11 July Saturday

വഴി മുടക്കുന്ന പ്രതിപക്ഷം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday May 1, 2020


സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാസം ആറു ദിവസം വീതം അഞ്ചുതവണ മാറ്റിവയ്ക്കാനുള്ള സർക്കാർ നടപടി ഭരണ–-നിയമ–-രാഷ്ട്രീയ വിഷയമായിരിക്കുകയാണല്ലോ. കോവിഡ്–-19ന്റെ വെല്ലുവിളി നേരിടുമ്പോൾ സാലറി കട്ട്, ക്ഷാമബത്ത മരവിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ കേന്ദ്രവും സംസ്ഥാന സർക്കാരുകളും കൈക്കൊണ്ടിട്ടുണ്ട്. അതൊന്നും രാഷ്ട്രീയ വിവാദത്തിനോ നിയമയുദ്ധത്തിനോ, മാധ്യമവിചാരണയ്ക്കോ ഇടയായിട്ടില്ല.

ഇവിടെയാണ് എൽഡിഎഫ് സർക്കാരിനെതിരെ കമ്യൂണിസ്റ്റ് വിരുദ്ധതയോടെ കോൺഗ്രസും ബിജെപിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി മുരളീധരനും കൈകോർക്കുന്നതിലെ ചെമ്പ് തെളിയുന്നത്. യുഡിഎഫിനെയും ആർഎസ്എസ്‌–-ബിജെപിയെയും നയിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ അപസ്മാരമാണ്. മഹാമാരി ജനങ്ങളുടെ ജീവനെ വേട്ടയാടുമ്പോൾ തുടർന്നുവന്ന രാഷ്ട്രീയശിക്ഷണം കാലോചിതമായി പുനഃപരിശോധിക്കേണ്ട കടമ കാലഘട്ടം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ, ഇക്കൂട്ടർ മുഖം തിരിഞ്ഞു നിൽക്കുകയാണ്.

ഒരുമാസം പിന്നിടുന്ന ലോക്ക്ഡൗൺ, പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാർ ഉത്തരവായി ഇറക്കുകയും ചെയ്തതാണ്. ഇതിനു രണ്ടുനാൾ മുമ്പേ കേരളത്തിൽ സർക്കാർ അടച്ചുപൂട്ടൽ നടപ്പാക്കി. കോവിഡിന്റെ സമൂഹ‌വ്യാപനത്തെ തടയാനുള്ള അനിവാര്യമായ നടപടികളിൽ പ്രധാനപ്പെട്ടതാണ് ഇത്. എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, ഏത് തൊഴിലിലും ഏർപ്പെടാനുള്ള സ്വാതന്ത്ര്യം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നിവയെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണ്. ഇതെല്ലാം അനുവദിക്കുമ്പോൾ ത്തന്നെ ഇവയെല്ലാം നിഷേധിക്കുന്ന സാഹചര്യങ്ങളും ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്.

ക്രമസമാധാനഭംഗം, രാജ്യസുരക്ഷാ അപകടം, വിദേശരാജ്യ ഭീഷണി തുടങ്ങിയവ ചൂണ്ടിക്കാട്ടി ഒത്തുചേരാനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യങ്ങൾ എടുത്തുകളയാം. കോവിഡ്–-19ൽനിന്ന്‌ ജനങ്ങളെ രക്ഷിക്കുന്നതിനായി പകർച്ചവ്യാധി തടയൽ ഓർഡിനൻസ് കേന്ദ്രം ഇറക്കി. ഇതേ ഉള്ളടക്കത്തിൽ കേരളം, മുമ്പേ ഓർഡിനൻസ് വിജ്ഞാപനം ചെയ്തു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആളുകളെ വീട്ടിലിരിക്കാൻ നിർബന്ധിതമാക്കിയത്‌. എന്നാൽ, ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യം തടയുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരു ഹർജിയും സുപ്രീംകോടതിയിലോ ഏതെങ്കിലും ഹൈക്കോടതിയിലോ ഇടംനേടിയിട്ടില്ല.


 

കേരളത്തിൽ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ യുഡിഎഫ്‌, ബിജെപി നേതൃത്വത്തിലും അതിന്റെ പിന്തുണയോടെയും നിയമസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ആണ്. നീതിപീഠങ്ങളെയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തുടങ്ങിയവയെയും സമീപിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട്. എന്നാൽ, ഇന്ന് അസാധാരണമായ ഒരു അവസ്ഥ നാട് അഭിമുഖീകരിക്കുകയാണ്. ഈ ഘട്ടത്തിൽ ജനങ്ങൾ മരിച്ചുവീണാലും വേണ്ടില്ല, പ്രതിരോധം താളംതെറ്റുകയും സംസ്ഥാനം സാമ്പത്തികക്കുഴപ്പത്തിൽപ്പെടുകയും ജനങ്ങൾക്ക് അരിമുട്ടുകയും ചെയ്താൽ മതിയെന്ന ദുഷ്ടചിന്തയുള്ളവരാണ് ഇടങ്കോലിടാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ.

