21 March Thursday

കൊല്ലം ബൈപാസ‌്: പുതിയ കാലത്തെ പുതിയ നിർമാണം

ജി സുധാകരന്‍Updated: Thursday Jan 10, 2019

ദേശീയപാതയിൽ ഗതാഗതം സുഗമമാക്കുന്നതിനാണ് കൊല്ലത്തും ആലപ്പുഴയിലും ഓരോ ബൈപാസ് നിർമിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. രണ്ടുവരിപ്പാതയാണ് ഉദ്ദേശിച്ചത്. ദേശീയപാത നാലുവരിയാക്കുമ്പോൾ ബാക്കി രണ്ടുവരി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വഴി നിർമിക്കാനും നിശ്ചയിച്ചിട്ടുണ്ട‌്. ദേശീയപാത അതോറിറ്റിയുടെ സ്ഥലമെടുപ്പിലെ കാലതാമസംകാരണം കൊല്ലം ബൈപാസിന്റെ നിർമാണ‌ം വൈകി,  അതിനാൽ സംസ്ഥാന സർക്കാർ ഗതാഗതം സുഗമമാക്കുന്നതിനാണ്  പെവിഡ്ഷൊൾഡറോട് കൂടിയ രണ്ടുവരിപ്പാത നിർമിച്ചത്.
ഗതാഗതം സുഗമമാകട്ടെ

കേന്ദ്രവും സംസ്ഥാനവും തുല്യതുക നിക്ഷേപിച്ചാണ് നിർമാണം. 13 കിലോമീറ്റർ നീളമുള്ള രണ്ടുവരിപ്പാത നിർമിക്കാൻ 2013 ലാണ് തീരുമാനമെടുത്തത്. അഷ്ടമുടിക്കായലിലൂടെ കടന്നുപോകുന്ന ഇതിന്റെ സാമ്പത്തിക കരാർ 2014 ജനുവരി 17ന് ഒപ്പുവച്ചു. സംസ്ഥാന സർക്കാർ 2013 ഡിസംബർ 19നും കേന്ദ്ര സർക്കാർ 2014 ജനുവരി 17നും 267.16 കോടിക്ക് ഭരണാനുമതി നൽകി. എൻജിനിയറിങ‌് പ്രൊക്യുർമന്റ‌് ആൻഡ‌് കൺസ‌്ട്രക‌്ഷൻ രീതിയിലാണ് പദ്ധതി. കേന്ദ്ര മന്ത്രാലയം 2014 ജനുവരി 22നും സംസ്ഥാന സർക്കാർ 2015 ഫെബ്രുവരി 11 നും ഇതിന‌് ഭരണാനുമതി നൽകി. അപ്പോഴേക്കും  തുക 352.05 കോടിയായി വർധിച്ചു. 2015 ഫെബ്രുവരി 11 ന് കരാറിൽ ഒപ്പിട്ടു. ആർഡിഎസ‌്–സിവിസിസി (ജെവി) എന്ന കമ്പനിക്കാണ് കരാർ നൽകിയത്. 2015 മെയ്  27ന് പണി ആരംഭിച്ച് 2017 നവംബർ 25ന് പണി പൂർത്തിയാക്കണമെന്നായിരുന്നു കരാർ. കാലാവധി ഏതാണ്ട‌് 30 മാസം. എന്നാൽ, 14 മാസം താമസിച്ചാണ് പണി പൂർത്തിയാകുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 30ശതമാനം പണികൾ പൂർത്തീകരിച്ചിരുന്നു. അന്നത്തെ സർക്കാർ 36.8 കോടിരൂപയാണ‌് കരാർകാരന‌് നൽകിയത‌്. ബാക്കി 70ശതമാനം  പണികൾ ഇപ്പോഴത്തെ പിണറായി സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയത്. 82 കോടി രൂപ പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നൽകുകയുണ്ടായി. ആകെ സംസ്ഥാനവിഹിതമായി 119 കോടി രൂപ ഇതുവരെ നൽകിയിട്ടുണ്ട‌്. തത്തുല്യമായ കേന്ദ്രവിഹിതവും നൽകിയിട്ടുണ്ട‌്. പുതുക്കിയ അടങ്കൽ പ്രകാരം സംസ്ഥാനവിഹിതം 176 കോടിയാണ്. അത്രതന്നെ കേന്ദ്രവിഹിതവും. 58 കോടിരൂപ  ഇനി സംസ്ഥാനവിഹിതം നൽകണം. അന്തിമ ബിൽ സമർപ്പിക്കുന്ന മുറയ്ക്ക് അത് നൽകുന്നതാണ്. കാര്യമായ കുടിശ്ശിക ഒന്നുംതന്നെ നിലവിലില്ല.

