28 September Tuesday

ചരിത്രത്തിനുനേരെ അധിനിവേശം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Sep 11, 2020


ചരിത്രത്തിനുമേൽ കൂട്ടക്കൊലയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് മോഡി സർക്കാർ. അതിന്റെ പരസ്യവിളംബരമാണ് കേന്ദ്രസർക്കാരിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്ന്‌ കമ്യൂണിസ്റ്റുകാരുടെയും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ധീരദേശാഭിമാനികളുടെയും ചോരവീണ അധ്യായങ്ങൾ നീക്കം ചെയ്യാനുള്ള അനഭിലഷണീയ ശ്രമം. കേന്ദ്ര സാംസ്‌കാരികവകുപ്പും ഇന്ത്യൻ ചരിത്രഗവേഷക കൗൺസിലും ചേർന്ന് അഞ്ച് വാള്യമായി പുറത്തിറക്കിയ ‘ദി ഡി‌ക്‌ഷണറി ഓഫ് മാർട്ടിയേഴ്‌സ്: ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ - 1857‐1947' പുസ്തകത്തിനുനേരെയാണ് ഹിന്ദുത്വ രാഷ്ട്രീയ അധിനിവേശം. ഇതിന്റെ ഭാഗമായാണ് രക്തസാക്ഷി അമരകോശത്തിന്റെ അഞ്ചാം വാള്യം ഇന്റർനെറ്റിൽനിന്ന്‌ നീക്കം ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ വിമോചനത്തിന് സംഭാവന നൽകിയ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ രക്തസാക്ഷികളെയും സംഭവങ്ങളെയും ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിൽ ബോധ്യപ്പെട്ടശേഷമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. അതിന്റെ അഞ്ചാം വാള്യം 2019 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രകാശനം ചെയ്തത്. ഇതിലാണ് കേരളത്തിലെ പുന്നപ്ര വയലാർ, കരിവെള്ളൂർ, കാവുമ്പായി, കയ്യൂർ തുടങ്ങിയ തൊഴിലാളി കർഷകാദി വിഭാഗങ്ങളുടെ ജനകീയവിപ്ലവ മുന്നേറ്റങ്ങളും മലബാർ കലാപവുമെല്ലാം ഉൾക്കൊള്ളുന്നത്. കമ്യൂണിസ്റ്റുകാരും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും നയിച്ച സമരങ്ങളെ സ്വാതന്ത്ര്യസമര ചരിത്രഗ്രന്ഥത്തിൽനിന്ന്‌ വെട്ടിമാറ്റാനുള്ള ആവശ്യം സംഘപരിവാർ നേതാക്കളും അവരുടെ കുഴലൂത്തുകാരായ ചരിത്രകാരന്മാരും മുഴക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഒരു നുള്ളു വിയർപ്പോ ഒരു തുള്ളി ചോരയോ വീഴ്ത്താത്ത, ഒളിഞ്ഞും തെളിഞ്ഞും ബ്രിട്ടീഷ് ഭരണക്കാരെ സേവിച്ച പ്രസ്ഥാനമാണ് സംഘപരിവാർ. ഹിന്ദുമഹാസഭയുടെ നാൾവഴി അത് ബോധ്യപ്പെടുത്തും. അതിന്റെ നേർ അവകാശികളായ കാവി സംഘമാണ് സ്വാതന്ത്ര്യസമരത്തിൽ ഉജ്ജ്വലമായി പങ്കുവഹിച്ച കമ്യൂണിസ്റ്റുകാർക്കും ഇസ്ലാംവിശ്വാസികൾക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്.


 

ചരിത്രത്തെ സർക്കാർ സമീപിക്കേണ്ടത് മതനിരപേക്ഷമായിട്ടാണ്. ഏതെങ്കിലും സമുദായത്തെയോ മതവിഭാഗത്തെയോ രാഷ്ട്രീയധാരയെയോ ഭരണകൂട നടപടിയിലൂടെ ഒഴിവാക്കാൻ പാടില്ല. ഇന്ത്യൻ ദേശീയതയിൽനിന്ന്‌ ചില പ്രത്യേക മതങ്ങളെയും സമുദായങ്ങളെയും അകറ്റാനേ ഇത് ഉപകരിക്കൂ. നിർഭാഗ്യവശാൽ ബിജെപി സർക്കാർ അത് വിനാശകരമായ ഭരണനയമായി സ്വീകരിച്ചിരിക്കുന്നു. 1920കളുടെ ആദ്യം ജനിച്ചതുമുതൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തികച്ചും സാമ്രാജ്യത്വവിരുദ്ധ സംഘടനയായാണ് പ്രവർത്തിച്ചത്. 1930 വരെ കോൺഗ്രസുമായി ചേർന്ന് ദേശീയപ്രസ്ഥാനത്തെ സജീവമായി കമ്യൂണിസ്റ്റുകാർ മുന്നോട്ടുകൊണ്ടുപോയി. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭാരവാഹികളോ എഐസിസി അംഗങ്ങളോ കമ്യൂണിസ്റ്റുകാരായിരുന്നു. 1927ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ സമ്മേളനം ചെന്നൈയിൽ ചേർന്നപ്പോൾ സമ്പൂർണ സ്വാതന്ത്ര്യമെന്ന പ്രമേയത്തിന് നോട്ടീസ് നൽകിയത് കമ്യൂണിസ്റ്റുകാരനാണ്. 1928 മുതൽ മുംബൈ, കൊൽക്കത്ത തുടങ്ങിയ പട്ടണങ്ങളിൽ നെയ്ത്ത് തൊഴിലാളികൾ, റെയിൽവേ തൊഴിലാളികൾ തുടങ്ങി നാവിക പടയാളികളുടേതുവരെ സമരങ്ങൾ നയിച്ചതും സംഘടനയുണ്ടാക്കിയതും കമ്യൂണിസ്റ്റുകാരായിരുന്നു.

