൈസികളും തമ്മിൽ കരാറുണ്ടാക്കണമെന്നും അത് സംസ്ഥാനത്തെ റഗുലേറ്ററി കമീഷനുകൾ അംഗീകരിച്ചിരിക്കണമെന്നുമാണ്. സംസ്ഥാനത്തെ കമീഷൻ എന്നുകേട്ടാൽ അതിൽ സംസ്ഥാനങ്ങൾക്ക് എന്തെങ്കിലും അധികാരമുണ്ടായിരിക്കുമെന്ന് കരുതിപ്പോകാനിടയുണ്ട്. എന്നാൽ, അതിന്റെ മുകളിൽ സംസ്ഥാനങ്ങൾക്ക് ഒരധികാരവും ഉണ്ടാകില്ല. ബിൽ സെക്‌ഷൻ 14ൽ വരുത്തിയിരിക്കുന്ന ഭേദഗതികളിൽ പറഞ്ഞിരിക്കുന്ന രണ്ട് കാര്യം ഇങ്ങനെയാണ്. 1. വൈദ്യുതിവിതരണ ഫ്രാഞ്ചൈസികൾക്ക് സംസ്ഥാനത്തെ കമീഷനിൽനിന്ന്‌ പ്രത്യേകമായി ലൈസൻസ് എടുക്കേണ്ടതില്ല. 2. വിതരണ ലൈസൻസി സംസ്ഥാന സർക്കാരിൽനിന്ന്‌ ലൈസൻസ് എടുക്കേണ്ടതില്ല. വൈദ്യുതിമേഖലയിലെ തർക്കങ്ങളിലെ അവസാനവാക്കായി ബിൽ ഇലക്ട്രിസിറ്റി കോൺട്രാക്ട്‌ എൻഫോഴ്സ്മെന്റ് അതോറിറ്റി എന്നൊരു സ്ഥാപനത്തെക്കൂടി മുമ്പോട്ടുവയ്ക്കുന്നുണ്ട്. 

കേന്ദ്രത്തിന്റെ കുറുക്കുവഴി
നിലവിൽ ഓപ്പൺ ആക്സസ് പ്രകാരം കോർപറേറ്റുകൾ പ്രസരണശൃംഖലയെ ഉപയോഗിച്ചാൽ  അവരിൽനിന്ന്‌ വീലിങ് ചാർജ് ഈടാക്കുന്നതിന് വൈദ്യുതി ബോർഡുകൾക്ക് അധികാരമുണ്ട്, തുക നാമമാത്രമാണെങ്കിലും. ബിൽപ്രകാരം അത്തരമൊരു പ്രതിഫലം ഈടാക്കുന്നതിന് സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ബോർഡിനോ അധികാരമുണ്ടായിരിക്കുകയില്ല. അതുവഴി ഒരു ചെലവുമില്ലാതെ വൈദ്യുതി കടത്തുന്നതിന് വൻകിട കോർപറേറ്റുകൾക്ക് സാധിക്കും. സാധാരണക്കാരായ മനുഷ്യരുടെ ചോരയും വിയർപ്പുമാണ് ഇവിടെയുള്ള വൈദ്യുതിലൈനുകളും തൂണുകളും, അത് ചെറുതായാലും വലുതായാലും. പാവപ്പെട്ട മനുഷ്യർ വിട്ടുകൊടുത്ത ഭൂമിയുടെ മുകളിലൂടെയാണ് ഇന്ത്യയിൽ എല്ലായിടത്തും വൈദ്യുതിലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. നിർദേശിക്കപ്പെട്ട ഭേദഗതി വൻകിട മുതലാളിമാരുടെ ആവശ്യത്തിന് രാജ്യത്തെ പ്രസരണ ശൃംഖലയാകെ സംസ്ഥാന സർക്കാരുകളുടെപോലും അനുമതിയില്ലാതെ ഉപയോഗിക്കാനുള്ള കുറുക്കുവഴിമാത്രമാണ്. ബില്ലിലെ വകുപ്പ് 42ലെ നാലാമത്തെ ഉപവകുപ്പിൽ സർച്ചാർജ് പിരിച്ചെടുക്കേണ്ടതും ഉപയോഗിക്കേണ്ടതും എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുളള അധികാരം റഗുലേറ്ററി കമീഷനാണ് നൽകിയിരിക്കുന്നത്. പ്രയോഗത്തിൽ അത് കേന്ദ്രത്തിന്റെ കൈകളിലായിരിക്കും. സംസ്ഥാന സർക്കാരിനും വൈദ്യുതി ബോർഡിനും ഇടപെടാൻ അവകാശമുണ്ടായിരിക്കില്ല.


 

ബില്ലിൽ വകുപ്പ് 65ലെ നിർദേശപ്രകാരം നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന സബ്സിഡികൾ ഒഴിവാക്കാൻ നിർദേശിക്കുന്നു. വൻകിട മുതലാളിമാർക്കുവേണ്ടി സർച്ചാർജ് കുറയ്‌ക്കലും ദരിദ്രർക്കെതിരായി സബ്സിഡി ഇല്ലാതാക്കലും താരിഫ് പോളിസിയുടെ ഭാഗമാക്കണമെന്ന് ബിൽ നിർദേശിക്കുന്നു. താരിഫ് നിർണയിക്കുന്ന സമയത്ത് സബ്സിഡികൾ ഒന്നുംതന്നെ പരിഗണിക്കരുതെന്ന് പറഞ്ഞിരിക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന ജനങ്ങളും വൈദ്യുതി സബ്സിഡി വാങ്ങുന്നവരാണ്. അതില്ലാതായാൽ കാർഷികമേഖലയെ മൊത്തത്തിൽ ബാധിക്കും.  

കേരളത്തിൽ ആതുരാലയങ്ങൾക്ക് നിലവിൽ വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞ ചെലവിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും സബ്സിഡിയോടെയാണ്. വിദ്യാലയങ്ങളിൽ ഡിജിറ്റൽ ക്ലാസ്‌മുറികൾ വർധിക്കുകയാണ്. അപ്പോൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിന്റെയും എത്രയോ മടങ്ങായിരിക്കും ഭാവിയിൽ ആവശ്യമായി വരിക. അത്തരം സ്ഥാപനങ്ങളാകെ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടും.

വൈദ്യുതിയുടെ പ്രാധാന്യം
വികസനത്തിൽ വൈദ്യുതിയും മുതലാളിത്ത വികസനത്തിൽ അസമത്വവും ഒഴിച്ചുകൂടാനാകാത്തതാണ്. മുതലാളിത്തത്തിൽ അസമത്വം ചൂഷണത്തിനും ലാഭം വർധിപ്പിക്കുന്നതിനുമുള്ള അവസരമാണ്. വ്യവസായവും വാണിജ്യവും വികസിതമാകണമെങ്കിൽ മുതലാളിത്തത്തിൽ അത് നിർബന്ധമാണ്. ആധുനികലോകത്ത് വൈദ്യുതി അടിസ്ഥാനസൗകര്യമായാണ് പരിഗണിക്കപ്പെടുക. സ്വകാര്യ കമ്പനികളുടെ വൈദ്യുതിമേഖലയിലെ കുത്തകാധിപത്യം സാമൂഹ്യവികസനത്തിന് തടസ്സമായി മാറും.

(കെഎസ്‌ഇബി ലിമിറ്റഡിൽ ഇൻഡിപെൻഡന്റ്‌ ഡയറക്‌ടറാണ്‌ ലേഖകൻ )

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top