ഇതുപോലെതന്നെ ആലപ്പുഴ ബൈപാസും ആരംഭിച്ചതാണ്. 7 കി.മീറ്റർ നീളമാണ‌്‌ ആലപ്പുഴ ബൈപാസിനുള്ളത്. ആലപ്പുഴയിലും രണ്ടുവരി ബൈപാസാണ് നിർമിക്കുന്നത്. റെയിൽവേയുടെ മുകളിലൂടെ പോകുന്ന ബൈപാസിന്റെ നിർമാണം 2019 മേയിൽ പൂർത്തിയാകും. റെയിൽവേയുടെ മുകളിൽ പാലം നിർമിക്കേണ്ടത‌് റെയിൽവേ നിയമപ്രകാരം അവർതന്നെയാണ്. ബാക്കി മുഴുവൻ ഭാഗങ്ങളും സംസ്ഥാന സർക്കാർ നിർമിച്ചുകഴിഞ്ഞിട്ടും,  റെയിൽവേയുടെ ഭാഗം നിർമിക്കുന്നതിൽവന്ന ഒന്നരവർഷത്തെ കാലതാമസമാണ് 2017 സെപ‌്തംബർ 14 ന് തീരേണ്ടിയിരുന്ന പദ്ധതി ഇതുവരെ തീരാതെ നീണ്ടുപോയത്. മൂന്ന് തവണയാണ് ആലപ്പുഴ പദ്ധതി നീട്ടിക്കൊടുത്തത്. കഴിഞ്ഞ സർക്കാരിന്റെകാലത്ത് 15 ശതമാനം പ്രവൃത്തിയേ പൂർത്തിയായിരുന്നുള്ളൂ. ഒറ്റ സ്പാൻ പോലും വച്ചിരുന്നില്ല. 85 ശതമാനം പണിയും പിണറായി സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കുന്നത്. 348.43 കോടിരൂപയാണ് അടങ്കൽ. കേന്ദ്ര‐സംസ്ഥാന വിഹിതം തുല്യമാണ്. അതായത് 174.22 കോടിവീതം.

കൊല്ലം ബൈപാസ് എടുത്ത കരാറുകാരൻതന്നെയാണ് ആലപ്പുഴ ബൈപാസ് നിർമിക്കുന്നത്. പ്രളയം നിർമാണത്തെ ബാധിച്ചിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ദേശീയപാത വിഭാഗമാണ് കൊല്ലം ബൈപാസ് ഡിസൈൻ ചെയ്തതും രൂപകൽപ്പന ചെയ്തതും ടെൻഡർ ചെയ്തതും നിർമാണത്തിന് മേൽനോട്ടം വഹിച്ചതും.

എല്ലാവരുടെയും സഹകരണം

പിണറായി സർക്കാർ വന്നില്ലായിരുന്നെങ്കിൽ പദ്ധതി ഇപ്പോഴും തീരുമായിരുന്നില്ല. 2013 ൽ അംഗീകാരംകിട്ടിയ പദ്ധതി യുഡിഎഫ് ഭരണകാലത്ത് 2016 മെയ് 25 വരെ പൂർത്തിയാക്കിയത് 36 ശതമാനം മാത്രമാണ്. എങ്കിലും ആരംഭിച്ചത് നല്ലകാര്യംതന്നെയാണ്. അതേ രീതിയിൽ മുന്നോട്ട‌് പോകുകയാണെങ്കിൽ 5 വർഷം എടുക്കുമായിരുന്നു പൂർത്തിയാക്കാൻ. എന്നാൽ, 2.5 വർഷംകൊണ്ട‌് പിണറായി സർക്കാർ കൊല്ലം ബൈപാസ് പൂർത്തിയാക്കി. മനോഹരമായ രീതിയിലാണ‌് പാലം നിർമിച്ചിട്ടുള്ളത്.

