27 October Wednesday
സംസ്ഥാന സർക്കാരും
 വർത്തമാനകാല കടമകളും

പാർടിയും സംസ്ഥാന ഭരണവും - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Tuesday Aug 24, 2021


ജനങ്ങളോട് വിനയത്തോടെ ഇടപെടുന്ന ശൈലിയാണ് പാർടി സഖാക്കൾ തുടരേണ്ടതെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ‘സംസ്ഥാന സർക്കാരും വർത്തമാനകാല കടമകളും’ എന്ന രേഖ ഓർമിപ്പിക്കുന്നു. പാർടി നയം മനസ്സിലാക്കി ജനങ്ങളുമായി സംവദിക്കുന്ന ശൈലിയിലേക്ക് പാർടി നടത്തുന്ന ചർച്ചകളെയും ഇടപെടലുകളെയും വികസിപ്പിക്കാനാകണം. ഇക്കാര്യത്തിൽ 1957ലെ സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ പാർടി സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിന്റെ കാഴ്ചപ്പാടുകൾ പ്രസക്തമാണെന്ന് രേഖ ഓർമിപ്പിക്കുന്നു.

‘ഭരണകക്ഷിയായതോടുകൂടി ഈ രാജ്യത്തുള്ള എല്ലാവരുടെയും ന്യായമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല പാർടിക്കുണ്ട്. ഈ ഉത്തരവാദിത്തത്തിൽ അഹങ്കരിക്കുകയോ ഈ തക്കം മറ്റുള്ളവരോട് പ്രതികാരം ചെയ്യാൻ ഉപയോഗിക്കുകയോ ചെയ്യരുത്. നമ്മുടെ ചുമതലയുടെ ഭാരംകൊണ്ട് തല കുനിയുകയാണ് വേണ്ടത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ടുതന്നെ അധികാരം കൈകാര്യം ചെയ്യുന്നവർ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ച് അവരെ മാനിക്കാൻ തയ്യാറാകാതെയുമുള്ള പാരമ്പര്യമാണ് അവർക്കുള്ളത്. ഇതിൽനിന്ന്‌ വ്യത്യസ്തമാണ് നമ്മുടെ പാർടിയെന്ന് ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്'.

കഴിഞ്ഞ ഭരണത്തിന്റെ കാലത്തും പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സവിശേഷശ്രദ്ധ നൽകി. നാട് പലവിധ ദുരിതത്തിൽ മുങ്ങിക്കഴിഞ്ഞപ്പോൾ പാർടിയും ബഹുജന സംഘടനകളും ജനകീയ പ്രശ്നങ്ങളിൽ സജീവമായി. സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനും അവരുടെ പ്രശ്നങ്ങളിൽ കൈത്താങ്ങായി പ്രവർത്തിക്കുന്നതിനും പാർടിക്ക് കഴിയുകയും ചെയ്തു. ഇത്തരത്തിൽ രാഷ്ട്രീയമായും സംഘടനാപരമായും ഭരണപരമായും വർത്തമാനകാലത്തിന്റെ സവിശേഷതകളെ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് തുടർഭരണത്തിന് അടിസ്ഥാനമായിത്തീർന്നത്. അത് മുന്നോട്ട്‌ കൊണ്ടുപോകാനാകണമെന്ന് രേഖ നിർദേശിക്കുന്നു. തുടർച്ചയായി ഭരണത്തിലിരിക്കുമ്പോൾ സർക്കാർ തലത്തിലും ഭരണതലത്തിലും വരാനിടയുള്ള പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിന് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും സംസ്ഥാന സർക്കാരുകളിലെയും അനുഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാൻ കഴിയണം. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതൽ ഉണ്ടാകണമെന്നും രേഖ നിർദേശിച്ചിട്ടുണ്ട്‌.

വർഗീയശക്തികൾ പലതരത്തിൽ സർക്കാരിനെതിരെ രംഗത്തിറങ്ങും. ജനതയുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാൽ ഇത്തരം ശക്തികൾക്ക് നുഴഞ്ഞുകയറാൻ അവസരമുണ്ടാകില്ല. അതുകൊണ്ട് ജനതയുടെ ജീവിതത്തെ നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുണ്ടാകണം. നമ്മുടെ കഴിഞ്ഞകാല ത്യാഗങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് പാർടിക്ക് മുന്നോട്ടുപോകാനാകില്ല. വർത്തമാനകാല പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഇടപെട്ട് ജനതയെ നയിക്കാൻ പ്രാപ്തരാണ് പാർടിയെന്ന ബോധം നിരന്തരം സൃഷ്ടിച്ചുകൊണ്ടേ പാർടിക്ക് മുന്നോട്ടുപോകാനാകൂ.


