31 May Sunday

ഭാരവാഹിത്വമേതുമാകട്ടെ, ജംബോ തന്നെ ഫോർമുല

ഗൗതമൻ/പച്ചപ്പരമാർഥംUpdated: Monday Feb 10, 2020

കോൺഗ്രസ്‌ ജനാധിപത്യപാർട്ടിയായതുകൊണ്ട്‌ ജനാധിപത്യം ഏതൊക്കെ രൂപത്തിൽ എങ്ങനെയൊക്കെ വരുമെന്ന്‌ ആർക്കും അറിയാൻ പറ്റില്ല.  ഉദാഹരണത്തിന്‌ കെപിസിസി ഭാരവാഹികളുടെ രണ്ടാം ലിസ്‌റ്റിന്റെ മലവെള്ളപ്പാച്ചിൽ തിങ്കളാഴ്‌ചയുണ്ടാകുമെന്നാണ്‌ കേന്ദ്രത്തിൽ വലിയ പിടിപാടുള്ള കെ സി വേണുഗോപാൽ പറഞ്ഞിട്ടുള്ളത്‌. ഇതിൽ ഉറപ്പൊന്നുമില്ലെങ്കിലും പ്രതീക്ഷയർപ്പിച്ച്‌ കാത്തിരിക്കാനേ രാഷ്‌ട്രീയകേരളത്തിന്‌ കഴിയൂ.

അതേസമയം, കെപിസിസി ഭാരവാഹികളുടെ ലിസ്‌റ്റ്‌ ഒരു വർഷംകൊണ്ട്‌ തവണവ്യവസ്ഥയിൽ  പ്രഖ്യാപിച്ചുതീർക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്‌യുക്കാര്‌ പിള്ളേര്‌ ഭാരവാഹികളില്ലാതെ അലയുകയാണ്‌.  മുതിർന്ന കോൺഗ്രസുകാരുടെ പ്രശ്‌നം പരിഹരിക്കാൻ ഉപയോഗിച്ച ഫോർമുല തന്നെയാണ്‌ യൂത്തുകാർക്കുവേണ്ടിയും  ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്‌. ഷാഫി പറമ്പിൽ എംഎൽഎയെ  പ്രസിഡന്റാക്കി, നാമനിർദേശപത്രിക സമർപ്പിച്ച ബാക്കി  ഒമ്പത്‌ യുവകോമളൻമാരെയും വൈസ്‌ പ്രസിഡന്റാക്കാനാണ്‌ നീക്കം. ഏഴുപേരും സമ്മതിച്ചാൽ ഷാഫിയെ പ്രസിഡന്റാക്കിക്കളയാം  എന്ന നിലപാടിലാണ്‌ യൂത്ത്‌ കോൺഗ്രസ്‌ ദേശീയനേതൃത്വം. ആവശ്യമെങ്കിൽ പുറത്തെടുക്കാൻ വർക്കിങ്‌ പ്രസിഡന്റ്‌ എന്ന തുറുപ്പുചീട്ട്‌ പുറത്തെടുത്തുകളയും.

തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നാൽ ഉപയോഗിക്കാൻ ചിഹ്നംപോലും അനുവദിച്ച്‌ സദാ ജാഗ്രതയോടെയാണ്‌ ദേശീയ നേതൃത്വത്തിന്റെ നിൽപ്പ്‌.  ഷാഫിക്ക്‌ ഷട്ടിൽകോക്കും ശബരീനാഥന്‌ മലയുമാണ്‌ ചിഹ്നമായി അനുവദിച്ചിട്ടുള്ളത്‌. ഷട്ടിൽകോക്ക്‌ കൈപ്പത്തിയുമായി സാമ്യമുള്ളതാണെന്നും കൈപ്പത്തിയാണെന്ന്‌ തെറ്റിദ്ധരിക്കുമെന്നും ഒരു കൂട്ടർ ആക്ഷേപം ഉന്നയിച്ചതായാണ്‌ വിവരം. ശബീനാഥന്‌ അനുവദിച്ച  ‘മല’ മടിയൻമാർക്ക്‌ ചുമക്കാനുള്ളതാണെന്നും അത്‌ മനപ്പൂർവമാണെന്നുമാണ്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്‌. കേരളത്തിലെ ഭാരവാഹികളുടെ എണ്ണം നൂറുശതമാനമെങ്കിലുമാക്കി വർധിപ്പിച്ച്‌ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌.

ചക്കയ്‌ക്ക്‌ മൈക്രോസോഫ്‌റ്റിന്റെ സാക്ഷ്യപത്രം

ചാണകത്തിന്റെ സ്ഥാനം ചക്ക തട്ടിയെടുക്കുമോ എന്ന ഭീതി സമൂഹത്തിൽ തളംകെട്ടി നിൽക്കുകയാണ്‌. ബ്ലഡ്‌ പ്രഷർ, അർബുദംമുതൽ കൊറോണയ്‌ക്കുവരെ പ്രതിവിധിയാണ്‌ പൂർണമായും ഭാരതീയ സംസ്കാരത്തിലൂന്നിയ ചാണകമെന്ന്‌ പ്രചരിപ്പിച്ചുവരുന്നതിനിടെയാണ്‌ ഒരു പത്രം ചക്കയെ മുഖ്യസ്ഥാനത്ത്‌  അവരോധിച്ചത്‌. സാധാരണ ചാണകത്തിന്റെയും മറ്റും ഗുണഗണങ്ങൾക്ക്‌ സാക്ഷ്യപത്രമെഴുതാനുള്ള ചുമതല നാസയ്‌ക്കാണെങ്കിലും ഇവിടെ ചെറിയ മാറ്റമുണ്ട്‌. ഗവേഷണത്തിൽ പ്രധാന പങ്കുവഹിച്ചത്‌ മൈക്രോസോഫ്റ്റിന്റെ  മുൻ ഡയറക്ടറാണെന്നു പറഞ്ഞപ്പോൾ അർബുദരോഗികൾ ആനന്ദപുളകിതരായി.