പാർടിയുടെ വളർച്ചയിൽ വെറിപൂണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ 1924ൽ കാൺപുർ, 1928ൽ മീററ്റ് ഗൂഢാലോചന കേസുകൾ പടച്ചുണ്ടാക്കിയത്. ഇത് കമ്യൂണിസ്റ്റ് പാർടിയെ വേരോടെ പിഴുതെറിയാൻ ലാക്കാക്കിയുള്ളതായിരുന്നു. 1934 ൽ പാർടി നിരോധിച്ചു. 1936 മുതൽ 1939 വരെ പരിമിതമായ പ്രവർത്തനസൗകര്യം ലഭിച്ചെങ്കിലും രണ്ടാം ലോകയുദ്ധമായപ്പോഴേക്കും അതിഭയങ്കരമായ മർദനത്തിന് ഇരയായി. ബ്രിട്ടീഷുകാരും നാട്ടുരാജ്യ ഭരണാധികാരികളും പലയിടത്തും കോൺഗ്രസും കൈകോർത്ത് കമ്യൂണിസ്റ്റ് വേട്ട നടത്തി. ഈ പശ്ചാത്തലത്തിലും രാജ്യസ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചും കമ്യൂണിസ്റ്റുകാർ പോരാടി. അതിന്റെ ഭാഗമാണ് കേരളത്തിലെ പുന്നപ്ര വയലാർ, കരിവെള്ളൂർ, കാവുമ്പായി, കയ്യൂർ തുടങ്ങിയ ചുവപ്പൻ ഏടുകൾ. നൂറുകണക്കിന് സഖാക്കളാണ് നാടിനായി ജീവൻ ബലിയർപ്പിച്ചത്.


 

സർ സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ മോഹത്തെ തച്ചുടച്ചത് പുന്നപ്ര വയലാർ സമരമാണ്. എന്നാൽ, 1946ൽ ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ വന്നതിനാൽ പുന്നപ്ര വയലാർ ഉൾപ്പെടെയുള്ള സമരങ്ങളെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാൻ പാടില്ലെന്ന മുടന്തൻ ന്യായം ചില ബൂർഷ്വാ ചരിത്രകാരൻമാർ ഉൾപ്പെടെ ഉന്നയിച്ചിരുന്നു. അതിന്റെ നിരർഥകത യുക്തിസഹമായി വിവരിച്ച് പ്രമുഖ ചരിത്രകാരന്മാർ മുമ്പുതന്നെ ഈ വാദം നിരാകരിച്ചതാണ്. അതേത്തുടർന്നാണ് സ്വാതന്ത്ര്യസമര പട്ടികയിൽ ഇവ ഉൾപ്പെടുത്തിയത്. ബ്രിട്ടീഷ് ഭരണം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് ധീരതയോടെ തൂക്കുമരമേറിയ കയ്യൂർ രക്തസാക്ഷികളായ അപ്പു, ചിരുകണ്ടൻ, അബുബേക്കർ എന്നിവർ സ്വാതന്ത്ര്യസമര സേനാനികളല്ലെങ്കിൽ ആരാണ് ഭാരതാംബയ്ക്കുവേണ്ടി രക്തസാക്ഷികളായവർ. മലബാർ കലാപത്തെയും അതിന്റെ നായകരായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ തുടങ്ങിയവരെയും സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്ന്‌ ബഹിഷ്‌കൃതരാക്കാൻ സംഘപരിവാർ ഉത്സാഹിക്കുകയാണ്.