 

സർക്കാരിന്റെ പൊതുവായ പ്രവർത്തനരീതി എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച് പാർടി സംസ്ഥാന കമ്മിറ്റിയാണ് നിശ്ചയിക്കുക. ആ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് പ്രാപ്തരായ സഖാക്കളെ ഭരണനേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. ഏൽപ്പിച്ച ഉത്തരവാദിത്തം അവർ ഫലപ്രദമായി നിർവഹിക്കുന്നുണ്ടോ എന്ന് പാർടി പരിശോധിക്കണം. അവരുടെ പ്രവർത്തനങ്ങൾക്കിടയിൽ വന്നുചേരുന്ന രാഷ്ട്രീയവും സംഘടനാപരവുമായ പിശകുകൾ അതത് ഘട്ടത്തിൽ ഇടപെട്ട് തിരുത്തുകയും വേണം.

സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർടി സംസ്ഥാന കമ്മിറ്റിയാണ് നിശ്ചയിക്കേണ്ടത്. ദൈനംദിന ഭരണത്തിൽ പാർടി ഇടപെടുന്ന രീതി ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. പാർടി കാഴ്ചപ്പാടിന്‌ അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം ഭരണതലത്തിലെ സഖാക്കളാണ് ചെയ്യേണ്ടത്. അതേസമയം, ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പാർടി ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ഥലംമാറ്റം ഉൾപ്പെടെ മാനദണ്ഡം അനുസരിച്ച് ചെയ്യുകയാണ് വേണ്ടത്. ന്യായമായ കാര്യത്തിൽ ആരു സമീപിച്ചാലും ചെയ്തുകൊടുക്കുക എന്നതാണ് സർക്കാരിന്റെ ചുമതലയെന്ന് വിസ്മരിക്കരുത്. ഇക്കാര്യത്തിൽ ഒരു വിവേചനവും ഉണ്ടാകരുത്. അഴിമതിക്കാർക്കും സ്ഥാപിത താൽപ്പര്യക്കാർക്കും വേണ്ടിയുള്ള സമ്മർദം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സർക്കാർ അതിനു വഴങ്ങരുത്. ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കാൻ സർക്കാരിൽ പ്രവർത്തിക്കുന്ന സഖാക്കൾക്ക് കഴിയണം. മണൽ, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകൾ പ്രാദേശിക തലത്തിൽ അഴിമതിയുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന വിമർശമുണ്ട്‌. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാരിനു കഴിയണം.

തുടർഭരണമുണ്ടാകുമ്പോൾ സ്വാഭാവികമായും സ്ഥാപിത താൽപ്പര്യക്കാർ പല വഴിയിലൂടെ സ്വാധീനിക്കാൻ ശ്രമിക്കും. ഇതു മനസ്സിലാക്കി ഇടപെടാൻ നമുക്ക് കഴിയണം. സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകും. അത്തരം പ്രവണതകളെ ശക്തമായി നേരിടാനാകണം. വ്യക്തിഗതമായ വിദ്വേഷങ്ങളും താൽപ്പര്യങ്ങളും അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്.

പാർടി പ്രവർത്തനമെന്നത് പാർടിയും വർഗബഹുജനസംഘടനകളും മുന്നോട്ടുവയ്ക്കുന്ന പ്രക്ഷോഭ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുക എന്നതാണ്. അവ കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാകുക എന്നതുമാണ്. കമ്യൂണിസ്റ്റ് ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനും തെറ്റായ ആശയങ്ങൾക്കെതിരെ മുന്നോട്ടുപോകാനും കഴിയേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുന്ന ഉത്തരവാദിത്തവും പാർടി സഖാക്കൾ ഏറ്റെടുക്കണം. സംസ്ഥാന സർക്കാരിനെതിരായി വരുന്ന പ്രചാരണങ്ങളെയും എതിർപ്പുകളെയും തുറന്നുകാട്ടി സർക്കാരിനെ സംരക്ഷിക്കാനാകണം. അതോടൊപ്പം തെറ്റായ പ്രവണതകൾ സർക്കാരിൽ പ്രത്യക്ഷപ്പെടുമ്പോൾ അവ തിരുത്തുന്നതിന് ഇടപെടുന്ന രാഷ്ട്രീയ നേതൃത്വമായി മാറാനും പാർടിക്ക് കഴിയണം.