ശമ്പളം മാറ്റിവയ്‌ക്കാനുള്ള സർക്കാർ ഉത്തരവ് കോൺഗ്രസ്‌ അനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവിന്റെ നേതൃത്വത്തിൽ കത്തിച്ചാണ് പ്രതിഷേധിച്ചത്. വിവേകശൂന്യമായ നടപടി സ്വീകരിച്ച സംഘടനയും യുഡിഎഫ്, ബിജെപി പക്ഷത്തെ മറ്റു സംഘടനകളുമാണ് ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത്. ഇത് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് രണ്ടു മാസത്തേക്ക്‌ സ്റ്റേ ചെയ്തിരിക്കുകയാണ്. കോടതിയുടെ തീരുമാനം യുഡിഎഫ്‌, ബിജെപി കേന്ദ്രങ്ങളിൽ പടക്കംപൊട്ടിക്കുന്ന ആഹ്ലാദം സൃഷ്ടിച്ചതിലൂടെ ജനങ്ങളോടുള്ള ഇവരുടെ പ്രതിബദ്ധത എത്രത്തോളമെന്ന് വ്യക്തമാകുന്നു. സാലറി ചലഞ്ചിന് പ്രതിപക്ഷം എതിരല്ലെന്ന ചെന്നിത്തലയുടെ ഭംഗിവാക്കിന്റെ പൊള്ളത്തരമാണ് പുറത്തുവരുന്നത്. മാസം ആറുദിവസത്തെ ശമ്പളം മാറ്റിവയ്ക്കുന്നത് നാട് അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി നേരിടാനാണ്. കോവിഡ്–-19 വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്കിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങാതിരിക്കാനാണ്. ജീവനക്കാർക്കും അധ്യാപകർക്കും ഒരു മാസം ശമ്പളം കൊടുക്കാൻ മാത്രം 2500 കോടി രൂപ വേണം. എന്നാൽ, അതിന്റെ 20 ശതമാനം വരുമാനം പോലും സംസ്ഥാനത്തിനില്ല.

കൊറോണയെ തുടർന്ന്  കേരളം പോലുള്ള സംസ്ഥാനങ്ങൾ പുലിപ്പുറമേറിയുള്ള സവാരിയിലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പുലി കേരളത്തെ വിഴുങ്ങാതിരിക്കുന്നതിനുള്ള ഭഗീരഥ യത്നത്തിലാണ് സംസ്ഥാന സർക്കാർ. കേന്ദ്രത്തിൽനിന്ന്‌ പിന്തുണയും സാമ്പത്തികസഹായവും കൂടിയേ കഴിയൂ. ഇതുവരെ അത് നൽകാതെ ശ്വാസംമുട്ടിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ ക്രിയാത്മകമായി പ്രതികരിക്കാനുള്ള സാമൂഹ്യബാധ്യത ജീവനക്കാർക്കും അധ്യാപകർക്കുമുണ്ട്. ഭൂരിപക്ഷം പേരും ഈ കടമ നിറവേറ്റുന്നവരാണ്. എന്നാൽ, അന്ധമായ കമ്യൂണിസ്റ്റ് വിരോധം കൊണ്ടും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ അധികാരം പിടിക്കാനുള്ള ആർത്തി കാരണവും സർക്കാരിനെ വഴിമുട്ടിക്കാൻവേണ്ടി യുഡിഎഫും ബിജെപിയും സംഘടനകളെ കയറൂരിവിട്ടിരിക്കുകയാണ്.


 

ഇതിനൊരു ദേശീയതലമുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കേന്ദ്രം മരവിപ്പിച്ചു. പിഎം കെയേഴ്‌സ്‌ നിധിയിലേക്ക് ഒരുദിവസത്തെ വേതനവും റവന്യൂ വകുപ്പ് ജീവനക്കാരുടെ പത്തു ദിവസത്തെ വേതനം നൽകുന്നത് കേന്ദ്രം നിർബന്ധമാക്കി. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ 60 ശതമാനവും മറ്റുള്ളവരുടെ 50 ശതമാനവും ശമ്പളം രാജസ്ഥാൻ, ആന്ധ്ര, തെലുങ്കാന സർക്കാരുകൾ കുറച്ചു. മഹാരാഷ്ട്രയാകട്ടെ മാർച്ചിലെ ശമ്പളം ഗഡുക്കളാക്കി. ജനപ്രതിനിധികളുടെ വേതനം 70 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനവും ഒഡിഷ കുറച്ചു.  ക്ഷാമബത്താ വർധന 2021 ജൂലൈവരെ ഉത്തർപ്രദേശ്, തമിഴ്നാട് സർക്കാരുകൾ മരവിപ്പിച്ചു. മൂന്നു മാസത്തെ സാലറി ചലഞ്ചിന് പഞ്ചാബ് സർക്കാർ ആഹ്വാനം നൽകി. ഈ സർക്കാരുകളൊന്നും എൽഡിഎഫിന്റേതല്ല. ബിജെപിയുടെയോ, കോൺഗ്രസിന്റെയോ മറ്റു കക്ഷികളുടെതോ ആണ്. ജീവനക്കാരുടെ ശമ്പളം ആർട്ടിക്കിൾ 300 പ്രകാരം മൗലികമായ സ്വത്തവകാശത്തിൽപ്പെടുന്നതാണെന്നും അത് പിടിച്ചെടുക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യാൻ പാടില്ല എന്നുമുള്ള കേരള ഹൈക്കോടതി ഉത്തരവ് ഈ സർക്കാരുകളെയെല്ലാം ദോഷകരമായി ബാധിക്കുന്നതാണ്. അതിന്റെ നിയമവശം ആ സർക്കാരുകൾ നോക്കട്ടെ.