ബൈപാസ‌് നിർമാണത്തിന്റെ അവസാന റിവ്യൂ മീറ്റിങ്ങിൽ ലേഖകനടക്കം ബൈപാസ‌് സന്ദർശിക്കുകയും  2019 ജനുവരിയിൽ ബൈപാസ് നാടിന് സമർപ്പിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ‌്തിരുന്നു. ആ പ്രഖ്യാപനമാണ്‌ ഇപ്പോൾ നടപ്പിലാക്കുന്നത്. ബൈപാസ് നിർമാണത്തിനുവേണ്ടി മുൻ മന്ത്രിമാരായ ടി കെ ദിവാകരൻ, പി കെ കെ ബാവ എന്നിവരും ഇബ്രഹിംകുഞ്ഞും പി രാജേന്ദ്രൻ എംപിയും മറ്റുചിലരും എടുത്തുപറയാവുന്ന പ്രവർത്തനങ്ങൾ ആദ്യകാലത്ത് നടത്തി. ജില്ലയിലെ മന്ത്രിയും നിലവിലുള്ള എംപിമാരും മേയറും എംഎൽഎമാരും കൊല്ലത്തെ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൗരാവലിയും നിർമാണം പൂർത്തിയാക്കാൻ സഹായസഹകരണങ്ങൾ നൽകി. എല്ലാവരോടും സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും കടപ്പെട്ടിരിക്കുന്നു.

പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കുന്ന 10–ാ മത്തെ ബൈപാസ്/മേൽപ്പാലമാണ് കൊല്ലം. മേയിൽ ആലപ്പുഴ ബൈപാസ് തുറക്കും. തലശേരി ‐ മാഹി ബൈപാസ്, കോഴിക്കോട് ബൈപാസ്, നീലേശ്വരം റെയിൽവേ മേൽപ്പാലം, കുണ്ടന്നൂർ മേൽപ്പാലം, വൈറ്റില മേൽപ്പാലം, പള്ളിപ്പുറം കഴക്കൂട്ടം മേൽപ്പാലം,  ഉള്ളൂർ ‐ പട്ടം ‐ ശ്രീകാര്യം മേൽപ്പാലങ്ങൾ, കുതിരാൻ തുരങ്കം എന്നിവ നിർമാണത്തിലാണ്. അതിനായി ധനവകുപ്പും പൊതുമരാമത്ത് വകുപ്പും കേന്ദ്രപദ്ധതികളിൽ കേന്ദ്രവും കൈകോർത്ത് പിടിച്ചിരിക്കുകയാണ്. കിഫ്ബി വഴി ധനസഹായം നൽകിവരുന്നു. ബജറ്റിന് പുറമെയാണിത്.  കേന്ദ്ര റോഡ് ഫണ്ടും നബാർഡ് പണവും ഫലപ്രദമായി ഉപയോഗിക്കവഴി ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് റോഡ് നിർമാണത്തിന് കേന്ദ്ര ഫണ്ടിൽനിന്ന‌് കിട്ടിയിട്ടുള്ളത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സഹായം എടുത്തുപറയണം. ദേശീയപാത നാലുവരി ആക്കുന്നതിൽ കേന്ദ്രത്തിന്റെ തണുപ്പൻ നയം കേരളത്തിന് ബുദ്ധിമുട്ട്  ഉണ്ടാക്കുന്നുണ്ട‌്. അത് പരിഹരിക്കുമെന്ന‌് കേന്ദ്രം മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിട്ടുണ്ട‌്.

ബൈപാസ് പദ്ധതി  ഉദ്ഘാടനംചെയ്യാൻ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ അദ്ദേഹത്തെ സ്വാഗതംചെയ‌്തു. കേരളത്തിന്റെ സന്മനസ്സും ഹൃദയവിശാലതയും പ്രധാനമന്ത്രി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top