മലബാർ കലാപം സ്വാതന്ത്ര്യസമരമല്ല, ഹിന്ദുവിരുദ്ധ വർഗീയലഹളയാണെന്ന വിലയിരുത്തൽ നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പേ രാജ്യത്ത് പ്രചരിച്ച പ്രബലമായ വാദഗതിയാണ്. എന്നാൽ, അതിനെ ഇ എം എസിന്റെയും പ്രമുഖ ചരിത്രകാരന്മാരുടെയും നേതൃത്വത്തിൽ ഖണ്ഡിക്കുകയും മലബാർ കലാപത്തിന്റെ മുഖ്യഘടകം ബ്രിട്ടീഷ് ഭരണത്തിനെതിരായ കർഷകമുന്നേറ്റമായിരുന്നുവെന്നും അവസാന ഘട്ടത്തിൽ കലാപം ഹിന്ദു–-മുസ്ലിം ശത്രുതയുടെ കെണിയിൽ വീണുപോയിട്ടുണ്ടെന്നും വിലയിരുത്തി. ബ്രിട്ടീഷുകാരെ ഒരു ദുഷ്ടശക്തിയായി കണ്ട് ഹിന്ദുക്കളോടൊത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കുകൊണ്ടവരാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം മുസ്ലിങ്ങൾ. ഖിലാഫത്ത് പ്രസ്ഥാനം ലക്ഷക്കണക്കിന് മുസ്ലിങ്ങളെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. ഇസ്ലാംമത വിശ്വാസികളായിരുന്നപ്പോഴും അവർ ഇന്ത്യൻ ദേശീയതയെ ഉൾക്കൊണ്ടു. ബ്രിട്ടീഷ് ഭരണത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ന്യൂനപക്ഷ സമുദായക്കാരടക്കം ലക്ഷോപലക്ഷംപേർ രക്തസാക്ഷികളായി. അത്തരം രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.


 

കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തിൽനിന്ന് വെട്ടിമാറ്റുന്നവർ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ മൗലാന അബുൾ കലാം ആസാദ്, ഡോ. അൻസാരി, ഹക്കീം അജ്മൽ ഖാൻ, ഖാൻ അബ്ദുൾ ഗാഫർ ഖാൻ, ഇ എം എസ്, എ കെ ജി, ഹർകിഷൻ സിങ്‌ സുർജിത്, മുസാഫർ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകൾ ഛേദിക്കാൻ കത്രികകളുമായി ഇറങ്ങിയേക്കാം.

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മതസാഹോദര്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി കമ്യൂണിസ്റ്റുകാരുടെ ശബ്ദവും അവരുടെ നിലപാടുകളുമാണ് കോൺഗ്രസിലെ ദേശീയ മുസ്ലിങ്ങളായിരുന്ന നേതാക്കൾപോലും സ്വീകരിച്ചത്. ഇന്ത്യയെന്ന സുന്ദരിയായ മണവാട്ടിയുടെ ഇരു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന് വിശേഷിപ്പിച്ചവരുടെ നിരയായിരുന്നു അന്നത്തെ ദേശീയ നേതൃത്വം.

മതനിരപേക്ഷതയുടെ കമ്യൂണിസ്റ്റ് ആശയ പരിസരത്തുനിന്ന് മൗലാന അബുൾ കലാം ആസാദ് ഒരു സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം ഈ വേളയിൽ ഓർക്കേണ്ടതാണ്. ഇന്ന് സ്വർഗത്തിൽനിന്ന് ഒരു മാലാഖ ഇറങ്ങിവന്ന് കുത്തബ്മിനാറിന്റെ മുകളിൽനിന്ന് നമ്മോടിങ്ങനെ പ്രഖ്യാപിക്കുന്നുവെന്ന് കരുതുക:  "ഹിന്ദു–-മുസ്ലിം ഐക്യത്തെ ഇന്ത്യ  ഉപേക്ഷിക്കുകയാണെങ്കിൽ സ്വരാജ് നിങ്ങൾക്ക് അടുത്ത 24 മണിക്കൂറുകൾക്കകം ലഭ്യമാക്കും. അങ്ങനെയെങ്കിൽ ഞാൻ സ്വരാജിനെ ഉപേക്ഷിച്ച് ഹിന്ദു–-മുസ്ലിം ഐക്യത്തെ മുറുകെ പിടിക്കും. സ്വരാജിന് താമസം നേരിടുന്നത് ഇന്ത്യക്കാകെ നഷ്ടമായിരിക്കും. എന്നാൽ, നമ്മുടെ ഐക്യം നഷ്ടപ്പെടുകയാണെങ്കിൽ അത് മനുഷ്യരാശിക്കാകെ നഷ്ടമായിരിക്കും.'

മതവൈരമില്ലാത്ത, ബഹുസ്വരതയിൽ ഊന്നുന്ന ഈ തരത്തിലുള്ള  പ്രബുദ്ധതയാണ് ഇന്ത്യയിലെ ഭരണക്കാരിൽനിന്ന്‌ ജനങ്ങൾ ഇന്നും പ്രതീക്ഷിക്കുന്നത്. കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ സമുദായക്കാരെയും രാജ്യത്ത് വച്ചുപൊറുപ്പിക്കില്ല എന്നതാണ് ആർഎസ്എസ് നയിക്കുന്ന മോഡി സർക്കാരിന്റെ നയം. അതിന്റെ ഭാഗമായിട്ടാണ് ചരിത്രത്തിനുമേലുള്ള അധിനിവേശയുദ്ധം. എന്നാൽ, മോഡി ഭരണത്തിന്റെ കത്രികയിൽ അടർന്നുവീഴുന്നതല്ല ഇന്ത്യൻ ജനതയുടെ മനസ്സിൽ ആഴത്തിൽ വേരോടിയിട്ടുള്ള കമ്യൂണിസ്റ്റുകാരുടെയും വിവിധ മതവിശ്വാസികളുടെയും ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും സ്വാതന്ത്ര്യസമരത്തിലെ വീരചരിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top