 

ഭരണത്തിന് നേതൃത്വം കൊടുക്കേണ്ടത് മന്ത്രിമാരാണ്. ഓരോ വകുപ്പിന്റെയും സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ട് ഇടപെടുന്നതിന് മന്ത്രിമാർക്ക് കഴിയണം. അതതു വകുപ്പുതലത്തിൽ തീരുമാനിക്കേണ്ട കാര്യങ്ങൾ അത്തരത്തിൽ പരിഹരിക്കാൻ കഴിയണം. മന്ത്രി ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർദേശങ്ങൾ രേഖ മുന്നോട്ടുവച്ചിട്ടുണ്ട്. ഓഫീസിൽ വരുന്നവരോട് നല്ല നിലയിൽ പെരുമാറണം. പരാതികൾ ഫോണിൽ സ്വീകരിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. കിട്ടുന്ന പരാതികളിൽ ശരിയായ നടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ ശേഷിയെ ഭരണതലത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാനും ശ്രദ്ധിക്കണം. വർക്കിങ്‌ അറേഞ്ച്മെന്റ് നിരുത്സാഹപ്പെടുത്തണം. താഴ്ന്ന ശമ്പളനിരക്കിലുള്ള തസ്തികകളിൽ ഉയർന്ന ശമ്പളനിരക്കുള്ള തസ്തികകളിലുള്ളവരെ ഡെപ്യൂട്ടേഷന്‌ അയക്കുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്.

സ്ഥലംമാറ്റം നിയമാനുസൃതമാകണം. സ്പെഷ്യൽ ഓർഡറുകൾ നിരുത്സാഹപ്പെടുത്തണം. പൊതുവായ പ്രശ്നങ്ങളിൽ പൊതു ഓർഡറുകൾ പുറപ്പെടുവിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. സർക്കാരിനെതിരായ പ്രചാരണങ്ങൾക്ക് അതത് ഘട്ടത്തിൽത്തന്നെ മറുപടി നൽകാനാകണം. ഉദ്യോഗസ്ഥ മേധാവിത്വത്തെയും ചുവപ്പുനാടകളിൽ കുരുങ്ങിനിൽക്കുന്ന പ്രവർത്തനങ്ങളെയും മറികടന്ന് ജനകീയ സംവിധാനമായി സർക്കാരിനെ മാറ്റിയെടുക്കുന്നതിന് സവിശേഷ ശ്രദ്ധയുണ്ടാകണം. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകാനാകണം.


 

സർക്കാരിന്റെ പ്രവർത്തനത്തിനുണ്ടാകുന്ന പരിമിതികളെയും രേഖ ഓർമപ്പെടുത്തുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ആഗോളവൽക്കരണ നയങ്ങളും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തിയുമുള്ള നീക്കങ്ങളും വികസനത്തിന് വലിയ തടസ്സമുണ്ടാക്കും. സംസ്ഥാനത്തിന്റെ വിഹിതം നൽകേണ്ട കേന്ദ്രനികുതിയുടെ പങ്ക് 3.2 ശതമാനത്തിൽനിന്ന്‌ 14–-ാം ധന കമീഷൻ 2.45 ശതമാനമായി കുറച്ചിട്ടുണ്ട്. 15–-ാം ധന കമീഷനിൽ 1.9 ശതമാനമായി കുറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ പരിമിതികൾക്കകത്ത്‌ നിന്നുകൊണ്ട് പൊതുവികസനത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും മേഖലയിൽ വിപുലമായ ഭാവിപരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുകയെന്ന അതീവ ഗൗരവകരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായതെന്ന കാര്യവും രേഖ ഓർമിപ്പിക്കുന്നുണ്ട്.

നൂറുദിന പരിപാടി നടപ്പാക്കിക്കൊണ്ടും മിഷനുകളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടും സർക്കാർ ഈ ദിശയിൽ മുന്നോട്ടുപോയിട്ടുണ്ട്. വൻകിട പ്രോജക്ടുകളെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി നിലയുറപ്പിച്ചും ജനങ്ങളുടെ പ്രതീക്ഷകൾക്ക്‌ അനുസരിച്ച് മുന്നോട്ടുപോകുന്നതിനും സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

എല്ലാവർക്കും നീതി ഉറപ്പുവരുത്തുന്ന, ന്യായമായ ആവശ്യം ആര്‌ ഉന്നയിച്ചാലും അവ പരിഹരിക്കുന്ന സർക്കാരായി മാറുകയെന്ന സമീപനമാണ് ഈ രേഖ മുന്നോട്ടുവച്ചിട്ടുള്ളത്. ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ബദലുയർത്തിയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും മുന്നോട്ടുവയ്ക്കുന്ന സർക്കാരായി എൽഡിഎഫ് സർക്കാർ മാറുകയെന്നതാണ് പാർടി ലക്ഷ്യംവയ്ക്കുന്നത്.

(അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top