എന്നാൽ, ഹൈക്കോടതിയുമായി ഏറ്റുമുട്ടൽ ഒഴിവാക്കി കോടതിതന്നെ ചൂണ്ടിക്കാട്ടിയ നിയമപരമായ പരിഹാരത്തിന് സർക്കാർ വഴിതേടി. അതിന്റെ ഭാഗമായാണ് ഓർഡിനൻസിന് രൂപംനൽകിയിരിക്കുന്നത്. ശമ്പളം കട്ട് ചെയ്യുകയോ, പിടിച്ചെടുക്കുകയോ അല്ല മാറ്റിവയ്ക്കുകയും സ്ഥിതി മെച്ചമായ ശേഷം തിരിച്ചുനൽകുകയും ചെയ്യുന്നതിനുള്ള വ്യവസ്ഥയാണ് ഓർഡിനൻസിൽ ഉള്ളത്. ശമ്പളവുമായി ബന്ധപ്പെട്ട കാര്യത്തിന് എക്സിക്യൂട്ടീവ് ഓർഡർ പോരാ നിയമനിർമാണംതന്നെ വേണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ ചുവടുവയ്‌പ്‌. അടിയന്തരഘട്ടത്തിൽ ജീവനക്കാരുടെ വേതനം 25 ശതമാനംവരെ മാറ്റിവയ്ക്കാൻ ഈ ഓർഡിനൻസ് സർക്കാരിനെ അധികാരപ്പെടുത്തുന്നു. എന്നാൽ, മാറ്റിവയ്ക്കപ്പെടുന്ന വേതനം തിരിച്ചുനൽകുന്നത് സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണമെന്ന് വ്യവസ്ഥയിലുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ വ്യാഖ്യാനിച്ച് കോടതി നടത്തിയ ഉത്തരവിൽത്തന്നെ കോവിഡിനെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോവിഡിനെ നേരിടുന്നതിൽ മുതലാളിത്ത രാജ്യങ്ങൾ കാലിടറുമ്പോൾ ഈ മേഖലയിൽ വലിയൊരളവോളം വിജയം നേടിയ കേരളം ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്ന് സാർവദേശീയ മാധ്യമങ്ങളും വിളിച്ചറിയിക്കുന്നു. സേവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണക്രമങ്ങളുടെയും തകർച്ചയ്ക്കുശേഷം പ്രത്യക്ഷപ്പെട്ട ഒരു പ്രയോഗമുണ്ട്. ദേർ ഈസ് നോ അൾട്ടർനേറ്റീവ് എന്നത്. അതായത് മുതലാളിത്തത്തിന് ഉത്തരം മുതലാളിത്തം മാത്രമാണെന്നും മറ്റൊന്നുമില്ല എന്നതുമാണ്. അതിനു മറുപടിയായി പിന്നീട് സോഷ്യലിസം ഈസ് ദി ആൻസർ (സോഷ്യലിസമാണ് ഉത്തരം) ഉയർന്നുവന്നു. അതുപോലെ കോവിഡ് ബാധിച്ച് സാമ്രാജ്യത്വത്തിന്റെ പറുദീസകളായ രാജ്യങ്ങളിൽവരെ മനുഷ്യർ എലികളെപ്പോലെ ചത്തുവീഴുമ്പോൾ പുതിയൊരു ആപ്തവാക്യം ലോകംതന്നെ മുന്നോട്ടുവച്ചിരിക്കുന്നു. കോവിഡിനു മുന്നിൽ മരണമല്ലാതെ മറ്റൊരു വഴിയില്ല. (ദേർ ഈസ് നോ അൾട്ടർനേറ്റീവ്) എന്നതിനു പകരം ‘കേരളം ഈസ് ദി ആൻസർ.’ ഈ ഉത്തരം, കേരളമാണ് മറുപടിയെന്നത് അമേരിക്കൻ മാധ്യമങ്ങൾ പോലും സജീവമായി ഉയർത്തുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി മഹാമാരിയെ തോൽപ്പിക്കാൻ യുദ്ധം നടത്തുകയാണ്. ഈ ഘട്ടത്തിൽ കുപ്രചാരണങ്ങളും സങ്കുചിത രാഷ്ട്രീയ ആക്രമണങ്ങളും അവസാനിപ്പിച്ച് മാനസിക ഐക്യവും യോജിപ്പും കാട്ടാൻ യുഡിഎഫ്‌–- ബിജെപി നേതൃത്വങ്ങൾ മുന്നോട്ടുവരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top