ഉളുക്ക്‌, ചതവ്‌, പെരുപ്പ്‌, വാതപ്പെരുപ്പ്‌, നടുവേദന, മുട്ടുവേദന തുടങ്ങി എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള സിദ്ധൗഷധമെന്ന്‌  ഫുട്‌പാത്തിലെ  മയിലെണ്ണ വിൽപ്പനക്കാരൻ വിളിച്ചുപറയുന്നതുപോലെയായിരുന്നു ചക്കപുരാണം. പച്ചച്ചക്ക പൊടിച്ചുനൽകിയാൽ കീമോതെറാപ്പിക്ക്‌ വിധേയമാകുന്നവർക്കു വരുന്ന ന്യൂമോണിയ, ക്ഷീണം, വയറിളക്കം, വായിലെ വ്രണം തുടങ്ങിയവയെല്ലാം കണ്ടംവഴി ഓടുമെന്ന്‌ സർവേയിൽ തെളിഞ്ഞുവത്രെ. അല്ലാതെ ഇത്‌ ഒരു ചക്കയിട്ടപ്പോൾ ഒരു മുയൽവീണ കേസൊന്നുമല്ല. അതുകൊണ്ടാണ്‌ ചക്കയുടെ വാർത്ത പത്രത്തിന്റെ മാസ്‌റ്റ്‌ ഹെഡും പൊളിച്ച്‌ മുകളിലേക്ക്‌ കയറിപ്പോയത്‌.
ലക്ഷ്‌മി തരുവിന്റെയും മുള്ളാത്തയുടെയുമൊക്കെ ഡിമാന്റ്‌ തകർന്നുവെന്ന്‌ വിചാരിക്കുമ്പോഴാണ്‌ ചില കുരുത്തംകെട്ട ഡോക്ടർമാർ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ അരക്കൈ നോക്കിയത്‌. അവർ കള്ളി വെളിച്ചത്താക്കി. മൈക്രോസോഫ്‌റ്റ്‌ ഡയറക്ടർക്ക്‌  ഇപ്പോൾ ചക്ക പൊടിച്ച്‌ പായ്‌ക്കറ്റിലാക്കി വിൽക്കലാണത്രെ 365 ദിവസവും പണി.

യോജിച്ചാൽ ഒന്നു പിളരാമായിരുന്നു

നമ്മുടെ ഔസേപ്പച്ചനിപ്പോൾ ഒറ്റ ചിന്തയേയുള്ളൂ. കേരളകോൺഗ്രസ്‌ ചിന്താഗതിയുള്ളവരെല്ലാം ഒന്നിക്കണം. അല്ലെങ്കിലും കേരളകോൺഗ്രസുകാർക്ക്‌  ഒന്നിച്ചുനിൽക്കുമ്പോൾ പിളരാനാണ്‌ ത്വര. പിളർന്നുകഴിഞ്ഞാൽ ഉടൻ യോജിക്കാനുള്ള ആഗ്രഹം മുളച്ചുതുടങ്ങും. ‘പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ’ ചെയ്യുന്ന പാർട്ടിയുടെ ഈ രോഗമേതെന്ന്‌ ആധുനിക വൈദ്യശാസ്‌ത്രത്തിനുപോലും കണ്ടെത്താനായിട്ടില്ല. അധ്വാനവർഗ സിദ്ധാന്തമെഴുതിയ കെ എം മാണിപോലും  ഇക്കാര്യം വിട്ടുകളഞ്ഞു.
അതേസമയം, ജേക്കബ്‌ ഗ്രൂപ്പും ജോസഫ്‌ ഗ്രൂപ്പും തമ്മിൽ ലയിക്കുന്നത്‌ തങ്ങളെ ഒറ്റപ്പെടുത്താനുള്ള തന്ത്രമാണെന്ന്‌ ജോസ്‌മോൻ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്തായാലും കുട്ടനാട്‌ തെരഞ്ഞെടുപ്പുവരെ സമരവേലിയേറ്റം നടത്താൻ തന്നെയാണ്‌ കേരളകോൺഗ്രസുകളുടെ തീരുമാനം. ഒരു കൂട്ടർ രണ്ടാം കുട്ടനാട്‌ പാക്കേജിനുവേണ്ടി സമരം നടത്തുമ്പോൾ എ സി തോട്‌ തുറക്കണമെന്നുപറഞ്ഞ്‌ മറുകൂട്ടർ. അടുത്തഘട്ടമായി കൊമ്പൻച്ചെല്ലി, ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ തുടങ്ങിയവയ്‌ക്ക്‌ എതിരെയും സമരം ആസൂത്രണം ചെയ്യുന്നതായാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌.

വെടിക്കുഴൽ


മുബൈ‐ കന്യാകുമാരി റെയിൽപാത: പ്രധാനമന്ത്രിയെ പരസ്യമായി അഭിനന്ദിക്കണമെന്നു തോന്നി‐ ജോസഫ്‌
കേരളകോൺഗ്രസ്‌ നേതാവാകാൻ ഉത്തമൻ ഔസേപ്പച്ചൻ തന്നെ

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top